പത്തനംതിട്ട: നിലയ്ക്കൽ പാർക്കിങ് ഗ്രൗണ്ടിൽ കാറിന് തീ പിടിച്ച് മരിച്ചത് കരുനാഗപ്പള്ളി കോഴിവിള ചേരിത്തുണ്ടിൽ രാജേന്ദ്രൻപിള്ള (55), ഭാര്യ ശുഭ ബായി (50) എന്നിവരാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. കുടുംബപ്രശ്‌നം കാരണം ഇവർ ജീവനൊടുക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

കത്തിനശിച്ച കാറിനുള്ളിൽ കത്താതെ കിടന്ന ബാഗിനുള്ളിൽനിന്ന് കിട്ടിയ ആത്മഹത്യാക്കുറിപ്പിൽ ഇവരുടെ മക്കളുടെ പേരും ഫോൺ നമ്പരും പരാമർശിച്ചിരുന്നു. അതിൽ ബന്ധപ്പെട്ടാണ് പൊലീസ് സ്ഥിരീകരണം നടത്തിയിരിക്കുന്നത്. ഇന്ന് രാവിലെ എട്ടുമണിയോടെ ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ, സ്‌പെഷൽ ബ്രാഞ്ച് ഡിവൈഎസ്‌പി പി.കെ ജഗദീശ്, പത്തനംതിട്ട ഡിവൈഎസ്‌പി എൻ. പാർഥസാരഥി പിള്ള എന്നിവരുടെ നേതൃത്വത്തിൽ മൃതദേഹങ്ങളുടെ ഇൻക്വസ്റ്റ് തയാറാക്കി തുടങ്ങിയിട്ടുണ്ട്.

മരിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ രണ്ടു ദിവസം മുൻപ് തന്നെ ഇവർ നടത്തിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. രണ്ടു ദിവസമായി കെ.എൽ.02 ഡബ്ല്യു 4130 നമ്പർ ഹ്യുണ്ടായി സാൻട്രോ കാർ പമ്പ, നിലയ്ക്കൽ മേഖലകളിൽ റോന്തു ചുറ്റുകയായിരുന്നു. പിള്ളയും ശുഭയും പമ്പയിലെത്തി ഗണപതി കോവിലിൽ ദർശനം നടത്തിയിരുന്നു. എന്നാൽ, ഇവർ സന്നിധാനത്തേക്ക് പോയതായി അറിയില്ലെന്ന് പൊലീസ് പറഞ്ഞു.

രണ്ടു ദിവസമായി കറങ്ങുന്ന കാറിനെ നാട്ടുകാരും പൊലീസും ശ്രദ്ധിച്ചിരുന്നു. എപ്പോഴും കാറോടിച്ചിരുന്നത് ശുഭയായിരുന്നുവെന്നതാണ് ഇതിന് കാരണം. ഇന്ന് രാവിലെ പത്രങ്ങളിൽ മരിച്ച ദമ്പതികളുടെ പടം വന്നപ്പോഴാണ് നാട്ടുകാരിൽ ചിലർ ഇക്കാര്യം പൊലീസിനെ അറിയിച്ചത്. കാറിനുള്ളിൽ പെട്രോൾ ഒഴിച്ച ശേഷം തീ കൊളുത്തുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മറ്റേതെങ്കിലും ഇന്ധനം ഉപയോഗിച്ചിരുന്നോയെന്ന് ഫോറൻസിക് പരിശോധനയ്ക്ക് ശേഷമേ സ്ഥിരീകരിക്കാൻ കഴിയൂ.

ശുഭയുടെ ശരീരം പൂർണമായും കത്തിക്കരിഞ്ഞു പോയി. അസ്ഥികൂടം മാത്രമാണ് അവശേഷിക്കുന്നത്. സീറ്റ് ബെൽറ്റിട്ട നിലയിലാണ് ഇതു കണ്ടെത്തിയിരിക്കുന്നത്. രാജേന്ദ്രൻ പിള്ളയുടെ മൃതദേഹം കാറിന് പുറത്ത് കണ്ടതിന് രണ്ടു കാരണങ്ങളാണ് പൊലീസ് പറയുന്നത്. സീറ്റ് ബൽറ്റിടാതെ ഇരുന്ന പിള്ള ശരീരത്ത് പൊള്ളലേറ്റപ്പോൾ മരണവെപ്രാളത്താൽ പുറത്തേക്ക് ഇറങ്ങിയോടിയതാകാം. അതല്ലെങ്കിൽ കാർ കത്തിയപ്പോഴുണ്ടായ സ്‌ഫോടനത്തിൽ ഡോർ തുറന്ന് പിള്ള പുറത്തേക്ക് തെറിച്ചതുമാകാം. ഇദ്ദേഹത്തിന്റെ മൃതദേഹം ഭാഗികമായിട്ടേ കത്തിയിട്ടുള്ളൂ.

രണ്ടു മക്കളാണ് ഈ ദമ്പതികൾക്ക്. മൂത്ത മകൾ അമ്മു ബംഗളൂരുവിൽ ആയുർവേദ ഡോക്ടറാണ്. അവിവാഹിതയാണെന്ന് പൊലീസ് പറഞ്ഞു. രണ്ടാമത്തെ മകൾ ഉണ്ണിമായയെ വിവാഹം കഴിച്ചിരിക്കുന്നത് സൈനികനായ പ്രദീപാണ്. ഇവരുടെ വിവാഹ ബന്ധത്തിൽ വിള്ളലുകൾ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ഇതാകാം ദമ്പതികൾ ജീവനൊടുക്കാൻ കാരണമത്രേ. വിദേശത്ത് ജോലി ചെയ്യുന്ന പിള്ള രണ്ടു മാസം മുൻപാണ് നാട്ടിലെത്തിയത്. അവധിക്ക് വരുമ്പോഴൊക്കെ സ്ഥിരമായി ശബരിമല ദർശനം നടത്തുന്നയാളാണ് പിള്ള. ഭാര്യയെയും കൂട്ടി വരുന്നത് ആദ്യമായിട്ടാണ്.

പെട്ടെന്ന് ആരുടെയും ശ്രദ്ധ പതിയാത്ത സ്ഥലമെന്ന നിലയിലാണ് നിലയ്ക്കൽ പാർക്കിങ് ഗ്രൗണ്ട് ജീവനൊടുക്കാൻ തെരഞ്ഞെടുത്തതെന്നും കരുതുന്നു. ഇന്നലെ രാത്രി ഒമ്പതേ മുക്കാലോടെ പാർക്കിങ് ഗ്രൗണ്ടിൽ പൊലീസ് സ്റ്റേഷനിലേക്ക് പോകുന്ന വഴി ടോയ്‌ലറ്റ് കോംപ്ലക്‌സിന് പിന്നിലാണ് കാർ അഗ്നിക്ക് ഇരയായത്.