വടക്കാഞ്ചേരി: വടക്കഞ്ചേരി - മണ്ണുത്തി ആറുവരിപ്പാതയിൽ പന്നിയങ്കരയിലുള്ള ടോൾ പ്ലാസയിലെ ടോൾ പിരിവിനെ ചൊല്ലി പ്രക്ഷോഭം കൊടുമ്പിരി കൊള്ളുന്നു. പണികൾ 90 ശതമാനം പൂർത്തിയായി എന്ന് കാട്ടി ദേശീയ പാത അഥോറിറ്റിക്ക് കരാർ കമ്പനി കത്ത് നൽകിയിട്ടുണ്ട്. എന്നാൽ സർവീസ് റോഡ് ഉൾപ്പെടെ പൂർത്തിയായില്ലെന്നും പണികൾ പൂർത്തിയാക്കിയ ശേഷം നിയമവിധേയമായി മാത്രം ടോൾ പിരിവ് നടത്തണമെന്നും ആവശ്യപ്പെട്ട് വടക്കഞ്ചേരി ജനകീയവേദിയും സംയുക്ത സമരസമിതിയും ദേശീയപാത അഥോറിറ്റിക്കും മന്ത്രിമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾക്കും നിവേദനം നൽകിയിരിക്കുകയാണ്. ടോൾ പ്ലാസയിൽ പ്രതിഷേധ സമരങ്ങളും ശക്തമായി. അതിനിടെ, അപ്രതീക്ഷിതമായി പ്രശ്‌നങ്ങൾ പരിഹരിക്കാൻ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി ഇടപെട്ടു. രമ്യ ഹരിദാസ് എംപി, മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിനെ തുടർന്നാണ് മന്ത്രിയുടെ ഇടപെടൽ.

സർവീസ് റോഡ് നിർമ്മാണം പൂർത്തിയാക്കാതെയും തദ്ദേശീയർക്ക് സൗജന്യപാസ് അനുവദിക്കാതെയും മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിലെ പന്നിയങ്കരയിൽ ടോൾ പിരിവ് തുടങ്ങാനുള്ള കമ്പനിയുടെ നീക്കം തടയാൻ ഇടപെടണമെന്ന് അദ്ദേഹത്തിനു നൽകിയ കത്തിൽ രമ്യ ഹരിദാസ് എംപി ആവശ്യപ്പെട്ടു. പ്രശ്‌നത്തിൽ അടിയന്തരമായി ഇടപെടാമെന്ന് അദ്ദേഹം ഉറപ്പു നൽകിയതായി എംപി മറുനാടൻ മലയാളിയോട് പറഞ്ഞു: ' വളരെ പോസിറ്റീവായ പ്രതികരണമായിരുന്നു മന്ത്രിയുടേത്. ദേശീയ പാത അഥോറിറ്റിയുടെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥനെ വിളിച്ച് പ്രശ്‌നം പരിഹരിക്കാൻ നിർദ്ദേശം നൽകി', എംപി പറഞ്ഞു.

പന്നിയങ്കര ടോൾ പ്ലാസയ്ക്ക് മുന്നിൽ നടത്തിയ സമരത്തിൽ താൻ നേരിട്ട് പങ്കെടുത്തിരുന്നു. പ്രദേശത്തെ ജനങ്ങളുടെ ന്യായമായ ആവശ്യങ്ങൾ പരിഹരിച്ചു മാത്രമേ ഇത് സംബന്ധിച്ച് തുടർ നടപടികൾ ഉണ്ടാകാൻ പാടുള്ളൂ എന്ന് അദ്ദേഹത്തെ ബോധിപ്പിച്ചു. ആവശ്യമായ നിർദ്ദേശങ്ങൾ നൽകാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.' സർവീസ് റോഡുകൾ പൂർത്തിയാക്കുകയും, കുതിരാനിലെ മേൽപ്പാലങ്ങളുടെ പണിയും പൂർത്തിയാക്കുകയും ചെയ്യുന്നത് വരെ ടോൾ പിരിക്കാൻ പാടില്ല. കാരണം ഇപ്പോൾ കുതിരാനിൽ ചെറിയ പ്രശ്‌നം വന്നാൽ തന്നെ വലിയ ഗതാഗത തടസ്സം ഉണ്ടാവുന്നുണ്ട്, എംപി പറഞ്ഞു.

അതേസമയം, പരീക്ഷണാടിസ്ഥാനത്തിൽ ടോൾ പ്ലാസയുടെ പ്രവർത്തനങ്ങൾ തുടങ്ങിയിട്ടുണ്ട്. മുപ്പതോളം ജീവനക്കാരെ ഇവിടെ നിയമിച്ചുകഴിഞ്ഞു. സെൻസറുകളും ബാരിയറുകളും സ്ഥാപിച്ച് വാഹനങ്ങൾ വരുമ്പോൾ തടഞ്ഞ് നമ്പർ രേഖപ്പെടുത്തിയാണു തുറന്നുവിടന്നത്. ദിവസേന 25,000നും 30,000നും ഇടയിൽ വാഹനങ്ങൾ ദേശീയപാതവഴി പോകുന്നുണ്ടെന്നാണു കണക്ക്. ഇരു ദിശകളിലേക്കുമായി 18 ട്രാക്കുകൾ ടോൾ കേന്ദ്രത്തിലുണ്ട്. കരാർ കമ്പനിയായ കെഎംസി ടോൾ പിരിക്കാൻ മാർക്കോ ലൈൻസ് എന്ന കമ്പനിയെയാണ് ഏൽപിച്ചിരിക്കുന്നത്. ചുരുങ്ങിയത് 15 വർഷമാണ് പിരിവിന് അനുമതി നൽകുക. പിന്നീട് നീട്ടി നൽകാനും സാധ്യതയുണ്ട്.

ടോൾ പ്ലാസയുടെ 10 കിലോമീറ്റർ ചുറ്റളവിലുള്ളവർക്ക് സൗജന്യപാസ് നൽകണമെന്ന ആവശ്യത്തിൽ ദേശീയപാത അഥോറിറ്റിയും സംസ്ഥാന സർക്കാരും നടപടി സ്വീകരിച്ചിട്ടില്ല. സൗജന്യപാസ് നൽകാനാവില്ലെന്നാണു ദേശീയപാത അഥോറിറ്റിയുടെ നിലപാട്. പാലിയേക്കരയിൽ 10 കിലോമീറ്റർ ചുറ്റളവിലുള്ളവർക്ക് 150 രൂപയുടെ പാസാണു നൽകിയിരിക്കുന്നത്. ജനങ്ങളുടെ ശക്തമായ സമരം മൂലം ഈ തുക സംസ്ഥാന സർക്കാരാണ് അടയ്ക്കുന്നത്. വാളയാറിൽ 20 കിലോമീറ്റർ ചുറ്റളവിലുള്ളവർക്കു പ്രതിമാസം 285 രൂപ വാങ്ങി പാസ് നൽകിയിട്ടുണ്ട്. എന്നാൽ പന്നിയങ്കരയിൽ സൗജന്യപാസ് നൽകണമെന്നും അതിനു നിയമ വ്യവസ്ഥയുണ്ടെന്നുമാണ് സമരസമിതി ഭാരവാഹികൾ പറയുന്നത്. ഏതായാലും കേന്ദ്ര ഗതാഗത മന്ത്രിയുടെ ഇടപെടലോടെ പ്രശ്‌നത്തിന് പരിഹാരമാകും എന്ന പ്രതീക്ഷയാണ് നാട്ടുകാർക്ക്.