ന്യൂഡൽഹി: ഉദയ്പൂരിലെ അരുംകൊല രാജ്യത്തെ ഞെട്ടിച്ചിരിക്കെ, സമാനമായ മറ്റൊരു കൊലപാതകത്തിലേക്ക് കൂടി അന്വേഷണം. ജൂൺ 21 ന് മഹാരാഷ്ട്രയിലെ അമരാവതിയിൽ, ഒരു കെമിസ്റ്റിനെ കഴുത്തറുത്തുകൊലപ്പെടുത്തിയിരുന്നു. ബിജെപി നേതാവ് നൂപുർ ശർമയുടെ വിവാദ പരാമർശത്തെ അനുകൂലിച്ച് പോസ്റ്റിട്ടതിനാണ് കടയുടമയായ ഉമേഷ് കോൽഹെയുടെ കൊലപാതകം എന്നാണ് ആരോപണം. സംഭവം എൻഐഎ അന്വേഷിക്കാൻ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉത്തരവിട്ടു.

കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചന, സംഘടനകളുടെ പങ്കാളിത്തം, അന്താരാഷ്ട്ര ബന്ധം എന്നിവ കണിശമായി അന്വേഷിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ചു. 42 കാരനായ ഉമേഷ് കോൽഹെയുടെ കൊലപാതകത്തിന് ഉദയ്പൂർ സംഭവവുമായി ബന്ധമുണ്ടെന്ന് പ്രാദേശിക ബിജെപി നേതാക്കൾ ആരോപിച്ചിരുന്നു. സംഭവം നടന്ന് രണ്ടാഴ്ച പിന്നിടുമ്പോൾ, അമിത് ഷായുടെ ഉത്തരവ് വന്നതിന് പിന്നാലെ, ഉദയ്പൂർ സംഭവവുമായി ബന്ധം വെളിപ്പെടുത്തി സിസി ടിവി ദൃശ്യങ്ങൾ പുറത്തുവിട്ടു. അഞ്ചു പേരെ ഇതിനകം അറസ്റ്റ് ചെയതിട്ടുണ്ട്.

നൂപുർ ശർമയെ പിന്തുണച്ചതുകൊണ്ടാണ് കൊലയാളികൾ ഉമേഷിനെ വകവരുത്തിയതെന്ന് സമ്മതിച്ചിട്ടുണ്ടെന്ന് ബിജെപി നേതാവ് തുഷാർ ഭാർതിയ പറഞ്ഞു. പൊലീസിന് ഇതറിയാമെങ്കിലും, അവർ അത് മറച്ചുവയ്ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ജൂൺ 21 നാണ് ഈ സംഭവം നടന്നത്. ഈ സംഭവത്തിന് നല്ല പ്രചാരം കിട്ടിയിരുന്നെങ്കിൽ, ഉദയ്പൂരിൽ തയ്യൽക്കടക്കാരൻ കനയ്യലാൽ കൊല്ലപ്പെടില്ലായിരുന്നു. അതുകൊണ്ടാണ് പൊലീസ് ഇപ്പോൾ അത് മറച്ചുവയ്ക്കുന്നതെന്നും ബിജെപി നേതാക്കൾ ആരോപിച്ചു.

മഹാരാഷ്ട്ര പൊലീസിന്റെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡും, ദേശീയ അന്വേഷണ ഏജൻസിയും അമരാവതിയിലേക്ക് തിരിച്ചിട്ടുണ്ട്. നൂപുർ ശർമയെ പിന്തുണച്ച് ഉമേഷ് കോൽഹെ വിവിധ സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ സന്ദേശങ്ങൾ ഫോർവേഡ് ചെയ്തിരുന്നു. വെറ്റിനറി ഫാർമസിസ്റ്റായ ഉമേഷിനെ ന്യൂ മെയിൻ ഹൈ സ്‌കൂളിന് അടുത്ത് വച്ച തടഞ്ഞ് നിർത്തി ആക്രമിക്കുകയായിരുന്നു. മൊബൈൽ അടക്കം വിലപിടിപ്പുള്ളതൊന്നും എടുക്കാതെ അക്രമികൾ രക്ഷപ്പെടുകയായിരുന്നു. മോട്ടോർ സൈക്കിളിൽ വന്ന രണ്ടുപേരാണ് ഉമേഷിന്റെ കഴുത്തറുത്തത്. രാത്രി 10 മണിയോടെ കടയിൽ നിന്ന് വീട്ടിലേക്ക് ഉമേഷ് മടങ്ങുമ്പോഴായിരുന്നു സംഭവം. ഇയാളുടെ 27 കാരനായ മകനും ഭാര്യയും മറ്റൊരു വാഹനത്തിൽ പിന്നാലെ വരുന്നുണ്ടായിരുന്നു. ഉമേഷ് കോൽഹെയ്ക്ക് ആരുമായും ശത്രുതയോ, തർക്കമോ ഉണ്ടായിരുന്നില്ലെന്നും കുടുംബം പറയുന്നു.

തന്റെ കടയിൽ വരുന്നവർ, വിശേഷിച്ചും ചില മുസ്ലീങ്ങളും അംഗങ്ങളായ വാട്‌സാപ്പ് ഗ്രൂപ്പിൽ ഉമേഷ് കോൽഹെ നൂപുറിനെ അനുകൂലിച്ചുള്ള സന്ദേശങ്ങൾ ഷെയർ ചെയ്തിരുന്നതായി പൊലീസ് പറയുന്നു. ഇതിന് ശേഷമാണ് ഇർഫാൻ ഖാൻ എന്ന വ്യക്തി മറ്റ് അഞ്ചുപേരെ കൂട്ടി കോൽഹെയെ വകവരുത്താൻ ആസൂത്രണം ചെയ്തത്. 10,000 രൂപ വീതം ഓരോരുത്തർക്കും വാഗ്ദാനം ചെയ്തു. കൊലയ്ക്ക് ശേഷം രക്ഷപ്പെടാൻ ഒരുകാറും നൽകി. അറസ്റ്റിലായ അഞ്ചുപേരും അമരാവതിക്കാരായ ദിവസവേതന തൊഴിലാളികളാണ്.