തിരുവനന്തപുരം: നിറപറ ഉൽപന്നങ്ങൾക്ക് സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പ് ഏർപ്പെടുത്തിയ നിരോധന ഉത്തരവിനെതിരെയുള്ള ഹൈക്കോടതി ഉത്തരവിൽ അപ്പീൽ പോകണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുമെന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷണർ ടി.വി.അനുപമ. ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് ചീഫ് സെക്രട്ടറിയാണ്. നിറപറയ്ക്ക് എതിരെ ഭക്ഷ്യസുരക്ഷാ നിയമം അനുസരിച്ചാണ് ഞാൻ നടപടി സ്വീകരിച്ചതെന്നും ടി.വി.അനുപമ മറുനാടൻ മലയാളിയോട് പറഞ്ഞു.

നിറപറ ഉൽപന്നങ്ങൾക്ക് നിരോധനം ഏർപ്പെടുത്തുന്നതിനു മുമ്പ് കമ്പനിയുടെ വിശദീകരണം കേട്ടില്ല എന്ന വാദത്തിന് അനുകൂലമായിട്ടാണ് ഹൈക്കോടതി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നിരോധനം റദ്ദ് ചെയ്തത്. ഈ സാഹചര്യത്തിലാണ് അപ്പീൽ പോകണമെന്ന ആവശ്യം ഉന്നയിച്ചത്. ഹൈക്കോടതി ഉത്തരവോടെ നിറപറയുടെ ഉൽപ്പനങ്ങൾ വീണ്ടും സജീവമാകുന്ന സ്ഥിതിയാണുള്ളത്. നിറപറയിൽ മായം ചേർന്നില്ലെന്ന് ഹൈക്കോടതി പറയുന്നില്ല. എന്നാൽ നിരോധനത്തിന് വ്യവസ്ഥയില്ലെന്നാണ് ഉത്തരവ്. ഇതിനെ അപ്പീലിലൂടെ മറികടക്കാമെന്നാണ് അനുമപയുടെ വാദം.

ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ നടപടി റദ്ദാക്കി കൊണ്ടുള്ള ഹൈക്കോടതി ഉത്തരവിന്റെ കാതൽ ഇതാണ് ' നിലവാരമില്ലാത്ത ഭക്ഷണത്തെയും സുരക്ഷിതമല്ലാത്ത ഭക്ഷണത്തെയും രണ്ടും രണ്ടായി കാണണം. നിറപറ കമ്പനി സുരക്ഷിതമല്ലാത്ത ഭക്ഷണം വിറ്റു എന്ന പരാതി നിലവിലില്ല. നിലവാരമില്ലാത്ത ഭക്ഷണവസ്തുക്കൾ വിറ്റാൽ പിഴയാണ് നിയമം അനുശാസിക്കുന്ന ശിക്ഷ. വീണ്ടും നിയമലംഘനം നടത്തുകയാണെങ്കിൽ കമ്പനിയുടെ ലൈസൻസ് തന്നെ റദ്ദാക്കാവുന്നതാണ്. എന്നാൽ ഭക്ഷണവസ്തുക്കൾ നിലവാരമുള്ളതാണോ ഇല്ലാത്തതാണോ എന്ന് തിരിച്ചറിഞ്ഞ് വാങ്ങേണ്ടത് ഉപഭോക്താവിന്റെ ഉത്തരവാദിത്വമാണ്. ഭക്ഷ്യസുരക്ഷാവകുപ്പ് നിർദ്ദേശിച്ചിരിക്കുന്ന ഗുണനിലവാരം നിലനിർത്താൻ കഴിയാത്ത ഉൽപന്നങ്ങളെ ഭക്ഷ്യസുരക്ഷാ വകുപ്പിന് പരസ്യങ്ങളിലൂടെ പൊതുജനങ്ങളെ അറിയിക്കാവുന്നതാണ്.

കൂടാതെ ഭക്ഷ്യസുരക്ഷാ വകുപ്പ് ശിക്ഷിച്ച കമ്പനികളോട്, അവയുടെ ഉൽപന്നങ്ങളിൽ അത് പ്രദർശിപ്പിക്കണമെന്ന് നിർദ്ദേശിക്കാനമുള്ള അധികാരവും ഉണ്ട്. അതേസമയം നിറപറ ഉൽപന്നങ്ങളെ നിരോധിച്ചത് ഗൂഢലക്ഷ്യത്തോടെയാണെന്നുള്ള കമ്പനിയുടെ വാദം ഹൈക്കോടതി തള്ളുകയും ചെയ്തു. ഭക്ഷ്യസുരക്ഷാ കമ്മീഷറിൽ നിക്ഷിപ്തമായ കൃത്യനിർവഹണം ശരിയായ രീതിയിൽ ചെയ്തു എന്നു മാത്രമാണ് കോടതി മനസിലാക്കുന്നത്. എന്നാൽ നിയമത്തിന്റെ ആഴത്തിലേക്ക് ചെല്ലുമ്പോൾ നിലവാരമില്ലാത്തത്, സുരക്ഷിതമല്ലാത്തത് എന്നിവയുടെ നിർവചനങ്ങൾ കൂടി പരിശോധിച്ച് ഭക്ഷ്യസുരക്ഷ കമ്മീഷണരുടെ ഉത്തരവ് റദ്ദാക്കുന്നു '

