- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അന്ന് വിളിച്ചപ്പോൾ മറ്റാരുടെയോ സംസാരമാണ് കേട്ടത്; വീണ്ടും വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫായി'; യുവാവിന്റെ പക്കൽ നിന്നും കൊട്ടിയം പൊലീസ് ഫോൺ പിടികൂടിയത് നിർണായകമായി; കൊല്ലത്ത് യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ യുവാവ് കസ്റ്റഡിയിൽ
കൊല്ലം: കൊല്ലം ചെമ്മാമുക്കിൽ ഫാത്തിമ മാതാ നാഷണൽ കോളേജിന് സമീപം ആളൊഴിഞ്ഞ റെയിൽവേ ക്വാർട്ടേഴ്സിൽ യുവതിയുടെ പൂർണ നഗ്നമായ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ യുവാവ് കസ്റ്റഡിയിൽ. അഞ്ചൽ സ്വദേശിയായ യുവാവിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കേരളാപുരം സ്വദേശിനിയാണ് കൊല്ലപ്പെട്ടത്.
മരണപ്പെട്ട യുവതിയുടെ മൊബൈൽ ഫോൺ നേരത്തെ ഇയാളുടെ കൈയിൽനിന്നും പൊലീസ് കണ്ടെത്തിയിരുന്നു. യുവതിയുടെ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
പുതുവത്സര രാത്രിയിൽ കൊട്ടിയം പൊലീസിന്റെ വാഹന പരിശോധനയ്ക്കിടെ സംശയകരമായി കണ്ട യുവാവിന്റെ പക്കൽനിന്ന് യുവതിയുടെ ഫോൺ കണ്ടെത്തിയിരുന്നു. എന്നാൽ ഫോൺ കളഞ്ഞുകിട്ടിയെന്നാണ് പൊലീസിന് ഇയാൾ നൽകിയ വിശദീകരണം. ഫോൺ വാങ്ങിവെച്ചശേഷം ഇയാളെ വിട്ടയച്ച പൊലീസ് ഫോണിലുണ്ടായിരുന്ന യുവതിയുടെ അമ്മയുടെ നമ്പറിൽ ബന്ധപ്പെട്ടു.
യുവതിയെ കാണാതായെന്ന് കുണ്ടറ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്ന് അമ്മ അറിയിച്ചതോടെ ഫോൺ കുണ്ടറ പൊലീസിന് കൈമാറി. യുവതിയുടെ മരണവിവരം അറിഞ്ഞതോടെയാണ് ബുധനാഴ്ച ഇയാളെ കസ്റ്റഡിയിലെടുത്ത് കുണ്ടറ പൊലീസിന് കൈമാറിയത്.
കൊറ്റങ്കര സ്വദേശിയായ 32-കാരിയുടെ ആറുദിവസത്തോളം പഴക്കമുള്ള മൃതദേഹം പൂർണനഗ്നമായ നിലയിലായിരുന്നു കാടുമൂടിയ റെയിൽവേ ക്വാർട്ടേഴ്സിൽ കണ്ടെത്തിയത്. തലയുടെ ഇടതുഭാഗത്തും മാറിന് താഴെയുമായി ആഴത്തിലുള്ള രണ്ട് മുറിവുകളുണ്ട്. സൗന്ദര്യവർധക വസ്തുക്കൾ വീടുകളിൽ വിൽപ്പന നടത്തുകയായിരുന്ന യുവതിയെ കഴിഞ്ഞ മാസം 29 മുതൽ കാണാതാവുകയായിരുന്നു. തുടർന്ന് മാതാവ് കുണ്ടറ സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിവരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.
ചൊവ്വാഴ്ച രാത്രി ഇതുവഴിവന്ന രണ്ട് യുവാക്കളാണ് ദുർഗന്ധത്തെ തുടർന്ന് ഈസ്റ്റ് പൊലീസിൽ വിവരമറിയിച്ചത്. പൊലീസ് എത്തി പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ചില വസ്ത്രഭാഗങ്ങൾ മാത്രമാണു മൃതദേഹത്തിനു സമീപത്തുണ്ടായിരുന്നത്.
വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധിച്ചു. കെട്ടിടത്തിനു പിന്നിലുള്ള കിണറ്റിൽ സ്‌കൂബ സംഘവും തിരച്ചിൽ നടത്തി. റെയിൽവേ സ്റ്റേഷനു സമീപമുള്ള ഉപയോഗശൂന്യമായ കെട്ടിടങ്ങൾ സാമൂഹിക വിരുദ്ധരുടെ താവളമാണെന്നാണു നാട്ടുകാരുടെ ആരോപണം. ഭർത്താവ് 3 വർഷം മുൻപ് മരിച്ചു. 7, 5 വയസ്സ് പ്രായമുള്ള 2 പെൺമക്കളുണ്ട്. മൃതദേഹം സംസ്‌കരിച്ചു. അധികം ബലപ്രയോഗം നടന്നിട്ടില്ലെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
മൂന്നുമാസം മുമ്പുവരെ നടന്ന് ലോട്ടറി വിൽപ്പനയായിരുന്നു യുവതിക്ക് ജോലി. അതിനുശേഷമാണ് സൗന്ദര്യവർധക വസ്തുക്കൾ വീടുകളിൽ എത്തിച്ചുവിൽപ്പന നടത്താൻ തുടങ്ങിയത്. എല്ലാദിവസവും രാത്രി ഏഴിന് യുവതി വീട്ടിലെത്തുമായിരുന്നുവെന്ന് അമ്മ പറഞ്ഞു. 29-ന് രാത്രി 9.30 ആയിട്ടും വീട്ടിലെത്തിയില്ല. ഫോൺ വിളിച്ചപ്പോൾ മറ്റാരുടെയോ അവ്യക്തമായ സംസാരമാണ് കേട്ടത്. വീണ്ടും വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫായി. ബന്ധുവീടുകളിൽ പോയിരിക്കാമെന്ന ധാരണയിൽ അന്വേഷണം നടത്തിയിട്ടും വിവരം ലഭിച്ചില്ല. പിന്നീടാണ് കുണ്ടറ പൊലീസിൽ പരാതി നൽകിയത്. 31-ന് ഫോൺ കൊട്ടിയം പൊലീസിന് ലഭിച്ചതായി വിവരം ലഭിച്ചുവെന്നും യുവതിയുടെ അമ്മ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