ന്യൂഡൽഹി: പഞ്ചാബ് നാഷനൽ ബാങ്കിലെ (പിഎൻബി) ഉദ്യോഗസ്ഥരുടെ ഒത്താശയോടെ നീരവ് മോദിയും സംഘവും കബളിപ്പിച്ചത് ഏഴു ബാങ്കുകളെയെന്ന് സൂചന. അഞ്ചു രാജ്യങ്ങളിലേക്കും കള്ള ഇടപാടുകൾ നടന്നു. പിഎൻബിയുടെ ജാമ്യരേഖ നിയമവിരുദ്ധമായി സംഘടിപ്പിച്ച് വിവിധ ബാങ്കുകളുടെ വിദേശ ശാഖകളിൽനിന്ന് ഹ്രസ്വകാല വായ്പകളെടുത്തായിരുന്നു തട്ടിപ്പ്. ഇതിനിടെ വിവാദത്തിൽ രാഷ്ട്രീയവും ചർച്ചയാവുകയാണ്. എല്ലാത്തിനും പിന്നിൽ ബിജെപിയാണെന്ന് കോൺഗ്രസ് പറയുന്നു. എന്നാൽ കോൺഗ്രസിനെ വെട്ടിലാക്കുന്ന തെളിവുകളും പുറത്തുവന്നു. ഇതോടെ രാഷ്ട്രീയ പോര് അതിശക്തമാണ്.

നീരവ് മോദിയുടെ കീഴിലുള്ള സ്ഥാപനത്തിൽ കോൺഗ്രസ് നേതാവ് അഭിഷേക് സിങ്വിയുടെ ഭാര്യയ്ക്കും മകനും ഓഹരി പങ്കാളിത്തമുണ്ടെന്ന ആരോപണവുമായി ബിജെപി രംഗത്തുവന്നു. അടിസ്ഥാനരഹിത ആരോപണങ്ങൾ ഉന്നയിച്ച ബിജെപി നേതാവും പ്രതിരോധ മന്ത്രിയുമായ നിർമല സീതാരാമനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സിങ്വി പ്രതികരിച്ചു. നീരവിന്റെ ഉടമസ്ഥതയിൽ മുംബൈയിലുള്ള ഫയർ സ്റ്റാർ ഡയമണ്ട് എന്ന പേരിലുള്ള കമ്പനിയിൽ സിങ്വിയുടെ ഭാര്യ അനിത 2002 മുതൽ പങ്കാളിയാണെന്നും ഡയറക്ടർ പദവിയാണ് അവർ വഹിക്കുന്നതെന്നും വാർത്താസമ്മേളനത്തിൽ നിർമല സീതാരാമൻ ആരോപിച്ചു. യുപിഎ സർക്കാരിന്റെ കാലത്താണു തട്ടിപ്പു നടന്നത്. ഇക്കാര്യത്തിൽ കോൺഗ്രസ് നുണപ്രചാരണം നടത്തുകയാണ്. നീരവ് മോദി രാജ്യം വിട്ടെന്നതു ശരിയാണ്. പക്ഷേ, കേന്ദ്രസർക്കാർ അദ്ദേഹത്തിനെതിരെ കർശന നടപടി സ്വീകരിക്കുന്നുണ്ട്. അഴിമതിക്കാതെ രാജ്യം വിടാൻ കേന്ദ്രസർക്കാർ സഹായിക്കുന്നില്ല; മറിച്ച് അവരെ പിടികൂടാൻ ശ്രമിക്കുകയാണ് നിർമല വ്യക്തമാക്കി.

