കോഴിക്കോട്: സംസ്ഥാനത്ത് നിപ്പ വൈറസ് ബാധ നിയന്ത്രണ വിധേയമാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറയുമ്പോഴും വൈറസ് ബാധയെ തുടർന്നുള്ള മരണസംഖ്യ ഉയരുന്നു. ഇന്നലെ ഒരാൾ കൂടി നിപ ബാധയെ തുടർന്ന് മരിച്ചതോടെ സംസ്ഥാനത്ത് വൈറസ് ബാധിച്ചു മരിച്ചവരുടെ എണ്ണം 13 ആയി. നിപ്പ സ്ഥിരീകരിച്ചത് 29 പേർ ചികിത്സയിൽ കഴിയുന്നുണ്ട്. . പേരാമ്പ്ര നരിപ്പറ്റ സ്വദേശി കല്ല്യാണിയാണ് ഇന്നലെ നിപ ബാധയെ തുടർന്ന് മരിച്ചത്. ഈ മാസം 16 മുതൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സിലായിരുന്നു. ഇതോടെ നിപ്പ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 13 ആയി. നിപ്പ സ്ഥിരീകരിച്ച രണ്ടു പേർ ചികിത്സയിലുണ്ട്.

29 പേരാണ് വൈറസ് ബാധ സംശയിച്ച് സംസ്ഥാനത്തെ വിവിധ ആശുപത്രികളിലുള്ളത്. കോഴിക്കോട് 11, മലപ്പുറം ഒമ്പത്, എറണാകുളം നാല്, കോട്ടയം രണ്ട്, തിരുവനന്തപുരം, തൃശ്ശൂർ, വയനാട് ഓരോന്നു വീതം എന്നിങ്ങനെയാണ് കണക്ക്. രോഗംബാധിച്ചവരുമായി സമ്പർക്കത്തിലായിരുന്ന കൂടുതൽ പേർ നിരീക്ഷണത്തിലാണ്. കൂടുതൽപേരെ നിരീക്ഷിക്കാനായി റവന്യൂ, ആരോഗ്യവകുപ്പുകൾ സംയുക്തമായി പ്രവർത്തിക്കും. ഇതിനായി ആശ പ്രവർത്തകരെ ഉൾപ്പെടെ പരിശീലിപ്പിക്കും.

അതിനിടെ, കഴിഞ്ഞ ദിവസവും ഇന്നലെയുമായി 21 രോഗികളുടെ സാംപിളുകൾ പരിശോധനയിൽ നെഗറ്റിവ് ആണെന്നു കണ്ടെത്തി. കൂടുതൽ പേർക്കു രോഗലക്ഷണങ്ങളില്ല. മരിച്ച മലപ്പുറം മൂന്നിയൂർ സ്വദേശി സിന്ധുവിന്റെ ഭർത്താവ് സുബ്രഹ്മണ്യൻ അടക്കമുള്ളവരുടെ സാംപിളുകളാണു മണിപ്പാൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധിച്ചത്. എങ്കിലും നാലു മുതൽ 21 വരെ ദിവസം ലക്ഷണം പ്രകടമാകില്ലെന്നതിനാൽ നിരീക്ഷണം തുടരാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.

സാംപിൾ ഫലം നെഗറ്റിവ് ആയവരിൽ അഞ്ചു പേർ മലപ്പുറം ജില്ലയിൽനിന്നുള്ളവരാണ്. കോഴിക്കോട്, മഞ്ചേരി, തൃശൂർ മെഡിക്കൽ കോളജുകളിലായി ചികിൽസയിലാണിവർ. കോട്ടയം മെഡിക്കൽ കോളജിൽ ചികിൽസ തേടിയ രണ്ടുപേർക്കും നിപ്പ ഇല്ല. നിലവിൽ വിവിധ ജില്ലകളിലായി 26 പേർക്കു നിപ്പ സംശയിക്കുന്നു. ആരോഗ്യവകുപ്പിന്റെ ജില്ല തിരിച്ചുള്ള കണക്ക്: കോഴിക്കോട് 10, മലപ്പുറം ആറ്, കണ്ണൂർ, എറണാകുളം മൂന്നു വീതം, തിരുവനന്തപുരം, തൃശൂർ, വയനാട്, കാസർകോട് ഒന്നു വീതം. അതേസമയം എവിടെ നിന്നാണ് വൈറസ് ബാധിച്ചതെന്ന കാര്യത്തിൽ ഇനിയും യാതൊരു വ്യക്തതയും കൈവന്നിട്ടില്ല. വവ്വാലിൽ നിന്നാണ് വൈറസ് പടർന്നതെന്ന വിലയിരുത്തലുണ്ടെങ്കിലും ഇക്കാര്യം സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ല.

