തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ വി.ബി. ഉണ്ണിത്താൻ ലക്ഷങ്ങൾ ലോണെടുത്ത് മുങ്ങിയെന്ന് മാതൃഭൂമിയിലെ സഹപ്രവർത്തകയുടെ വെളിപ്പെടുത്തൽ. മാതൃഭൂമി പ്രസ് എംപ്ലോയീസ് കോ- ഓപ്പറേറ്റീവ് മൾട്ടി പർപസ് സൊസൈറ്റിയിൽ നിന്ന് ഏഴുലക്ഷം ലോണെടുത്ത ഇയാൾ പണം തിരിച്ചടച്ചില്ലെന്നും അതേക്കുറിച്ച് ചോദിച്ചപ്പോൾ ആക്ഷേപിക്കുകയാണെന്നുമാണ് മാതൃഭൂമി സബ് എഡിറ്റർ നിലീന അത്തോളി തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. ഉണ്ണിത്താന് ലോൺ ലഭ്യമാക്കാൻ ജാമ്യം നിന്നത് നിലീനയായിരുന്നു.

മാതൃഭൂമിയിൽ നിന്ന് പിരിഞ്ഞ ഉണ്ണിത്താൻ പുതിയ മാധ്യമസ്ഥാപനം തുടങ്ങിയിരിക്കുകയാണ് ഇപ്പോൾ. നിലീനയുടെ വെളിപ്പെടുത്തലോടെ എല്ലാവിധ മോശപ്പെട്ട കളികളും അദ്ദേഹം കളിക്കുമെന്നും. ഭീതിയുണ്ടെന്നും ഭീഷണികളെ ഭയക്കുകയാണെന്നും നിലീന കുറിക്കുന്നു. ഏഴുലക്ഷം രൂപയാണ് മാതൃഭൂമി ചീഫ് റിപ്പോർട്ടർ ആയിരിക്കെ ഉണ്ണിത്താൻ ലോൺ എടുത്തത്. ആറര ലക്ഷം ബാക്കി നിൽക്കെ ഉണ്ണിത്താൻ മാതൃഭൂമിയിൽ നിന്ന് രാജിവെച്ചു. പിന്നീട് ഇത് വരെ ലോൺ അടച്ചിട്ടില്ല. ലോൺ അടയ്ക്കണമെന്ന് പല തവണ താൻ ആവശ്യപ്പെട്ടിട്ടും ഉണ്ണിത്താൻ പരിഹസിക്കുകയാണ് ചെയ്തതെന്നും നിലീന മറുനാടൻ മലയാളിയോട് പറഞ്ഞു.

ഉണ്ണിത്താനെതിരെ പൊലീസിൽ പരാതി നൽകുമെന്നും നിലീന വ്യക്തമാക്കി. എന്നാൽ ലോൺ പ്രശ്‌നം മാതൃഭൂമിക്കുള്ളിൽ ഉള്ള ഒരു വിഷയം മാത്രമാണെന്ന് വി ബി ഉണ്ണിത്താൻ മറുനാടനോട് പറഞ്ഞു. മാതൃഭൂമിയിൽ നിന്ന് രാജി വെച്ചപ്പോൾ തനിക്ക് ലഭിക്കേണ്ട ലക്ഷക്കണക്കിന് രൂപ അവർ പിടിച്ചു വെച്ചിരിക്കുകയാണ്. പല തവണ ആവശ്യപ്പെട്ടിട്ടും മാതൃഭൂമി തുക നൽകാൻ തയ്യാറായിട്ടില്ല. മാതൃഭൂമിക്കുള്ളിലുള്ള സോസൈറ്റിയിൽ നിന്നാണ് താൻ ലോൺ എടുത്തത്. അതുകൊണ്ട് തന്നെ തനിക്ക് തരാനുള്ള പണം കൊണ്ട് ലോൺ അടച്ചു തീർക്കാനുള്ള ബാധ്യത മാതൃഭൂമിയുടേതാണെന്നും നിലീന പരാതിപ്പെടേണ്ടത് ശ്രേയാംസ് കുമാറിനെതിരെ ആണെന്നും ഉണ്ണിത്താൻ പറഞ്ഞു. എന്നാൽ, മാതൃഭൂമിയുമായി കോപ്പറേറ്റീവ് സൊസൈറ്റിക്ക് ബന്ധം ഇല്ലെന്നും, അതുകൊണ്ട് തന്നെ, ലോൺ അടച്ചുതീർക്കേണ്ട ബാധ്യത മാതൃഭൂമിക്ക് ഇല്ലെന്നും കള്ളം പറഞ്ഞ് ഉണ്ണിത്താൻ തങ്ങളെ വീണ്ടും വഞ്ചിക്കുക ആണെന്നും നിലീന പറഞ്ഞു.

