- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിരത്തിലെ കപ്പലണ്ടിക്കച്ചവടം നിർത്തിയാൽ പഠന സഹായം നൽകാമെന്നു വാഗ്ദാനം; ഇത്രയും കാലം പഠനത്തിനും വീട്ടുകാര്യങ്ങൾക്കും സഹായിച്ച തൊഴിൽ ഉപേക്ഷിക്കാൻ മനസുവരാതെ എൻജിനിയറിങ് വിദ്യാർത്ഥി അരുൺ
തിരുവനന്തപുരം: നിരത്തിൽ കപ്പലണ്ടി വിറ്റ് പണം കണ്ടെത്തി എൻജിനിയറിങ് പഠനം തുടരുന്ന അരുണിന് ഇതിനകം നിരവധി പേരിൽ നിന്നാണ് സഹായവും ജോലിയും വാഗ്ദാനം ലഭിച്ചത്. എന്നാൽ, പഠനം വിജയകരമായി പൂർത്തിയാക്കിയിട്ടു മതി ജോലി എന്ന നിലപാടിലാണ് പാപ്പനംകോട് ശ്രീ ചിത്തിരതിരുനാൾ എൻജിനിയറിങ് കോളേജിലെ അരുൺ. ഇതിനിടെയാണ് പഠനകാര്യങ്ങൾക്കു സഹായിക്കാമെന്ന
തിരുവനന്തപുരം: നിരത്തിൽ കപ്പലണ്ടി വിറ്റ് പണം കണ്ടെത്തി എൻജിനിയറിങ് പഠനം തുടരുന്ന അരുണിന് ഇതിനകം നിരവധി പേരിൽ നിന്നാണ് സഹായവും ജോലിയും വാഗ്ദാനം ലഭിച്ചത്. എന്നാൽ, പഠനം വിജയകരമായി പൂർത്തിയാക്കിയിട്ടു മതി ജോലി എന്ന നിലപാടിലാണ് പാപ്പനംകോട് ശ്രീ ചിത്തിരതിരുനാൾ എൻജിനിയറിങ് കോളേജിലെ അരുൺ.
ഇതിനിടെയാണ് പഠനകാര്യങ്ങൾക്കു സഹായിക്കാമെന്ന വാഗ്ദാനവുമായി തിരുവനന്തപുരം ജില്ലയിലെ ഒരു സംഘടന അരുണിനെ സമീപിച്ചത്. എന്നാൽ, ഒരു നിബന്ധനയും അവർക്കുണ്ട്. നിരത്തിലെ കപ്പലണ്ടിക്കച്ചവടം ഒഴിവാക്കണം. എങ്കിൽ പഠനച്ചെലവുകൾക്കായി ഓരോ മാസവും 7000 രൂപ വീതം തരാമെന്നാണ് ഈ സംഘടന വാഗ്ദാനം ചെയ്തത്.
ബി ടെക് കഴിഞ്ഞ് ഏതാനും വർഷം ജോലി എടുത്തതിന് ശേഷം എം ടെക് പഠിക്കാൻ പോകാനും അരുണിന് താൽപര്യമുണ്ട്. ഇതിനിടെ വന്ന പഠന സഹായവാഗ്ദാനത്തിന്റെ കാര്യത്തെക്കുറിച്ച് ആദ്യം തോമസ് ഐസക്ക് എംഎൽഎയെത്തന്നെ അറിയിക്കണമെന്ന് അരുണിനു തോന്നി. തുടർന്ന് കഴിഞ്ഞ ദിവസം അരുണും അച്ഛൻ ശങ്കരകുമാറും കൂടി തോമസ് ഐസക് എംഎൽഎയെ കാണാൻ എംഎൽഎ ഹോസ്റ്റലിൽ പോകുകയും ചെയ്തിരുന്നു.
