കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ സംഘർഷത്തിൽ ഒരാൾ വെടിയേറ്റ് മരിച്ചതുമായി ബന്ധപ്പെട്ട കേസിൽ ഒമ്പത് സിഐഎസ്.എഫ് ജവാന്മാർ കൊണ്ടോട്ടി പൊലീസ് സ്‌റ്റേഷനിൽ കീഴടങ്ങി. വൈകിട്ടു നാലോടെയാണ് ഇവർ സ്‌റ്റേഷനിലെത്തിയത്.

സുരേഷ് ഗൗള, സുഭാഷ് ചന്ദ്രൻ, കെ.കെ.ദൗഡ, ജിതേന്ദ്ര കുമാർ, അരവിന്ദ് യാദവ്, അശ്വിൻ കുമാർ, അമിത് തിവാരി, ധീരേന്ദ്ര ഓരാൻ, ജി.എ.നടരാജ്, എന്നിവരാണ് കീഴടങ്ങിയത്. ഇവരെ ഹാജരാക്കാൻ കൂടുതൽ സമയം വേണമെന്ന് സിഐഎസ്.എഫ് പൊലീസിനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു.

വിമാനത്താവളത്തിൽ ജവാൻ വെടിയേറ്റു മരിച്ചതിനെത്തുടർന്നുണ്ടായ അക്രമസംഭവത്തിലാണ് ഒൻപത് സിഐഎസ്എഫ് ഭടന്മാർ കീഴടങ്ങിയത്. പൊതുമുതൽ നശിപ്പിച്ച കേസിലാണ് അറസ്റ്റ്. കേസിൽ നേരത്തെ അറസ്റ്റിലായ നാലു ജവാന്മാർ റിമാൻഡിലാണ്. വെടിവയ്പുകേസിൽ പത്ത് അഗ്‌നിശമനസേനാ ഉദ്യോഗസ്ഥരെയും നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. മനഃപൂർവമല്ലാത്ത നരഹത്യാക്കുറ്റം ചുമത്തിയാണ് ഇവർക്കെതിരെ കേസ്.

പൊതുമുതൽ നശിപ്പിച്ച കേസിൽ പ്രതികളായ നാലു ഭടന്മാരുടെ ജാമ്യാപേക്ഷ മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു. റിമാൻഡിൽ കഴിയുന്ന ബീഹാർ സ്വദേശി വിനയകുമാർ ഗുപ്ത (25), മഹാരാഷ്ട്ര സ്വദേശി രാമോഗി ദീപക് യശ്വന്ത് (26), ഉത്തർപ്രദേശ് സ്വദേശി ലോകേന്ദ്ര സിങ് (26), രാജസ്ഥാൻ സ്വദേശി രാകേഷ് കുമാർ മീണ (26) എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്.

ഇപ്പോൾ കീഴടങ്ങിയ ജവാന്മാർ അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാകണമെന്നാവശ്യപ്പെട്ട് നോട്ടീസയച്ചിരുന്നു. നോട്ടീസ് കാലാവധി തീർന്നതിനേത്തുടർന്നാണ് കീഴടങ്ങിയത്. ഇതോടെ കേസിൽ കസ്റ്റഡിയിലുള്ളവർ 13 ആയി.