കാഞ്ഞങ്ങാട്: നിപ വൈറസ് ഭീതിയിലാണ് കേരളം. അതുകൊണ്ട് തന്നെ കടുത്ത ആശങ്ക പലയിടത്തുമുണ്ട്. ഈ ആശങ്ക പലപ്പോഴും വിചിത്രമായ ചില കാര്യങ്ങൾക്കും സംഭവങ്ങൾക്കും ഇടയാക്കുന്നു. പനി ബാധിച്ച രോഗി മരിച്ചാൽ പോലും ആളുകൾ ഭയപ്പെടുന്ന അവസ്ഥയാണ് നിലവിലുള്ളത്. നിയന്ത്രണ വിധേയമെന്ന് പറയുമ്പോഴും ക്രിത്യമായ കണക്ക് മന്ത്രിക്കു പോലുമില്ലെന്നതാണ് മറ്റൊരു കാര്യം. ഈ വൈറസ് എവിടെ നിന്നു വന്നു എന്നറിയാൻ വേണ്ടി പൊലീസ് അന്വേഷണവും നടക്കുന്നു എന്നതും വിചിത്രമെന്ന് തോന്നാവുന്ന കാര്യമാണ്.

ഡോക്ടറുടെ നിപ സംശയത്തിൽ പണി കിട്ടിയത് ബന്ധുക്കൾക്ക്

ചിക്കൻപോക്സും പനിയും പിടിച്ചു മരിച്ച വ്യക്തിയുടെ കാര്യത്തിൽ നിപ സംശയിച്ച് ഡോക്ടർ കുറിപ്പു കൊടുത്തപ്പോൾ വെട്ടിലയായത് ബന്ധുക്കളാണ്. ഇതോടെ മൃതദേഹവും കൊണ്ട് ബന്ധുക്കൾ പരക്കം പായേണ്ട അവസ്ഥ വന്നു. ബദിയടുക്കയിൽ കഴിഞ്ഞദിവസം മരിച്ച വൈദ്യുതി വകുപ്പ് ജീവനക്കാരൻ ഡി. ഹരിഹരന്റെ ബന്ധുക്കൾക്കാണ് ദുരനുഭവം. തിരുവനന്തപുരം കാഞ്ഞിരംകുളം സ്വദേശിയായ ഹരിഹരൻ പെർള വൈദ്യുതി സെക്ഷനിലെ മസ്ദൂർ ആണ്. ദിവസങ്ങൾക്കു മുൻപ് ഭാര്യ ലിസിക്ക് ചിക്കൻപോക്സ് പിടിപെട്ടിരുന്നു. ഇതിനുശേഷമാണ് ഹരിഹരൻ പെർളയിലേക്ക് മടങ്ങിയത്. ഇവിടെ ക്വാർട്ടേഴ്സിൽ ഒറ്റയ്ക്ക് താമസിക്കുന്ന ഇദ്ദേഹത്തിന് പനിയും ചിക്കൻപോക്സും പിടിപെട്ടു.

ഗുരുതരമായപ്പോൾ കെ.എസ്.ഇ.ബി.യിലെ സഹപ്രവർത്തകർ വെള്ളിയാഴ്ച ബദിയഡുക്ക കമ്യൂണിറ്റി ആരോഗ്യ കേന്ദ്രത്തിലെത്തിച്ചു. പ്രാഥമിക ചികിത്സ നല്കിയ ശേഷം കുറിപ്പും കൊടുത്ത ഡോക്ടർ, കാസർകോട് ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ നിർദ്ദേശിച്ചു. എന്നാൽ, അവിടെയെത്തുമ്പോഴേക്കും ഹരിഹരൻ മരിച്ചു. ബദിയഡുക്കയിലെ ഡോക്ടറുടെ കുറിപ്പ് ജനറൽ ആശുപത്രിയിലും സംശയത്തിനിടയാക്കി. പോസ്റ്റുമോർട്ടം നടത്തണമെന്ന് ഡോക്ടർമാർ നിർബന്ധം പിടിച്ചെങ്കിലും അവിടെ നടത്താൻ തയ്യാറായില്ല. പരിയാരം മെഡിക്കൽ കോളേജിൽ കൊണ്ടുപോകാനായിരുന്നു ഡോക്ടർമാരുടെ നിർദ്ദേശം.

