തിരുവനന്തപുരം: ദേശീയ ഗെയിംസിലെ ഏക അഴിമതി ലാലിസം മാത്രമാണോ? ഇന്നത്തെ മനോരമ പത്രം കണ്ടാൽ അങ്ങനെ തോന്നും. മുത്തശ്ശി പ്തരത്തിന്റെ ചാനലും ദേശീയ ഗെയിംസിലെ ലാലിസം അഴിമതി തുറന്നുകാട്ടി. വാ വിട്ട വാക്കും കൈവിട്ട കാശും തിരിച്ചെടുക്കണമെന്ന കാർട്ടൂണും ഒന്നാം പേജിൽ നൽകി കേരള ഗെയിംസ് കളത്തിന് പുറത്തെ കളി തകൃതിയെന്ന് വിശദീകരിക്കുന്നു. പലതും മറന്നുള്ള മനോരമയുടെ നിലപാടാണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. മോഹൻലാലിനെ കൊണ്ട് ഒരു കോടി 63 ലക്ഷം രൂപ തിരിച്ചടപ്പിക്കാൻ ആയെങ്കിൽ മനോരമയുടെ പത്ത് കോടിയും കേരളത്തിന്റെ ഖജനാവിൽ മടക്കിയെത്തിക്കുമെന്നാണ് അവരുടെ നിലപാട്. മനോരമയുടേത് രണ്ടും കെട്ട കളിയാണെന്ന് ലാൽ ഫാൻസും സോഷ്യൽ മീഡിയയിൽ അഭിപ്രായം ഉയർത്തുന്നു.

ഫണ്ട് ശേഖരണമാണ് കൂട്ടയോട്ടങ്ങളുടെ ലക്ഷ്യം. ദേശീയ ഗെയിംസിന് മുമ്പ് കൂട്ടയോട്ടം നടത്തിയാൽ അതിന്റെ വരുമാനം ദേശീയ ഗെയിംസിന് എത്തണം. എന്നാൽ റൺ കേരളാ റൺ കഴിഞ്ഞപ്പോൾ പത്ത് കോടി രൂപ മനോരമയുടെ പോക്കറ്റിലെത്തി. കണക്കുമില്ല വിശദീകരണവുമില്ല. അന്നൊക്കെ മിണ്ടാതിരുന്ന മനോരമ ലാലിനെതിരെ രംഗത്ത് വരുന്നു. പരിപാടി മോശമായാൽ ലാലിനേയും വിമർശിക്കുമെന്ന് പറയുന്നു. രണ്ട് കോടി തിരിച്ചു കിട്ടുന്നത് നല്ലതാണെന്ന അഭിപ്രായം ഉണ്ടാക്കുന്നു. ഇവിടെയാണ് സോഷ്യൽ മീഡിയ മനോരമയുടെ ഇരട്ടമുഖം തുറന്നുകാട്ടുന്നത്. കൂട്ടയോട്ടത്തിന് പത്ത് കോടി വാങ്ങി. എന്നിട്ട് എല്ലാ ചെലവും പാവപ്പെട്ടവരുടെ കീശയിൽ നിന്ന് ചെലവാക്കി. സർക്കാർ സംവിധാനമൊരുക്കി കൂട്ടയോട്ടം നടത്തി. അങ്ങനെ പത്ത് കോടി ദേശീയ ഗെയിംസിൽ നിന്ന് തട്ടിയ മനോരമ മോഹൻലാലിനെ കുറ്റം പറയുന്നതാണ് സോഷ്യൽ മീഡിയയ്ക്ക് സഹിക്കാനാവാത്തത്.

ലാലിസം എന്ന പരിപാടിക്കായി രണ്ടാഴ്ച റിഹേഴ്‌സൽ നടത്തി. പരിപാടി അവതരിപ്പിക്കുയും ചെയ്തു. വിമർശനമെത്തിയപ്പോൾ വാങ്ങിയ ഒരു കോടി 63 ലക്ഷത്തിന്റെ ചെലവ് മോഹൻലാൽ തന്നെ വെളിപ്പെടുത്തി. റൺ കേരളാ റണ്ണിനായി മനോരമ വാങ്ങിയ പത്ത് കോടിയുടെ ചെലവ് ഈ മാതൃകയിൽ പരസ്യപ്പെടുത്താനാകുമോ എന്നതാണ് സോഷ്യൽ മീഡിയയുടെ ചോദ്യം. 1987ൽ ദേശീയ ഗെയിംസ് നടത്താനായി ഇകെ നയനാർ പിടി ഉഷയുടേയും ഷൈനി വിൽസണിന്റേയും കൈയൊപ്പുള്ള സ്റ്റാമ്പിറക്കി ഒന്നരക്കോടി കണ്ടെത്തിയ സംസ്ഥാനമാണിത്. അവിടെയാണ് എല്ലാമറിയാവുന്ന മനോരമ കായികതാരങ്ങൾക്ക് അവകാശപ്പെട്ട പത്ത് കോടി തട്ടിയെടുത്തത്. റൺ കേരളാ റണ്ണും മഹാസംഭവമായില്ല. സച്ചിന്റെ സാന്നിധ്യമാത്രമായിരുന്നു ആകർഷണം. മനോരമയ്ക്ക് ഒരു ചെലവുമുണ്ടായില്ല. ഈ സാഹചര്യത്തിൽ പത്ത് കോടി തിരിച്ചടച്ച് മാതൃക കാട്ടാനാണ് മനോരമയോട് സോഷ്യൽ മീഡിയയ്ക്കുള്ള ആഹ്വാനം.

