- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദാവൂദ് ഇബ്രാഹിമിനെയും ഹാഫിസ് സയ്യിദിനെയും പാക്കിസ്ഥാൻ ഇന്ത്യക്ക് കൈമാറുമോ? ചോദ്യം കേട്ട് അമ്പരന്ന് പാക് ഫെഡറൽ ഏജൻസി മേധാവി; വിരലുകൾ കൊണ്ട് ചുണ്ടുപൂട്ടി ഒഴിഞ്ഞുമാറൽ; ഇന്ത്യ തേടുന്ന മോസ്റ്റ് വാണ്ടഡ് ക്രിമിനലുകൾ തന്റെ രാജ്യത്തുണ്ടെന്ന് ശരീരഭാഷയിലൂടെ സമ്മതിച്ച് മോഹ്‌സിൻ ബട്ട്
ന്യൂഡൽഹി: ഇന്ത്യ തേടുന്ന അധോലോക ഭീകരൻ ദാവൂദ് ഇബ്രാഹിം പാക്കിസ്ഥാനിൽ ഉണ്ടെന്ന വിവരം നേരത്തെ പുറത്തുവന്നതാണ്. ദാവൂദിനെ ഒളിപ്പിക്കാൻ പെടുന്നതിന്റെ പ്രയാസം പാക് ഭരണകൂടത്തിന് മാത്രമേ അറിയൂ. ഈ ഭീകരനെ കുറിച്ച് പല കഥകളും പ്രചരിക്കുന്നു. ഇയാൾ രോഗാതുരനാണെന്നും ഇടയ്ക്ക് സ്ഥിരീകരിക്കാത്ത വാർത്ത വന്നിരുന്നു. 26- 11 ലെ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഫിസ് സയ്യിദും പാക്കിസ്ഥാനിൽ ഒളിച്ചുകഴിയുകയാണ്. ഡൽഹിയിൽ നടക്കുന്ന ഇന്റർപോൾ ജനറൽ അസംബ്ലിയിൽ പങ്കെടുക്കാൻ വന്ന പാക്കിസ്ഥാന്റെ ഫെഡറൽ ഏജൻസി ഡയറക്ടർ ജനറലായ മോഹ്‌സിൻ ബട്ട് അതുകൊണ്ട് ഒരു റിപ്പോർട്ടർ ദാവൂദിനെയും, സയിദിനെയും കുറിച്ച് ചോദിച്ചപ്പോൾ ഞെട്ടിപ്പോയി.
ദാവൂദിനെയും, ലഷ്‌കറി തോയിബ മേധാവി സയ്യിദിനെയും ഇന്ത്യക്ക് കൈമാറുമോ എന്ന ചോദ്യത്തിന് മോഹ്‌സിൻ ബട്ടിന് ഉത്തരമുണ്ടായില്ല. അദ്ദേഹം ചെറുചിരിയോടെ ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറി. വാർത്താ ഏജൻസിയായ എഎൻഐയുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം ഒരുവിരൽ കൊണ്ട് ചുണ്ട് പൂട്ടി.
പാക്കിസ്ഥാനിൽ നിന്ന് രണ്ടംഗ സംഘമാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. അതിർത്തി കടന്നുള്ള തീവ്രവാദത്തെ ചൊല്ലി ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊഷ്മളമല്ലാത്ത സാഹചര്യത്തിലാണ് പാക് പ്രതിനിധി സംഘത്തിന്റെ വരവ്. ഇന്റർപോളിന്റെ ഏറ്റവും പരമോന്നത ഭരണസമിതിയാണ് ജനറൽ അസംബ്ലി. വർഷത്തിൽ ഒരിക്കൽ ഒത്തുചേർന്ന് സുപ്രധാന തീരുമാനങ്ങൾ കൈക്കൊള്ളും. നേരത്തെ പ്രധാനമന്ത്രി യോഗത്തെ അഭിസംബോധന ചെയ്തിരുന്നു.