കോഴിക്കോട് മെഡിക്കൽ കോളേജിൽ കടുത്ത നിയന്ത്രണം, അത്യാഹിത വിഭാഗത്തിൽ ഒഴികെയുള്ളവരെ ഡിസ്ചാർജ് ചെയ്യും

നിപ്പ ബാധയുടെ സാഹചര്യത്തിൽ കോഴിക്കോട് മെഡിക്കൽ കോളജിൽ രോഗികളെ പ്രവേശിപ്പിക്കുന്നതിനു നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ രോഹബാധ ഉണ്ടാകുന്നത് തടയാൻ വേണ്ടിയാണ് കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയത്. അത്യാഹിത വിഭാഗത്തിൽ ഒഴികെയുള്ളവരെ ഡിസ്ചാർജ് ചെയ്തു തുടങ്ങി. സാധാരണ പ്രസവ കേസുകൾ അഡ്‌മിറ്റ് ചെയ്യേണ്ടെന്നും തീരുമാനമുണ്ട്. മെഡിക്കൽ കോളജ് ആശുപത്രി ജീവനക്കാർക്ക് അവധി നൽകില്ല. സുരക്ഷയുടെ ഭാഗമായി പ്രോട്ടോക്കോൾ പ്രകാരമുള്ള വസ്ത്രം നിർബന്ധമാക്കിയെന്നും മെഡിക്കൽ കോളജ് പ്രിൻസിപ്പൽ പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കി.

അതിനിടെ നിപ്പ വൈറസ് ബാധിച്ച ഒരാൾ കൂടി മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന നരിപ്പറ്റ ചീക്കോന്ന് പടിഞ്ഞാറുങ്ങൽ കല്യാണി (75) ആണ് മരിച്ചത്. കഴിഞ്ഞ 16 മുതൽ ഇവർ മെഡിക്കൽ കോളജിൽ ചികിത്സയിലുണ്ട്. ഇന്നു രാവിലെയാണ് ഇവർക്കു രോഗം സ്ഥിരീകരിച്ചത്. ഇതോടെ നിപ്പ ബാധിച്ച് മരിച്ചവരുടെ എണ്ണം 13 ആയെങ്കിലും സ്ഥിരീകരിച്ചത് 12 പേർക്കു മാത്രമാണ്. ആദ്യം മരിച്ച സാബിത്തിന്റെ സ്രവസാംപിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടില്ലായിരുന്നതിനാൽ നിപ്പ സ്ഥിരീകരിച്ചിട്ടില്ല. അതേസമയം, രോഗം സ്ഥിരീകരിച്ച രണ്ടു പേരുടെ നില ഗുരുതരമായി തുടരുകയാണ്.

പനി ബാധിച്ച് കഴിഞ്ഞ ദിവസം മരിച്ച മട്ടാഞ്ചേരി സ്വദേശി രണ്ടര വയസുകാരൻ ഫർദീന് നിപ്പാ വൈറസ് ബാധിച്ചിരുന്നില്ലെന്ന് സ്ഥിരീകരിച്ചു. ജില്ലയിൽ നിന്ന് വിദഗ്ധ പരിശോധനയ്ക്കയച്ച നാലു സാംപിളുകളിൽ രണ്ടെണ്ണത്തിലും നിപ്പാ വൈറസ് സ്ഥിരീകരിച്ചിട്ടില്ല. ഇനി രണ്ടു സാംപിളുകളുടെ ഫലം ലഭിക്കാനുണ്ട്. ഈ രണ്ടു പേരും ആശുപത്രി വിട്ടു. പേരാമ്പ്ര സ്വദേശികളായ രണ്ടു പാരാ മെഡിക്കൽ വിദ്യാർത്ഥികളെയും കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ പാരാ മെഡിക്കൽ വിദ്യാർത്ഥിനിയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത് നിരീക്ഷണത്തിനു വേണ്ടി മാത്രമാണെന്നും ഇവരുടെ നില തൃപ്തികരമാണെന്നും ആരോഗ്യ വകുപ്പ് അധികൃതർ വ്യക്തമാക്കി.

