ന്യൂഡൽഹി: റോഡ് നിർമ്മാണത്തിൽ ഖത്തറിന്റെ പേരിലുള്ള ഗിന്നസ് റെക്കോഡ് ഇനി പഴങ്കഥ. അവിടെ ഇനി ഇന്ത്യയുടെ പേര് എഴുതി ചേർക്കും. ദേശീയ പാത അഥോറിറ്റിക്ക് വേണ്ടി പൂണെ കേന്ദ്രമായ കമ്പനി 75 കിലോമീറ്റർ റോഡ് ടാറിങ് 105 മണിക്കൂർ 33 മിനിറ്റിനുള്ളിൽ പൂർത്തിയാക്കി. മഹാരാഷ്ട്രയിലെ അമരാവതിക്കും, അകോലയ്ക്കും ഇടയിലുള്ള ദേശീയ പാത-53 ന്റെ ഒറ്റവരി പാതയാണ് ബിറ്റുമിനസ് കോൺക്രീറ്റ് ഉപയോഗിച്ച് ടാർ ചെയ്തത്. പൂണെ കേന്ദ്രമായ രാജ്പഥ് ഇൻഫ്രാകോണിനായിരുന്നു നിർമ്മാണ ചുമതല.

നേരത്തെ അതിവേഗ നിർമ്മാണം പൂർത്തിയാക്കിയെന്ന റെക്കോഡ് ഖത്തറിലെ പൊതുമരാമത്ത് അഥോറിറ്റിയായ അഷ്ഗുലിനായിരുന്നു സ്വന്തം. 2019 ഫെബ്രുവരി 27-നായിരുന്നു ഇത്. ഏകദേശം 242 മണിക്കൂർ (10 ദിവസം) കൊണ്ട് 25 കിലോമീറ്റർ റോഡ് നിർമ്മിച്ചായിരുന്നു അവർ ഗിന്നസിൽ ഇടം നേടിയത്. അൽ ഖോർ എക്സ്പ്രസ് വേയുടെ ഭാഗമായ റോഡ് ആണ് ഈ നേട്ടത്തിന് അവരെ അർഹരാക്കിയത്. പത്തുദിവസം കൊണ്ടായിരുന്നു പ്രവൃത്തി പൂർത്തിയാക്കിയത്. ദേശീയ പാത അഥോറിറ്റിയാകട്ടെ, അഞ്ച് ദിവസത്തിൽ താഴെ സമയം കൊണ്ട് 75 കിലോമീറ്റർ ടാറിങ് പൂർത്തിയാക്കി.

ജൂൺ മൂന്നിനാണ് റോഡിന്റെ നിർമ്മാണം ആരംഭിച്ചത്. ജൂൺ 7 ന് പൂർത്തിയാക്കി. ഗിന്നസ് അധികൃതരും നിർമ്മാണ സ്ഥലത്ത് സന്നിഹിതരായിരുന്നു. എൻഎച്ച്എ.ഐയുടെ ഗിന്നസ് റെക്കോർഡിന്റെ സർട്ടിഫിക്കറ്റ് കേന്ദ്ര റോഡ് ട്രാൻസ്പോർട്ട് ആൻഡ് ഹൈവേ വകുപ്പുമന്ത്രി നിതിൻ ഗഡ്കരി ട്വിറ്ററിലൂടെ പങ്കുവെച്ചു. ഉദ്യോഗസ്ഥരെയും പദ്ധതിയിൽ പങ്കാളികളായ മറ്റ് തൊഴിലാളികളെയും ട്വീറ്റിൽ നിതിൻ ഗഡ്കരി അഭിനന്ദിച്ചു.

ആധുനിക സാങ്കേതിക വിദ്യയും യന്ത്രങ്ങളുമാണ് നിർമ്മാണത്തിനായി ഉപയോഗിച്ചത്. 34,000 ടൺ ബിറ്റുമിൻ നിർമ്മാണത്തിന് ഉപയോഗിച്ചു. നാലു മിക്‌സിങ് പ്ലാന്റുകൾ പൂർണസമയം പ്രവർത്തിച്ചു.റോഡ് നിർമ്മാണത്തിൽ പങ്കെടുക്കുന്ന തൊഴിലാളികൾക്ക് 1000 ടിഫിൻ ബോക്‌സുകളാണ് നൽകിയത്. ദിവസവും 11,000 റൊട്ടിയും 280 കിലോ പച്ചക്കറിയും 220 ലീറ്റർ പരിപ്പുമാണ് ആവശ്യമായി വന്നത്. 720 തൊഴിലാളികൾ ടാറിങ്ങിൽ പങ്കെടുത്തു.

രാജ്യത്തിന്റെ ധാതുസമ്പന്നമായ മേഖലയിലൂടെ കടന്നുപോകുന്ന ഈ പാത, വൻനഗരങ്ങളായ കൊൽത്ത-റായ്പുർ-നാഗ്പുർ-അകോള-ധൂലെ- സൂറത്ത് തുടങ്ങിയവയെ ബന്ധിപ്പിക്കുന്നതാണ്. ഇതിനു മുൻപും രാജ്പുത് ഇൻഫ്രാക്കോൺ ലോക റെക്കോർഡ് സൃഷ്ടിച്ചിരുന്നു. സാംഗ്ലിക്കും സത്താറയ്ക്കും ഇടയിൽ 24 മണിക്കൂർ കൊണ്ട് റോഡ് നിർമ്മിച്ചായിരുന്നു മുൻപത്തെ റെക്കോർഡ്.

പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിച്ച 'ഗതിശക്തി' എന്ന പദ്ധതിയുടെ ഭാഗമായാണ് അമരാവതി മുതൽ അകോല ദേശീയപാത വരെ നീളുന്ന റോഡ് നിർമ്മാണം. ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെ 75ാം വാർഷികാഘോഷത്തോടനുബന്ധിച്ച് റോഡ് രാജ്യത്തിന് സമർപ്പിക്കും.