- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അങ്ങനെ ചിന്താ ജെറോമിന് മാത്രം ശമ്പളം കൂട്ടിയാൽ പോരാ.. തനിക്കും കാശു കിട്ടിയാൽ പുളിക്കുമോ! ഒരു ലക്ഷം ശമ്പളനിരക്ക് കണക്കാക്കി മുൻകാലത്തുള്ള കുടിശ്ശിക നൽകണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു യുവജന കമ്മീഷൻ മുൻ അധ്യക്ഷൻ ആർ.വി. രാജേഷും; സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന സർക്കാർ ചിന്തയ്ക്ക് ശമ്പളം കൂട്ടിയ നടപടിയിൽ പരക്കെ വിമർശനം
തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മിഷൻ ചെയർപഴ്‌സൺ ചിന്ത ജെറോമിന്റെ ഒരു വർഷത്തെ ശമ്പളം മുൻകാല പ്രാബല്യത്തോടെ വർധിപ്പിച്ചു നൽകാൻ ധനവകുപ്പിന്റെ അനുമതി ലഭിച്ചതിന് പിന്നാലെ വിവാദവും കൊഴുക്കുന്നു. സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നിൽക്കവേയാണ് ചിന്തയുടെ ശമ്പളം ഇരട്ടിയാക്കിയത്. ഇതിന്റെ ആവശ്യം എന്താണെന്നാണ് ഉയരുന്ന ചോദ്യം. മുൻകാല പ്രാബല്യം നൽകിയതിലും വിമർശന കടുക്കുന്നുണ്ട്.
യുവജന കമ്മിഷൻ ചെയർപഴ്‌സന്റെ ശമ്പളം കൂട്ടിയ ഉത്തരവ് ഉടനെ പുറത്തിറക്കാനാണ് നീക്കം. ഇതോടെ ആറ് ലക്ഷത്തോളം രൂപ മുൻകാല ശമ്പളമായി മാത്രം ചിന്തയ്ക്കു ലഭിക്കും. സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും ഡിവൈഎഫ്‌ഐ അഖിലേന്ത്യാ നേതാവുമാണ് ചിന്ത ജെറോം. യുവജനകമ്മിഷൻ ചെയർപഴ്‌സന്റെ നിലവിലെ ശമ്പളം ഒരു ലക്ഷം രൂപയാണ്. 2018 ജൂൺ മുതലാണ് ഈ ശമ്പളം ലഭിച്ചു തുടങ്ങിയത്. അതിനു മുൻപ് 50,000 രൂപയായിരുന്നു ശമ്പളം. അധികാരം ഏറ്റ 2016 മുതൽ ശമ്പളം ഒരു ലക്ഷം രൂപയാക്കി ഉയർത്തണമെന്ന് ചിന്ത ജെറോം യുവജനക്ഷേമ വകുപ്പിനോട് ആവശ്യപ്പെട്ടു. വകുപ്പ് ഇത് ധനകാര്യവകുപ്പിന്റെ പരിശോധനയ്ക്കായി വിട്ടു.
അതേസമയം, ധനകാര്യവകുപ്പും യുവജനക്ഷേമ വകുപ്പ് സെക്രട്ടറിയും ചിന്തയുടെ ആവശ്യത്തോട് അനുകൂല നിലപാടെടുത്തു. 2017 ജൂൺ മുതൽ ശമ്പളം ഒരുലക്ഷം രൂപയാക്കാനും നൽകാനുള്ള തുക അനുവദിക്കാനും ധനവകുപ്പ് തീരുമാനിക്കുകയായിരുന്നു. അതിനിടെ ചിന്തയുടെ ശമ്പളം കൂട്ടിയ നടപടിയുടെ ചുവടു പിടിച്ച് മുൻ യുവജന കമ്മീഷൻ ചെയർപേഴ്‌സണും രംഗത്തുവന്നിട്ടുണ്ട്.
