കൊച്ചി: മലയാളി യുവതയുമായി സംവാദത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കൊച്ചിയിലെത്തും. വൈകിട്ട് 5.30നു തേവര സേക്രഡ് ഹാർട്ട് കോളജ് മൈതാനത്താണു 'യുവം 2023' സംഗമം. രാഷ്ട്രീയ, ജാതി, മത പരിഗണനയില്ലാതെ വിവിധ മേഖലകളിലെ യുവാക്കളുടെ വൻ സഞ്ചയം പരിപാടിയിൽ പങ്കെടുക്കുമെന്നു സംഘാടകർ പറഞ്ഞു. വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളിൽനിന്നുമടക്കം ഒന്നര ലക്ഷം പേർ ഇതിനകം രജിസ്റ്റർ ചെയ്തതായ അവർ അറിയിച്ചു.

മലയാളി യുവതയുടെ മനസ്സറിയുക എന്നതാണ് പരിപാടിയുടെ പ്രധാന ഉദ്ദേശ്യം. സിനിമാതാരങ്ങളായ യഷ്, ഋഷഭ് ഷെട്ടി, ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ എന്നിവർ പരിപാടിക്ക് എത്തുമെന്നാണു വിവരം. മലയാളത്തിലെ യുവതാരങ്ങളുമുണ്ടാകുമെന്നു സംഘാടകർ പറഞ്ഞു. കേരളത്തിന്റെ സമഗ്ര വികസനവുമായി ബന്ധപ്പെട്ട നിർദേശങ്ങളും ആവശ്യങ്ങളും യുവാക്കളിൽനിന്നു പ്രധാനമന്ത്രി തേടും. അവരുടെ ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി നൽകും. വിവിധ രംഗങ്ങളിൽ ഇന്ത്യയിൽതന്നെ ബഹുദൂരം മുന്നിലെത്തേണ്ട കേരളം എന്തുകൊണ്ടു പിന്നാക്കംപോയി എന്നതു കേരളീയ യുവതതന്നെ വെളിപ്പെടുത്തുന്ന വേദിയാകുമിതെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ അഭിപ്രായപ്പെട്ടു

പ്രതീക്ഷിച്ചതിലും വലിയ ആവേശമാണ് പരിപാടി നൽകുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ വ്യക്തമാക്കി. കേരളത്തിന്റെ വികസനം ആഗ്രഹിക്കുന്ന യുവജന കൂട്ടായ്മയാണ് പരിപാടിയിൽ പങ്കെടുക്കുന്നത്. പ്രധാനമന്ത്രിയുടെ കേരള സന്ദർശനം സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടുന്ന പദ്ധതികൾക്ക് തുടക്കം കുറിക്കുക തന്നെ ചെയ്യും. കോൺഗ്രസും സിപിഎമ്മും നടത്തുന്ന കള്ളപ്രചരണം പരിപാടിയുടെ വിജയമാണ് കാണിക്കുന്നതെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

യുവം 2023-ന്റെ ഭാഗമായി ആലപ്പുഴയിൽ റൺ 4 യുവം മിനി മരത്തോൺ സംഘടിപ്പിച്ചു. വൈബ്രന്റ് യൂത്ത് ഫോർ മോദിഫയിങ് കേരള ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു മാരത്തോൺ. കേന്ദ്ര സർക്കാരിന്റ ഔദ്യോഗിക വീഡിയോ കോൺഫറൻസിങ് പ്ലാറ്റ്ഫോമായ ഭാരത് വിസിയുടെ നിർമ്മാതാക്കളായ ടെക്‌ജെൻഷ്യ സോഫ്റ്റ്‌വെയർ ടെക്‌നോളജീസ് സിഇഒ ജോയി സെബാസ്റ്റ്യൻ പതാക കൈമാറി മാരത്തോൺ ഉദ്ഘാടനം ചെയ്തു.

