- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആലപ്പുഴക്കാരിയുമായി അടുത്തത് അമേരിക്കൻ പൈലറ്റ് ചമഞ്ഞ് ഡേറ്റിങ് ആപ്പിലൂടെ; അമ്മയുടെ ആഗ്രഹമാണ് ഇന്ത്യക്കാരിയെ വിവാഹം ചെയ്യണം എന്നു പറഞ്ഞ് വിശ്വാസ്യത നേടി; ഇടയ്ക്കിടെ സമ്മാനങ്ങൾ അയച്ചു യുവതിയുടെ ഹൃദയം കീഴടക്കി; പിന്നാലെ ഡോളർ മാറ്റാൻ പണമെന്ന നിലയിൽ പത്ത് ലക്ഷവും വാങ്ങി; എനുകയുടെ 'റോമിയോ തട്ടിപ്പിന്' ഇരകളേറെ
ആലപ്പുഴ: ആലപ്പുഴക്കാരിക്ക് വിവാഹ വാഗ്ദാനം നൽകി പത്ത് ലക്ഷം രൂപ തട്ടിയെടുത്ത നൈജീരിയൻ യുവാവ് എനുക അരിൻസി ഇഫെന്ന (36)യുടെ തട്ടിപ്പിന്റെ വ്യാപ്തി വലുതെന്ന് പൊലീസ്. ഓൺലൈൻ വഴി നിരവധി പേരെ ഇയാൾ കബളിപ്പിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ഓൺലൈൻ വഴി അടുത്തു കൂടി അമേരിക്കക്കാരനാണെന്ന് വിശ്വസിപ്പിച്ചാണ് ഇയാൾ തട്ടിപ്പു നടത്തിയിരുന്നത്. മുമ്പ് മറ്റു പലരിൽ നിന്നുമായി വൻതുക തട്ടിയെടുത്തു ഇയാൾ മുങ്ങിയിട്ടുണ്ടെന്ന വിവരവും പുറതത്തുവന്നു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. വിശദമായ അന്വേഷണത്തിന് പ്രതിയെ കസ്റ്റഡിയിൽ വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് ജില്ലാ സൈബർ പൊലീസ് ഇന്നു കോടതിയിൽ അപേക്ഷ നൽകും. പ്രതി ഉപയോഗിച്ചിരുന്ന ലാപ്‌ടോപ്, മൊബൈൽ ഫോൺ തുടങ്ങിയവ പരിശോധിച്ചപ്പോഴാണ് കൂടുതൽ തട്ടിപ്പു മനസ്സിലായതെന്നു പൊലീസ് പറഞ്ഞു. ഡേറ്റിങ് ആപ്പിലൂടെയാണ് ഇരകളെ പ്രതി കെണിയിൽ വീഴ്‌ത്തിയതെന്നു മനസ്സിലായി.
ഡൽഹി സ്വദേശികളായ പലരുടെയും ബാങ്ക് അക്കൗണ്ടുകൾ വഴിയാണ് ഇയാൾ പലരിൽ നിന്നും വൻതുക തട്ടിയെടുത്തത്. ഈ അക്കൗണ്ടുകൾ പൊലീസ് ഇടപെട്ട് മരവിപ്പിച്ചു. മരവിപ്പിച്ച അക്കൗണ്ടുകളിൽ എല്ലാം കൂടി 7 ലക്ഷത്തോളം രൂപയുണ്ട്. അക്കൗണ്ട് ഉടമകൾ പലരും അറിയാതെയാണ് ഇടപാടുകൾ നടന്നത്. ഇടപാട് അറിയാവുന്നതിൽ ഒരാളെ ഗ്രേറ്റർ നോയിഡയിൽ പ്രത്യേക അന്വേഷണ സംഘം പിടികൂടിയതാണ് നൈജീരിയക്കാരനെ കുടുക്കാൻ സഹായകമായത്. നോയിഡ സ്വദേശി ഇയാളുടെ സഹായിയായി പ്രവർത്തിച്ചെങ്കിലും തട്ടിപ്പിനെപ്പറ്റി കൂടുതൽ അറിയില്ലെന്നു ബോധ്യപ്പെട്ടതിനാൽ പൊലീസ് കസ്റ്റഡിയിൽ എടുത്തില്ല.
ഇന്ത്യൻ യുവതിയെ താൻ വിവാഹം ചെയ്യണമെന്നതു തമിഴ്‌നാട്ടുകാരിയായ മാതാവിന്റെ ആഗ്രഹമാണെന്നു വിശ്വസിപ്പിച്ചാണ് എനുക തട്ടിപ്പിനു കളമൊരുക്കിയത്. യുഎസ് പൈലറ്റെന്നു വിശ്വസിപ്പിക്കാൻ സമൂഹ മാധ്യമത്തിൽ വ്യാജ പ്രൊഫൈലും ചിത്രവും ചേർത്തു. ഇതെല്ലാം കണ്ട് ഇഷ്ടം തോന്നിയ യുവതി എനുകയുമായി വാട്‌സാപ് ചാറ്റിങ് തുടങ്ങി. വധുവിനായി മാതാവ് നൽകിയ ലക്ഷക്കണക്കിനു ഡോളർ വിലയുള്ള സമ്മാനങ്ങളുമായി ഇന്ത്യയിലേക്കു പുറപ്പെടുകയാണെന്നും എനുക വിശ്വസിപ്പിച്ചു. ഇതിനുശേഷം ഒരു സ്ത്രീ, തട്ടിപ്പിന് ഇരയായ യുവതിയെ ഫോണിൽ വിളിച്ചു.