ശനിയാഴ്ച പത്തു മണിയോടെ പോസ്റ്റുമോർട്ടത്തിനായി പരിയാരം മെഡിക്കൽകോളേജിലേക്കു പോയി. ഇതിനിടെ സംഭവത്തിൽ പൊലീസും ഇടപെട്ടു. പരിയാരം മെഡിക്കൽ കോളേജിലെത്തിയപ്പോൾ, ഹരിഹരന്റെ സഹോദരൻ ഹരികുമാറും മറ്റുബന്ധുക്കളും പോസ്റ്റുമോർട്ടം വേണ്ടെന്നും ചിക്കൻപോക്സ് ആണ് മരണകാരണമെന്ന് വ്യക്തമാണെന്നും ആവർത്തിച്ചു പറഞ്ഞു. തലേനാൾ കാസർകോട് ജനറൽ ആസ്?പത്രിയിൽനിന്നു ഹരിഹരന്റെ മൃതദേഹത്തിലെ കുമിളയിൽ നിന്നുള്ള ജലാംശം ശേഖരിച്ചു ലാബിലേക്കയച്ചിരുന്നു. ഈ പരിശോധനയിലും ചിക്കൻപോക്സ് ആണ് മരണകാരണമെന്ന് വ്യക്തമായി.

പരിശോധനഫലവും ബന്ധുക്കളുടെ അഭ്യർത്ഥനയും കണക്കിലെടുത്ത് മൃതദേഹം വിട്ടുകൊടുത്തു. ഇതിനുമുൻപ് മെഡിക്കൽ കോളേജ് അധികൃതർ കാസർകോട് പൊലീസിന്റെയും ആരോഗ്യവകുപ്പ് അധികൃതരുടെയും സമ്മതവും വാങ്ങി. തുടർന്ന് മൃതദേഹവുമായി ബന്ധുക്കൾ തിരുവനന്തപുരത്തേക്ക് പോയി. രോഗം ഗുരുതരമായി കണ്ടാൽ ആദ്യംപരിശോധിക്കുന്ന ഡോക്ടർ സാധ്യതാരോഗങ്ങളിൽ സംശയനിവാരണത്തിനായി കുറിപ്പെഴുതുന്നത് സാധാരണമാണെന്നാണ് ഇതുസംബന്ധിച്ച് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ.പി. ദിനേശ്കുമാറിന്റെ പ്രതികരണം.

കണക്കു തെറ്റിയ പോസ്റ്റു തിരുത്തി മന്ത്രി

നിപ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ ഫേസ്‌ബുക്ക് പോസ്റ്റിൽ രോഗബാധിതരുടെ എണ്ണം തെറ്റി. തെറ്റ് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ഒരു മണിക്കൂറിനകം പോസ്റ്റ് പിൻവലിച്ചു. നിപ രോഗബാധ സ്ഥിരീകരിച്ചത് 15 പേരിലാണെന്നാണ് ആരോഗ്യവകുപ്പ് ശനിയാഴ്ച വൈകീട്ട് ഔദ്യോഗികമായി ഇറക്കിയ കുറിപ്പിലുണ്ടായിരുന്നത്. എന്നാൽ മന്ത്രിയുടെ പോസ്റ്റിൽ ഇത് 25 എന്നായിരുന്നു.

സാബിത്ത് 40 ദിവസം പോയ വഴിയിലൂടെ പൊലീസ് സഞ്ചാരം

നിപ ബാധയാൽ പേരാമ്പ്രയിൽ മരിച്ച സാബിത്തിന്റെ സഞ്ചാര വഴിയിലൂടെയാണ് പൊലീസിന്റെ യാത്ര. നിപ വൈറസിന്റെ ഉറവിടം തേടിയാണ് പൊലീസിന്റെ ഈ യാത്ര. ആദ്യം രോഗബാധിതനായ സാബിത്തിന്റെ 40 ദിവസത്തെ സഞ്ചാരപഥം പൊലീസ് വിശകലനം ചെയ്യുകയാണ് പൊലീസ്. ഇതിനായി കോഴിക്കോട് റൂറൽ എസ്‌പി. ജി. ജയദേവിന്റെ നേതൃത്വത്തിൽ പ്രത്യേക സെൽ പ്രവർത്തനം തുടങ്ങി.സാബിത്തിന്റെ 40 ദിവസത്തെ മൊബൈൽഫോൺ വിളികളുടെ വിവരങ്ങൾ പൊലീസ് ശേഖരിച്ചു. എവിടെയെല്ലാം പോയി, ആരുമായൊക്കെ ബന്ധപ്പെട്ടു തുടങ്ങിയ വിവരങ്ങളാണ് ശേഖരിക്കുന്നത്. ഫോൺവിളികളുടെ വിവരങ്ങൾ പരിശോധിച്ചുവരികയാണെന്നും കിട്ടുന്ന വിവരങ്ങൾ ആരോഗ്യവകുപ്പിന് കൈമാറുമെന്നും റൂറൽ എസ്‌പി പറഞ്ഞു.

