ന്യൂഡൽഹി: ഹൈദരാബാദിൽ ചാർമിനാറിന് സമീപത്തുള്ള പ്രധാന ആരാധനാകേന്ദ്രമായ ഭാഗ്യലക്ഷ്മി ക്ഷേത്രത്തിൽ മാംസം കയറ്റാനും അതുവഴി വൻ വർഗീയ കലാപമുണ്ടാക്കാനും അന്താരാഷ്ട്ര ഭീകര സംഘടനയായ ഐസിസ് പദ്ധതിയിട്ടതായി എൻഐഎ. കഴിഞ്ഞദിവസം പിടിയിലായ 11 അംഗ ഐസിസ് സംഘത്തെ ചോദ്യംചെയ്തപ്പോഴാണ് വിശുദ്ധ റംസാന്മാസത്തിൽ ഹിന്ദു-മുസ്‌ളീം കലാപമുണ്ടാക്കാനുള്ള ഗൂഢപദ്ധതിയാണ് ഐസിസ് നടപ്പാക്കാൻ ശ്രമിച്ചതെന്ന് വിവരം ലഭിച്ചത്.

രാജ്യത്ത് പലസ്ഥലത്തും സ്‌ഫോടനം നടത്തുന്നതിനൊപ്പം വർഗീയകലാപം സ്ൃഷ്ടിക്കാനും ഐസിസ് പദ്ധതിയിടുന്നതായുള്ള വിവരം എൻഐഎ അധികൃതരെ ഞെട്ടിച്ചിരിക്കുകയാണ്. ബീഫ് നിരോധനം പല സംസ്ഥാനങ്ങളിലും കൊണ്ടുവന്നതും ഗോമാംസം ഉപയോഗിച്ചതിന്റെ പേരിൽ രാജ്യത്ത് പലയിടത്തും അക്രമങ്ങൾ അരങ്ങേറിയതും മുതലെടുക്കാൻ ലക്ഷ്യമിട്ടാണ് ഐസിസിന്റെ പുതിയ നീക്കമെന്നാണ് സൂചനകൾ. രാജ്യത്ത് ഇസ്ലാമിക് സ്റ്റേറ്റിന് സ്വാധീനശക്തി വർധിപ്പിക്കുന്നതായാണ് റിപ്പോർട്ടുകൾ.

റംസാന്മാസം വർഗീയലഹള സൃഷ്ടിക്കാനായിരുന്നു ഐസിസ് പദ്ധതിയെന്നാണ് കഴിഞ്ഞദിവസം അറസ്റ്റിലായവരിൽ നിന്നും അന്വേഷകർക്ക് ലഭിച്ച സ്ഥിരീകരണം. മുസഌങ്ങൾ കൂടുതലായി തിങ്ങിപ്പാർക്കുന്ന പ്രദേശത്താണ് ഭാഗ്യലക്ഷ്മി ക്ഷേത്രം. ഇവിടെ ക്ഷേത്രത്തിൽ മാസം കയറ്റിയാൽ അത് വൻ വർഗീയകലഹത്തിന് വഴിമരുന്നാകുമെന്ന പ്രതീക്ഷയിലാണ് ഐസിസ് നീക്കങ്ങൾ നടത്തിയത്. ഹിന്ദു വിശ്വാസങ്ങൾ മുറിവേൽപിക്കാനും അതുവഴി ഹിന്ദു-മുസ്‌ളീം കലാപത്തിന് കളമൊരുക്കാനുമാണ് ശ്രമം നടന്നത്.

ഇപ്പോൾ അറസ്റ്റിലായവർ ജൂൺ 25ന് നടത്തിയ സംഭാഷണത്തിൽ നിന്നാണ് ഇത്തരമൊരു സൂചന എൻഐഎക്ക് ലഭിച്ചത്. സംഭാഷണത്തിൽ തീവ്രവാദിയാകാമെന്ന് ഏജൻസി സംശയിച്ചയൊരാൾ മറുവശത്തുള്ള വ്യക്തിയോട് നാലു കഷ്ണം വീതം ഗോമാംസവും പോത്തിറച്ചിയും അന്നേ ദിവസം എത്തിക്കാൻ ആവശ്യപ്പെ്ട്ടുയ പിറ്റേ ദിവസം ഏഴു കഷ്ണം ഗോമാംസവും എത്തിക്കാനും പറഞ്ഞു. ഇത് ക്ഷേത്രത്തിലെത്തിക്കാനായിരുന്നു നീക്കം.

വർഗീയ കലാപം ഉണ്ടാകുന്നതിന്റെ മറവിൽ ഇതിന് തുടർച്ചയായി സ്‌ഫോടനങ്ങൾ നടത്താനുള്ള പദ്ധതിയാണ് ഇപ്പോഴത്തെ അറസ്‌റ്റോടെ എൻഐഎ നിർവീര്യമാക്കിയത്. ദുബായിൽ നിന്നായിരുന്നു ഇവരുടെ പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം എത്തിയതെന്നും കണ്ടെത്തിയിട്ടുണ്ട്. ഇസഌമിക് സ്റ്റേറ്റ് ഭീകരർ ഇന്ത്യയിൽ നടത്താൻ പദ്ധതിയിട്ട ആദ്യത്തെ വൻ ആക്രമണമാണ് എൻ.ഐ.എ തകർത്തത്.

