നിലമ്പൂർ: പ്രണയംനടിച്ച് ലൈംഗികദൃശ്യങ്ങൾ വീഡിയോയിൽ പകർത്തി ഭീഷണിപ്പെടുത്തി കഞ്ചാവ് കടത്തുകാരിയാക്കിയ യുവാക്കളെ കുറിച്ചുള്ള പരാതി പൊലീസ് തന്നെ മുക്കി. പരാതി പറഞ്ഞ യുവതിയെ യുവാക്കൾക്കൊപ്പം തന്നെ പൊലീസ് പറഞ്ഞു വിടുകയും ചെയ്തു. കോട്ടയം സ്വദേശിനിയായ ഇരുപത്തിമൂന്നുകാരിയാണു പൊലീസ്-കഞ്ചാവ് മാഫിയ കൂട്ടുകെട്ടിൽ പെട്ടുപോയത്. കരുളായിലെ സ്വകാര്യ ആശുപത്രി ജീവനക്കാരിയാണു ക്രൂരമായ പീഡനങ്ങൾക്കിരയായത്. യുവതിയെ പ്രണയം നടിച്ചു ഷെഫീഖ് വലയിലാക്കുകയായിരുന്നു.

വിദേശത്ത് നഴ്സിങ് ജോലിക്ക് വിസ നൽകാമെന്നു പറഞ്ഞ് പല തവണയായി 80,000 രൂപയും സ്വന്തമാക്കിയ ശേഷമായിരുന്നു പീഡനം. ഗൾഫിലേക്ക് പോകാൻ വിമാനത്താവളത്തിലേക്കെന്നു പറഞ്ഞ് കൊണ്ടുപോയായിരുന്നു പീഡനം. നാടുകാണിയിലെ ഒരു വീട്ടിൽ എത്തിച്ച് പാനീയത്തിൽ ലഹരിമരുന്നു നൽകിയായിരുന്നു പീഡിനം. മൂന്നു പേരാണ് പീഡിപ്പിച്ചത്. പീഡനദൃശ്യം ക്യാമറയിൽ പകർത്തി ഭീഷണിപ്പെടുത്തി കഞ്ചാവ് കടത്തുകാരിയുമാക്കി. ഇതിനു വിസമ്മതിച്ച യുവതിയെ ക്രൂരമർദനത്തിനിരയാക്കി. പിന്നീട് യുവതി നിലമ്പൂർ സിഐ ഓഫീസെത്തി പരാതി പറഞ്ഞപ്പോൾ പൊലീസ് പൂക്കോട്ടൂരുള്ള കുടുംബശ്രീയുടെ സ്നേഹിത എന്ന ഹോമിലേക്ക് അയച്ചു. ഇവിടെ നിന്നു രണ്ടു ദിവസം കഴിഞ്ഞപ്പോൾ പറഞ്ഞുവിട്ടു.

കഴിഞ്ഞ ജൂണിൽ നടന്ന പീഡനത്തെക്കുറിച്ച് പൂക്കോട്ടുംപാടം സ്റ്റേഷനിലെത്തി പരാതി പറഞ്ഞപ്പോഴാണ് യുവതിയെ പീഡിപ്പിച്ച ഷെഫീഖിനെ പൊലീസ് വിളിച്ചുവരുത്തി വീട്ടിലേക്ക് അയച്ചത്. കെ.എസ്.ആർ.ടി.സി ബസിൽ ഷെഫീഖ് യുവതിയുമായി കോട്ടയത്തക്കു പുറപ്പെട്ടു. കൂട്ടുപ്രതികളായ ഷഹീദും ആഷിഖും വണ്ടൂരിൽ നിന്നു ബസിൽ കയറി. യുവതിയെ മൂവാറ്റുപുഴയിൽ ഇറക്കി മൂവരും മുങ്ങുകയായിരുന്നു. യുവതി ലഹരിക്ക് അടിമയാണെന്നാണു സംഘം വീട്ടിലും നാട്ടിലും പ്രചരിപ്പിച്ചത്. എന്നാൽ, വനിതാ സംഘടനകളുടെ ഇടപെടലിനെത്തുടർന്നു ഡി.ജി.പി. നിർദ്ദേശം നൽകിയതോടെയാണു കേസെടുക്കാൻ തയാറായത്. കരുളായി ചെട്ടിയിൽ ഷഫീഖ്, പാലക്കൽ ഷഹീദ്, വലമ്പുറം സ്വദേശി ആഷിഖ് എന്നിവർക്കെതിരേ കേസെടുത്തെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

മഹിളാ സമഖ്യ സൊസൈറ്റി പ്രവർത്തകർ ഇടപെട്ടു ഡി.ജി.പിക്കു പരാതി നൽകിയതിനെത്തുടർന്നാണു കേസ് രജിസ്റ്റർ ചെയ്തത്. നിലമ്പൂർ സി.ഐ: കെ.എം. ദേവസ്യയുടെ നേതൃത്വത്തിൽ യുവതിയുമായി തെളിവെടുപ്പ് നടത്തിയെങ്കിലും പ്രതികളെ പിടികൂടാനുള്ള യാതൊരു നടപടിയുമുണ്ടായിട്ടില്ല.