നിലീനയുടെ ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം -

ഇതൊരു വഞ്ചനയുടെ കഥയാണ്

സംഭവം നടന്നിട്ട് രണ്ട് വർഷമായെങ്കിലും സാമൂഹിക മാധ്യമങ്ങളിലൊന്നും പങ്കുവെക്കേണ്ടെന്നാണ് ഞാനാദ്യം കരുതിയത്. പക്ഷെ തെറ്റ് ചെയ്തയാൾ യാതൊരു ജാള്യതയുമില്ലാതെ സത്യത്തിന്റെയും ശരിയുടെയും പക്ഷത്തു നിന്ന് എന്നവകാശപ്പെട്ടുകൊണ്ട് ഒരു പുതിയ വാർത്താ സംരംഭം തുടങ്ങുന്നു എന്ന പോസ്റ്റർ കണ്ടപ്പോൾ ചിലത് പങ്കുവെക്കേണ്ടത് അനിവാര്യതയായി തോന്നുന്നു.

ശ്രീ വി.ബി ഉണ്ണിത്താനെകുറിച്ചാണ് പറയാനുള്ളത്. ഇദ്ദേഹം മാതൃഭൂമിയിൽ ചീഫ് റിപ്പോർട്ടറായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ ആവശ്യത്തിനായി അദ്ദേഹം മാതൃഭൂമി പ്രസ് എംപ്ലോയീസ് കോ- ഓപ്പറേറ്റീവ് മൾട്ടി പർപസ് സൊസൈറ്റിയിൽ നിന്ന് നാല് വായ്പകളെടുത്തിരുന്നു. വായ്പയെടുക്കാൻ അംഗങ്ങൾ പരസ്പരം ജാമ്യം നിൽക്കുന്ന ലളിതമായ നടപടിക്രമങ്ങളെ സൊസൈറ്റിയിലുള്ളൂ. അംഗങ്ങളുടെ പരസ്പര വിശ്വാസത്തിലാണ് ആ സ്ഥാപനത്തിന്റെ നിലനിൽപ് തന്നെ. അത്തരത്തിൽ പരസ്പരം ജാമ്യം നിന്നാണ് പലരും വായ്പ തുക പറ്റുന്നത്. ഈ വിശ്വാസത്തിന്റെ മാത്രം അടിസ്ഥാനത്തിലാണ് ബൈലൈനിലൂടെ മാത്രം എനിക്ക് പരിചയമുള്ള (എനിക്ക് നേരിട്ട് പരിചയമില്ലാത്ത) വി ബി ഉണ്ണിത്താൻ എന്നെ ഫോൺ ചെയ്ത് അഭ്യർത്ഥിച്ചതു വഴി ഞാൻ അദ്ദേഹത്തിന് ജാമ്യം നിൽക്കുന്നത്. നാല് വ്യത്യസ്ത ലോണുകളായി ഏഴ് ലക്ഷം രൂപയാണ് അദ്ദേഹം വായ്പയെടുത്തത്. വളരെ കുറച്ച് അടവുകൾ മാത്രം അടച്ച് ആറരലക്ഷത്തോളം രൂപയുടെ ബാധ്യത നിലനിൽക്കെയാണ് അദ്ദേഹം മാതൃഭൂമിയിൽ നിന്ന് രാജിവെച്ചു പോവുന്നത്. രാജിവെച്ച വിവരം അറിയുന്നത് തന്നെ ഉണ്ണിത്താൻ അടവ് മുടക്കിയ കാര്യം സൊസൈറ്റി വിളിച്ചു പറയുമ്പോഴാണ്.