സമ്മാനങ്ങൾക്കു വൻതുക നികുതി അടയ്ക്കണമെന്ന് അവർ അറിയിച്ചു. പിന്നാലെ പ്രതിയും വിളിച്ചു. തന്റെ പക്കൽ ഡോളറാണ് ഉള്ളതെന്നും നികുതിക്കും ഡോളർ മാറ്റാനും പണം വേണമെന്നും ഇല്ലെങ്കിൽ സമ്മാനങ്ങൾ കസ്റ്റംസ് പിടിച്ചെടുക്കുമെന്നും അറിയിച്ചു.വിശ്വാസം നേടാൻ സമ്മാന പാക്കറ്റുകളുടെയും വിമാനത്താവളത്തിലെ വിവിധ ലൊക്കേഷനുകളുടെയും കസ്റ്റംസ് ഉദ്യോഗസ്ഥരുടെയും ചിത്രങ്ങൾ എനുക അയച്ചു. ഇതെല്ലാം വിശ്വസിച്ച യുവതി പലപ്പോഴായി 10 ലക്ഷത്തോളം രൂപ അയച്ചു.
10 ലക്ഷത്തിനു പുറമേ 11 ലക്ഷം കൂടി തട്ടിപ്പുകാരനു നൽകാൻ ബാങ്കിലെത്തിയ യുവതി തട്ടിപ്പു മനസ്സിലാക്കി പിറ്റേന്നുതന്നെ പരാതി നൽകിയതാണ് പ്രതിയെ കുടുക്കാൻ സഹായകമായത്. ഈ മാർച്ച് 25ന് ആണ് യുവതി 11 ലക്ഷം കൂടി അയയ്ക്കാൻ ബാങ്കിലെത്തിയത്. സംശയം തോന്നിയ മാനേജർ അതു വിലക്കി. പൈലറ്റ് എന്നു പരിചയപ്പെടുത്തിയ പ്രതിയെപ്പറ്റി വിമാനത്താവളത്തിൽ അന്വേഷിക്കാൻ ഉപദേശിച്ചു. ആ അന്വേഷണത്തിലാണ് തട്ടിപ്പിന് ഇരയായെന്ന് യുവതിക്കു മനസ്സിലായത്. പിറ്റേന്നുതന്നെ അവർ പൊലീസിൽ പരാതി നൽകി. പിന്നെ, പൊലീസിന്റേതു ചടുല നീക്കങ്ങളായിരുന്നു.
ഇത്തരം സംഭവങ്ങളിൽ പലരും ദിവസങ്ങളും മാസങ്ങളും കഴിഞ്ഞാണ് പരാതിപ്പെടുന്നതെന്നും അപ്പോഴേക്കും തട്ടിപ്പുകാർ എല്ലാ വിവരങ്ങളും ഇല്ലാതാക്കി മുങ്ങുമെന്നും സൈബർ സെൽ ഇൻസ്‌പെക്ടർ എം.കെ.രാജേഷ് പറഞ്ഞു.ജില്ലാ പൊലീസ് മേധാവി ജി.ജയ്‌ദേവിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ജില്ലാ സൈബർ പൊലീസ് സ്റ്റേഷനിലെ പ്രത്യേക സംഘം കേസ് അന്വേഷിച്ചത്. വൻതുക തട്ടിപ്പു നടത്തിയ വിദേശിയെ വേഗത്തിൽ പിടികൂടിയ, ജില്ലയിലെ ആദ്യ കേസാണിത്.
എനുകയെ ചോദ്യം ചെയ്തതിലൂടെ വിവിധ സംസ്ഥാനങ്ങളിലായി കോടിക്കണക്കിനു രൂപയുടെ തട്ടിപ്പ് നടന്നതായി പൊലീസിനു വിവരം കിട്ടി. പല സംസ്ഥാനങ്ങളിലും ഏജന്റുമാരുള്ള വൻ റാക്കറ്റാണ് തട്ടിപ്പിനു പിന്നിൽ. ഇവരെ കണ്ടെത്താൻ പല സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം നടത്താൻ അന്വേഷണ സംഘത്തിനു നിർദ്ദേശം ലഭിച്ചു. സമൂഹ മാധ്യമങ്ങളിൽനിന്നും മൊബൈൽ സേവന ദാതാക്കളിൽനിന്നുമുള്ള വിവരങ്ങൾ വിശകലനം ചെയ്താണ് പൊലീസ് പ്രതിയെ കുടുക്കിയത്.
മറുനാടന് മലയാളി ബ്യൂറോ