കൊച്ചി : കള്ളക്കടത്തു തടയൽ (കൊഫെപോസ) നിയമപ്രകാരം കരുതൽ തടങ്കലിൽ കഴിയുന്ന സ്വർണക്കടത്തുകേസിലെ രണ്ടു പ്രതികൾക്കു വേണ്ടി ദേശീയ അന്വേഷണ ഏജൻസി(എൻഐഎ)യുടെ സ്‌പെഷൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ഹൈക്കോടതിയിൽ ഹാജരായത് വിവാദമാകുന്നു. ഈ അഭിഭാഷകൻ വാദത്തിന് എത്തിയതിലെ അനൗചിത്യം ചൂണ്ടിക്കാട്ടി കസ്റ്റംസ് കമ്മിഷണർ എൻഐഎ ഡയറക്ടറേറ്റിനു കത്തെഴുതി. കേന്ദ്ര ഏജൻസിയായ എൻഐഎയുടെ പ്രോസിക്യൂട്ടർ മറ്റൊരു കേന്ദ്ര ഏജൻസിയായ കസ്റ്റംസിനെതിരെ ഹാജരാകുന്നതിലെ വിരുദ്ധ താൽപര്യമാണു കസ്റ്റംസ് ചൂണ്ടിക്കാട്ടുന്നത്. നടപടി രാജ്യതാൽപര്യത്തിനു നിരക്കുന്നതല്ലെന്ന നിലപാടാണു കസ്റ്റംസിന്. കൊച്ചി കസ്റ്റംസ് കമ്മിഷണർ ഡോ.കെ.എൻ.രാഘവൻ ഇക്കാര്യം എൻഐഎ ഡയറക്ടർ ജനറലിന്റെ ശ്രദ്ധയിൽപ്പെടുത്തി.

അതിനിടെ തനിക്കെതിരെ കസ്റ്റംസ് അയച്ചതായി പറയുന്ന കത്തു നേരിൽ കാണാത്ത സാഹചര്യത്തിൽ അതിന്റെ ഉള്ളടക്കത്തോടു പ്രതികരിക്കുന്നില്ലെന്ന് എൻഐഎ സ്‌പെഷൽ പ്രോസിക്യൂട്ടർ എം.അജയ് പറഞ്ഞു. എൻഐഎയുടെ നിയമന ഉത്തരവിൽ മറ്റു കക്ഷികൾക്കു വേണ്ടി ഹാജരാകരുതെന്ന വ്യവസ്ഥയില്ല. ഈ സ്ഥാനം വഹിക്കുന്ന കാലത്തോളം എൻഐഎ കേസുകളിൽ എതിർകക്ഷികൾക്കു വേണ്ടി ഹാജരാവില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു. കസ്റ്റംസിന്റെ നിലപാടിനെ അംഗീകാരമായി കണക്കാക്കുന്നു, കേസിൽ കസ്റ്റംസിന് ഒന്നും ഒളിച്ചുവയ്ക്കാനില്ലെങ്കിൽ അഭിഭാഷകനെ എന്തിനു ഭയപ്പെടണമെന്നും എം. അജയ് ചോദിച്ചു.

കേസിലെ മുഖ്യപ്രതികളെയെല്ലാം കൊഫെപോസ നിയമപ്രകാരം കരുതൽ തടങ്കലിൽ പാർപ്പിച്ചിരിക്കുകയാണ്. ഇതേ കേസിലെ പ്രതികൾക്കു വേണ്ടി ന്യായാധിപന്മാരെ സ്വാധീനിക്കാനുള്ള നീക്കം നടക്കുന്നതായി വിവരം ലഭിച്ച കാര്യം തുറന്നു കോടതിയിൽ വെളിപ്പെടുത്തി ഹൈക്കോടതി ജഡ്ജി കേസ് പരിഗണിക്കുന്നതിൽ നിന്നു പിന്മാറിയിരുന്നു. എൻ ഐ എ പ്രോസിക്യൂട്ടർ കേസിനായി ഹാജരായതോടെ പ്രതികളുടെ സ്വാധീനം കൂടിയാണ് വെളിപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് കസ്റ്റംസ് പ്രതിഷേധവുമായെത്തിയതും. കഴിഞ്ഞ മാസം 16നാണ് കസ്റ്റംസ് കമ്മിഷണർ എൻ.ഐ.എ. ഡയറക്ടറേറ്റിന് കത്തയച്ചത്. കേസിലെ പ്രതികൾക്ക് കോടികളുടെ ആസ്തിയുണ്ടെന്ന് നേരത്തെ കേന്ദ്ര സാമ്പത്തിക കാര്യ രഹസ്യാന്വേഷണ വിഭാഗം (സി.ഇ.ഐ.ബി.) കണ്ടെത്തിയിരുന്നു.