ഉടൻ തന്നെ ഉണ്ണിത്താനെ വിളിച്ച് സൊസൈറ്റി പറഞ്ഞ കാര്യം അറിയിച്ചു. 'തന്റെ പിഎഫും ഗ്രാറ്റ്‌വിറ്റിയും എല്ലാമുണ്ട്; നിലീന പേടിക്കേണ്ടതില്ല ' എന്നാണ് അന്ന് ഉണ്ണിത്താൻ അറിയിച്ചത്. മനുഷ്യരെ പ്രത്യേകിച്ച് സഹപ്രവർത്തകരെ വിശ്വസിക്കുക എന്നത് മനുഷ്യർക്ക് പറ്റിപ്പോകുന്നതല്ലേ. അതൊരു കുറ്റമല്ലല്ലോ.

പക്ഷെ രണ്ട് വർഷം കഴിഞ്ഞിട്ടും ആയിരം രൂപപോലും അടക്കാനോ ജാമ്യക്കാരുടെ ആശങ്കയെ അഡ്രസ്സ് ചെയ്യാനോ ഉള്ള ശ്രമം പോലും അദ്ദേഹത്തിന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ല. ഫോൺ പോലും എടുക്കാത്ത രീതിയിൽ ഒരു തരത്തിലുള്ള ഉത്തരവാദിത്വവുമില്ലാതെയാണ് പിന്നീടങ്ങോട്ട് അദ്ദേഹം പെരുമാറിയത്.

പിഎഫും ഗ്രാറ്റ്‌വിറ്റിയുമെല്ലാമായി കടം വീട്ടാനുള്ള നല്ലൊരു തുക കൈപറ്റിയിട്ടും ലോൺ അടച്ചു തീർത്ത് ജാമ്യക്കാരോടുള്ള കൂറ് പുലർത്താൻ അദ്ദേഹത്തിനായിട്ടില്ല. എന്റെ ഫോൺ എടുക്കാത്തതിനെത്തുടർന്ന് മറ്റൊരു നമ്പറിൽ നിന്ന് ഫോൺ വിളിച്ചപ്പോൾ 'ഒറ്റയടിക്ക് അടക്കാനാണെങ്കിൽ ലോൺ എടുക്കേണ്ടതുണ്ടോ' എന്ന തരത്തിലുള്ള പരിഹാസം കലർന്ന മറുപടിയാണ് ലഭിച്ചത്. ഇനി ഇതും പറഞ്ഞ് തന്നെ വിളിക്കേണ്ടതില്ലെന്നും അറിയിച്ചു.

അടവും പലിശയും വക്കീൽ ചിലവുമായി 6,70,467 രൂപ അടക്കണമെന്ന് പറഞ്ഞ് സൊസൈറ്റി നോട്ടീസ് അയച്ചിട്ട് രണ്ട് വർഷത്തോളമായി. ഞാൻ മാത്രമല്ല ഇയാളുടെ മറ്റ് ചില ലോണുകൾക്ക് ജാമ്യം നിന്ന വേറെയും ഹതഭാഗ്യരായ മാധ്യമപ്രവർത്തകരുമുണ്ട്. അവരും പലവിധ പ്രതിസന്ധികളിലാണ്.

