- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മയക്കുമരുന്നിനൊപ്പം മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട ഇടപാടുകളും; ഖത്തറിൽ മയക്കുമരുന്ന് പിടിച്ച സംഭവത്തിൽ സംഘത്തെ പൂട്ടാൻ എൻ.ഐ.എ എത്തുന്നു; കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊലീസിനോട് ആരാഞ്ഞ് എൻ.ഐ.എ.; നിലവിൽ ലഭിച്ചത് ഒരു പരാതി മാത്രം
വാരാപ്പുഴ: മയക്കുമരുന്നുമായി ഖത്തറിൽ യുവാവ് പിടിയിലായ സംഭവത്തിൽ കൂടുതൽ അന്വേഷണത്തിന് എൻ.ഐ.എ എത്തിയേക്കും.മയക്കുമരുന്ന് കടത്തിനൊപ്പം മനുഷ്യക്കടത്തുമുണ്ടെന്ന നിഗമനത്തെത്തുടർന്നാണ് അന്വേഷണം കൂടുതൽ ശക്തമാക്കുന്നത്. തൊഴിൽ വാഗ്ദാനം നൽകി യുവാക്കൾക്ക് സൗജന്യ വിസയും ഫ്‌ളൈറ്റ് ടിക്കറ്റും നൽകി ഖത്തറിലേക്ക് കടത്തുന്ന സംഘത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളാണ് അന്വേഷണ സംഘം ശേഖരിക്കുന്നത്.ഇതിന് പിന്നാലെയാണ് കേസന്വേഷണം എൻ.ഐ.എ. ഏറ്റെടുക്കാനും സാധ്യതയുള്ളതായി വിവരങ്ങൾ പുറത്ത് വരുന്നത്.കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ എൻ.ഐ.എ. പൊലീസിനോട് തേടിയിട്ടുണ്ട്.
നിലവിൽ വരാപ്പുഴ സ്വദേശി യശ്വന്തിന്റെയും ഇടപ്പള്ളി സ്വദേശി ഷമീറിന്റെയും വീട്ടുകാർ നൽകിയിട്ടുള്ള പരാതികൾ മാത്രമാണ് പൊലീസിനു ലഭിച്ചിട്ടുള്ളത്.മയക്കുമരുന്നുമായി ഖത്തറിൽ വച്ചാണ് യശ്വന്തിനെ പിടികൂടുന്നത്. ദുബായിൽ വച്ചാണ് മയക്കുമരുന്ന് പൊതി യശ്വന്തിനെ ഏൽപ്പിച്ചത്. ഇത് ആരാണ് നൽകിയതെന്ന് വ്യക്തമല്ല.തുടർന്ന് നടന്ന പരിശോധനയിൽ എടത്തല എൻ.എ.ഡി. കൈപ്പിള്ളി വീട്ടിൽ നിയാസ് (33), കോതമംഗലം ഇരമല്ലൂർ നെല്ലിക്കുഴി നാലകത്ത് വീട്ടിൽ ആഷിഖ് (25), കോട്ടയം വൈക്കം അയ്യർകുളങ്ങര കണ്ണംകുളത്തുവീട്ടിൽ രതീഷ് (26) എന്നിവരാണ് അറസ്റ്റിലായത്.
പിടിയിലായവരുടെ വീടുകളിൽ പരിശോധന നടത്തി ചില രേഖകൾ കണ്ടെടുത്തു. ഇവർ താഴെ തലത്തിലുള്ള കണ്ണികൾ മാത്രമാണെന്ന നിഗമനത്തിലാണ് പൊലീസ്. മയക്കുമരുന്നിനൊപ്പം മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട ഇടപാടുകളും നടന്നതായി സംശയിക്കുന്നുണ്ട്.
ദുബായ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അഷറഫ് എന്നയാളുടെ നിർദ്ദേശത്തെ തുടർന്നാണ് യുവാക്കളെ ഖത്തറിലേക്ക് കടത്തിവിട്ടിട്ടുള്ളതെന്നാണ് പിടിയിലായവർ പറഞ്ഞിട്ടുള്ളത്.
ഇയാളുടെ ഫോൺ നമ്പരോ മറ്റ് വിവരങ്ങളോ ഇല്ലെന്നാണ് ഇവർ പറയുന്നത്. മെസഞ്ചർ ചാറ്റിങ് വഴിയാണ് അഷറഫിനെ പരിചയപ്പെട്ടിട്ടുള്ളതെന്നും ഇയാളുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് യുവാക്കളെ വിട്ടിട്ടുള്ളതെന്നുമാണ് പിടിയിലായവർ പറയുന്നത്. ഒരാളെ കടത്തിവിട്ടാൽ പതിനായിരം രൂപ തങ്ങൾക്ക് ലഭിക്കുമെന്നും ഇവർ പറയുന്നു. ഇതു പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്താൽ മാത്രമേ യഥാർഥ വിവരങ്ങൾ പുറത്തുവരൂ എന്നാണ് അന്വേഷണ സംഘം കരുതുന്നത്.
ഇവരുടെ മൊബൈൽ ഫോൺ ഉൾപ്പെടെ പരിശോധിക്കും. വിദേശത്തേക്ക് പോകുന്നവർക്ക് മാസം അമ്പതിനായിരം രൂപയാണ് ശമ്പളം പറഞ്ഞിട്ടുള്ളത്. ജോലി ലഭിച്ചില്ലെങ്കിലും ശമ്പളം നൽകുമെന്നാണ് വാഗ്ദാനം. മൂന്നുമാസത്തെ വിസിറ്റിങ് വിസയിലാണ് ഇവരെ വിദേശത്തേക്ക് വിടുന്നത്. ലോകകപ്പുമായി ബന്ധപ്പെട്ട വിവിധ ജോലികളാണ് വാഗ്ദാനം ചെയ്യുന്നത്.
മറുനാടന് മലയാളി ബ്യൂറോ