നാലുദിവസത്തെ സമ്മളനത്തിൽ 195 ഇന്റർപോൾ അംഗരാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുന്നു. ഇക്കൂട്ടത്തിൽ, മന്ത്രിമാർ പൊലീസ് മേധാവിമാർ, തുടങ്ങിയവർ പങ്കെടുക്കുന്നു. 25 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്റർപോൾ ജനറൽ അസംബ്ലി ഇന്ത്യയിൽ നടക്കുന്നത്. ഒടുവിലത്തെ യോഗം 1997 ലായിരുന്നു.
#WATCH | Pakistan's director-general of the Federal Investigation Agency (FIA) Mohsin Butt, attending the Interpol conference in Delhi, refuses to answer when asked if they will handover underworld don Dawood Ibrahim & Lashkar-e-Taiba chief Hafiz Saeed to India. pic.twitter.com/GRKQWvPNA1
- ANI (@ANI) October 18, 2022
ദാവൂദിന് വിലയിട്ട് എൻഐഎ
ദാവൂദ് ഇബ്രാഹിമിന്റെ തലയ്ക്ക് നേരത്തെ ദേശീയ അന്വേഷണ ഏജൻസി വിലയിട്ടിരുന്നു. ദാവൂദിനെയും കൂട്ടാളികളെയും വലയിലാക്കാൻ സഹായിക്കുന്നവർക്ക് 25 ലക്ഷം രൂപയും മറ്റുപാരിതോഷികങ്ങളുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പാക് ഏജൻസികളുമായി ചേർന്ന് ഇന്ത്യയിൽ തീവ്രവാദി ആക്രമണങ്ങൾ നടത്തുക, ആയുധങ്ങളും, സ്ഫോടക വസ്തുക്കളും കടത്തുക, വ്യാജ ഇന്ത്യൻ കറൻസി ഒഴുക്കുക തുടങ്ങിയ കുറ്റകൃത്യങ്ങളിലാണ് ദാവൂദിന്റെ ഡി കമ്പനി ഉൾപ്പെട്ടിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് 25 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരിക്കുന്നത്.
ദാവൂദിന്റെ സഹോദരൻ അനീസ് ഇബ്രാഹിം അഥവാ ഹാജി അനീസ്, അടുത്ത കൂട്ടാളികളായ ജാവേദ് പട്ടേൽ അഥവ് ജാവേദ് ചിക്ന, ഷക്കീൽ ഷെയ്ക് അഥവാ ഛോട്ടാ ഷക്കീൽ, ഇബ്രാഹിം മുഷ്താഖ് റസാഖ് മേമൻ അഥവാ ടൈഗർ മേമൻ എന്നിവരെ കുറിച്ച് വിവരങ്ങൾ നൽകുന്നവർക്കും പാരിതോഷികങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. ദാവൂദിന് 25 ലക്ഷമെങ്കിൽ, ഷോട്ടാ ഷക്കീലിന് 20 ലക്ഷവും, അനീസ്, ചിക്ന, മേമൻ എന്നിവരെ കുറിച്ച് വിവരം നൽകുന്നവർക്ക് 15 ലക്ഷം വീതവുമാണ് പാരിതോഷികം.