ഇത്രയും കാലം തന്റെ പഠനത്തിനും വീട്ടുകാര്യങ്ങൾക്കും ചെലവഴിക്കാനുള്ള തുക കണ്ടെത്തിത്തന്ന കപ്പലണ്ടിക്കച്ചവടം ഉപേക്ഷിക്കാൻ തനിക്കു മനസുവരുന്നില്ലെന്നാണ് അരുൺ മറുനാടൻ മലയാളിയോടു പറഞ്ഞത്. തന്റെ അവസ്ഥ കണ്ടറിഞ്ഞ് സഹായിക്കാൻ എത്തുന്നവരോടു നന്ദിയുണ്ട്. അവർ തരുന്നത് ഒരു രൂപയാണെങ്കിൽ പോലും അതിന് അതിന്റേതായ വിലയുണ്ട്. എന്നാൽ എട്ടാം ക്ലാസുമുതൽ തന്റെ പഠനത്തിന്റെ ചെലവുകൾക്ക് സഹായിച്ച കപ്പലണ്ടിക്കച്ചവടത്തെ എൻജിനിയറിങ് പഠനത്തിന്റെ അവസാന കാലത്ത് ഉപേക്ഷിക്കാൻ മനസുവരുന്നില്ലെന്നും അരുൺ പറഞ്ഞു.
മുൻ മന്ത്രി ടി എം തോമസ് ഐസക് എംഎൽഎയുടെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് അരുണിന്റെ കഥ ലോകം അറിഞ്ഞത്. ഫേസ്‌ബുക്ക് പോസ്റ്റിൽ അരുണിനെക്കുറിച്ചറിഞ്ഞ മറുനാടൻ മലയാളി ഈ മിടുക്കനെക്കുറിച്ച് റിപ്പോർട്ടും നൽകിയിരുന്നു. പഠനത്തിനൊപ്പം ജോലിചെയ്യുന്ന നിരവധി പേരുണ്ടെങ്കിലും എൻജിനിയറിങ് പോലെയുള്ള പ്രൊഫഷണൽ കോഴ്‌സ് പഠനം മുന്നോട്ടു കൊണ്ടുപോകാൻ നിരത്തിൽ കപ്പലണ്ടിക്കച്ചവടം നടത്തുന്നു എന്ന അപൂർവതയാണ് അരുണിനുള്ളത്.
അരുണിനെക്കുറിച്ചുള്ള വാർത്തകൾ സൈബർ ലോകം ഏറ്റെടുത്തതോടെയാണ് സഹായം ചെയ്യാമെന്നേറ്റ് വിവിധ കോണുകളിൽ നിന്ന് വാഗ്ദാനങ്ങൾ എത്തിത്തുടങ്ങിയത്. ഇതിനൊപ്പമാണ് പഠനസഹായം നൽകാൻ ഒരു സംഘടന എത്തിയതും. എന്നാൽ, അവർ വച്ച നിബന്ധനയിൽ സ്‌നേഹപൂർവം വിയോജിക്കാനേ അരുണിനു കഴിയുന്നുള്ളൂ. കോളേജിൽ എസ്എഫ്‌ഐ പ്രവർത്തകൻ കൂടിയായ അരുൺ അഭിമാനത്തോടെയാണ് നിരത്തിൽ കപ്പലണ്ടിക്കച്ചവടം നടത്തുന്നത്. പഠനത്തിനൊപ്പം ജോലി കൊണ്ടുപോകുമ്പോൾ പഠനത്തിൽ ഒട്ടും പിന്നിലാകാതെ ശ്രദ്ധിക്കാനും അരുണിന് കഴിയുന്നുണ്ട്.
അധ്വാനത്തിന്റെ മഹത്വവും മാന്യതയും ആണ് അരുൺ പ്രതിനിധാനം ചെയ്യുന്നത്. ചെയ്യുന്ന ജോലിയിൽ അഭിമാനം കൊള്ളുന്ന അരുണിനെക്കുറിച്ച് സഹപാഠികൾ പറയുന്നത് 'അരുൺ... നിന്റെ സഹപാഠി ആകാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു' എന്നാണ്. വാർത്തകൾ വന്നതോടെയാണ് കോളേജിൽ തന്നെ കൂടുതൽ പേർ അരുണിനെക്കുറിച്ച് അറിഞ്ഞത്. വാർത്തയിൽ കണ്ടത് ഇയാൾ തന്നെയാണോ എന്ന് അന്വേഷിച്ചും നിരവധി പേർ സ്റ്റാച്യുവിൽ അരുണിൽ നിന്ന് കപ്പലണ്ടി വാങ്ങാനെത്തുന്നുണ്ട്.