അഞ്ച് ഡോക്ടർമാർക്ക് ഡൽഹിയിൽ അടിയന്തര പരിശീലനം

നിപ്പ വൈറസിനെ ഫലപ്രദമായി പ്രതിരോധിക്കാനായി കോഴിക്കോട് മെഡിക്കൽ കോളേജിലെ അഞ്ച് ഡോക്ടർമാർക്ക് ഡൽഹിയിലെ സഫ്തർജംഗ് ആശുപത്രിയിൽ അടിയന്തിര വിദഗ്ധ പരിശീലനം. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നിർദേശത്തെ തുടർന്നാണ് ഡോക്ടർമാർക്ക് വിദഗ്ധ പരിശീലനം സാധ്യമാക്കുന്നത്. നിപ്പയെപ്പോലെ ഇൻഫക്ഷൻ സാധ്യതയുള്ള രോഗം ബാധിച്ചവർക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കുന്ന പരിശീലനത്തിന്റെ ആവശ്യകതയെപ്പറ്റി കേന്ദ്ര സംഘം ആരോഗ്യ വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണ് തീരുമാനമുണ്ടായത്.

അനസ്തീഷ്യ വിഭാഗത്തിലെ രണ്ട് ഡോക്ടർമാരും പൾമണറി മെഡിസിൻ, ജനറൽ മെഡിസിൻ, എമർജൻസി മെഡിസിൻ എന്നീ വിഭാഗങ്ങളിൽ നിന്നും ഓരോ ഡോക്ടർമാരും വീതമാണ് പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നത്. മെയ്‌ 28 മുതൽ ജൂൺ ഒന്നു വരെയായിരിക്കും പരിശീലനം. ഈ ഡോക്ടർമാർ ഞായറാഴ്ച ഡൽഹിക്ക് തിരിക്കും.

നിപ്പ വൈറസ് പോലെയുള്ള ഇൻഫക്ഷൻ സാധ്യതയുള്ള രോഗങ്ങളിൽ തീവ്ര പരിചരണ വിഭാഗം എങ്ങനെ വിദഗ്ധമായി കൈകാര്യം ചെയ്യാം, ഇത്തരം കേസുകളിൽ വെന്റിലേറ്ററുകളുടെ വിദഗ്ധ ഉപയോഗം എങ്ങനെ തുടങ്ങിയ കാര്യങ്ങൾക്കാണ് പരിശീലനത്തിൽ പ്രാധാന്യം നൽകുക. പരിശീലനം സിദ്ധിച്ച ഈ ഡോക്ടർമാർ കേരളത്തിലെ മറ്റ് ഡോക്ടർമാർക്ക് പരിശീലനം നൽകുന്നതാണ്.

നഴ്‌സുമാർക്ക് അയിത്തം കൽപ്പിച്ച ബസുകാർക്കെതിരെ നടപടി

നിപ്പ വൈറസ് ആശങ്കയുടെ പേരിൽ യാത്ര നിഷേധിക്കുന്ന സ്വകാര്യ ബസുകൾക്കു നേരെ നടപടിയുടെ സംസ്ഥാന സർക്കാർ. കോഴിക്കോട്ടെ വിവിധ ആശുപത്രികളിലെ ജീവനക്കാർ, ആശുപത്രിയിലേക്കു പോകുന്നവർ, രോഗികളെ പരിചരിക്കുന്നവർ തുടങ്ങിയവർക്കു യാത്രാ സൗകര്യം നിഷേധിക്കുന്ന സാഹചര്യം ഒഴിവാക്കാനാണ് സർക്കാർ ഇടപെടൽ നടത്തുന്നത്. ബസ് ജീവനക്കാർക്കും ഉടമകൾക്കുമെതിരെ കർശന നടപടിയെടുക്കും.