പാക് ചാര ഏജൻസിയായ ഐഎസ്ഐയുടെയും, തീവ്രവാദ ശൃംഖലകളുടെയും സഹായത്തോടെ, ദാവൂദിന്റെ ഡി കമ്പനി ഇന്ത്യയിൽ പ്രത്യേക യൂണിറ്റ് തുറന്നതായി കണ്ടെത്തിയിരുന്നു. ഈ വർഷം ഫെബ്രുവരിയിൽ, ഇതിന് എതിരെ എൻഐഎ പുതിയ കേസെടുക്കുകയും ചെയ്തു. പ്രമുഖ രാഷ്ട്രീയ നേതാക്കൾ, വ്യവസായികൾ എന്നിവരെ ലക്ഷ്യമിടാനും, ലഷ്‌കറി തോയിബ, ജെയ്ഷെ മുഹമ്മദ്, അൽഖ്വായിദ, എന്നീ തീവ്രവാദ ശൃംഖലകൾക്ക് ഇന്ത്യൻ നഗരങ്ങളിൽ ആക്രമണം നടത്താൻ സ്ലീപ്പർ സെല്ലുകൾക്ക് പിന്തുണ നൽകാനുമാണ് ഡി കമ്പനി പ്രത്യേക യൂണിറ്റ് സ്ഥാപിച്ചതെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്.
അന്വേഷണത്തിന്റെ ഭാഗമായി, ഈ വർഷം മെയിൽ, 29 കേന്ദ്രങ്ങളിൽ എൻഐഎ റെയ്ഡ് നടത്തിയിരുന്നു. ഹാജി അലി ദർഗയുടെ ട്രസ്റ്റി സുഹൈൽ ഖണ്ഡവാനി, 1993 ലെ മുംബൈ സ്ഫോടന പരമ്പരയിൽ ഉൾപ്പെട്ട പ്രതി സമീർ ഹിങ്കോര, ഛോട്ടാ ഷക്കീലിന്റെ അനന്തരവൻ സലീം ഖുറൈഷി അഥവാ സലീം ഫ്രൂട്ട്, ദാവൂദിന്റെ സഹോദരൻ ഇഖ്ബാൽ കസ്‌കറിന്റെ ബന്ധു, ഭീവണ്ഡിയിലെ താമസക്കാരൻ ഖയും ഷെയ്ഖ് എന്നിവരുടെ സ്ഥലങ്ങളിലാണ് റെയ്ഡ് നടത്തിയത്.
എൻഐഎയുടെ കേസിന്റെ അടിസ്ഥാനത്തിൽ ഇഡി മഹാരാഷ്ട്ര ന്യൂനപക്ഷ വികസന മന്ത്രിയായിരുന്ന നവാബ് മാലിക്കിന് എതിരെ കള്ളപ്പണ വെളുപ്പിക്കൽ അന്വേഷണം തുടങ്ങിയിരുന്നു. കുർലയിലെ ഒരു താമസക്കാരന്റെ പക്കൽ നിന്ന് 300 കോടിയുടെ ഭൂമി ദാവൂദിന്റെ പരേതയായ സഹോദരി ഹസീന പാർക്കറിന്റെ സഹായത്തോടെ പിടിച്ചെടുത്തതിനാണ് കേസ്.
2015 ൽ ഇന്ത്യൻ ഇന്റലിജൻസ് ഏജൻസികൾ നടത്തിയ അന്വേഷണ പ്രകാരം, ദാവൂദിന് പാക്കിസ്ഥാനിൽ 9 മേൽവിലാസങ്ങളുണ്ട്. കറാച്ചിയിലെ ക്ലിഫ്റ്റണിലൂള്ള വൈറ്റ് ഹൗസ്, അടക്കം 9 വിലാസങ്ങൾ. മൂന്നു പാസ്പോർട്ടുകൾ. റാവൽപിണ്ടിയിൽ ഒന്നും, കറാച്ചിയിൽ രണ്ടും. വർഷങ്ങളായി പല പേരുകളിലൈണ് കഴിയുന്നത്. ഷെയ്ക് ദാവൂദ് ഹസൻ, അബ്ദുൾ ഹമാദ് അബ്ദുൾ അസീസ്, അസീസ് ദിലീപ്, ദൗദ് ഹസൻ ഷെയ്ക് ഇബ്രാഹിം കസ്‌കാർ, ദാവൂദ് സബ്രി, ഷെയ്ക് ഇസ്മയിൽ അബ്ദുൾ, ഹിസ്രത്ത് എന്നിങ്ങനെ പല പേരുകളിൽ.
