- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചിയിൽ എത്തുന്ന ന്യൂജൻ മയക്കുമരുന്നുകൾക്ക് അന്താരാഷ്ട്ര ലോബികളുമായി ബന്ധം; കേരളാ പൊലീസിന്റെ ദിവസങ്ങൾ നീണ്ട ഓപ്പറേഷനിൽ പിടിയിലായത് നൈജീരിയക്കാരൻ; റെമിജുസ് ബംഗളുരുവിലും മറ്റ് മെട്രോ നഗരങ്ങളിലും എംഡിഎംഎ എത്തിക്കുന്ന വമ്പൻ സംഘത്തിലെ കണ്ണി
കൊച്ചി: ആന്ധ്രാപ്രദേശിൽ നിന്നും ഒഡിഷയിൽ നിന്നും കേരളത്തിലേക്ക് യഥേഷ്ടം ഒഴുകുന്നത് കഞ്ചാവാണ്. കേരളത്തിൽ പിടികൂടുന്ന കഞ്ചാവിനേക്കാൾ എത്രയോ മടങ്ങ് സുരക്ഷിതമായി വിൽപ്പന നടക്കുകയും ചെയ്യുന്നുണ്ട്. ആന്ധ്രയിൽ പോയി കഞ്ചാവു കൃഷി ചെയ്യുന്ന മലയാളികളെ അടക്കം അടുത്തിടെ കൊച്ചി പൊലീസ് പൊക്കിയിരുന്നു. ഇതിന് പിന്നിലെ കൊച്ചി പൊലീസിന്റെ സുപ്രധാനമായ മയക്കു മരുന്നു വേട്ടയുടെ വിവരങ്ങൾ പുറത്തുവരുമ്പോൾ കേരളം ഞെട്ടുകയാണ്.
എംഡിഎം പോലുള്ള ന്യൂജെൻ മയക്കുമരുന്നുകൾ വില്ക്കുന്ന അന്താരാഷ്ട്ര റാക്കറ്റിന്റെ കണ്ണികൾ നമ്മുടെ കേരളത്തിലും ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം. ന്യൂജൻ മയക്കുമരുന്ന് വിൽപ്പന സംഘത്തിലെ നൈജീരിയക്കാരൻ അറസ്റ്റിലായതോടെ കേരളത്തിൽ എംഡിഎംഎ എത്തുന്ന സംത്തിലെ വമ്പൻ കണ്ണികളെ കുറിച്ചുള്ള വിവരങ്ങളാണ് ലഭിക്കുന്നത്.
നൈജീരിയൻ പൗരനായ റെമിജുസ് (38) നെയാണ് നെടുമ്പാശേരി പൊലീസ് പിടികൂടിയത്. ദിവസങ്ങൾ നീണ്ട ഓപ്പറേഷനൊടുവിൽ ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക ടീം ബാംഗ്ലൂർ മേദനഹള്ളിയിലെ ഫ്‌ളാറ്റ് വളഞ്ഞാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ളവർക്ക് എം.ഡി.എം.എ പോലുള്ള മയക്ക് മരുന്ന് വിൽപന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാൾ.
കഴിഞ്ഞ നവംബറിൽ 168 ഗ്രാം എം.ഡി.എം.എ യുമായി നാല് യുവാക്കളെ നെടുമ്പാശേരി കരിയാട് നിന്ന് പൊലീസ് പിടികൂടിയിരുന്നു. ബാംഗ്ലൂരിൽ നിന്ന് മയക്കുമരുന്ന് കൊണ്ടുവരുന്ന വഴിയാണ് സംഘത്തെ അറസ്റ്റ് ചെയ്തത്. ഇതിന്റെ അന്വേഷണമാണ് നൈജീരിയൻ പൗരനിലേക്ക് എത്തിയത്. നാലംഘ സംഘത്തിന് മയക്കുമരുന്ന് നൽകിയത് ഇയാളാണ്. 2016 ൽ ആണ് റെമിജുസ് മെഡിക്കൽ വിസയിൽ ഇന്ത്യയിലെത്തിയത്. വിസ പുതുക്കി നൽകാത്തതിനാൽ അനധികൃതമായി ബാംഗ്ലൂരിൽ തങ്ങുകയായിരുന്നു. ഇതിനിടയിൽ സ്റ്റുഡന്റ് വിസയിൽ ഭാര്യയും നാട്ടിലെത്തി.
മയക്കുമരുന്ന് ആവശ്യക്കാർ ബാംഗ്ലൂരിൽ ഇയാളെ തേടിയെത്തുകയാണ് പതിവ്. സ്ഥലം പലവട്ടം മാറ്റി പറഞ്ഞ് ഒടുവിൽ കിലോമീറ്ററുകൾ അകലെയെത്തിച്ചാണ് വിൽപ്പന. ഹെൽമറ്റ് വച്ച് ബൈക്കിലെത്തിയാണ് സാധനം കൈമാറുന്നത്. പണമിടപാട് നേരിട്ടാണ്. രണ്ടു പ്രാവശ്യം പിടികൂടാൻ പൊലീസ് ബാംഗ്ലൂരിലെത്തിയെങ്കിലും രക്ഷപ്പെടുകയായിരുന്നു. 2017 ൽ മയക്കുമരുന്ന് കേസിൽ ഇയാൾ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്.
എസ്.എച്ച്.ഒ പി.എം ബൈജു , എസ്‌ഐ അനീഷ് കെ.ദാസ്, എസ്.സി.പി. ഒമാരായ റോണി അഗസ്റ്റിൻ, അജിത് കുമാർ, മിഥുൻ എന്നിവരും ടീമിലുണ്ടായിരുന്നു. എസ്‌പി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ ആലുവ ഡി.വൈ.എസ്‌പി പി.കെ ശിവൻ കുട്ടി, സിഐ പി.എം ബൈജു , എസ്‌ഐമാരായ ടി.എം,സൂഫി , അനീഷ്.കെ.ദാസ് എന്നിവരടങ്ങുന്ന ടീമിനാണ് അന്വേഷണ ചുമതല. ഇയാളുടെയും കൂട്ടരുമായും ഇടപാടുകളെക്കുറിച്ച് സമഗ്രമായി അന്വേഷിക്കുമെന്നും, കൂടതൽ അറസ്റ്റ് ഉണ്ടാകുമെന്നും എസ്‌പി പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