മലപ്പുറം: നിലമ്പൂർ പൂക്കോട്ടുംപാടത്ത് കുഴൽപ്പണവുമായി പിടികൂടിയത് അന്തർദേശീയ മയക്കുമരുന്ന് മാഫിയാ സംഘം തന്നെ. ഇതു സംബന്ധിച്ച വിവരങ്ങൾ ഇന്നലെ മറുനാടൻ മലയാളി പുറത്ത് വിട്ടിരുന്നു. കൊണ്ടോട്ടി സ്വദേശി കെടി മുഹമ്മദിന്റെ അറസ്റ്റിനു പിന്നാലെ തൊട്ടടുത്ത ദിവസം മയക്കുമരുന്ന് സംഘത്തിൽപ്പെട്ട മറ്റു രണ്ടുപേരെ കൂടി പൂക്കോട്ടുംപാടം പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചേരി, കൊണ്ടോട്ടി സ്വദേശികളായ മൻസൂർ, നൗഫൽ ബാബു എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

പെരിന്തൽമണ്ണ ഡിവൈ.എസ്‌പി. പി. മോഹനചന്ദ്രന്റെ നിർദ്ദേശപ്രകാരം നിലമ്പൂർ സിഐ കെ.എം. ബിജു, പൂക്കോട്ടുംപാടം എസ്.ഐ. അമൃത്രംഗൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.  ഇവർ മൂവരും അന്തർദേശീയ മയക്കുമരുന്ന് സംഘത്തിൽപ്പെട്ടവരാണെന്നതിന് പൊലീസിന് തെളിവു ലഭിച്ചു. കേസ് കോടതിയിൽ നിലനിൽക്കുന്നതിനുവേണ്ടി കൂടുതൽ തെളിവുകൾ പൊലീസ് ശേഖരിച്ചുവരികയാണ്. ഇവരിൽനിന്ന് പ്രത്യേകതരം മയക്കുമരുന്ന് പിടികൂടിയതായി പൊലീസ് മറുനാടൻ മലയാളിയോട് വ്യക്തമാക്കി.

അതേസമയം കഴിഞ്ഞദിവസം കുഴൽപ്പണവുമായി അറസ്റ്റിലായ മയക്കുമരുന്ന് സംഘത്തിലെ പ്രധാനി കൊണ്ടോട്ടി മാലാപറമ്പിൽ, കൗങ്ങിൻ തോട്ടത്തിൽ (കെ.ടി) മുഹമ്മദി(32)ന് നിലമ്പൂർ കോടതി ജാമ്യം അനുവദിച്ചു. കുഴൽപണം കടത്തിയെന്ന കുറ്റം മാത്രം ചുമത്തിയതാണ് കെ.ടി മുഹമ്മദിന് പുഷ്പം പോലെ ജാമ്യത്തിലിറങ്ങാൻ സാധിച്ചത്. എന്നാൽ ശേഷം പിടിയിലായ രണ്ടു പേർക്കും മുഹമ്മദുമായി ബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇത് വിശദമായി അന്വേഷിക്കുകയും തെളിവുകൾ ശേഖരിക്കുകയുമാണ് പൊലീസ്.

ഇവരെല്ലാം ഒരേ സംഘത്തിൽപ്പെട്ടവരാണ്. എന്നാൽ മുഹമ്മദിന് പിന്നാലെയാണ് മറ്റ് രണ്ട് പേരെ പിടികൂടിയത്. മുഹമ്മദിന്റെ കയ്യിൽ നിന്ന് 12 ലക്ഷം രൂപയാണ് കണ്ടെടുത്തത്. മറ്റു രണ്ട് പേരിൽ നിന്ന് മയക്കുമരുന്നും കണ്ടെത്തി. ഇതിനാൽ മുഹമ്മദിനെതിരെ കുഴൽപ്പണം സൂക്ഷിച്ചതിനുള്ള കേസ് മാത്രമാണുള്ളത്. മയക്കുമരുന്ന് കടത്തിയതിന്റെ പണമാണ് മുഹമ്മദിന്റെ കൈവശമുള്ളതെന്ന രഹസ്യവിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇപ്പോൾ അറസ്റ്റിലായ രണ്ട് പേർക്കെതിരെയും 22 ( എ ) വകുപ്പ് ചുമത്തിയാണ് കേസ്.

അറസ്റ്റിലായ മൻസൂർ മയക്കുമരുന്നു കേസിൽ സൗദിഅറേബ്യയിൽ എട്ടു വർഷം ജയിൽ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയ ആളാണ്. ശിക്ഷ കഴിഞ്ഞ് ഒന്നര വർഷം മുമ്പാണ് സൗദിയിൽ നിന്ന് ഇയാളെ നാട്ടിലേക്ക് കയറ്റി അയച്ചത്. നേരത്തെ അറസ്റ്റിലായ കെ.ടി മുഹമ്മദും മയക്കുമരുന്ന് കേസിൽ സൗദിയിലെ ജിദ്ദ ജയിലിൽ രണ്ടുവർഷത്തോളം ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇവർ രണ്ടുപേരും ഒരേ കാലയളവിൽ ജയിലിൽ ഉണ്ടായിരുന്നത്. ഈയിടെ പെരിന്തൽമണ്ണയിൽ നിന്ന് മയക്ക് മരുന്നുമായി പിടിയിലായി ഇപ്പോൾ കണ്ണൂർ ജയിലിൽ കഴിയുന്ന മജീദ് , മൻസൂറിന്റെ അമ്മാവനാണ്. ഇവരെല്ലാം ഒരേ സംഘമാണെന്നാണ് പൊലീസ് സംശയിക്കുന്നത്.

