കോഴിക്കോട്: നിപ്പ വൈറസ് ബാധ നിയന്ത്രണ വിധേയമെന്ന് ആരോഗ്യവകുപ്പ് പറയുമ്പോഴും സ്ഥിതിഗതികൾ ഗുരുതരമായി തുടരുന്നു. ഇന്നലെ ഒരാൾ കൂടി മരണപ്പെട്ടതോടെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കയ്ക്ക് ഇടയാക്കുന്നതായി. ഇന്നലെ രോഗം ബാധിച്ചു മരിച്ചത് നിപ്പ വൈറസിന്റെ ആദ്യ ഇരകളായ മുഹമ്മദ് സാബിത്തിന്റെയും മുഹമ്മദ് സാലിഹിന്റെയും പിതാവ് പേരാമ്പ്ര ചങ്ങരോത്തു സ്വദേശി മൂസ(62) ആണ്. ഇതോടെ ആകെ മരണം 12 ആയി. കോഴിക്കോട് മെഡിക്കൽ കോളജിൽ ഇന്റേൺഷിപ്പിലായിരുന്ന നഴ്‌സിങ് വിദ്യാർത്ഥിനിക്കുകൂടി രോഗം സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച മൂന്നുപേരാണു ചികിൽസയിലുള്ളത്.

റൈബവൈറിൻ ഗുളിക കൊടുത്തുതുടങ്ങിയെന്നും ഇതുവരെ പാർശ്വഫലങ്ങളില്ലെന്നും അധികൃതർ അറിയിച്ചു. ഇന്നലെ പ്രവേശിപ്പിച്ച അത്തോളി സ്വദേശി ഉൾപ്പെടെ മറ്റു 11 പേരും രോഗലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കൽ കോളജിലുണ്ട്. ഏഴു സാംപിൾ കൂടി പരിശോധനയ്ക്ക് അയച്ചു. രോഗമില്ലെന്നു കണ്ടെത്തിയ ഒരാൾ ആശുപത്രി വിട്ടു.

ആരോഗ്യവകുപ്പു പുറത്തുവിട്ട കണക്കുപ്രകാരം കേരളത്തിൽ നിപ്പ ലക്ഷണങ്ങളോടെ 29 പേരാണു ചികിൽസയിലുള്ളത്. രോഗബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക് ഇങ്ങനെ: കോഴിക്കോട് 11, മലപ്പുറം ഒൻപത്, എറണാകുളം നാല്, കോട്ടയം രണ്ട്, തിരുവനന്തപുരം, തൃശൂർ, വയനാട് ഒന്നു വീതം. എന്നാൽ എറണാകുളത്തു നിന്നുള്ള റിപ്പോർട്ട് പ്രകാരം ജില്ലയിൽ ആർക്കും നിപ്പ ലക്ഷണങ്ങളില്ല; മസ്തിഷ്‌കജ്വരം ബാധിച്ച നാലുപേരാണു ചികിൽസയിലുള്ളത്.

രോഗം സംശയിച്ചു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലുള്ള പേരാമ്പ്ര സ്വദേശിയും കോട്ടയം സ്വദേശിയായ നഴ്‌സും സുഖംപ്രാപിച്ചു വരുന്നു. ഇവരുടെ സാംപിൾ പരിശോധനാ ഫലം ഇന്നറിയാം. അതിനിടെ കോഴിക്കോട്ടു നിന്നു പനി ബാധിച്ചു മെഡിക്കൽ കോളജിൽ ചികിൽസ തേടിയ വിദ്യാർത്ഥിയുടെ രക്തവും പരിശോധനയ്ക്ക് അയച്ചു. മൂസ കഴിഞ്ഞ 17 മുതൽ ചികിൽസയിലായിരുന്നു. രോഗം ആദ്യം സ്ഥിരീകരിച്ച മൂത്തമകൻ സാലിഹ് 18നു മരിച്ചു.

മറ്റൊരു മകൻ സാബിത്ത് അഞ്ചിനു മരിച്ചെങ്കിലും സ്രവ സാംപിൾ അയയ്ക്കാൻ കഴിയാതിരുന്നതിനാൽ നിപ്പയാണു കാരണമെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല; എന്നാൽ ലക്ഷണങ്ങൾ ഇതുതന്നെയായിരുന്നു. മൂസയുടെ മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുത്തില്ല. കബറടക്കം അതീവ സുരക്ഷാ മുൻകരുതലുകളോടെ കോഴിക്കോട് കണ്ണംപറമ്പിൽ നടത്തുകയായിരുന്നു. പത്തടി താഴത്തിൽ കുഴിയെടുത്താണ് മൂസയെ സംസ്‌ക്കരിച്ചത്.

