തിരുവനന്തപുരം: പാറ്റൂരിൽ കെ എസ് ആർ ടി സിയിൽ നിന്നും കൊച്ച് കുട്ടിയോട് വനിതാ കണ്ടക്ടർ കാണിച്ച കൊടും ക്രൂരതയുടെ വാർത്ത കഴിഞ്ഞദിവസമാണ് പുറത്തു വന്നത്. ചാക്ക ബൈപാസിലുള്ള എം ജി എം സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി ഹരിശങ്കർ ( 13 വയസ് ) എന്ന കുട്ടിയെ ചുട്ടുപൊള്ളുന്ന വെയിലത്ത് വഴിയിൽ ഇറക്കിവിടുകായായിരുന്നു കെ എസ് ആർ ടി സി വനിതാ കണ്ടക്ടർ.

ആ സംഭവം വാർത്തയായപ്പോൾ കെ എസ് ആർ ടി സി ജീവനക്കാർക്ക് ഓർമ്മവന്നത് സഹപ്രവർത്തകയായ സ്മിതയെയാണ്. 2015 ജൂൺ അഞ്ചിനായിരുന്നു ആ സംഭവം നടന്നത്. തമ്പാനൂർ ബസ് സ്റ്റാൻഡിൽ നിന്ന് എറണാകുളത്തേക്കുള്ള ബസിൽ 'ലുലു മാളിൽ പോകുമോ?'എന്നു ചോദിച്ചുകൊണ്ടാണ് അന്നൊരു 13കാരൻ ബസിൽ കയറി. ലാപ്‌ടോപ്പ് ബാഗും പിടിച്ചുള്ള അവന്റെ ഇരുപ്പിൽ ചിലർക്ക് സംശയം തോന്നി. അത് മോഷ്ടിച്ചതാണോ എന്നായിരുന്നു സംശയം. കണ്ടക്ടർ സ്മിത അവനെ ഡ്രൈവറുടെ പിന്നിലെ സീറ്റിൽ ഇരുത്തി.

ബാഗിനകത്ത് പുതിയ ലാപ്‌ടോപ്പാണ്. അതവൻ ഇടയ്ക്കിടെ എടുത്തു നോക്കുന്നു. അത് എവിടെ നിന്നാണെന്ന് ചോദിച്ചപ്പോൾ 'എന്റേതാണ്' എന്നു മറുപടി നൽകി. 'ഇവൻ നല്ല കുട്ടിയാണ്' എന്നു പറഞ്ഞ് യാത്രക്കാരുടെ സംശയത്തിൽ നിന്ന് ആ കുഞ്ഞിന്റെ അഭിമാനം രക്ഷിച്ചെടുക്കുന്നതിൽ മാത്രം ഒതുങ്ങിയില്ല ആ വനിതാ കണ്ടക്ടറുടെ ഇടപെടൽ. കുട്ടിയെ നഷ്ടപ്പെട്ടതിൽ കരഞ്ഞുകൊണ്ടിരുന്ന കുടുംബത്തിന് അവനെ തിരിച്ചു നൽകുന്ന മുഹൂർത്തം വരെ നീണ്ടു അത്. കോഴിക്കോട് നിന്ന് വീട്ടുകാരോടു പിണങ്ങി നാടുവിട്ടുവന്നതായിരുന്നു ആ കുട്ടി. ഈഞ്ചയ്ക്കൽ ഡിപ്പോയിലെ കണ്ടക്ടറായിരുന്നു അന്ന് സ്മിത.

എന്തായാലും 'കാലം മാറി കഥ മാറി കാലാവസ്ഥ എങ്ങും മാറി' എന്നതിനു തെളിവാണോ ഈ രണ്ടു സംഭവങ്ങളെന്നും പരിശോധിക്കേണ്ടിയിരിക്കുന്നു. അന്ന് ആ വനിതാ കണ്ടക്ടർ ഒരമ്മയായി ചിന്തിച്ചു കുട്ടിയെ തിരികെ വീട്ടുകാരെ ഏൽപ്പിച്ചു. ഇന്ന് മറ്റൊരു വനിതാ കണ്ടക്ടർ പൊരി വെയിലത്ത് 13 കാരനെ ഇറക്കി വിട്ടു. കഴിഞ്ഞ തിങ്കളാഴ്ച പരീക്ഷ കഴിഞ്ഞ് എം ജി എം സ്‌കൂളിനു മുന്നിൽ നിന്നും കിഴക്കേക്കോട്ടയിലേയ്ക്കുള്ള കെ എസ് ആർ ടി സി ബസിലായിരുന്നു കുട്ടി കയറിയത്. വേൾഡ് മാർക്കറ്റിന് മുന്നിൽ എത്തിയപ്പോഴാണ് വനിതാ കണ്ടക്ടർ ടിക്കറ്റ് ചോദിച്ചു വന്നത്.

കുട്ടിയുടെ കൈവശം ഉണ്ടായിരുന്ന 20 രൂപ നോട്ട് കൊടുത്തപ്പോൾ നോട്ട് കീറിയതാണ് എന്ന കാരണം പറഞ്ഞ് അപ്പോൾ തന്നെ ബെല്ലടിച്ച് ബസ് നിർത്തിച്ച് കുട്ടിയെ വഴിയിൽ ഇറക്കി വിട്ടു. അപ്പോൾ സമയം ഉച്ച 12.30. പൊരിവെയിലത്ത് ഇറങ്ങിയ കുട്ടി ദാഹിച്ചും വിശന്നും തളർന്നപ്പോൾ അത് വഴി വന്ന ടൂ വീലർ യാത്രക്കാരൻ വണ്ടിയിൽ കയറ്റി പാറ്റൂരിലെ വീട്ടിൽ കൊണ്ട് വന്ന് രക്ഷിതാക്കളെ ഏൽപ്പിച്ചു. തിരുവനന്തപുരം ജനറൽ ഹോസ്പിറ്റൽ ജംഗ്ഷനിലെ ലക്ഷ്മി ഹോട്ടൽ ഉടമ അനിൽകുമാർ - രേഷ്മ ദമ്പതികളുടെ മകനോടാണ് ഈ ക്രൂരത കാണിച്ചത്. ഇവർ പാറ്റൂർ വി.വി റോഡിലാണ് താമസിക്കുന്നത്.