ഉയർത്തിയ ശമ്പളനിരക്ക് കണക്കാക്കി മുൻകാലത്തുള്ള കുടിശ്ശിക നൽകണമെന്ന ആവശ്യം ഉന്നയിച്ചാണ് മുൻ അധ്യക്ഷനായ കോൺഗ്രസ് നേതാവ് ആർ.വി. രാജേഷ് കോടതിയെ സമീപിച്ചിരിക്കുന്നത്. യു.ഡി.എഫിന്റെ കാലത്താണ് യുവജന കമ്മിഷൻ രൂപവത്കരിച്ചിത്. ആർ.വി. രാജേഷായിരുന്നു ആദ്യ ചെയർമാൻ. ഈ ഘട്ടത്തിൽ ചെയർമാന് ശമ്പളം നിശ്ചയിച്ചിരുന്നില്ല. 50,000 രൂപ താത്കാലിക വേതനമായി നൽകുമെന്നാണ് ഉത്തരവിലുണ്ടായിരുന്നു.
യു.ഡി.എഫ്. സർക്കാരിന്റെ അവസാനകാലത്ത് ശമ്പളം നിശ്ചയിക്കാനുള്ള തീരുമാനം മന്ത്രിസഭയ്ക്ക് വിട്ടെങ്കിലും നടപടികൾ പൂർത്തിയാക്കാനായില്ല. ഇടതുസർക്കാർ വന്നതിനുശേഷം, 2016-ലാണ് ചിന്താ ജെറോം അധ്യക്ഷയാകുന്നത്. ഇതോടെ, ശമ്പളഘടനയുണ്ടാക്കിയപ്പോൾ നിലവിലെ ചെയർമാന് ബാധകമാകുന്ന വിധത്തിലാണ് തീരുമാനമുണ്ടായത്. ഇതിനെതിരേയാണ് രാജേഷ് കോടതിയെ സമീപിച്ചത്. ചിന്തക്ക് ലഭിച്ചതു പോലുള്ള ശമ്പളം തനിക്കും ലഭിക്കണമെന്നാണ് രാജേഷും ആവശ്യപ്പെടുന്നത്.
യുവജന കമ്മീഷൻ ചെയർപേഴ്സൺ എന്ന പേരിൽ സർക്കാർ അനാവശ്യ സ്ഥാനം നൽകി ചെലവ് വർദ്ധിപ്പിക്കുന്നുവെന്നും യുവജന കമ്മീഷനിലൂടെ കേരളത്തിലെ യുവാക്കൾക്ക് യാതൊരു പ്രയോജനവും ലഭിക്കുന്നില്ലെന്ന തരത്തിൽ നിരവധി ആക്ഷേപങ്ങൾ ഉയർന്നുവന്നിരുന്നു. ഇതിനിടെയാണ് ചിന്തക്ക് വീണ്ടും ശമ്പളം വർധിപ്പിച്ചിരിക്കുന്നതും.
അതേസമയം ചിന്ത ജെറോമിന്റെ ശമ്പളത്തെ കുറിച്ചുള്ള ചർച്ചകൾ ഇതിന് മുമ്പും സൈബറിടത്തിൽ നടത്തിട്ടുണ്ട്. പാരസെറ്റമോൾ പോലും സർക്കാരിന്റെ ചെലവിലാണ് എന്നൊക്കെയാണെന്നായിരുന്നു ചർച്ചകൾ. താൻ ഇതൊന്നും ശ്രദ്ധിക്കാറില്ല. ആരെങ്കിലും അയച്ച് തരുമ്പോഴാണ് ഇതെല്ലാം അറിയുന്നതെന്നുമായിരുന്നു ചിന്ത അന്ന് പ്രതികരിച്ചത്. നിലവിൽ ഡിവൈഎഫ്ഐ അഖിലേന്ത്യാ നേതാവ് കൂടിയാണ് ചിന്താ ജെറോം. ഡിവൈഎഫ്ഐ കേന്ദ്ര കമ്മറ്റിയിലേക്ക് അടുത്തിടെയാണ് ചിന്ത എത്തിയത്.
മറുനാടന് മലയാളി ബ്യൂറോ