ദുബായ് സ്വർണക്കടത്തു കേസിലെ കരുതൽ തടങ്കൽ അവസാനിപ്പിക്കാൻ പ്രതികളായ സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ ജാബിൻ കെ. ബഷീർ, കൂട്ടാളി ഷിനോയ് തോമസ് എന്നിവർ നൽകിയ ഹർജിയിലാണ് എൻഐഎ സ്‌പെഷൽ പ്രോസിക്യൂട്ടർ എം.അജയ് ഹാജരാകുന്നത്. നികുതിയടയ്ക്കാതെ വൻതോതിൽ സ്വർണം കടത്താനാണു പ്രതികൾ ശ്രമിച്ചത്. ഇതു കുറ്റകരവും രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി അസ്ഥിരപ്പെടുത്തുന്നതുമാണ്. ഇത്തരമൊരു കേസിൽ എൻഐഎ അഭിഭാഷകൻ കസ്റ്റംസിന്റെ നിലപാടുകളെ എതിർത്തു ഹൈക്കോടതിയിൽ പ്രതികൾക്കു വേണ്ടി എത്തുന്നത് അധാർമികമാണെന്നാണു കത്തിൽ കസ്റ്റംസ് ചൂണ്ടിക്കാണിക്കുന്നത്.

ദുബായ് സ്വർണക്കടത്തു കേസിലെ പ്രതികൾക്കു വരുമാനത്തിൽ കവിഞ്ഞ കോടികളുടെ അനധികൃത സ്വത്തുണ്ടെന്നും ദേശസുരക്ഷയെ പ്രതികൂലമായി ബാധിക്കുന്ന തരത്തിൽ അവരത് ഉപയോഗിക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്ര സാമ്പത്തിക കുറ്റാന്വേഷണ ഏജൻസികൾ റിപ്പോർട്ടു ചെയ്തിരുന്നു. കേസിലെ നാലു പ്രതികൾക്കു തന്നെ 100 കോടിയിലേറെ രൂപയുടെ സ്വത്തുണ്ട്. കള്ളക്കടത്തിന് ഒത്താശ ചെയ്യുകയെന്ന ലക്ഷ്യത്തോടെ ദുസ്വാധീനം ചെലുത്തി കൊച്ചി വിമാനത്താവളത്തിലെ ഇമിഗ്രേഷൻ വിഭാഗത്തിൽ കയറിപ്പറ്റിയ പൊലീസ് ഉദ്യോഗസ്ഥനാണ് കേസിലെ മുഖ്യപ്രതി ജാബിൻ കെ. ബഷിർ.

വിമാനത്താവളത്തിലെ ശുചിമുറിയിൽ ഒളിപ്പിച്ചുവച്ചിരുന്ന സ്വർണം ജോലി കഴിഞ്ഞു മടങ്ങുമ്പോൾ വസ്ത്രത്തിനുള്ളിൽ തിരുകി സ്ഥിരമായി പുറത്ത് കടത്തി റാക്കറ്റിനു കൈമാറിയിരുന്നതു ജാബിനാണെന്നാണു കസ്റ്റംസിന്റെ കണ്ടെത്തൽ. മൂന്നു വർഷത്തോളം പ്രതികൾ ഈ രീതിയിൽ സ്വർണം കടത്തിയിട്ടുണ്ട്.