ഇന്ത്യ തേടുന്ന മോസ്റ്റ് വാണ്ടഡ് ക്രിമിനൽ
ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനലും അധോലോക സംഘത്തിന്റെ നേതാവുമായ ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെട്ടവരുടെ വീടുകളിലും സ്ഥാപനങ്ങളിലും എൻഫോഴ്‌സ്‌മെന്റ് (ഇ.ഡി) ഫെബ്രുവരിയിൽ റെയ്ഡ് നടത്തിയിരുന്നു. ദാവൂദിന്റെ സഹോദരി പരേതയായ ഹസീന പാർക്കറുടെ വീടടക്കം 10 ഇടങ്ങളിലാണ് എഴുപതോളം ഇ.ഡി ഉദ്യോഗസ്ഥർ തിരച്ചിൽ നടത്തിയത്.
ഹവാല ഇടപാടുമായി ബന്ധപ്പെട്ടാണ് അന്വേഷണം. ഭീകരവാദ പ്രവർത്തനം, ഹവാല ഇടപാട് തുടങ്ങിയ കുറ്റങ്ങൾ ആരോപിച്ച് ദാവൂദ് ഇബ്രാഹിമിനും മറ്റ് 'ഡി കമ്പനി' അംഗങ്ങൾക്കുമെതിരെ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ ) യു.എ.പി.എ ചുമത്തി കേസെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് കള്ളപ്പണം വെളുപ്പിക്കുന്നത് തടയുന്ന നിയമപ്രകാരം ഇ.ഡിയും കേസെടുത്തത്.
കറാച്ചിയിൽ ഒഴിവിൽ കഴിയുന്ന ദാവൂദ് ഇബ്രാഹാമിന് ഇപ്പോഴും മഹാരാഷ്ട്ര നേതാക്കളുമായി ഹോട്ട്‌ലൈൻ ബന്ധമുണ്ടെന്ന ആരോപണവും ശക്തമാണ്. ഇതിനിടെയാണ് ഇഡി പരിശോധയും. മൂന്ന് പതിറ്റാണ്ടിനിടെ ഇതാദ്യമായി ദാവൂദ് ഇബ്രാഹിം കറാച്ചിയിലുണ്ടെന്ന് പാക്കിസ്ഥാൻ അടുത്തിടെ സമ്മതിച്ചിരുന്നു. ഐക്യ രാഷ്ട്രസഭയുടെ പ്രമേയപ്രകാരം 88 തീവ്രവാദികൾക്ക് ഉപരോധം ഏർപ്പെടുത്താൻ പാക്കിസ്ഥാൻ സർക്കാർ കഴിഞ്ഞ വർഷം ഓഗസ്റ്റ് 18 ന് പുറപ്പെടുവിച്ച ഉത്തരവിലാണ് ദാവൂദ് ഇബ്രാഹിമിന്റെ പേരും ഉൾപ്പെടുത്തിയിരിക്കുന്നത്.
1993 ലെ മുംബൈ ബോംബാക്രമണത്തിനു പിന്നാലെയാണ് ദാവൂദ് ഇബ്രാഹിം ഇന്ത്യ തേടുന്ന കൊടുംകുറ്റവാളികളുടെ പട്ടികയിൽ ഉൾപ്പെട്ടത്. ദാവൂദ് ഇബ്രാഹിം രാജ്യത്തുണ്ടെന്ന് ഇന്റർപോൾ ഉൾപ്പെടെയുള്ള അന്വേഷണ ഏജൻസികൾ കണ്ടെത്തിയിട്ടും അഭയം നൽകിയിട്ടില്ലെന്ന നിലപാടാണ് പാക്കിസ്ഥാൻ സ്വീകരിച്ചിരുന്നത്.
മറുനാടന് മലയാളി ബ്യൂറോ