- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിചാരണ നടപടികൾ ലംഘിച്ചിട്ടുണ്ടെങ്കിൽ കേസെടുത്ത് മുന്നോട്ട് പോകുന്നതിൽ ഞാൻ തടസം നിൽക്കില്ല; പക്ഷെ അതൊരു ഭീഷണിയാക്കി, പൊലീസിലെ ഒരു വിഭാഗം ദിലീപിനൊപ്പം ചേർന്ന് ഞങ്ങളെ മൗനത്തിലാക്കാനാണ് നീക്കമെങ്കിൽ പള്ളിയിൽ പോയി പറയാനേ പറയൂ; നികേഷിനെതിരായ കേസിൽ നിറയുന്നത് നിഗൂഡത മാത്രം
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ടി.വിക്കെതിരെ പൊലീസ് കേസെടുത്തതിൽ പ്രതികരണവുമായി ചാനൽ ചീഫ് എഡിറ്റർ എംവി നികേഷ് കുമാർ. താൻ വിചാരണ നടപടികൾ ലംഘിച്ചിട്ടുണ്ടെങ്കിൽ കേസുമായി മുന്നോട്ട് പോകുന്നതിൽ തടസം നിൽക്കില്ല. പക്ഷെ അതൊരു ഭീഷണിയാക്കി, ദിലീപിനൊപ്പം ചേർന്ന് പൊലീസിലെ ഒരു വിഭാഗം റിപ്പോർട്ടർ ടിവിയെ മൗനത്തിലാക്കാനാണ് ശ്രമിക്കുന്നതെങ്കിൽ പള്ളിയിൽ പോയി പറയാനേ താൻ പറയൂയെന്ന് നികേഷ് പറഞ്ഞു.
നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതി കൂടിയായ ദിലീപ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹരജിയിലാണ് റിപ്പോർട്ടർ ചാനലിനെതിരെയും എംഡി നികേഷ് കുമാറിനെതിരെയും പൊലീസ് കേസെടുത്തത്. ഇതിലാണ് നികേഷ് പ്രതിഷേധവുമായി എത്തുന്നത്. ഇതിൽ പൊലീസിന്റെ ഭാഗത്തു നിന്ന് നീതിപൂർവ്വകമായ ഇടപെടലുണ്ടായില്ലെന്ന് നികേഷ് പറയുന്നു. ദിലീപിന്റെ ഹർജിയിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് ഹൈക്കോടതി ഡി.ജി.പിയോട് ആവശ്യപ്പെട്ടത്. എന്നാൽ റിപ്പോർട്ട് സമർപ്പിക്കാതെ പൊലീസ് നികേഷ് കുമാറിനെതിരെയും ചാനലിനെതിരെയും സ്വമേധയാ കേസെടുക്കുകയായിരുന്നു.
നികേഷ് കുമാറിന്റെ പ്രതികരണം ഇങ്ങനെ: ''നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ നടപടികളിൽ ഞാൻ ഇടപ്പെട്ടോയെന്ന് ഡിജിപിയോട് അന്വേഷിക്കാൻ കേരള ഹൈക്കോടതി ആവശ്യപ്പെടുന്നു. ഡിജിപി അത് അന്വേഷിക്കാൻ ഒരു ഉദ്യോഗസ്ഥരെ ഏൽപ്പിക്കുന്നു. ഉദ്യോഗസ്ഥൻ എന്നെ വിളിച്ചു. കോവിഡ് പോസീറ്റിവായതിൽ നേരിട്ട് മൊഴി നൽകാൻ സാധിക്കില്ലെന്ന് ഞാൻ പറഞ്ഞു. തുടർന്ന് ഫോണിൽ വിളിക്കാമെന്ന പറഞ്ഞെങ്കിലും എന്നെ വിളിച്ചിട്ടില്ല. അങ്ങനെയൊരു റിപ്പോർട്ട് ഉണ്ടോയെന്ന് അറിയില്ല. എന്റെ ഭാഗം അവർ കേട്ടിട്ടില്ല. വിചാരണ നടപടികൾ ലംഘിച്ചിട്ടുണ്ടെങ്കിൽ കേസെടുത്ത് മുന്നോട്ട് പോകുന്നതിൽ ഞാൻ തടസം നിൽക്കില്ല. പക്ഷെ അതൊരു ഭീഷണിയാക്കി, പൊലീസിലെ ഒരു വിഭാഗം ദിലീപിനൊപ്പം ചേർന്ന് ഞങ്ങളെ മൗനത്തിലാക്കാനാണ് നീക്കമെങ്കിൽ പള്ളിയിൽ പോയി പറയാനേ പറയൂ.''
നികേഷിനെതിരെ ഐ.പി.സി സെക്ഷൻ 228 എ (3) പ്രകാരമാണ് കേസെടുത്തത്. കോടതി വിചാരണയിലിരിക്കുന്ന നടി ആക്രമണ കേസിന്റെ വിവരങ്ങൾ വെളിപ്പെടുത്തണമെന്നും പ്രചരിപ്പിക്കണമെന്നുമുള്ള ഉദ്ദേശത്തോടെ ചർച്ച സംഘടിപ്പിച്ചതായാണ് എഫ്ഐആറിൽ പറയുന്നത്. നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപും സംഘവും ഗൂഢാലോചന നടത്തിയെന്ന ബാലചന്ദ്ര കുമാറിന്റെ നിർണായക വെളിപ്പെടുത്തലിന് പിന്നാലെയുള്ള ചർച്ചയാണ് കേസിന് ആധാരം.
