മലപ്പുറം: വേനൽ മഴക്കുപിന്നാലെ പകർച്ചവ്യാധികൾ പിടിമുറുക്കുന്നത് സർവ്വസാധാരണയാണ്. എന്നാൽ ഇത്തവണ നിപ്പ വന്നതോടെ ജനങ്ങളിൽ ആശങ്ക വർധിച്ചിരിക്കുകയാണ്. മലപ്പുറം ജില്ല നിപ്പയുടെ ഉറവിടമല്ലെന്നും പിടിപെട്ട മൂന്നു പേർക്കും മെഡിക്കൽ കോളേജിൽ നിന്നും പകർന്നതാണെന്നുമാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. എന്നാൽ മലപ്പുറത്ത് ഡെങ്കിയും മഞ്ഞപ്പിത്തവും ഒപ്പം ഡിഫ്തീരിയ മരണം കൂടി ആയതോടെ ജനങ്ങളിൽ ഭീതി ഇരട്ടിച്ചിരിക്കുകയാണ്.

പനി പിടിപെടുന്നവരാകട്ടെ ആശുപത്രികളിൽ പോകൻ മടിക്കുകയുമാണ്. ഭക്ഷണകാര്യമാണെങ്കിൽ, പഴവും ഇറച്ചിയും കഴിച്ചാൽ വൈറസ് ബാധിക്കുമോയെന്ന ആധിയും. പേടിക്കേണ്ടതില്ലെന്നും വേണ്ടത് മുൻകരുതലാണെന്നും ആരോഗ്യ വകുപ്പ് ആവർത്തിക്കുന്നുണ്ടെങ്കിലും ജനത്തിന്റെ ഭീതി വിട്ടൊഴിയുന്നില്ല. മലപ്പുറത്ത് നിപ്പ വൈറസ് ബാധിച്ച് മരിച്ച രണ്ട് പേർക്കും രോഗം ബാധിച്ചത് കോഴിക്കോട് മെഡിക്കൽ കോളേജിൽ വച്ചാണെന്ന് അധികൃതർ പറഞ്ഞു. അതേസമയം പനി പിടിപെടുന്നവരുടെ എണ്ണ കൂടുന്നത് ആശങ്കപ്പെടുത്തുന്നു.

മലപ്പുറത്തിന് ഭീതി കൂട്ടി ഡെങ്കിയും ഡിഫ്തീരിയയും

മലപ്പുറം ജില്ലയെ കൂടുതൽ ആശങ്കയിലാഴ്‌ത്തുന്നത് ഡെങ്കിപ്പനിയും ഡിഫ്തീരിയയുമാണ്. അഞ്ചിനും 18നും മധ്യേപ്രായമുള്ള നിരവധി കുട്ടികൾ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ മലപ്പുറം ജില്ലയിൽ മരണത്തിന് കീഴടങ്ങേണ്ടി വന്നിരുന്നു. പ്രതിരോധ കുത്തിവെയ്‌പ്പ് എടുക്കുന്നതിലെ
വീഴ്ചയയായിരുന്നു ഡിഫ്തീരിയ വേനൽ മഴക്കു പിന്നാലെ കുട്ടികളിൽ പിടിപെടാൻ ഇടയാക്കുന്നത്. മലപ്പുറം വളവന്നൂരിലാണ് ഇന്നലെ ഡിഫ്തീരിയ ബാധിച്ച് വിദ്യാർത്ഥി മരിച്ചത്. തൂമ്പിൽ യാഹു ഹാജിയുടെ മകൻ മുഹമ്മദ് ബിൻ യഹ് യ(18)യാണ് ഇന്നലെ കോഴിക്കോട് മെഡിക്കൽ കോളജിൽ വെച്ച് മരണപ്പെട്ടത്.കഴിഞ്ഞ 13നാണ് യഹ് യ ക്ക് പനി തുടങ്ങിയത്.15 ന് തൊണ്ടവേദന അനുഭവപ്പെട്ടതിനെ തുടർന്ന് കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. അവിടെ നിന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ കൊണ്ടുപോയെങ്കിലും ഇന്ന് രാവിലെ മരണപ്പെടുകയായിരുന്നു. ബാഫഖി യതീംഖാന വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ നിന്നും ഈ വർഷം പ്ലസ് ടു കഴിഞ്ഞ് ഉപരിപഠനത്തിന് തയ്യാറാവുകയായിരുന്നു യഹ്‌യ.

