കോഴിക്കോട്: നിപ്പാ വൈറസ് ഭീതി കേരളത്തിലെ കയറ്റുമതി രംഗത്തിന് കനത്ത തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. കേരളത്തെ ഭീതിപ്പെടുത്തിയ വൈറസ് ബാധ ഇപ്പോൾ നിയന്ത്രണ വിധേയമാണെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. എന്നാൽ, മലയാളികളെ സാമ്പത്തികമായി തകർക്കുകയാണ് ഈ രോഗഭീതി. കേരളത്തിൽ നിന്നുള്ള പഴം പച്ചക്കറി ഇറക്കുമതിക്ക് നിരോധനം ഏർപ്പെടുത്തുകയാണ് ഗൾഫ് രാജ്യങ്ങൾ. ഇത് കേരളത്തിന് കനത്ത് തിരിച്ചടിയായിരിക്കയാണ്. യുഎഇ, ബഹ്‌റൈൻ എന്നീ രാജ്യങ്ങളാണ് ഇറക്കുമതി തടഞ്ഞത്.

യുഎഇയിലും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ടെന്ന് വെജിറ്റബിൾ എക്സ്പോർട്ടേഴ്സ് അറിയിച്ചു. അതിനിടെ, നിപ്പ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കുവൈറ്റിലെത്തുന്നവരെ പരിശോധിക്കാൻ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുമുണ്ട്. മറ്റ് ഗൾഫ് രാജ്യങ്ങളും സമാനമായ മുൻകരുതൽ നടപടി സ്വീകരിക്കുന്നുണ്ട്. നിപ്പാ വൈറസ് ഭീതി മൂലം കോഴിക്കോട് നഗരത്തിൽ കച്ചവടത്തിലും വൻ ഇടിവാണ് ഉണ്ടായത്. സ്‌കൂൾ തുറക്കുന്ന സമയമായതിനാൽ വലിയതോതിൽ കച്ചവടം നടക്കേണട് സമയാണ് ഇപ്പോൾ. എന്നാൽ കോഴിക്കോട് മിഠായി തെരുവു പോലും നിശ്ചലമായ അവസ്ഥയിലാണ്.

നവീകരണത്തിനുശേഷമുള്ള ആദ്യ റമസാൻ, സ്‌കൂൾ വിപണി സജീവമാകുന്നതിനിടെയായാണ് വൈറസ് ബാധയെത്തുടർന്ന് തിരക്കൊഴിഞ്ഞത്. വീടുകളിൽനിന്ന് പുറത്തിറങ്ങാൻ പോലും ആളുകൾ മടിക്കുന്നതോടെ തെരുവ് കച്ചവടവും നിലച്ചു. അവധിയാഘോഷിക്കാൻ മിഠായിത്തെരുവിലേക്ക് വിവിധയിടങ്ങളിൽ നിന്നാണ് ആളുകൾ എത്തിയിരുന്നത്. സ്‌കൂൾ ബാഗ്, യൂണിഫോം, കുട തുടങ്ങി സ്‌കൂൾ തുറക്കുമ്പോൾ ആവശ്യമായവയെല്ലാം വലിയ തുകമുടക്കാതെ വാങ്ങാമെന്നതായിരുന്നു പ്രത്യേകത. അങ്ങനെ സമീപ ജില്ലകളിൽ നിന്നും ഉപഭോക്താക്കളെ പ്രതീക്ഷിച്ചായിരുന്നു കച്ചവടക്കാർ വിപണിയൊരുക്കിയത്. നിപ്പാ വൈറസ് എത്തിയതോടെ തെരുവ് പൂർണമായും സ്തംഭിച്ചു.

വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ ആളുകൾ മടിക്കുന്നതാണ് തെരുവ് ഇങ്ങനെ ശൂന്യമാകാൻ കാരണം. കൂൾബാറുകളിലും തുണിക്കടകളിലും ആളുകൾ തീരെയില്ല. മിഠായിത്തെരുവിന്റെ നവീകരണം കാരണം കഴിഞ്ഞ തവണ നിശ്ചലമായ റമസാൻ വിപണി ഇത്തവണയും തിരികെപ്പിടിക്കാനാകില്ലെന്നാണ് വ്യാപാരികൾ പറയുന്നത്.

അതിനിടെ ഇന്നലെ അതിനിടെ നിപ്പ വൈറസ് പിടിപെട്ടു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കോഴിക്കോട് പാലാഴി വടക്കേനാരാത്ത് കലാവാണിഭം പറമ്പ് സുരേഷിന്റെ മകൻ അബിൻ (26) ആണ് മരിച്ചത്. സ്വകാര്യ ആശുപത്രിയിലാണു മരണം. ഓട്ടോ ഡ്രൈവറാണ്. ജില്ലയിൽ ഒരാൾക്കു കൂടി നിപ്പ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ കോഴിക്കോട് ജില്ലയിൽ നിപ്പ ബാധിച്ചു ചികിത്സയിലുള്ളവരുടെ എണ്ണം മൂന്നായി.

അബിന്റെ ബന്ധുവീട് പേരാമ്പ്രയിലുണ്ട്. അവിടെ പോയപ്പോൾ പ്രദേശത്തുള്ള ചിലരെയുംകൊണ്ട് താലൂക്ക് ആശുപത്രിയിൽ പോയിട്ടുണ്ടെന്നും അങ്ങനെയാവും രോഗം പകർന്നിട്ടുണ്ടാകുകയെന്നുമാണ് ആരോഗ്യവകുപ്പ് പറയുന്നത്. ഇതോടെ, നിപ്പ ബാധ മൂലം മരിച്ചവരുടെ എണ്ണം 14 ആയി. ഇവരിൽ, ആദ്യം സ്രവ സാംപിൾ എടുക്കാതെ മരിച്ച മുഹമ്മദ് സാബിത്ത് ഒഴികെ 13 പേരുടെയും മരണം നിപ്പ മൂലമാണെന്നു പരിശോധനയിലൂടെ സ്ഥിരീകരിച്ചു.