നാളെ കൈകിട്ട് 5നു കൊച്ചി വില്ലിങ്ഡൺ ഐലൻഡിൽ നാവികസേനാ വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി അവിടെനിന്നു വെണ്ടുരുത്തി പാലം കടന്നു തേവരയിലെ വേദിയിലേക്കു മെഗാ റോഡ് ഷോ ആയാണ് എത്തുക. പ്രധാനമന്ത്രിയുടെ സുരക്ഷ സംബന്ധിച്ച ഇന്റലിജൻസ് റിപ്പോർട്ട് ചോർന്നതടക്കമുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങളുണ്ടാവും. 'യുവം' സംഗമത്തിനു ശേഷം നാളെ രാത്രി കൊച്ചിയിൽ തങ്ങുന്ന നരേന്ദ്ര മോദി ചൊവ്വാഴ്ച രാവിലെ തിരുവനന്തപുരത്തേക്കു തിരിക്കും. 3,200 കോടിയിലധികം രൂപയുടെ വികസന പദ്ധതികൾ സെൻട്രൽ സ്റ്റേഡിയത്തിൽ പ്രധാനമന്ത്രി തറക്കല്ലിടുകയും രാഷ്ട്രത്തിന് സമർപ്പിക്കുകയും ചെയ്യും.

ഏപ്രിൽ 25ന് രാവിലെ 10.30ന് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ വന്ദേ ഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യും. എന്നാൽ ട്രെയ്‌നിൽ അദ്ദേഹം യാത്ര ചെയ്യില്ലെന്നാണ് വിവരം. ഒപ്പം ഇരുപത്തഞ്ചോളം കുട്ടികളുമായി അദ്ദേഹം സെൻട്രൽ സ്റ്റേഷനിൽ കൂടിക്കാഴ്ച നടത്തും.തിരുവനന്തപുരത്തിനും കാസർഗോഡിനും ഇടയിലുള്ള കേരളത്തിലെ ആദ്യ വന്ദേഭാരത് എക്സ്പ്രസാണ് സെൻട്രൽ സ്റ്റേഷനിൽ പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യുക. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ 11 ജില്ലകളിലൂടെ ട്രെയിൻ കടന്നുപോകും. അതിനുശേഷം 11 മണിക്ക് 3,200 കോടിയിലധികം രൂപയുടെ വികസന പദ്ധതികൾ സെൻട്രൽ സ്റ്റേഡിയത്തിൽ പ്രധാനമന്ത്രി തറക്കല്ലിടുകയും രാഷ്ട്രത്തിന് സമർപ്പിക്കുകയും ചെയ്യും.

കൊച്ചി വാട്ടർ മെട്രൊ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും. കൊച്ചിക്ക് ചുറ്റുമുള്ള 10 ദ്വീപുകളെ അത്യാധുനിക ഇലക്ട്രിക് ഹൈബ്രിഡ് ബോട്ടുകൾ വഴി ബന്ധിപ്പിക്കുന്ന പദ്ധതിയാണിത്. ദിണ്ടിഗൽ- പളനി- പാലക്കാട് പാതയിലെ റെയിൽ വൈദ്യുതീകരണവും അതേ ചടങ്ങിൽ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും. തിരുവനന്തപുരം, കോഴിക്കോട്, വർക്കല ശിവഗിരി എന്നീ റെയിൽവേ സ്റ്റേഷനുകളുടെ പുനർവികസനം ഉൾപ്പെടെ വിവിധ റെയിൽ പദ്ധതികളുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും. തിരുവനന്തപുരം മേഖലയിലെ നേമം, കൊച്ചുവേളി എന്നിവ ഉൾപ്പെടുന്ന സമഗ്ര വികസനം, തിരുവനന്തപുരം- ഷൊർണൂർ സെക്ഷനിലെ വേഗം വർധിപ്പിക്കൽ എന്നിവയ്ക്കും തുടക്കമിടും.

ഇതുകൂടാതെ, തിരുവനന്തപുരം ഡിജിറ്റൽ സയൻസ് പാർക്കിന്റെ തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും. വ്യവസായ, ബിസിനസ് യൂണിറ്റുകൾക്ക് ഡിജിറ്റൽ ഉൽപ്പന്നങ്ങളും സേവനങ്ങളും വികസിപ്പിക്കുന്നതിനുള്ള ഒരു പ്രധാന ഗവേഷണ സൗകര്യമായാണ് ഡിജിറ്റൽ സയൻസ് പാർക്ക് വിഭാവനം ചെയ്തിരിക്കുന്നത്. ഒരു മൂന്നാം തലമുറ സയൻസ് പാർക്ക് എന്ന നിലയിലാണ് ഇതു രൂപപ്പെടുത്തുക.