തുടർച്ചയായുണ്ടായ മൂന്ന് മരണങ്ങൾ ആ കുടുംബത്തെ തീർത്തും അവശരാക്കിയിട്ുടണ്ട്. ഇനി ഈ കുടുംബത്തിലുള്ളത് മുത്തലിബും ഉമ്മ സൈനബയും മാത്രമാണ്. ഉപ്പയെയും സഹോദരങ്ങളെയും നിപ വൈറസ് മരണത്തിലേക്ക് തട്ടിയെടുത്തതിനാൽ പേരാമ്പ്ര പന്തിരിക്കര സൂപ്പിക്കടയിലെ വളച്ചുകെട്ടിയിൽ വീട്ടിൽ മുത്തലിബും ഉമ്മ സൈനബയും തനിച്ചായി. നിപ വൈറസിന്റെ പിടിയിൽകുടുങ്ങി ആദ്യം മരണത്തിന് കീഴടങ്ങിയത് സഹോദരൻ സാബിത്താണ്. ഈ മാസം അഞ്ചിന് മെഡിക്കൽ കോളജിലായിരുന്നു സാബിത്തിന്റെ വിയോഗം. ദിവസങ്ങൾക്കകം മറ്റൊരു സഹോദരൻ സ്വാലിഹും നിപ വൈറൽ പനി ബാധിച്ച് കിടപ്പിലായി.

വിവിധ ആശുപത്രികളിൽ ചികിത്സ തേടിയെങ്കിലും സ്വാലിഹും മരണത്തിന് കീഴടങ്ങി. ഈ മാസം 18ന് കോഴിക്കോട് ബേബി മെമോറിയൽ ആശുപത്രിയിലാണ് സ്വാലിഹ് മരിച്ചത്. ഇതേ രോഗം ബാധിച്ച് ഇതേ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പിതാവ് മൂസ പ്രതീക്ഷകളെല്ലാം അസ്ഥാനത്താക്കി വ്യാഴാഴ്ചയാണ് വിടചൊല്ലിയത്. മുത്തലിബിന്റെ മറ്റൊരു സഹോദരൻ മുഹമ്മദ് സലീമിന്റെ ജീവൻ നാലുവർഷം മുമ്പ് വാഹനാപകടം തട്ടിയെടുത്തിരുന്നു.

ഇതോടെ ഉപ്പയും മുന്ന് സഹോദരങ്ങളുമാണ് മുത്തലിബിന് നഷ്ടപ്പെട്ടത്. ഉപ്പയെ കണ്ടേ പറ്റൂ എന്ന മുത്തലിബിന്റെ വാശിക്കുമുന്നിൽ ഒരുനോക്കു കാണാൻ അനുവാദം നൽകുകയായിരുന്നു. കോഴിക്കോട് കണ്ണംപറമ്പ് ഖബർസ്ഥാനിൽ പിതാവ് മൂസയുടെ ഭൗതിക ശരീരം ഖബറിലേക്ക് വെക്കുന്നത് നിറകണ്ണുകളോടെയാണ് മുത്തലിബ് നോക്കിനിന്നത്. ''എല്ലാം പടച്ചതമ്പുരാന്റെ പരീക്ഷണം'' എന്നു മാത്രമായിരുന്നു പേരാമ്പ്ര ജബലുന്നൂർ കോളജിലെ വിദ്യാർത്ഥികൂടിയായ ഈ 19കാരന്റെ പ്രതികരണം.ആരോഗ്യവകുപ്പിന്റെ കർശന നിർദേശമുള്ളതിനാൽ അടുത്ത ബന്ധുക്കളും മൂസയുടെ ഏറ്റവും പ്രിയപ്പെട്ടവരും മാത്രമാണ് ഖബറടക്കത്തിനെത്തിയത്.

അതേസയം ഏറെക്കാലം ഒരുമിച്ചുജീവിച്ച പ്രിയ ഭർത്താവിനെ അവസാനമായി ഒരുനോക്കു കാണാനാവാതെ ഖബറടക്കിയതിന്റെ നോവിൽ വിലപിക്കുകയാണ് പന്തിരിക്കര സൂപ്പിക്കട വളച്ചുകെട്ടിയിൽ മൂസയുടെ സഹധർമിണി മറിയം. ആറ്റുനോറ്റുവളർത്തിയ രണ്ടു മക്കളുടെ ജീവൻ ദിവസങ്ങളുടെ വ്യത്യാസത്തിൽ പൊലിഞ്ഞതിന്റെ നൊമ്പരംപേറി നിൽക്കുമ്പോഴാണ് ഈ ഉമ്മയുടെ അവസാന പ്രതീക്ഷയും തകർത്തെറിഞ്ഞ് മൂസയുടെ മരണവാർത്തയും വന്നെത്തിയത്. ഇനിയിവർ ജീവിക്കുക ഇളയമകൻ മുത്തലിബിനു വേണ്ടിയായിരിക്കും. ആ ഉമ്മയും മകനും ഇനി പരസ്പരം തണലാവും.