ഹൈക്കോടതി വിധി സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ നട്ടൊല്ലൊടിക്കുന്ന വിധിയാണെന്ന അഭിപ്രായമാണ് നിയമവിദഗ്ദർക്കുള്ളത്. നിലവാരമില്ലാത്തതും സുരക്ഷിതമല്ലാത്തതും മായം ചേർത്തതുമായ ഭക്ഷ്യവസ്തുക്കൾ വിൽക്കാനോ, സൂക്ഷിക്കാനോ, വിതരണം ചെയ്യാനോ പാടില്ല എന്ന ഭക്ഷ്യസുരക്ഷാനിയമത്തിലെ 26(2) വകുപ്പ് ഹൈക്കോടതി പരിഗണിച്ചില്ല എന്ന വാദമാണ് പ്രധാനമായും ഇവർ ചൂണ്ടിക്കാണിക്കുന്നത്. ഈ നിയമത്തിന് വിരുദ്ധമായുള്ള നടപടിക്കെതിരെ നിയമത്തിലെ 36(3)ബി പ്രകാരം ഉദ്യോഗസ്ഥന് ആ ഉൽപന്നത്തെ നിരോധിക്കുവാനുള്ള അവകാശമുണ്ടെന്ന കാര്യം കോടതി പരിഗണിച്ചില്ല.

നിറപറ ഉൽപന്നങ്ങൾ നിരോധിച്ചു കൊണ്ട് ഭക്ഷ്യസുരക്ഷാ കമ്മീഷണർ പുറത്തിയ നിരോധന ഉത്തരവിൽ ഈ രണ്ടു നിയമങ്ങളും ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ഹൈക്കോടതി വിധിയിൽ ഈ നിയമത്തെ കുറിച്ച് പരമാർശിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്. രാജ്യത്തെ ഭക്ഷ്യസുരക്ഷാ നിയമം അനുശാസിക്കുന്ന നിയമങ്ങൾക്ക് വിധേയമായി പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കിയ നടപടിയിലൂടെ മറ്റു കമ്പനികൾക്കും യഥേഷ്ടം നിലവാരമില്ലാത്ത എന്തും വിൽക്കാനുള്ള ധൈര്യം കൂടിയാണ് ഈ കോടതി ഉത്തരവിലുള്ളത്.

അതേസമയം ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകുന്ന കാര്യം സർക്കാർ ഏതു രീതിയിൽ പരിഗണിക്കുമെന്ന് കണ്ടറിയാം. ഭക്ഷ്യസുരക്ഷാ വകുപ്പ്, സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് എന്നീ സുപ്രധാന വകുപ്പുകൾ എടുത്ത പല കേസുകളിലും കോടതിയിൽ നിന്ന് പലപ്പോഴും തിരിച്ചടിയുണ്ടായിട്ടുണ്ട്. പിന്നീട് പല കേസുകളും സർക്കാർ അപ്പീൽ പോയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. നിറപറയുടെ കാര്യത്തിൽ ഹൈക്കോടതി വിധി എതിരായ സാഹചര്യത്തിൽ ഭക്ഷ്യസുരക്ഷാ കമ്മീഷണർ അപ്പീൽ പോകണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടാലും അന്തിമതീരുമാനമെടുക്കേണ്ടത് ചീഫ് സെക്രട്ടറിയാണ്. ഭക്ഷ്യസുരക്ഷാ കമ്മീഷണർ എന്ന നിലയിൽ വൻകിട ബ്രാൻഡുകൾക്കെതിരെ തിരിഞ്ഞ ടി.വി.അനുപമയെ തൽസ്ഥാനത്ത് നിന്ന് മാറ്റുന്ന കാര്യം സജീവപരിഗണനയിലായിരുന്നു.

എന്നാൽ തിരഞ്ഞെടുപ്പ് അടുത്തതോടെയാണ് കമ്മീഷണർ തസ്തികയിൽ നിന്ന് ടി.വി.അനുപമയെ മാറ്റണം എന്ന ആവശ്യം താൽക്കാലികമായെങ്കിലും സർക്കാർ ഉപേക്ഷിച്ചത്. നെസ്ലെ മാഗി രാജ്യവ്യാപകമായി നിരോധിച്ച കേന്ദ്രഭക്ഷ്യസുരക്ഷാ കമ്മീഷണർ കോടതിയിൽ നിന്ന് അനുകൂല വിധിയുമായി എത്തിയപ്പോൾ വിധിക്കെതിരെ അപ്പീൽ നൽകണമെന്ന് ആവശ്യപ്പെട്ട കേന്ദ്രകമ്മീഷണറുടെ കസേര ദിവസങ്ങൾക്കുള്ളിൽ തെറിപ്പിച്ചു. അതിനിടെ ഉൽപ്പനങ്ങൾ വീണ്ടും വിപണിയിൽ സജീവമാക്കാനുള്ള നീക്കങ്ങളും നിറപറ തുടങ്ങിക്കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് അപ്പീലെന്ന ആവശ്യവുമായി ഭക്ഷ്യസുരക്ഷാ കമ്മീഷണർ എത്തുന്നതും.