ലാലിസത്തിന്റെ പേരിൽ തനിക്ക് അനുവദിച്ച തുക തിരികെ നൽകാനുള്ള മോഹൻലാലിന്റെ തീരുമാനത്തോടെയാണ് മനോരമയുടെ തട്ടിപ്പും ചർച്ചയായത്. നാഷണൽ ഗെയിംസിന്റെ പ്രചാരണാർഥം സംഘടിപ്പിച്ച കൂട്ടയോട്ടത്തിന്റെ പേരിൽ 10.62 കോടി രൂപയാണ് സർക്കാർ മനോരമയ്ക്ക് സമ്മാനിച്ചത്. പത്രത്തിന്റെ 7000 ഏജന്റുമാരെയും ജീവനക്കാരെയുമെല്ലാം ഉപയോഗിച്ച് കൂട്ടയോട്ടം സംഘടിപ്പിക്കാൻ കഴിയുമെന്നാണ് മനോരമ ഗെസിംസ് സംഘാടകസമിതിയെ അറിയിച്ചിരുന്നത്. എന്നാൽ സ്‌കൂളുകളും സർക്കാർ സംവിധാനങ്ങളുമെല്ലാം ഉപയോഗിച്ച് സർക്കാർ കൂട്ടയോട്ടം സംഘടിപ്പിച്ചശേഷം മനോരമയ്ക്ക് പണം നൽകുകയായിരുന്നു. ഇത് ലാലിസത്തേക്കാൾ വലിയ തട്ടിപ്പ് തന്നെയാണെന്നാണ് അഭിപ്രായം. പോരാത്തതിന് ലാലിനെ കുറ്റം പറയാൻ മനോരമ എത്തിയതും സോഷ്യൽ മീഡിയയെ ചൊടിപ്പിച്ചു.

ഏഴായിരം കേന്ദ്രങ്ങളിൽ കൂട്ടയോട്ടം സംഘടിപ്പിക്കുമെന്നാണ് മനോരമയും സർക്കാരും അവകാശപ്പെട്ടത്. ജില്ലകളിൽ ഇരുനൂറിൽത്താഴെ കേന്ദ്രങ്ങളിലാണ് പരിപാടി നടന്നത്. മുവായിരത്തിൽത്താഴെ കേന്ദ്രങ്ങളിലേ പരിപാടി നടന്നിട്ടുള്ളൂവെന്നാണ് കായിക വകുപ്പിന്റെ വിലയിരുത്തൽ. ഒരോ കേന്ദ്രത്തിലും ഒരു ബാനറും ഇത് പിടിക്കുന്നവർക്ക് ധരിക്കാനായി രണ്ട് ബനിയനും രണ്ട് തൊപ്പിയും നൽകിയിട്ടുണ്ട്. ബാനറിന് 50 രൂപയും ബനിയന് 40 രൂപയും തൊപ്പിക്ക് 10 രൂപയുമാണ് ചെലവ്. കൂട്ടയോട്ട കേന്ദ്രങ്ങളിൽ ഉച്ചഭാഷണി സൗകര്യമടക്കം ഒരുക്കുമെന്ന് മനോരമ അവകാശപ്പെട്ടു. എന്നാൽ സർക്കാർ, എയ്്ഡഡ് സ്‌കൂളുകളിൽ പൊതുപണം ഉപയോഗിച്ച് വാങ്ങിയ ഉച്ചഭാഷണി സംവിധാനമാണ് ഉപയോഗിച്ചത്. അങ്ങനെ ചെലവില്ലാതെ പത്ത് കോടി മനോരമ കീശയിലാക്കി.

റൺ കേരളാ റണ്ണിന്റെ ചെലവ് സംബന്ധിച്ച ഒരു രേഖയും ഗെയിംസ് സെക്രട്ടറിയറ്റിലില്ല. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും സ്‌കൂളുകളുടെയും സഹകരണത്തോടെ ജനകീയമായി ഏറ്റെടുക്കാവുന്ന പരിപാടിക്കാണ് വൻതുക മനോരമയ്ക്ക് നൽകിയത്. മനോരമ ഗ്രൂപ്പിന്റെ കെ ജംഗ്ഷൻ എന്ന ഈവന്റ് മാനേജ്‌മെന്റ് കമ്പനിക്കാണ് കരാർ നൽകിയത്്. എന്നാൽ മലയാള മനോരമയ്ക്കാണ് റൺ കേരള റൺ അഴിമതി ഓട്ടത്തിന്റെ പണം കൈമാറിയതെന്ന് ദേശീയ ഗെയിംസ് സംഘാടകസമിതിയുടെ വെബ്‌സൈറ്റിൽനിന്ന് വ്യക്തവുമാണ്.