ഇതിനിടെ റിപ്പോർട്ടർ ചാനലിനെതിരെ ദിലീപ് മറ്റ് നിയമ നടപടിയും തുടങ്ങിയിട്ടുണ്ട്. ജാമ്യമുള്ള കേസാണ് നികേഷിനെതിരെ പൊലീസ് എടുത്തിരിക്കുന്നത്. കൊച്ചി സിറ്റി സൈബർ ക്രൈം പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ഐ.പി.സി. 228എ(3) വകുപ്പ് പ്രകാരമാണ് കേസ്. കേസിൽ രഹസ്യ വിചാരണയാണ് നടക്കുന്നത്. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകൾ ചർച്ചയാക്കിയത് റിപ്പോർട്ടർ ടിവിയാണ്. ഇത് ഏറെ ചർച്ചയാവുകയും ചെയ്തു. ഇതിനിടെയാണ് കേസ് വരുന്നത്.
നടിയെ ആക്രമിച്ച കേസിൽ രഹസ്യ വിചാരണയാണ്. അതുകൊണ്ട് തന്നെ വിചാരണ വിവരങ്ങൾ അതു പോലെ ചർച്ച ചെയ്യാൻ പാടില്ല. വിചാരണ സംബന്ധിച്ച കോടതി നടപടികളുടെ വിവരങ്ങൾ കോടതിയുടെ അനുമതിയില്ലാതെ ചാനലിൽ ചർച്ച നടത്തുകയും ഡിസംബർ 27-ന് യൂട്യൂബ് വഴി പ്രചരിപ്പിച്ചതിനുമാണ് കേസ്. രഹസ്യ വിചാരണയിൽ കോടതിയുടെ അനുമതിയില്ലാതെ വിവരങ്ങൾ പുറത്തു വിടുന്നത് കുറ്റകരമാണ്. രണ്ട് കൊല്ലം വരെ തടവ് ശിക്ഷ കിട്ടാവുന്ന കേസ്. ഇത് ജാമ്യമുള്ള വകുപ്പാണ്. അതുകൊണ്ട് തന്നെ നികേഷിന് ഉടൻ പ്രതിസന്ധിയൊന്നും ഈ കേസ് ഉണ്ടാക്കില്ല. കോടതി വിധിക്ക് അപ്പുറമുള്ള വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നതിൽ നിന്നും തടയുന്നതാണ് ഈ കേസ്.
സംസ്ഥാന സർക്കാരിനും റിപ്പോർട്ടർ ടി.വി എഡിറ്റർ എം വി നികേഷ് കുമാറിനും റിപ്പോർട്ടർ ചാനലിനും വക്കീൽ നോട്ടിസയച്ച് നടിയെ ആക്രമിച്ച കേസിലെ പ്രതിയും നടനുമായ ദിലീപും നിയമ നടപടികൾ തുടങ്ങിയിരുന്നു. കേസിൽ ദിലീപിന് വേണ്ടി വാദിക്കുന്ന രാമൻപിള്ള അസോസിയേറ്റ്സ് മുഖേനയാണ് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്. കോടതിയെ തെറ്റിദ്ധരിപ്പിക്കാനുള്ള പ്രൊപ്പഗൻഡയാണ് റിപ്പോർട്ടർ ചാനലിലൂടെ നടന്നതെന്ന് ദിലീപ് വക്കീൽ നോട്ടീസിൽ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നികേഷിനെതിരെ പൊലീസും കേസെടുക്കുന്നത്.
ചാനൽ ഡിസംബർ 25ന് സംപ്രേഷണം ചെയ്ത അഭിമുഖം മനപാഠം പഠിച്ച് തയ്യാറാക്കിയതാണെന്നും ദിലീപിനെ അപകീർത്തിപ്പെടുത്തുക എന്ന ലക്ഷ്യമാണ് ഇതിന് പിന്നിലെന്നും ദിലീപ് പരാതിയിൽ ആരോപിക്കുന്നു. നിരന്തരമായ റിഹേഴ്സലിന് ശേഷമാണ് അഭിമുഖം ടെലികാസ്റ്റ് ചെയ്തതെന്നും ദിലീപ് ആരോപിക്കുന്നു. സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിക്കുന്ന സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ, അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു പൗലോസ്, ദിലീപും ഒന്നാം പ്രതി പൾസർ സുനിയും തമ്മിൽ അടുത്ത ബന്ധമുണ്ടെന്ന് വെളിപ്പെടുത്തിയ സംവിധായകൻ പി. ബാലചന്ദ്രകുമാർ എന്നിവർക്കെതിരെയും ദിലീപ് വക്കീൽ നോട്ടീസ് അയച്ചിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