- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അംബാനിയുടെ വീടിനു സമീപം കാറിൽ സ്ഫോടക വസ്തു; അന്വേഷണം ഏറ്റെടുത്ത് എൻഐഎ; കാർ ഉടമയുടെ മരണത്തിൽ കൊലപാതക കുറ്റത്തിന് അജ്ഞാതർക്കെതിരെ കേസെടുത്ത് ഭീകരവിരുദ്ധ സേന
ന്യൂഡൽഹി: റിലയൻസ് മേധാവി മുകേഷ് അംബാനിയുടെ വീടിനു സമീപം സ്ഫോടക വസ്തുക്കൾ നിറച്ച വാഹനം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഏറ്റെടുത്ത് ദേശീയ അന്വേഷണ ഏജൻസി. ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി.
കഴിഞ്ഞ മാസം 25നാണ് അംബാനിയുടെ വീടിനു സമീപം സ്ഫോടക വസ്തുക്കളുമായി സ്‌കോർപിയോ കാർ കണ്ടെത്തിയത്. ഇരുപതു ജലാറ്റിൻ സ്റ്റിക്കുകളാണ് കാറിൽ ഉണ്ടായിരുന്നത്. കാർ മോഷ്ടിക്കപ്പെട്ടതാണെന്നാണ് മുംബൈ പൊലീസ് പറയുന്നത്. ഫെബ്രുവരി പതിനെട്ടിന് എയ്റോലി മുലുന്ദ് പാലത്തിനു സമീപം നിന്നു മോഷ്ടിക്കപ്പെട്ടതാണ് കാറെന്ന് പൊലീസ് പറഞ്ഞു.
ഹിരേൺ മൻസുഖ് എന്നയാളുടേതാണ് കാർ. ഇയാളെ കഴിഞ്ഞ വ്യാഴാഴ്ച താനെയിൽ മരിച്ച നിലയിൽ കണ്ടെത്തിയതോടെ സംഭവത്തിൽ ദുരൂഹത വർധിച്ചിരുന്നു. സംഭവത്തിൽ ഭീകരവിരുദ്ധ സേന (എടിഎസ്) കൊലപാതം, കുറ്റകരമായ ഗൂഢാലോചന, തെളിവു നശിപ്പിക്കാൻ ശ്രമം എന്നീ കുറ്റങ്ങൾക്ക് അജ്ഞാതർക്കെതിരെ കേസെടുത്തു. ഹിരണിന്റെ ഭാര്യ നൽകിയ പരാതിയിലാണിത്. അപകടമരണത്തിനാണ് നേരത്തെ കേസുണ്ടായിരുന്നത്.
കഴിഞ്ഞ നാലിനു രാത്രി 8.30ന് താനെയിലെ സ്വന്തം ഓട്ടോമൊബീൽ ഷോറൂം അടച്ച് പുറത്തിറങ്ങിയ ഹിരണിന്റെ മൊബൈൽ ഫോൺ 10.30ന് ഓഫ് ആയെന്നാണു കണ്ടെത്തൽ. അന്വേഷണ ഉദ്യോഗസ്ഥനെന്ന പേരിൽ താവ്‌ഡെ എന്നൊരാൾ ഫോണിൽ വിളിച്ചതിനെത്തുടർന്ന് താനെയിലെ ഗോഡ്ബന്ദർ റോഡ് മേഖലയിലേക്കു പോയ ശേഷമാണ് അദ്ദേഹത്തെക്കുറിച്ചു വിവരമില്ലാതായതെന്നു കുടുംബം പറയുന്നു.
മരണത്തിനു മുൻപ് മൻസുക് ഹിരൺ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് അയച്ച കത്ത് പുറത്തായത് മഹാരാഷ്ട്ര സർക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരെയും സർക്കാരിനെയും ഒരു പോലെ പ്രതിരോധത്തിലാക്കുന്ന കത്തിൽ മാധ്യമങ്ങൾക്കെതിരെയും ഗുരുതര ആരോപണങ്ങൾ ഉണ്ടായിരുന്നു. കാർ മോഷ്ടിക്കപ്പെട്ടതാണെന്ന് പല തവണ വ്യക്തമാക്കിയിട്ടും പൊലീസ് ക്രൂരമായി തന്നെ പീഡിപ്പിച്ചുവെന്നു മൻസുക് ഹിരൺ കത്തിൽ ആരോപിച്ചിരുന്നു.
എൻഐഎ ഉൾപ്പെടെയുള്ള അന്വേഷണ ഏജൻസികൾ ആറുതവണയാണ് എന്നെ ചോദ്യം ചെയ്തത്. കേസിൽ ഇരയായ തന്നെ ആരോപണ വിധേയനായിട്ടാണ് പൊലീസും മാധ്യമങ്ങളും പരിഗണിച്ചത്. മാധ്യമങ്ങൾ എന്നെ വിടാതെ പിന്തുടരുന്നു. ടിവി ചാനലുകളിൽ നിന്നുള്ള ഇടതടവില്ലാത്ത ഫോൺ വിളികളിൽ മനം മടുത്തിരിക്കുന്നു. പല തവണ പൊലീസ് പീഡനത്തിനെതിരെ പരാതി നൽകിയിട്ടും അധികൃതർ ഗൗനിക്കുന്നില്ലെന്നും കത്തിൽ പറയുന്നു.
കഴിഞ്ഞമാസം 25നു രാത്രിയാണ് 20 ജലറ്റിൻ സ്റ്റിക്കുകളും അംബാനിക്കെതിരെ ഭീഷണിക്കത്തും സഹിതം കാർ കണ്ടെത്തിയത്. തുടർന്ന്, മോഷണം പോയ തന്റെ കാറാണിതെന്ന് അറിയിച്ച് മൻസുക് രംഗത്തെത്തി. കാർ കാണാനില്ലെന്നു പൊലീസിൽ പരാതി നൽകിയതിന്റെ രേഖയും ഹാജരാക്കിയിട്ടും പൊലീസ് തന്നെ വേട്ടയാടിയെന്നും മൻസുക് ആരോപിച്ചിരുന്നു.
ന്യൂസ് ഡെസ്ക്