പെർമിറ്റ് സസ്പെൻഡ് ചെയ്യുന്നതുൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കുന്നതിന് കോഴിക്കോട് ഉത്തരമേഖല, ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണർ നിർദ്ദേശം നൽകി. വടകര, കോഴിക്കോട് റീജിയണൽ ട്രാൻസ്പോർട്ട് ഓഫിസർമാർക്കാണ് ഇതു സംബന്ധിച്ച കർശന നിർദ്ദേശം നൽകിയത്. സ്വകാര്യബസുകളിൽ യാത്രയ്ക്ക് 'അപ്രഖ്യാപിത' വിലക്കേർപ്പെടുത്തിയിട്ടുണ്ടെന്ന ആശുപത്രി ജീവനക്കാരുടെയും നഴ്‌സുമാരുടെയും ഉൾപ്പെടെ പരാതിയെത്തുടർന്നാണു സർക്കാർ ഇടപെടൽ.

കഴിഞ്ഞ ദിവസം പേരാമ്പ്ര താലൂക്ക് ആശുപത്രിക്കു സമീപത്തെ സ്റ്റോപ്പിൽനിന്ന് സ്വകാര്യബസിൽ കയറിയ നഴ്‌സുമാരെ മറ്റുള്ളവരിൽനിന്ന് മാറ്റിയിരുത്തിയതായി പരാതി ഉയർന്നിരുന്നു. ഇവരുടെ കയ്യിൽ നിന്നു ടിക്കറ്റിന്റെ പണം വാങ്ങാനും കണ്ടക്ടർ തയാറായില്ല. സംഭവത്തെത്തുടർന്നു ജില്ലാ മെഡിക്കൽ ഓഫിസർക്കു ജീവനക്കാരുടെ കൂട്ടായ്മ പരാതി നൽകിയെങ്കിലും നടപടി എടുത്തിട്ടില്ല.

സ്ഥിരമായി യാത്ര ചെയ്യുന്ന ബസുകളിലെ ജീവനക്കാർക്ക് ആശുപത്രിയിലെ ജീവനക്കാരെ കണ്ടാൽ തിരിച്ചറിയാം. നിപ്പ ബാധയെക്കുറിച്ചുള്ള വാർത്തകൾ പ്രചരിച്ചതോടെ പല ബസുകളും ആശുപത്രിക്കു സമീപത്തെ സ്റ്റോപ്പ് നിർത്തലാക്കി. സ്റ്റോപ്പിൽനിന്ന് ആളുകൾ കൈകാണിച്ചാൽപ്പോലും ബസുകൾ നിർത്താതെ പോവുകയാണു പതിവ്. താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരിൽ പലരും കോഴിക്കോടുനിന്ന് ബസിൽ കയറി കല്ലോട് സ്റ്റോപ്പിൽ ഇറങ്ങുകയാണു പതിവ്. ഇവരിൽ പലരും ബസിൽ കയറുമ്പോൾ ദേഷ്യത്തോടെയാണ് പല ബസ് തൊഴിലാളികളും സഹയാത്രികരും പെരുമാറുന്നതെന്നും പരാതിയുണ്ട്.

സഹപ്രവർത്തക ജോലിക്കിടെ രോഗം ബാധിച്ചു മരിച്ചെങ്കിലും അവശ്യസന്ദർഭമായതിനാൽ ജീവനക്കാർ ലീവെടുക്കാതെ ജോലിക്കെത്തുകയാണ്. പേരാമ്പ്രയിലേയും സമീപ പ്രദേശങ്ങളിലേയും ഓട്ടോറിക്ഷകളിൽ ആശുപത്രി ജീവനക്കാരേയോ രോഗികളേയോ കയറ്റുന്നില്ലെന്നും പരാതിയുണ്ട്. കോഴിക്കോട് മെഡിക്കൽ കോളജിനോടു ചേർന്നും സമാനമായ പ്രശ്‌നങ്ങളുണ്ടെന്ന പരാതി ഉയർന്നതിനെത്തുടർന്നാണ് ഇപ്പോൾ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണറുടെ ഇടപെടൽ.