ജില്ലയുടെ മലയോര മേഖലയിലാണ് ഡെങ്കിപ്പനി കൂടുതൽ ഭീഷണിയുയർത്തുന്നത്. നിലമ്പൂർ മേഖലയിൽ അമ്പതോളം പേർക്ക് രോഗമുള്ളതായി കണ്ടെത്തി. കഴിഞ്ഞ വർഷം ഏറ്റവും കുറവ് ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്ത കുറുമ്പലങ്ങോട് മേഖലയിലാണ് ഈ വർഷം കൂടുതൽ രോഗികൾ. പോത്തുകല്ല്, ചുങ്കത്തറ പഞ്ചായത്തുകളിലെ പാതാർ, വെള്ളിമുറ്റം, മുരുകാഞ്ഞിരം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് കൂടുതൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കാളികാവ് ഭാഗത്തും ഡെങ്കിപ്പനിയെന്ന സംശയത്തിൽ ഏതാനും പേർ ചികിത്സയിലാണ്. പൂങ്ങോട് മിച്ചഭൂമിയിൽ മൂന്നു പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. പെരിന്തൽമണ്ണ നഗരസഭയിലും സമീപ പ്രദേശങ്ങളിലുമായി ഡെങ്കിപ്പനിയെന്നു സംശയിക്കുന്ന 14 പേർ ചികിത്സ തേടിയതായും ആരോഗ്യ വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. വൈറസ് ബാധയെ തുടർന്ന് പനി മരണം വിതയ്ക്കുന്ന സാഹചര്യത്തിൽ മലപ്പുറം ജില്ലയുടെ മലയോര മേഖലകളിൽ ഡെങ്കിപ്പനി പടർന്നു പിടിക്കുന്നത് കൂടുതൽ ആശങ്കയിലാഴ്‌ത്തുന്നു.

നിപ്പ വൈറസ് സ്ഥിരീകരിച്ച മൂന്നിയൂരിലും തെന്നലയിലും കൂടുതൽ ജാഗ്രത

തിരൂരങ്ങാടിക്കടുത്ത മൂന്നിയൂരിൽ യുവതികൾ മരിച്ചത് നിപ്പ വൈറസ് ബാധയെ തുടർന്നാണെന്ന് സ്ഥിരീകരണം വന്നതോടെ പ്രദേശത്ത് ജാഗ്രതാ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. തെന്നല കൊടക്കല്ലിലും മൂന്നിയൂർ ആലിൻചുവട്ടിലും കേന്ദ്ര സംഘം ഇന്നലെ പരിശോധന
നടത്തിയിരുന്നു. മരിച്ച ഷിജിതയുടെയും സിന്ധുവിന്റേയും വീടുകൾ സംഘം സന്ദർശിക്കുകയും വീട്ടുകാരിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ഡയറക്ടർ സുർജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലത്തെത്തിയത്. നിപ്പാ വൈറസ് സ്ഥിരീകരണം വന്നതോടെ ആരോഗ്യ വകുപ്പും പഞ്ചായത്തും പ്രദേശത്ത് ജാഗ്രതാ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. ബോധവൽക്കരണങ്ങളും പരിശോധനകളും വീടുകൾ തോറും തുടങ്ങിയിട്ടുണ്ട്. അടിയന്തിര നടപടികൾ കൈകൊള്ളുന്നതിനായി ഇന്നലെ പഞ്ചായത്ത് ഓഫീസിൽ യോഗം ചേർന്നു.

ഷിജിതയ്ക്കും സിന്ധുവിനും നിപ്പ വൈറസ് ബാധിച്ചത് കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന്

