- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്രീലങ്കൻ മയക്കുമരുന്ന് മാഫിയ തലവൻ ലോകു യദ്ദഹികെ നിഷാന്ത് സജീവം; അങ്കമാലിയെ ഹബ്ബ് ആക്കുന്നത് പാക് ചാര സംഘടനയ്ക്ക വേണ്ടി; പിടിയിലായ സുരേഷ് രാജ് ആയുധ കടത്തിലെ പ്രധാനി; കേരളത്തിലെ സ്ലീപ്പിങ് സെല്ലിനെ കണ്ടെത്താൻ എൻഐഎ; ഏകോപനം നടന്ന വഴി കണ്ടെത്താൻ കേന്ദ്ര ഏജൻസി
കൊച്ചി: കേരളം പാക് തീവ്രവാദികളുടെ ഹബ്ബ് തന്നെയെന്ന സംശയത്തിന് ബലം നൽകി ദേശീയ അന്വേഷണ ഏജൻസിയുടെ ഇടപെടൽ. പാക്കിസ്ഥാൻ ബന്ധമുള്ള ആയുധക്കടത്തിൽ അങ്കമാലിയിൽ അറസ്റ്റിലായവർ പാക് ചാരന്മാരായിരുന്നുവെന്നാണ് സൂചന. സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച് കേസിൽ പാക് ബന്ധം തെളിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു സംഭവം.
ആയുധ കടത്ത് കേസിൽ നേരത്തേ തമിഴ്‌നാട് ക്യൂ ബ്രാഞ്ച് അറസ്റ്റുചെയ്തിരുന്ന ശ്രീലങ്കൻ പൗരൻ സുരേഷ് രാജ വാടകയ്ക്കു താമസിച്ചിരുന്ന അങ്കമാലി കിടങ്ങൂരിലെ വീട്ടിലായിരുന്നു റെയ്ഡ്. സുരേഷ് കഴിഞ്ഞ ഒരു വർഷമായി ഇവിടെ കുടുംബസമേതം വാടകയ്ക്കു താമസിച്ചുവരികയായിരുന്നു. സുരേഷിന്റെ അനുജനും സുഹൃത്തും നെടുമ്പാശ്ശേരിയിൽ വാടകയ്ക്കു താമസിച്ചിരുന്നു. കേരളത്തെ തീവ്രവാദികൾ സുരക്ഷിത കേന്ദ്രമാക്കുന്നതിന് തെളിവാണ് ഈ സംഭവം.
മത്സ്യബന്ധന ബോട്ടിൽനിന്ന് മയക്കുമരുന്നിനൊപ്പം പിടികൂടിയ ആയുധങ്ങളെക്കുറിച്ചാണ് എൻ.ഐ.എ. അന്വേഷിക്കുന്നത്. അഞ്ച് എ.കെ. 47 തോക്കുകളാണ് സുരേഷ് ഉൾപ്പെടുന്ന സംഘത്തിൽനിന്നു പിടിച്ചെടുത്തത്. പാക്കിസ്ഥാനിൽനിന്നാണ് മയക്കുമരുന്നും ആയുധങ്ങളും എത്തിയതെന്ന് എൻ.ഐ.എ. അന്വേഷണത്തിൽ കണ്ടെത്തി. സുരേഷിന് ആയുധക്കടത്തിൽ പങ്കുണ്ടെന്നാണ് എൻ.ഐ.എ. കരുതുന്നത്.
സുരേഷ് രാജ്, സൗന്ദരരാജൻ എന്നിവർ അങ്കമാലിയിൽ താമസിച്ച് നീക്കങ്ങൾ ഏകോപിപ്പിച്ചതായി കണ്ടെത്തി.