സാബിത്ത് മലേഷ്യയിൽ പോയിരുന്നുവെന്നും ഇവിടെനിന്നാണ് വൈറസ് ബാധിച്ചതെന്നുമുള്ള പ്രചാരണങ്ങൾ കഴിഞ്ഞ ദിവസമുണ്ടായിരുന്നു. എന്നാൽ, സാബിത്തിന്റെയും സാലിഹിന്റെയും പാസ്പോർട്ട് പരിശോധിച്ചപ്പോൾ ഇത് തെറ്റാണെന്ന് തെളിഞ്ഞു. ബന്ധുക്കളും ഇക്കാര്യം തള്ളി. 2017 ഫെബ്രുവരിയിൽ രണ്ടുപേരും ദുബായിൽ പോയവിവരം പാസ്പോർട്ടിലുണ്ട്. ജോലി ആവശ്യാർഥം സാബിത്ത് സഹോദരൻ സാലിഹിനൊപ്പമാണ് ദുബായിലേക്കു പോയത്. തിരിച്ചുവന്നത് ഒക്ടോബറിലും. ഇതിനുശേഷം സാബിത്ത് വിദേശത്ത് പോയതിന് തെളിവില്ല.

പിന്നീട് നാട്ടിൽ പ്ലംബിങ്, വയറിങ് ജോലി ചെയ്യുകയായിരുന്നു. വിദേശയാത്ര സംബന്ധിച്ച വ്യക്തതയ്ക്കായി പൊലീസ് റീജണൽ പാസ്പോർട്ട് ഓഫീസുമായും ഫോറിനർ റീജണൽ രജിസ്ട്രേഷൻ ഓഫീസുമായും (എഫ്.ആർ.ആർ.ഒ.) ബന്ധപ്പെട്ടിട്ടുണ്ട്. പാസ്പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ ബന്ധുക്കൾ പൊലീസിന് കൈമാറി. പേരാമ്പ്രയിൽ നിപ വൈറസ് ബാധിച്ചുള്ള മരണം റിപ്പോർട്ട് ചെയ്ത ഉടൻ ആരോഗ്യവകുപ്പിനെ സഹായിക്കാൻ റൂറൽ എസ്‌പി.യുടെ നിർദ്ദേശപ്രകാരം സെൽ പ്രവർത്തനം തുടങ്ങിയിരുന്നു. പൊലീസിന് കിട്ടുന്ന വിവരങ്ങൾ അപ്പപ്പോൾ ആരോഗ്യവകുപ്പിന് കൈമാറുകയും ചെയ്തു. കഴിഞ്ഞദിവസം കോഴിക്കോട് ചേർന്ന സർവകക്ഷി യോഗത്തിലാണ് സാബിത്തിന്റെ സമീപകാല സഞ്ചാരപഥം മനസ്സിലാക്കാനുള്ള ദൗത്യം എസ്‌പി.യെ ഏൽപ്പിച്ചത്.

തുടർന്ന് നേരത്തേ ഉണ്ടാക്കിയ സെൽ വിപുലമാക്കി. എസ്‌പി.യുടെ മേൽനോട്ടത്തിൽ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്‌പി. ശ്രീനിവാസനാണ് സെല്ലിന്റെ ചുമതല. സൈബർസെൽ, ഡി.സി.ആർ.ബി. ഉദ്യോഗസ്ഥരുമുണ്ട്. മെയ്‌ അഞ്ചിനാണ് സാബിത്ത് പനി ബാധിച്ച് മരിക്കുന്നത്. ഇതിന്റെ 15 ദിവസം മുൻപെങ്കിലും വൈറസ് സാബിത്തിന്റെ ശരീരത്തിൽ കടന്നിരിക്കാമെന്നാണ് നിഗമനം. ഉറവിടം കിണറ്റിൽ കണ്ട വവ്വാലല്ല എന്ന സംശയം ഉയർന്നതിനെത്തുടർന്നാണ് സാബിത്തിന്റെ രോഗത്തിനു മുൻപുള്ള ജീവിതം പൊലീസ് പരിശോധിക്കുന്നത്.