പത്തനംതിട്ട: ഒരു ആവശ്യവുമില്ലാതെ ശബരിമലയിൽ നിരോധനാജ്ഞ തുടരുന്നത് എന്തിന്? കഴിഞ്ഞ കുറേ ആഴ്ചകളായി പത്തനംതിട്ട ജില്ലാ കലക്ടറോട് ചോദിച്ചാൽ അദ്ദേഹം ഉടൻ ഒരു റിപ്പോർട്ട് പൊക്കിക്കാണിക്കും. ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടാണത്. കഴിഞ്ഞ ദിവസം ബിജെപിയുടെ ആറു നേതാക്കൾ നിലയ്ക്കലിൽ നിരോധനാജ്ഞ ലംഘിച്ചു. അതു കൊണ്ട് 144 ജനുവരി 14 വരെ നീട്ടണം. മണ്ഡലകാല തീർത്ഥാടനം തുടങ്ങിയതു മുതൽ അവസാനം നിരോധനാജ്ഞ നീട്ടിയ ഇന്നലെ വരെ പൊലീസ് മേധാവി നിരത്തുന്നത് ഒരേ കാര്യമാണ്. നിലയ്ക്കലിൽ ബിജെപി നേതാക്കൾ നിരോധനാജ്ഞ ലംഘിച്ചു. ലംഘിച്ചവരുടെ പേരിൽ മാത്രം മാറ്റമുണ്ടെന്നതൊഴിച്ചാൽ ബാക്കിയൊക്കെ കോപ്പി പേസ്റ്റ്. അന്നു മുതൽ ഇന്നലെ വരെജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ട് ജനുവരി 14 വരെ ശബരിമലയിൽ നിരോധനാജ്ഞ തുടരണമെന്നാണ്. ഇത് കണക്കിലെടുക്കാതെ കലക്ടർ രണ്ടു ദിവസം, നാലു ദിവസം ഈ കണക്കിൽ നിരോധനാജ്ഞ നീട്ടും.

കഴിഞ്ഞ 16 മുതൽ 18 വരെ നിരോധനാജ്ഞ നീട്ടിയത് ഒരു കാരണവും ഇല്ലാതെയായിരുന്നു. അതു കൊണ്ടു തന്നെയാണ് പതിവു ക്വോട്ട ആയ നാലു ദിവസം രണ്ടാക്കി വെട്ടിക്കുറച്ചത്. ഈ പ്രഖ്യാപിക്കുന്ന കാലയളവിന് തൊട്ടുമുൻപ് അവിടെ നിരോധനാജ്ഞ ലംഘനവും നടന്നില്ല. ബിജെപി നേതാക്കൾ മറന്നു പോയതോ തിരക്കിൽപ്പെട്ട് പോയതോ ആകണം കാരണം. അപകടം മനസിലാക്കിയ പൊലീസ് പറഞ്ഞു കൊടുത്തിട്ടാകണം, കൃത്യം 17 ന് ബിജെപി ജില്ലാ പ്രസിഡന്റ് അടക്കം എട്ടു പേർ നിലയ്ക്കലിൽ എത്തി നിരോധനാജ്ഞ ലംഘിച്ച് അറസ്റ്റ് വരിച്ചു. നിരോധനാജ്്ഞ ലംഘനം കോമഡി ഷോ ആയി മാറിയിരിക്കുകയാണ് ഇവിടെ. ഒരു നിരോധനാജ്ഞയുടെ കാലയളവിൽ ഒരു പറ്റം ബിജെപിക്കാരെത്തി ലംഘിക്കും. അതിന്റെ പേരിൽ നാലു ദിവസം നിരോധനാജ്ഞ നീട്ടും.

വീണ്ടും ഒരു സംഘം എത്തും, ലംഘിക്കും, നീട്ടും. കഴിഞ്ഞ കുറേ നാളായി ഈ കള്ളനും പൊലീസും കളിയാണ് ഇവിടെ നടക്കുന്നത്. 144 ലംഘിക്കുന്നതിന് പെറ്റിക്കേസ് ആണെടുക്കുന്നത്. ബിജെപിക്കാർക്ക് ചുളുവിൽ പബ്ലിസിറ്റിയും കിട്ടും. ഈ ലംഘനത്തിന് കുറേ നടപടി ക്രമങ്ങൾ ഉണ്ട്. ലംഘിക്കുന്നതിന് മുൻപ് ചാനൽ ഓഫീസുകളിൽ വിളിച്ച് ഞങ്ങളിതാ ലംഘിക്കാൻ പോകുന്നുവെന്ന് അറിയിക്കും. അവർ പാഞ്ഞു വരുമ്പോൾ പൊലീസുമായി പിടിവലി, ഉന്തും തള്ളും, ശരണം വിളി ആകെ ആഘോഷമാകും. ചാനലുകളിൽ ഫ്ളാഷ് മിന്നി മറയും. പിറ്റേന്ന് പത്രങ്ങളിൽ പടം സഹിതം ഓൾ എഡീഷൻ വാർത്ത വരും. നഷ്ടം ഏതാനും മണിക്കൂറുകളുടെ കഷ്ടപ്പാട് മാത്രം. ഈ പേക്കൂത്തിന്റെ മറവിലാണ് നിലവിൽ ശബരിമലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച് തീർത്ഥാടകരെ ബുദ്ധിമുട്ടിക്കുന്നത്.