മരിച്ച ഇരുവരും പനിബാധിക്കുന്നതിന് ഏതാനും ദിവസങ്ങൾക്കു മുമ്പ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോയി വന്നവരാണ്. ബൈക്കപകടത്തിൽ പരിക്കേറ്റ് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന തെന്നല കൊടക്കല്ലിലെ മന്നത്തനാത്ത് ഉബീഷിനെ പരിചരിക്കാൻ ഒരാഴ്ചയോളം ഭാര്യ ഷിജിതയും കൂടെയുണ്ടായിരുന്നു. ഡിസ്ചാർജ് ചെയ്ത് വീട്ടിലെത്തിയതിനിടയ്ക്കാണ് ഷിജിതയ്ക്ക് പനി ബാധിച്ചത്. മെഡിക്കൽ കോളേജിൽ വെച്ച് കഴിഞ്ഞ ഞായറാഴ്ചയാണ് ഷിജിത മരണത്തിന് കീഴടങ്ങിയത്. വേങ്ങരയിലുള്ള അഛന്റെ വീട്ടിലാണ് ശവസംസ്‌കാരച്ചടങ്ങുകൾ നടന്നത്. അതിനിടെ ഉബീഷിനെയും പനി ബാധിച്ച് കഴിഞ്ഞ ദിവസം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മൂന്നിയൂർ ആലിൻചുവട്ടിൽ മരിച്ച പാലക്കത്തൊടു മേച്ചേരി സുബ്രഹ്മണ്യന്റെ ഭാര്യ സിന്ധു ചികിത്സയിലുണ്ടായിരുന്ന അമ്മയെ പരിചരിക്കാനാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിയിരുന്നത്. വാർധക്യസഹജമായ അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്ന അമ്മയെ ഡിസ്ചാർജ് ചെയ്ത് വീട്ടിലെത്തിയതിനു ശേഷം സിന്ധുവിന് പനിലക്ഷണങ്ങൾ കണ്ടുതുടങ്ങുകയായിരുന്നു. ആദ്യം തിരൂരങ്ങാടി താലൂക്ക് ആശുപപത്രിയിൽ ചികിത്സ തേടിയെങ്കിലും പിന്നീട് മെഡിക്കൽ കോളേജിലേക്കു മാറ്റി. നാലു ദിവസത്തിനു ശേഷം കഴിഞ്ഞ ഞായറാഴ്ചയാണ് സിന്ധു മരിച്ചത്. ഫ്രീസറിൽ സൂക്ഷിച്ച മൃതദേഹം കൂടുതൽ കുടുംബക്കാരെയും നാട്ടുകാരെയും വിവരമറിയിക്കാതെ തിങ്കളാഴ്ച പുലർച്ചെ വീട്ടിലെത്തിച്ച് ഉടൻ തിരിച്ചു കൊണ്ടുപോകുകയായിരുന്നു. കോഴിക്കോട്ടുള്ള വൈദ്യുതി ശ്മശാനത്തിലാണ്
സംസ്‌കാരം നടന്നത്.

മഞ്ചേരിയിലും തിരൂരിലെ നിപ്പയെന്ന സംശയത്തിൽ ചികിത്സ തേടി

നിപ്പാ വൈറസ് ബാധ സംശയിക്കുന്ന ഒരാൾ മഞ്ചേരി മെഡിക്കൽ കോളേജിലും മരിച്ച ഷിജിത, സിന്ധു എന്നിവരുമായി ഇടപഴകിയ പത്തോളം പേർ പനി ബാധിച്ച് തിരൂർ ജില്ലാ ആശുപത്രിയിലും ചികിത്സ തേടി. ജില്ലാ ആശുപത്രിയിലെ പ്രാഥമിക ചികിത്സക്കും പരിശോധനക്കും ശേഷം ഇവരെ മെഡിക്കൽ കോളേജിലേക്കു റഫർ ചെയ്തു. രോഗലക്ഷണങ്ങൾ സംശയിക്കുന്നതിനെ തുടർന്ന് 30കാരനായ തുറക്കൽ സ്വദേശിയെയാണ് മഞ്ചേരി മെഡിക്കൽ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. രോഗത്തിന്റെ സ്ഥിരീകരണത്തിന് രക്ത സാമ്പിളുകൾ പരിശോധനക്കയക്കാൻ നടപടിയായിട്ടുണ്ട്. മഞ്ചേരി മെഡിക്കൽ കോളജിൽ നിപ്പ വൈറസ്ബാധ സംശയിക്കുന്ന രോഗി ആദ്യമായാണ് ചികിൽസ
തേടുന്നത്. എന്നാൽ രോഗബാധ സ്ഥിരീകരിക്കാനാവില്ലെന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത്.

പുതിയ പശ്ചാത്തലത്തിൽ ആശുപത്രിയിൽ ജാഗ്രത പാലിക്കുകയാണ്. രോഗവ്യാപനത്തിനുള്ള സാധ്യത തടയാൻ മുന്നൊരുക്കങ്ങളെല്ലാം പൂർത്തിയാക്കിയിട്ടുണ്ട്. പനിബാധിച്ചെത്തുന്ന രോഗികളെല്ലാം നിരീക്ഷണത്തിലാണ്. പനി ക്ലിനിക്കിൽ കൂടുതൽ ഹൗസ് സർജന്മാരെ
സേവനത്തിനു നിയോഗിച്ചു. പ്രത്യേക വാർഡും സജ്ജമാക്കിയിട്ടുണ്ട്. കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗമാണ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. തിരൂർ ജില്ലാ ആസുപത്രിയിൽ പനിബാധിച്ചെത്തിയ പത്തോളം പേരെയും മെഡിക്കൽ കോളേജിലേക്കു മാറ്റി. എന്നാൽ
ആശങ്കപ്പെടേണ്ടതില്ലെന്ന് അധികൃതർ വ്യക്തമാക്കി.