സംസ്ഥാനത്താകെ ഇതുവരെ 15 പേർക്കാണു നിപ്പ സ്ഥിരീകരിച്ചത്. അവരിൽ 13 പേർ മരിച്ചു. രണ്ടുപേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലുണ്ട്. സംസ്ഥാനത്ത് ഇപ്പോൾ ആകെ 12 പേർക്കാണു നിപ്പ വൈറസ് ബാധ സംശയിക്കുന്നത്. 12 പേരും കോഴിക്കോട് മെഡിക്കൽ കോളജിൽ നിരീക്ഷണത്തിലാണ്. ഇതിൽ രണ്ടുപേർ മലപ്പുറത്തുനിന്നുള്ളവരാണ്. ഇതുവരെ 77 പരിശോധനാ സാംപിളുകളുടെ ഫലം ആരോഗ്യവകുപ്പിനു ലഭിച്ചു. അതിൽ 62 സാംപിളുകളും നെഗറ്റിവാണ്.

നിപ്പ ബാധിതരെ ചികിത്സിച്ച ഡോക്ടർമാരിലൊരാൾ ഇന്നലെ ചികിത്സ തേടി. മരുന്നു നൽകി അദ്ദേഹത്തെ വിട്ടയച്ചു. ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ചിന്റെ (ഐഎംസിആർ) അംഗീകാരം കിട്ടാത്തതിനാൽ, ഓസ്‌ട്രേലിയയിൽനിന്നു കൊണ്ടുവന്ന മരുന്ന് രോഗികൾക്കു കൊടുക്കാൻ കഴിഞ്ഞിട്ടില്ലെന്നു വൈദ്യസംഘം അറിയിച്ചു. കേരളത്തിലെ നിപ്പാ വൈറസ് ബാധ നിയന്ത്രണവിധേയമെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ആശങ്കപ്പെടാനുള്ള സാഹചര്യമില്ല. കേന്ദ്ര ആരോഗ്യമന്ത്രാലയം സെക്രട്ടറി നിയന്ത്രണ പ്രവർത്തനങ്ങളുടെ ഏകോപനം നിർവഹിക്കും. സെക്രട്ടറി പ്രീതി സുദൻ, ഡിജി (ഐസിഎംആർ) ഡോ. ബൽറാം ഭാർഗവ എന്നിവരുമായി കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നഡ്ഡ കാര്യങ്ങൾ ചർച്ച ചെയ്തു സ്ഥിതിഗതികൾ വിലയിരുത്തി.

കേന്ദ്രമന്ത്രിയുടെ നിർദ്ദേശം അനുസരിച്ച് നാഷനൽ സെന്റർ ഫോർ ഡിസീസ് കൺട്രോളിൽനിന്നുള്ള (എൻസിഡിസി) സംഘം ഇപ്പോൾ കേരളത്തിലുണ്ട്. പേരാമ്പ്രയിൽ ആദ്യമരണം നടന്ന വീട്ടിലെത്തി സംഘം പരിശോധന നടത്തി. കുടുംബം വെള്ളമെടുക്കുന്ന കിണറ്റിൽ നിരവധി വവ്വാലുകൾ ഉണ്ടായിരുന്നു. ചില വവ്വാലുകളെ പരിശോധനയ്ക്കായി അയച്ചു. അതേസമയം, സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ നിപ്പ വൈറസ് വാർത്തകൾ വിശ്വസിച്ച് പരിഭ്രാന്തരാകരുതെന്നും പരിഭ്രാന്തി പരത്തരുതെന്നും നഡ്ഡ ആവശ്യപ്പെട്ടു.

ആഭ്യന്തര വിനോദസഞ്ചാരികൾ കുറഞ്ഞെന്ന് കടകംപള്ളി

നിപ വൈറസ്ബാധ കാരണം സംസ്ഥാനത്തേക്കുള്ള ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണത്തിൽ 15 ശതമാനംവരെ കുറവുണ്ടായതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കേരളത്തിലേക്കുള്ള യാത്ര റദ്ദാക്കിയതിലേറെയും ആഭ്യന്തരസഞ്ചാരികളാണ്. ഇവിടെ നടത്താൻ തീരുമാനിച്ചിരുന്ന യോഗങ്ങളും സമ്മേളനങ്ങളും മാറ്റിവയ്ക്കുകയോ റദ്ദാക്കുകയോ ചെയ്തിരിക്കുകയാണ്. ഗുജറാത്ത് ഉൾപ്പെടെയുള്ള ചില സ്ഥലങ്ങളിൽ കേരളത്തിനെതിരായ അപവാദപ്രചാരണത്തിനുള്ള അവസരമായും ചിലർ വിനിയോഗിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

എന്നാൽ, സംസ്ഥാനത്തെ വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നും നിപ ബാധ റിപ്പോർട്ടു ചെയ്തിട്ടില്ല. നിലവിലുള്ള ആശങ്കകൾ മാറ്റാൻ സർക്കാർ നടപടിയെടുക്കും. സാമൂഹികമാധ്യമങ്ങൾവഴി തെറ്റായ പ്രചാരണങ്ങളും ഉണ്ടാകുന്നുണ്ട്. നിപ വൈറസ്ബാധ സംസ്ഥാനത്തെ ടൂറിസംകേന്ദ്രങ്ങളെ ബാധിച്ചിട്ടില്ലെന്ന് ടൂറിസം ഉപദേശകസമിതി വിലയിരുത്തി.