ശബരിമല ദർശനത്തിന് എത്തുന്ന തീർത്ഥാടകരുടെ സംരക്ഷണം ഉറപ്പാക്കുന്നതിനും ക്രമസമാധാനം നിലനിർത്തി ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനും പൊതുമുതൽ സംരക്ഷിക്കുന്നതിനുമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്. പമ്പാ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഇലവുങ്കൽ മുതൽ സന്നിധാനം വരെ എല്ലാ പ്രദേശങ്ങളിലും മുഴുവൻ റോഡുകളിലും ഉപറോഡുകളിലും നിരോധനാജ്ഞ ബാധകമാണ്. ഇലവുങ്കൽ മുതൽ സന്നിധാനം വരെയുള്ള പ്രദേശങ്ങളിൽ ജനങ്ങൾ നിയമവിരുദ്ധമായി സംഘം ചേരുന്നതും പ്രകടനം, പൊതുയോഗം, വഴിതടയൽ എന്നിവ നടത്തുന്നതും നിരോധിച്ചിട്ടുണ്ട്. ശബരിമല ദർശനത്തിന് എത്തുന്ന തീർത്ഥാടകർക്ക് സമാധാനപരമായ ദർശനം, അവരുടെ വാഹനങ്ങളുടെ സുഗമമായ സഞ്ചാരം എന്നിവ നിരോധനാജ്ഞയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഭക്തർക്ക് ഒറ്റയ്ക്കോ, സംഘമായോ ദർശനത്തിന് എത്തുന്നതിനോ ശരണം വിളിക്കുന്നതിനോ, നാമജപം നടത്തുന്നതിനോ ഈ ഉത്തരവു മൂലം യാതൊരു തടസും ഇല്ല.

ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെയും ശബരിമല അഡീഷണൽ ജില്ലാ മജിസ്ട്രേട്ടിന്റെ റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിലും തുലാമാസ പൂജാ സമയത്തും ചിത്തിര ആട്ട വിശേഷ സമയത്തും മണ്ഡല മകരവിളക്കിനായി നട തുറന്നതു മുതലുള്ള ക്രമസമാധാന ലംഘനത്തിന്റെയും അക്രമസംഭവങ്ങളുടെയും അടിസ്ഥാനത്തിലും സ്ഥലത്തെ സംഘർഷ സാധ്യത നേരിൽ ബോധ്യപ്പെട്ടതിന്റെയും അടിസ്ഥാനത്തിലാണ് ക്രിമിനൽ നടപടിക്രമം വകുപ്പ് 144 പ്രകാരം ജില്ലാ മജിസ്ട്രേട്ടായ ജില്ലാ കളക്ടർ നിരോധനാജ്ഞ നീട്ടിയത്.
ക്രമസമാധാനം നിലനിർത്തുന്നതിന് മുൻകരുതലായി നിരോധനാജ്ഞയുടെ തൽസ്ഥിതി തുടരാവുന്നതാണെന്ന് ശബരിമല അഡീഷണൽ ജില്ലാ മജിസ്ട്രേട്ടും റിപ്പോർട്ട് നൽകി. ജില്ലയിൽ ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് വിവിധ അക്രമ സംഭവങ്ങളിൽ ഇതുവരെ 100 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിലയ്ക്കൽ നിരോധനാജ്ഞ ലംഘിച്ചതിന് ബിജെപി ജില്ലാ പ്രസിഡന്റിന്റെ നേതൃത്വത്തിൽ എട്ടു പേരെ ഡിസംബർ 17ന് അറസ്റ്റു ചെയ്തിരുന്നു.

അതീവ സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചിട്ടുള്ള ശബരിമലയിൽ പ്രതിഷേധക്കാർ പല ഭാഗങ്ങളിൽ കേന്ദ്രീകരിക്കാൻ സാധ്യതയുള്ളതും ജനങ്ങളുടെയും തീർത്ഥാടകരുടെയും ഇടയിൽ നുഴഞ്ഞു കയറി പലതരത്തിലുള്ള അക്രമ പ്രവർത്തനങ്ങളിൽ ഏർപ്പെടാനും സാധ്യത ഉള്ള സാഹചര്യത്തിൽ ഇലവുങ്കൽ മുതൽ സന്നിധാനം വരെയുള്ള സ്ഥലങ്ങളിൽ ക്രിമിനൽ നടപടിക്രമം വകുപ്പ് 144 പ്രകാരം ജനുവരി 14ന് അർധരാത്രി വരെ നിരോധനാജ്ഞ ദീർഘിപ്പിക്കണമെന്ന് ജില്ലാ പൊലീസ് മേധാവിയും റിപ്പോർട്ട് നൽകിയിരുന്നു.