- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദ്യകളിയിൽ തിരിച്ചടിയേറ്റപ്പോൾ 'വെറുതയല്ല അർജന്റീന തോറ്റത് 'എന്ന് വി ടി ബൽറാം, ഷാഫിയെയും മാങ്കൂട്ടത്തിലിനെയും ട്രോളി; മെസിയും ആൽബിസെലസ്റ്റകളും പ്രീക്വാർട്ടറിൽ കടന്നില്ലേ..ഇനിയെങ്കിലും തിരിച്ചുവരൂ ഷാഫി അണ്ണാ എന്ന് മുറവിളി; യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷനെ ഖത്തറിൽ നിന്ന് നാട്ടിൽ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി
തിരുവനന്തപുരം: ഖത്തർ ലോക കപ്പ് ആവേശമൊക്കെ അവിടെ നിൽക്കട്ടെ. യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ ഷാഫി പറമ്പിലിനെ ഉടൻ നാട്ടിലേക്ക് വരുത്തണമെന്ന് ആവശ്യപ്പെട്ട് പരാതി. അഖിലേന്ത്യാ നേതൃത്വത്തിനാണ് പരാതികൾ ചെല്ലുന്നത്. രണ്ട് സംസ്ഥാന കമ്മിറ്റി അംഗങ്ങളടക്കം വിവിധ ജില്ലകളിൽ നിന്നായി ഇരുപതോളം പരാതികളാണ് ഷാഫി പറമ്പിലിനെതിരെ ദേശീയ നേതൃത്വത്തിന് മുന്നിലെത്തിയിരിക്കുന്നത്. സർക്കാരിനെതിരെ സമരം ചെയ്ത് പ്രവർത്തകർ ജയിലിൽ കഴിയുമ്പോൾ പ്രസിഡന്റ് ഖത്തറിൽ ഉല്ലാസയാത്ര നടത്തുകയാണെന്നാണ് പരാതികളുടെയെല്ലാം ഉള്ളടക്കം. ഷാഫിയുടെ സ്വന്തം ജില്ലയായ പാലക്കാട് അടക്കം ഏഴ് ജില്ലകളിൽ നിന്നാണ് സംസ്ഥാന കമ്മിറ്റി അംഗങ്ങൾ മുതൽ ബ്ലോക്ക് കമ്മിറ്റി ഭാരവാഹികൾ വരെ വിവിധ തട്ടുകളിലുള്ള പ്രവർത്തകരുടെ പരാതി. ദേശീയ പ്രസിഡന്റ് ബി വി ശ്രീനിവാസിന് ഇമെയിൽ മുഖേനയാണ് പരാതികൾ എത്തിയിരിക്കുന്നത്.
ലോകകപ്പിലെ ആദ്യ മത്സരത്തിൽ അർജ്ജന്റീന സൗദിയോട് തോറ്റതിന് പിന്നാലെ ഷാഫി പറമ്പിലിനെതിരെ വലിയ രീതിയിലുള്ള ട്രോളായിരുന്നു സോഷ്യൽ മീഡിയയിൽ നിറഞ്ഞത്. കടുത്ത അർജന്റീന ആരാധകനായ ഷാഫി പറമ്പിൽ സഹപ്രവർത്തകനായ രാഹുൽ മാങ്കുട്ടത്തിനൊപ്പം മത്സരം കാണുന്നതിനായി ഖത്തറിലെ സ്റ്റേഡിയത്തിലെത്തിയിരുന്നു. ഈ ചിത്രം പങ്കുവെച്ചുകൊണ്ട് 'വെറുതെയല്ല അർജന്റീന തോറ്റത്' എന്നായിരുന്നു വിടി ബൽറാമിന്റെ ട്രോൾ. ഇതിന് മറുപടിയായി ശവത്തിൽ കുത്താതണ്ണാ എന്ന മറുപടി ഷാഫി പോസ്റ്റ് ചെയ്തിരുന്നു. ഏതായാലും, മെസിയും അർജന്റീനയും കളിച്ച് കളിച്ച് പ്രീക്വാർട്ടറിൽ എത്തി. ഇനിയെങ്കിലും ഷാഫി അണ്ണൻ തിരിച്ചുവരൂ, എന്നാണ് യൂത്ത് കോൺഗ്രസിലെ പരാതി.
കഴിഞ്ഞ പതിനേഴാം തീയതി ഷാഫി പറമ്പിൽ തിരുവനന്തപുരം യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ സമരം ഉദ്ഘാടനം ചെയ്ത ദിവസവും മൂന്ന് പ്രവർത്തകർ പൂജപ്പുര ജയിലിലായിരുന്നു. അവരെ ഒന്ന് കാണുവാനോ ആശ്വസിപ്പിക്കുവാനോ അവരുടെ കുടുംബത്തിന് ആശ്വാസം പകരുവാനോ യൂത്ത് കോൺഗ്രസ് അധ്യക്ഷൻ തയ്യാറായില്ലെന്ന വിമർശനവും ഉയർന്നിരുന്നു തുടർ സമരങ്ങളുടെ ഭാഗമായി നടന്ന പ്രതിഷേധത്തിനിടയിൽ ഷാഫി പറമ്പിലിന്റെ വിശ്വസ്തനായ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സുധീർഷ പാലോടിന് പരിക്ക് പറ്റുകയുംഷജീർ നേമം ഉൾപ്പെടെയുള്ള 13 യൂത്ത് കോൺഗ്രസ് പ്രവർത്തകർ റിമാൻഡിലാകുകയും ചെയ്തിരുന്നു. എന്നാൽ ഇവരെ കാണാനോ ആശ്വസിപ്പിക്കാനോ ശ്രമിക്കാതെ ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടത്തിലും ഖത്തറിൽ പോയെന്നാണ് ആരോപണം ഉയരുന്നത്.
ഷാഫിയുടെ വിശ്വസ്തൻ കൂടിയായ സുധീർഷ പാലോടിന് പൊലീസിന്റെ ലാത്തി കുത്തിയാണ് പരിക്കേറ്റത്. തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ കിടക്കുന്ന സുധീർഷയെ സന്ദർശിക്കാനെത്തിയ മറ്റു കോൺഗ്രസ് നേതാക്കൾ സംസ്ഥാന യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റിന്റെ ഫുട്‌ബോൾ താൽപര്യത്തെക്കുറിച്ചും സ്റ്റേഡിയത്തിലെ സെൽഫികളെക്കുറിച്ചുമൊക്കെ സുധീർഷായോട് സംസാരിച്ചുവെന്ന തമാശരീതിയിലുള്ള ട്രോളുകളും വന്നിരുന്നു.
കോഴിക്കോട്ട് ശശി തരൂരിനെ പങ്കെടുപ്പിച്ച് നടത്താൻ തീരുമാനിച്ച സെമിനാറിൽ നിന്ന് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി പിന്മാറിയതിനെ തുടർന്നുണ്ടായ വിവാദം വ്യാപിക്കാൻ കാരണം ഷാഫി പറമ്പിലിന്റെ മൗനമാണെന്ന അഭിപ്രായവും ഉയർന്നിരുന്നു. അതേസമയം, ഷാഫി പറമ്പിൽ ഉടൻ കേരളത്തിൽ മടങ്ങിയെത്തുമെന്നും സംഘടനാ പ്രശ്‌നങ്ങളുടെ പേരിൽ പ്രസിഡന്റിനെ അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഇപ്പോഴത്തെ പരാതികളെന്നുമാണ് ഷാഫിയുമായി അടുപ്പമുള്ളവർ പറയുന്നത്.
മറുനാടന്‍ മലയാളി ബ്യൂറോ