മുംബൈ: ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാൻ ചിത്രം പത്താനെതിരെ പ്രതിഷേധം പല കോണുകളിൽ നിന്നും. സിനിമ പ്രദർശിപ്പിക്കില്ലെന്ന നിലപാടിൽ കൂടുതൽ സംഘടനകൾ രംഗത്തെത്തി. ചിത്രം മുസ്ലിം സമുദായത്തിന്റെ വികാരം വ്രണപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി മധ്യപ്രദേശിലെ ഉലമ ബോർഡ് പ്രതിഷേധം അറിയിച്ചു. ചിത്രം വിലക്കണമെന്നാണ് മധ്യപ്രദേശ് ഉലമ ബോർഡ് അധ്യക്ഷൻ സയ്യിദ് അനസ് അലി ആവശ്യപ്പെട്ടു.

മുസ്ലീങ്ങൾക്കിടയിലെ ആദരിക്കപ്പെടുന്ന വിഭാഗമാണ് പത്താൻ എന്നും ചിത്രത്തിലൂടെ ഈ വിഭാഗത്തെ അപമാനിക്കുകയാണെന്നും ആണ് ആരോപണം. പത്താൻ എന്ന് പേരുള്ള സിനിമയിൽ സ്ത്രീകൾ അൽപ വസ്ത്രം ധരിച്ച് നൃത്തം ചെയ്യുന്നത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ നൃത്തരംഗത്തിൽ നടി ദീപികാ പദുകോൺ കാവി നിറത്തിലുള്ള വസ്ത്രം ധരിച്ചത് ചൂണ്ടിക്കാട്ടിയാണ് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി വിവാദങ്ങൾക്ക് തുടക്കമിട്ടത്. കാവി നിറത്തിലുള്ള വേഷം ധരിച്ചതോടെ ഹിന്ദുത്വത്തെ അപമാനിക്കുകയാണെന്നായിരുന്നു ബിജെപി നേതാക്കൾ ആരോപിച്ചത്.

അതേസമയം ചിത്രത്തിലെ 'ബേഷറാം രംഗ് ' എന്നുള്ള ഗാനം പുറത്തു വന്നതിന് പിന്നാലെയാണ് പത്താനെതിരെ വിവാദങ്ങൾ ഉയർന്നത്. ഗാനരംഗത്തിലൂടെ കാവി നിറത്തെ അപമാനിച്ചുവെന്ന് ആരോപിച്ച് സംഘപരിവാർ സംഘടനകൾ രംഗത്ത് എത്തുകയായിരുന്നു. ഇപ്പോഴിതാ ഷാരൂഖ് ഖാൻ ചിത്രത്തിന് മുന്നറിയിപ്പുമായി മഹാരാഷ്ട്ര ബിജെപി എംഎ‍ൽഎ റാം കദം രംഗത്ത് എത്തിയിരിക്കുകയാണ്. ഷാരൂഖ് ഖാൻ ചിത്രമായ പത്താൻ ഹിന്ദുത്വത്തെ അപമാനിക്കുന്നതാണെന്നും ചിത്രം മഹാരാഷ്ട്രയിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്നും ബിജെപി എംഎ‍ൽഎ ട്വിറ്ററിൽ കുറിച്ചു. കൂടാതെ ഹിന്ദുത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള ചിത്രങ്ങളോ സീരിയലോ മഹാരാഷ്ട്രയിൽ പ്രദർശിപ്പിക്കില്ലെന്നും കൂട്ടിച്ചേർത്തു.

സംഘപരിവാർ സംഘടനകളിൽ നിന്ന് പത്താനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. ഗാനരംഗത്ത് കാവി നിറത്തിലുള്ള ബിക്കിനി ധരിച്ച് ദീപിക പദുകോൺ എത്തുന്നുണ്ട്. ഇതാണ് വിവാദങ്ങളുടെ അടിസ്ഥാനം. വിമർശനങ്ങളും പ്രതിഷേധങ്ങളും ശക്തമാകുമ്പോഴും ഗാനം യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാം സ്ഥാനത്താണ്. സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന പത്താൻ 2023 ജനുവരി 23നാണ് തിയറ്ററുകളിൽ എത്തുന്നത്. ജോൺ എബ്രഹാമും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

അതിനിടെ സിനിമയിലെ ഗാനരംഗത്തിന്റെ പേരിൽ ദീപികയെ വിമർശിച്ച് ബോളിവുഡ് നടൻ മുകേഷ് ഖന്നയും രംഗത്തുവന്നു. ഇപ്പോൾ അൽപ വസ്ത്രധാരിയായി ആളുകളെ ആകർഷിക്കുന്ന ദീപിക അടുത്ത തവണ വസ്ത്രമില്ലാതെ വരുമെന്ന് മുകേഷ് പറഞ്ഞു. ''എന്തും അനുവദിക്കുന്ന സ്പെയിനോ സ്വീഡനോ പോലുള്ള രാജ്യമല്ല നമ്മുടേത്. ഇത്രയും പരിമിതമായ വസ്ത്രം ധരിച്ച് ആളുകളെ ആകർഷിക്കാൻ നിങ്ങൾക്ക് ധൈര്യമുണ്ടായി. അടുത്ത തവണ നിങ്ങൾ വസ്ത്രമില്ലാതെ വരും''മുകേഷ് ഖന്ന പറഞ്ഞു. പാട്ട് കട്ടുകളില്ലാതെ ക്ലിയർ ചെയ്തതിന് സെൻസർ ബോർഡിനെയും ഖന്ന വിമർശിച്ചു.

''ഹിന്ദു മതത്തിന് നേരെയുള്ള ഈ ആക്രമണങ്ങളെല്ലാം അവർക്ക് കാണാൻ കഴിയുന്നില്ലേ? സിനിമകൾ ആരുടെയും വ്യക്തിപരമായ വികാരങ്ങളെയും വിശ്വാസങ്ങളെയും വ്രണപ്പെടുത്തുന്നില്ലെന്ന് ഉറപ്പാക്കുകയാണ് സെൻസർ ബോർഡിന്റെ ജോലി. യുവാക്കളെ പ്രേരിപ്പിക്കുന്നതോ വഴിതെറ്റിക്കുന്നതോ ആയ സിനിമകൾ സെൻസർ ബോർഡ് അനുവദിക്കരുത്.

ഈ ഗാനത്തിന് യുവാക്കളുടെ മനസ് കലക്കാൻ കഴിയും, അവരെ തെറ്റിദ്ധരിപ്പിക്കാനല്ല. ഇത് ഒടിടിക്ക് വേണ്ടി ഉണ്ടാക്കിയ പാട്ടല്ല, സിനിമയാണ്. ഇതിനെങ്ങിനെ അനുമതി നൽകി. ബോധപൂർവമായ പ്രകോപനപരമായ വസ്ത്രധാരണം അവർ കണ്ടില്ലേ?''. മുകേഷ് ചോദിക്കുന്നു.