സുരേഷ് രാജ് ശ്രീലങ്കൻ പൗരനും, സൗന്ദരരാജൻ ചെന്നൈ സ്വദേശിയുമാണ്. ഇരുവരെയും അങ്കമാലിയിൽ നിന്നും നേരത്തെ തമിഴ്‌നാട് ക്യൂ ബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. പ്രതികൾ പ്രവർത്തിച്ചത് ശ്രീലങ്കൻ മയക്കുമരുന്ന് മാഫിയ തലവൻ ലോകു യദ്ദഹികെ നിഷാന്തിനായാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇയാൾക്ക് ഭീകര സംഘടനകളുമായി അടുത്ത ബന്ധമുണ്ട്. തീവ്രവാദ പ്രവർത്തനങ്ങൾക്ക് വേണ്ടിയാണ് മയക്കുമരുന്ന് കടത്തും. പിടിയിലായ പ്രതികൾ തമിഴ്‌നാട്, കൊച്ചി എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് മനുഷ്യക്കടത്ത് നടത്തിയതായും എൻഐഎ കോടതിയിൽ പറഞ്ഞു.
സുരേഷ് രാജ് ശ്രീലങ്കയിലെ അധോലോക സംഘത്തിലെ പ്രധാനിയാണ്. ഏറെ വിവാദമായ ഒരു കൊലപാതകക്കേസിൽ പ്രതിയായതിനെ തുടർന്നാണ് ഇയാൾ ഇന്ത്യയിലേക്കു കടന്നത്. തമിഴ്‌നാട് സ്വദേശി എന്ന വ്യാജ രേഖയുണ്ടാക്കി തമിഴ്‌നാട്ടിൽ താമസം തുടങ്ങിയിട്ട് 15 വർഷത്തോളമായി. ശ്രീലങ്കയിൽ നിന്നു കടന്നതിനെത്തുടർന്ന് ഇയാളെ കണ്ടെത്താനായി ഇന്റർപോൾ തിരച്ചിൽ സർക്കുലർ പുറപ്പെടുവിച്ചിരുന്നു.
അടുത്തിടെ തമിഴ്‌നാട്ടിൽ ഉള്ളതായി വിവരം ലഭിച്ച ശ്രീലങ്കൻ അധികൃതർ ഇയാളെ പിടികൂടാനായി ക്യൂ ബ്രാഞ്ച് പൊലീസിന്റെ സഹായം തേടുകയായിരുന്നു. ക്യൂ ബ്രാഞ്ച് കുടുക്കാൻ കെണികൾ ഒരുക്കിയതോടെയാണ് ഒരു മാസം മുൻപ് കേരളത്തിലെത്തിയത്. ഒപ്പം പിടിയിലായ സഹോദരൻ രമേഷ് ശ്രീലങ്കയിൽ നിന്ന് അടുത്തിടെയാണ് തമിഴ്‌നാട്ടിലും തുടർന്ന് നെടുമ്പാശേരിയിലും എത്തി അത്താണിയിൽ താമസം ആരംഭിച്ചത്. രമേഷിനെ നിരീക്ഷിച്ചാണ് ഇയാളെ കണ്ടെത്തിയത്.
സുരേഷ് രാജിന്റെ തമിഴ്‌നാട്ടിലെ സാമ്പത്തിക സ്രോതസ്സുകൾ സംബന്ധിച്ച് തമിഴ്‌നാട് പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അനധികൃതമായി ഇന്ത്യയിൽ താമസിച്ചതിന് ഇയാളുടെ പേരിൽ നെടുമ്പാശേരി പൊലീസ് കേസെടുത്തിട്ടുണ്ട്. ഇയാൾക്കൊപ്പം അത്താണിയിൽ താമസിക്കുകയായിരുന്ന തമിഴ്‌നാട് സ്വദേശി ശരവണനെ വിട്ടയച്ചു. സുരേഷ് രാജിനെ ക്യൂ ബ്രാഞ്ച് സംഘം തമിഴ്‌നാട്ടിലേക്ക് കൊണ്ടു പോയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