ലണ്ടൻ: ലോകത്തിൽ ഏറ്റവും മികച്ച ഭക്ഷണം ലഭിക്കുന്ന ഇരുപത് നഗരങ്ങളുടെ പേരുകൾ പുറത്തുവിട്ട് ടൈം ഔട്ട്. പിസ്സയുടെ ജന്മനാടായ ഇറ്റലിയിലെ നേപ്പിൾസ് ആണ് ലിസ്റ്റിൽ ഒന്നാമത്. ആഫ്രിക്കൻ രുചിഭേദങ്ങൾ വിളമ്പുന്ന ജോഹന്നാസ്ബർഗ് ആണ് ലിസ്റ്റിൽ രണ്ടാമത്. ലാറ്റിൻ അമേരിക്കൻ രുചിയുടെ കരുത്തിൽ പെറുവിലെ ലിമ നഗരം ലിസ്റ്റിൽ മൂന്നാമതെത്തി. ആദ്യ പത്തിൽ അമേരിക്കയിലെ ഒരു നഗരം മാത്രമേയുള്ളു. ബ്രിട്ടീഷ് നഗരങ്ങൾക്ക് ഒന്നും തന്നെ ആദ്യ പത്തിൽ എത്താൻ കഴിഞ്ഞില്ല.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ജനങ്ങളുമായി ബന്ധപ്പെട്ട് തങ്ങളുടെ നഗരത്തിലെ ഭക്ഷണവും അനുബന്ധ സേവനവും വിലയിരുത്താൻ ആവശ്യപ്പെടുകയായിരുന്നു. ഭക്ഷണത്തിന്റെ രുചി, ഗുണമേന്മ, വില താങ്ങാൻ ആകുന്നതാണോ തുടങ്ങിയ കാര്യങ്ങളെല്ലാം ചോദ്യാവലിയിൽ ഉൾപ്പെട്ടിരുന്നു. അതിനു പുറമെ, നഗരത്തിലെ ഏറ്റവും ഇഷ്ടപ്പെട്ട റെസ്റ്റോറന്റുകൾ, തീർച്ചയായും കഴിച്ചിരിക്കേണ്ട ഭക്ഷണാം, മുടക്കുന്ന പണത്തിന് മൂല്യം ലഭിക്കുന്ന ഭക്ഷണം എന്നിവ നിർദ്ദേശിക്കുവാനും ആവശ്യപ്പെട്ടിരുന്നു. ആയിരക്കണക്കിന് ആളുകളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇതിൽ പങ്കെടുത്തിരുന്നത്.

ലിസ്റ്റിലെ ആദ്യ പത്ത് സ്ഥാനങ്ങളിൽ കയറിപ്പറ്റാൻ ബ്രിട്ടീഷ് നഗരങ്ങൾക്ക് ആയില്ലെങ്കിലും പതിനൊന്നാം സ്ഥാനത്തെത്തി ലിവർപൂൾ ബ്രിട്ടന് അല്പം ആശ്വാസമേകി. തെരുവോരങ്ങളിലെ ഭക്ഷണ ശാലകൾ മുതൽ റെസ്റ്റോറന്റുകൾ വരെ എല്ലാം തദ്ദേശവാസികൾക്ക് ഏറെ പ്രിയപ്പെട്ടതാാണെന്നാണ് സർവ്വെ പറയുന്നത്. അമേരിക്കയിലെ ഒരു നഗരത്തിനു മാത്രമാണ് ആദ്യ പത്തിൽ ഇടം കണ്ടെത്താനായത്. പത്താം സ്ഥാനത്തെത്തി പോർട്ട്‌ലാൻഡ് നഗരമാണ് അമേരിക്കയുടെ മാനം കാത്തത്. റെസ്റ്റോറന്റുകളിൽ മാത്രമല്ല, ഇവിടത്തെ ഫുഡ് കാർട്ടുകളിലും കാർഷിക വിപണിയിലും ബ്രൂവറീസിലുമെല്ലാം മികച്ച ഭക്ഷണം ഇവിടെ ലഭ്യമാണ്.

മന്തി റൈസ്, ഷവർമ തുടങ്ങിയ പരമ്പരാഗത മധ്യപൂർവ്വ വിഭവങ്ങളുമായി ദുബായ് ഒൻപതാം സ്ഥാനത്തെത്തിയപ്പോൾ, ഇന്ത്യയുടെ സ്വന്തം മുംബൈ എട്ടാം സ്ഥാനം കരസ്ഥമാക്കി. ഭക്ഷണത്തിന്റെ ഗുണ നിലവാരം പരിഗണിച്ചാൽ, മറ്റ് നഗരങ്ങളേക്കാൾ കൂടുതൽ പോയിന്റ് കരസ്ഥമാക്കിയത് മുംബൈ ആണ്. വട പാവ് മുതൽ മഞ്ചൂരിയൻ വരെ ഇവിടത്തെ, 'തീർച്ചയായും രുചി നേക്കേണ്ട വിഭവങ്ങളി'ൽ പെടുന്നു. മലേഷ്യയിലെ കുലാലംപൂർ ഏഴാം സ്ഥാനത്ത് എത്തിയപ്പോൾ, പരമ്പരാഗത തായ് വിഭവങ്ങളുടെ കരുത്തിൽ ബാങ്കോക്ക് ആറാം സ്ഥാനത്ത് എത്തി.

ലോകമാകെ പ്രചാരമുള്ള ചൈനീസ് വിഭവങ്ങളുമായി ചൈനയുടെ ബീജിങ് അഞ്ചാം സ്ഥാനത്ത് എത്തിയപ്പോൾ വിയറ്റ്‌നാമിലെ ഹോചിമിൻ സിറ്റിയാണ് നാലാം സ്ഥാനത്തുള്ളത്.