പിടിയിലായവരുടെ മൊബൈൽ ഫോണുകളിലേക്ക് സൗദി അറേബ്യ, പാക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നായി നിരവധി ഫോൺ കോളുകൾ വന്നിട്ടുണ്ട്. കസ്റ്റഡിയിലെടുത്ത ശേഷം മാത്രം 25 ൽ അധികം വിദേശ കോളുകൾ വന്നതായി പൊലീസ് പറഞ്ഞു. ഇതിനിടെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ് കസ്റ്റഡിയിലിരിക്കെ മൻസൂർ കയ്യിലുള്ള ആപ്പിൾ ഐ ഫോൺ നിലത്തെറിഞ്ഞു. ഇത് കൂടുതൽ ദുരൂഹത വർദിപ്പിക്കുന്നു. തെളിവ് നശിപ്പിക്കുന്നതിനും മറ്റു മയക്കുമരുന്ന് കണ്ണികളെ പിടികൂടുന്നതിനുമാണ് ഫോൺ എറിഞ്ഞ് നശിപ്പിച്ചതെന്നാണ് സംശയിക്കുന്നത്. എന്നാൽ ഫോൺ പരിശോധിക്കുന്നതിനായി വിദഗ്ദരെ കൊണ്ടുവന്ന് പൊലീസ് നടപടി തുടങ്ങി.

സംഘത്തിൽ നിന്ന് കണ്ടെടുത്തത് പ്രത്യേകതരം ഡ്രഗ്‌സ് ആണെന്നും ഇത് പരിശോധിച്ച് വരികയാണെന്നും പൂക്കോട്ടുപാടം എസ്.ഐ അമൃത്രംഗൻ പറഞ്ഞു. നാർക്കോട്ടിക് വിദഗ്ധരെ കൊണ്ടുവന്നു പരിശോധന നടത്തിയിട്ടുണ്ട്. ഇതിനുപുറമേ പിടിച്ചെടുത്ത മയക്കുമരുന്ന് ലബോറട്ടറിയിലേക്ക് പരിശോധനയ്ക്കായി വിട്ടിട്ടുണ്ട്. വിദേശരാജ്യങ്ങളിൽ ഏറ്റവും ഡിമാൻഡുള്ള മയക്കു മരുന്നാണിതെന്ന് വിദഗ്ദ്ധർ പറയുന്നു. മെത്താമെഫ്റ്റാമെൻ എന്ന പേരിൽ നാർക്കോട്ടിക് വിദഗ്ദ്ധർ പറയുന്ന ഈ മയക്കുമരുന്ന് ഷബ, എന്നും ഐസ് എന്നും വിളിക്കപ്പെടുന്നുണ്ട്. ഇത് രണ്ട് ഗ്രാം മാത്രം കൈവശം വച്ചാൽ തന്നെ ഇവിടെ പത്തുവർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. സ്വന്തം ഉപയോഗത്തിനായി കൈവശം വെച്ച മയക്കുമരുന്ന് പൊടിയാണ് ഇവരിൽ നിന്ന് പിടിച്ചത്.

വിദേശത്തേക്ക് മയക്കുമരുന്ന് കയറ്റുന്നതിന് ആളുകളെ ഏർപ്പാട് ചെയ്തത് മൻസൂറാണ്. ഇവർ മൂന്നു പേർക്കു പുറമെ വലിയ റാക്കറ്റ് തന്നെ പ്രവർത്തിക്കുന്നതായാണ് പൊലീസ് സംശയിക്കുന്നത്. പ്രതികൾക്കായി ഉന്നതർ സമ്മർദം ചെലുത്തിക്കൊണ്ടിരിക്കുന്നുണ്ട്. കഴിഞ്ഞ രണ്ട് ദിവസമായി പൂക്കോട്ടുംപാടം പൊലീസ് സ്റ്റേഷനു മുന്നിൽ പ്രതികൾക്കായി ഒരു സംഘം തന്നെ തടിച്ചുകൂടിയിട്ടുണ്ട്. പ്രതികളെ ജാമ്യത്തിലിറക്കുന്ന നടപടികൾ ഇവരുടെ നേതൃത്വത്തിലാണ് നടക്കുന്നത്. വിവിധ പ്രദേശങ്ങളിലെ മയക്കുമരുന്ന് മാഫിയകളാണ് ഈ സംഘമെന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. വിദേശ രാജ്യങ്ങളിൽ ശൃംഖലകളുള്ള മയക്കുമരുന്ന് സംഘമാണ് പിടിയിലായവരെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്.

പൊലീസിനു മേൽ സമ്മർദങ്ങൾ ശക്തമായ സാഹചര്യത്തിൽ കേസുകളുടെ ഭാവിയും ആശങ്കയിലാണ്. പഴുതടച്ച് കൃത്യമായ അന്വേഷണം നടത്തിയാൽ മയക്കുമരുന്ന് മാഫിയകളുടെ അതോലോക ഇടപാടുകൾ പുറത്തുവരുമെന്നത് വ്യക്തമാണ്.