ന്യൂഡൽഹി: ഹൃദയത്തിൽ കരുണ സൂക്ഷിക്കുന്നവരാണ് എല്ലാ നല്ല നഴ്സുമാരും. മുൻപിൽ എത്തുന്ന രോഗിയുടെ വലുപ്പചെറുപ്പം അവർക്ക് ബാധകം അല്ല. എല്ലാവരും സ്വന്തം അമ്മമാരും അച്ഛന്മാരും സഹോദരങ്ങളും മക്കളുമൊക്കെയാണ്. ഹൃദയം കത്തി വേദനിക്കുമ്പോഴും അവർ പുഞ്ചിരികൊണ്ട് എല്ലാവരുടെയും വേദനയകറ്റാൻ ശ്രമിക്കും. അതുകൊണ്ട് തന്നെയാണ് അവരെ നമ്മൾ മാലാഖമാർ എന്നു വിളിക്കുന്നത്.

ഇവരിൽ തന്നെ അപൂർവ്വമായ ജനുസിൽ പെട്ടൊരാളാണ് നിജു ആൻ ഫിലിപ്പ് എന്ന ഈ കോട്ടയംകാരി. നിജുവിന്റെ ഹൃദയം നിറയെ കവിതയും കഥയും നിറഞ്ഞു നിൽക്കുകയാണ്. വേദനിക്കുന്നവരും സങ്കടപ്പെടുന്നവരും അടുത്തെത്തുമ്പോൾ നിജു ഹൃദയത്തിലേയ്ക്ക് തൊട്ടു നോക്കുന്നത് അവരുടെ നിശബ്ദമായ ഭാഷ കൂടി മനസിലാക്കിക്കൊണ്ടാണ്. നിജുവിന്റെ ഫേസ്‌ബുക്ക് പേജിൽ പോയി നോക്കുക. നിറയെ നിറഞ്ഞു കവിഞ്ഞൊഴുകുന്ന സ്നേഹത്തിന്റെയും കരുണയുടെയും വാക്കുകളാണ്. ആ തൂലികയിൽ പിറക്കുന്ന കഥകളുടെ വ്യത്യസ്ഥത ആരെയും ആകർഷിക്കുന്നതും.

ഡൽഹി എയിംസിലെ നിജു വിഐപികളെ ശുശ്രൂഷിക്കുന്നതിന്റെ പേരിൽ മുൻപേ വാർത്തകളിൽ നിറഞ്ഞിട്ടുണ്ട്. വിദേശകാര്യ മന്ത്രി സുഷ്മ സ്വരാജ് പേരെടുത്തു പറഞ്ഞു നന്ദി പറഞ്ഞവരിൽ ഒരാളായിരുന്നു നിജു ആൻ ഫിലിപ്പും. ഇപ്പോൾ മുൻ പ്രധാനമന്ത്രി എ ബി വാജ്പേയുടെ കുടുംബം ശുശ്രൂഷാ കാലത്തെക്കുറിച്ച് നന്ദി പറയുമ്പോൾ വീണ്ടും നിജു വാർത്തകളിൽ നിറയുന്നു. ഇക്കുറി നിജുവിനൊപ്പം മറ്റു മൂന്ന് മലയാളി നഴ്സുമാർകൂടി ഉണ്ടെന്ന് മാത്രം. അനുപമ കെ. രാജേന്ദ്രൻ, സിറിൽ മാത്യൂ, വിപിൻ വിജയൻ എന്നീ മൂന്ന് പേർക്കൊപ്പമാണ് വാജ്പേയുടെ ശുശ്രൂഷിച്ചതിന്റെ അഭിനന്ദനം നിജു ഫിലിപ്പ് ഏറ്റുവാങ്ങുന്നത്.

വാജ്പേയിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എൻ.സി. ജിങ്തയാണ് കുടുംബത്തിനു വേണ്ടി ഓരോ നഴ്സുമാരുടെയും പേരിൽ കത്തയച്ചിരിക്കുന്നത്. 'ഞങ്ങളെല്ലാം അദ്ദേഹത്തിന്റെ മരണത്തിൽ അതീവ ദുഃഖിതരാണ്. അദ്ദേഹത്തിനു നൽകിയ മികച്ച പരിചരണത്തിനു നന്ദിയുണ്ട്. നിങ്ങൾ പ്രകടിപ്പിച്ച പ്രതിബദ്ധതയും പ്രഫഷണലിസവും ഹൃദയസ്പർശിയായിരുന്നു'. സ്തുത്യർഹമായ സേവനം കുടുംബാംഗങ്ങൾ എക്കാലവും കൃതജ്ഞതയോടെ ഓർക്കുമെന്നു പറഞ്ഞാണ് കത്ത് അവസാനിക്കുന്നത്.

45 ദിവസത്തോളം ആശുപത്രിയിൽ ചികിത്സയിലായിരുന്ന വാജ്പേയി കഴിഞ്ഞ ഓഗസ്റ്റ് 16നാണ് അന്തരിച്ചത്. കാർഡിയാക് ഐ.സി.യുവിൽ പ്രധാനമന്ത്രിക്കായുള്ള പ്രത്യേക മുറിയിലാണ് അദ്ദേഹം ചികിത്സയിൽ കിടന്നത്. സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയിൽ കർശന വ്യവസ്ഥകളോടെയാണ് ഈ നഴ്സുമാർ മുൻ പ്രധാനമന്ത്രിയെ പരിചരിച്ചത്. വിപിൻ റാന്നി പടിഞ്ഞാറ്റേതിൽ കുടുംബാംഗമാണ്. സിറിൽ ചങ്ങനാശേരി കരിയിലക്കുഴി കുടുംബാംഗവും അനുപമ കൊല്ലം ആലപ്പാട് കീഴ്മായ് സ്വദേശിയും നിജു ആൻ കോട്ടയം തിരുവഞ്ചൂർ വേങ്കടത്ത് കുടുംബാംഗവുമാണ്.

ചില ചെറിയ പുഞ്ചിരികൾ,വലിയ ദുഃഖങ്ങളിലും വിരിയിക്കുന്നു ചിലർ എന്നാണ് കത്ത് ലഭിച്ചതിനെ നിജു തന്നെ വിശദീകരിക്കുന്നത്. ആത്മാർത്ഥത കൈവിടാതെ കൂടുതൽ ശോഭയോടെ ഇനിയും പ്രവർത്തിക്കണമെന്ന സന്ദേശമാണ് നിജുവിന് സോഷ്യൽ മീഡിയയും നൽകുന്നത്. വൃക്ക സംബന്ധമായ രോഗത്താൽ മുൻപ് എയിംസിൽ ചികിത്സയിലിരുന്ന വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിൽനിന്നും നന്ദി പ്രകാശിപ്പിച്ചുകൊണ്ടുള്ള കത്ത് നിജുവിനും വിപിനും ലഭിച്ചിട്ടുണ്ട്.