ശാസ്താംകോട്ടയിൽ സ്വന്തം പേരിലായി ഭൂമിയും മാളികപോലുള്ള വലിയ വീടും സ്വന്തമായുള്ള വ്യക്തിയാണിദ്ദേഹം. എന്നിട്ടും ഒരു ധാർമ്മികതയുമില്ലാതെ എന്നെപ്പോലുള്ളവരെ കുരുക്കിലാക്കി മനസ്സാക്ഷിക്കുത്തേതുമില്ലാതെ സത്യത്തിനും ശരിക്കുമായി വാർത്താ സംരംഭം തുടങ്ങിയ അതിമനോഹരമായ കാഴ്ചയാണ് നമ്മളിവിടെ കാണുന്നത്.

സ്വന്തം പേരിൽ ഭൂമി പോലുമില്ലാത്ത ഞാൻ മനസ്സമാധാനം നഷ്ടപ്പെട്ട് കഴിയാൻ തുടങ്ങിയിട്ട് നാളുകളായി. ജീവിതത്തിൽ സമാധാനം ആഗ്രഹിക്കുന്നുണ്ട്. മറ്റൊരാൾ അയാളുടെ ആർഭാട ജീവിതത്തിനായി എടുത്ത ലോണിന്റെ ബാധ്യതയാണ് തലയിൽ അടിച്ചേൽപിക്കപ്പെട്ടിരിക്കുന്നത്. സ്ട്രെസ്സ് കാരണം പലവിധ ആരോഗ്യപ്രശ്നങ്ങളനുഭവിക്കുന്നുമുണ്ട്.

മാതൃഭൂമി തനിക്ക് കാശ് തരാനുണ്ടെന്ന കള്ളം പറഞ്ഞ് നടക്കുകയാണയാൾ. അതിനാലാണ് കട ബാധ്യത തീർക്കാത്തതെന്നും. ഇത്തരത്തിലുള്ള യുക്തിക്ക് നിരക്കാത്ത ന്യായം പറഞ്ഞാണ് ജാമ്യക്കാരെ ബുദ്ധിമുട്ടിക്കുന്നത്. സൊസൈറ്റിക്ക് കമ്പനിയുമായി യാതൊരു ബന്ധമില്ലെന്നിരിക്കെയാണ് ഇത്തരം ന്യായങ്ങൾ അയാൾ പറയുന്നത്. ഇനി അങ്ങനെയാണെങ്കിൽ തന്നെ ഞങ്ങൾ ജാമ്യക്കാരെന്തു പിഴച്ചു. ജാമ്യം നിന്നവരെ തന്റെ ബാധ്യത ഏറ്റെടുക്കാനുള്ള ചതിക്കുഴിയുണ്ടാക്കി ഞങ്ങളുടെ മനസ്സമാധാനം കെടുത്തുന്നതെന്തിനാണ്.

ഇത്തരമൊരു കുറിപ്പെഴുതിയാൽ എല്ലാവിധ മോശപ്പെട്ട കളികളും അദ്ദേഹം കളിക്കുമെന്നറിയാം. ഭീതിയുണ്ട്. ഭീഷണികളും ഭയക്കുന്നുണ്ട്. പക്ഷെ അയാളുടെ പുതിയ സംരംഭത്തിനും അയാളുടെ മഹത്തായ പത്രപ്രവർത്തനത്തിനും പുഷ്പവൃഷ്ടി നടത്തുന്നവരുടെ ശ്രദ്ധയിലേക്കായി ഇത്രയെങ്കിലും എഴുതണമെന്ന് ഉറച്ചു വിശ്വസിക്കുന്നു.
ഞങ്ങൾക്ക് നീതി വേണം.
#KNBalagopal #ChiefMinister

NB എന്നെക്കൂടാതെ മറ്റ് രണ്ട് പേർ കൂടി മറ്റ് ലോണുകൾക്കായി ജാമ്യം നിന്നിട്ടുണ്ട്. ഇത്തരത്തിൽ ഉണ്ണിത്താനുണ്ടാക്കിയ 9 ലക്ഷം രൂപയുടെ ബാധ്യതയാണ് ഇപ്പോൾ വിവിധ ലോണുകളായി ജാമ്യക്കാർ പേറുന്നത്.

വിശ്വസ്തതയോടെ ,

നിലീന അത്തോളി