വർഗീയ കലാപം സൃഷ്ടിക്കുന്നതിന് പുറമെ വി.വി.ഐ.പികളെയും ആൾ തിരക്കുള്ള സ്ഥലങ്ങളും ലക്ഷ്യമിട്ട് ബോംബ് സ്‌ഫോടനങ്ങൾ നടത്താനും പദ്ധതിയിട്ടിരുന്നു. ഇന്ത്യയിൽ നിന്നും യുവാക്കളെ റിക്രൂട്ട് ചെയ്യുന്ന പ്രധാന ഐസിസ് അനുഭാവിയുമായ ഷാഫി അർമറുമായി ഇവർ നിരന്തരം ബന്ധം പുലർത്തിയിരുന്നു. യുവാക്കളുടെ പ്രവർത്തനങ്ങൾ നാലുമാസം നിരീക്ഷിച്ച ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ഇവരുടെ സംഭാഷണം നിരീക്ഷിച്ചപ്പോഴാണ് ഐസിസ് രാജ്യത്ത് നടത്താൻ പദ്ധതിയിട്ട ചില ആക്രമണങ്ങളുടേയും വർഗീയ കലാപത്തിനുള്ള ഗൂഢാലോചനയുടേയും സൂചനകൾ അന്വേഷണ ഏജൻസിക്ക് ലഭിച്ചത്. കഴിഞ്ഞദിവസം അറസ്റ്റിലായ മുഹമ്മദ് ഇബ്രാഹിം യാസ്ദാനിയായിരുന്നു സംഘത്തലവൻ. മുഹമ്മദ് ഇല്യാസ് യാസ്ദാനി, അബ്ദുള്ള ബിൻ അഹമ്മദ് അൽ അമൂദി, ഹബീബ് മുഹമ്മദ്, മുഹമ്മദ് ഇർഫാൻ എന്നിങ്ങനെ അഞ്ചുപേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. മറ്റ് ആറു പേരെ ചോദ്യം ചെയ്തു വരുകയാണ്.

പിടിയിലായവരെല്ലാം ഇരുപതിനും മുപ്പതിനും ഇടയിൽ പ്രായമുള്ള യുവാക്കളാണ്. മിക്കവരും ബിരുദധാരികൾ. ഉദ്യോഗസ്ഥരും കംമ്പ്യൂട്ടർ എൻജിനീയർമാരും വരെയുണ്ട്. ചാർമിനാറിനു ചുറ്റും തിരക്കുള്ള കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് സ്‌ഫോടനം നടത്താനായിരുന്നു പദ്ധതികൾ. മാളുകൾ, ഷോപ്പിങ്ങ് സെന്ററുകൾ എന്നിവയായിരുന്നു പ്രധാന ലക്ഷ്യങ്ങൾ. ഇവരുടെ പക്കൽ പിസ്റ്റളുകൾ, എയർ ഗണ്ണുകൾ, പുതിയ തരത്തിലുള്ള പല ഉപകരണങ്ങൾ എന്നിവ കണ്ടെത്തി. ഉഗ്ര പ്രഹരശേഷിയുള്ള സ്‌ഫോടക വസ്തുക്കളും ഇവരുടെ പക്കൽ നിന്നും കണ്ടെടുത്തു. ഹൈദരാബാദിലെ മോഗാൽപുര, ഭവാനിനഗർ എന്നിവിടങ്ങളിൽ നടന്ന തെരച്ചിലിലാണ് എൻ.ഐ.എ സംഘത്തെ പിടികൂടിയതും അവരുടെ പദ്ധതി തകർത്തതും. എൻ.ഐ.എയുടെയും ഹൈദരാബാദ് പൊലീസിന്റെയും സംയുക്ത സംഘമാണ് തെരച്ചിൽ നടത്തിയത്.

ഐ.ടി നഗരത്തിൽ പത്തിടത്ത് നടത്തിയ തെരച്ചിലിൽ സംശയകരമായ സാഹചര്യത്തിൽ കണ്ട പതിനൊന്നു പേരെ ചോദ്യം ചെയ്യാനായി പിടികൂടി. ആറു പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇവർ ഇന്ത്യയിലുടനീളം ആക്രമണം നടത്താൻ പദ്ധതിയിട്ടിരിക്കുകയായിരുന്നു. സിറിയയിലുള്ള ഐസിസ് അംഗങ്ങളുമായി നിരന്തരമായി ഇവർ ബന്ധപ്പെടുന്നുണ്ടായിരുന്നു.

തോക്കുകൾ, മറ്റ് യുദ്ധസാമഗ്രഹികൾ, പതിനഞ്ചു ലക്ഷം രൂപയുടെ കറൻസിയും ഇവരുടെ പക്കൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. ഇവർക്ക് ഇത്രയും പണവും ലാപ്പ്‌ടോപ്പുകളും എവിടെ നിന്നു ലഭിച്ചു എന്ന് ചോദ്യം ചെയ്തു വരികയാണ്. നഗരത്തിൽ മൂന്നാഴ്ചയായി നീണ്ടു നിൽക്കുന്ന അഭിഭാഷകരുടെ ഉപരോധത്തിനിടയിലാണ് തെരച്ചിൽ നടന്നത്. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടുതൽ തെരച്ചിലുകൾ തുടരുകയാണ്.