ഇതിന് പിന്നാലെ നീരവ് മോദിയിൽ നിന്നും അഭിഷേക് സിങ്വിയുടെ ഭാര്യ വജ്രാഭരണങ്ങൾ വാങ്ങിയതായി തെളിഞ്ഞു. ഒന്നരക്കോടിയുടെ വജ്രം വാങ്ങിയത് നികുതി വെട്ടിപ്പിലൂടെയാണെന്ന ആരോപണവും ശക്തമാണ്. ഇതോടെ കോൺഗ്രസ് നേതാവിന്റെ ഭാര്യയ്ക്ക് നീരവുമായി ബന്ധമുണ്ടെന്ന വാദത്തിന് ബലമേറുകയും ചെയ്തു. ഇത് കോൺഗ്രസിനെ വെട്ടിലാക്കുന്നുണ്ട്. 2013ൽ നീരവ് പങ്കെടുത്ത പാർട്ടിയിൽ കോൺഗ്രസ് അധ്യക്ഷനായ രാഹുൽ ഗാന്ധിയും പങ്കെടുത്തിരുന്നു. കോൺഗ്രസ് നേതൃത്വത്തിലെ പ്രമുഖനാണ് ഈ പാർട്ടിയും സംഘടിപ്പിച്ചത്. ഇതെല്ലാം ഉയർത്തി നീരവിന് കോൺഗ്രസുമായുള്ള ബന്ധം സ്ഥാപിക്കാനാണ് ബിജെപിയുടെ ശ്രമം. അതിനിടെ നീരവ് മോദിയും കുടുംബവും രാജ്യം വിട്ടതുമായി ബന്ധപ്പെട്ടു ഗീതാഞ്ജലി ജൂവലറി ഗ്രൂപ്പ് ഡയറക്ടർമാരിലൊരാളായ എസ്.കൃഷ്ണനെ കോയമ്പത്തൂരിൽ സിബിഐ ചോദ്യം ചെയ്തു. കൃഷ്ണന്റെ വടവള്ളി കസ്തൂരിനായ്ക്കൻപാളയത്തെ വീട്ടിലെത്തിയായിരുന്നു ചോദ്യം ചെയ്യൽ.

തനിക്കോ കുടുംബാംഗങ്ങൾക്കോ നീരവുമായോ അദ്ദേഹത്തിന്റെ സ്ഥാപനങ്ങളുമായോ ബന്ധമില്ലെന്നും നിർമലയ്ക്കും കൂട്ടർക്കുമെതിരെയും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങൾക്കെതിരെയും മാനനഷ്ടത്തിനു കേസ് നൽകുമെന്നു സിങ്വി വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറങ്ങുകയായിരുന്നപ്പോൾ മോഷ്ടാക്കൾ രാജ്യത്തിന്റെ സ്വത്തുമായി കടന്നുകളഞ്ഞെന്നു കോൺഗ്രസ് നേതാവ് കപിൽ സിബൽ ആരോപിച്ചു. 2017 ലാണു ക്രമക്കേടുകൾ നടന്നതെന്നു തെളിയിക്കുന്ന രേഖകൾ പുറത്തുവന്നിട്ടുണ്ട്. കോടികളുടെ അഴിമതി തടയുന്നതിൽ കേന്ദ്രസർക്കാർ പരാജയപ്പെട്ടു. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ കേന്ദ്രസർക്കാരും മോദിയും മുട്ടുകുത്തിച്ചു സിബൽ ആരോപിച്ചു. മൗനം വെടിയാനും ബാങ്ക് കുംഭകോണവുമായി ബന്ധപ്പെട്ട എല്ലാ സത്യങ്ങളും വെളിപ്പെടുത്താനും കോൺഗ്രസ് ഉന്നതതല യോഗം പ്രധാനമന്ത്രിയോടാവശ്യപ്പെട്ടു. ബാങ്കുകളിൽ നിലവിലുള്ള നാല് ഓഡിറ്റിങ്ങുകളിലും ക്രമക്കേട് കണ്ടെത്താതിരുന്നതെന്ത്, 2015 മെയ്‌ ഏഴിനു പരാതി ലഭിച്ചിട്ടും നടപടിയെടുക്കാതിരുന്നതെന്ത് എന്നീ ചോദ്യങ്ങളും അവർ ഉന്നയിച്ചു. അങ്ങനെ രാഷ്ട്രീയ പോര് കടുക്കുകയാണ്.

തട്ടിപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ചു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും ചർച്ചകളിൽ സജീവമായി. വിഷയത്തിൽ മോദി മൗനം വെടിഞ്ഞു വിശദീകരണം നൽകണമെന്നു രാഹുൽ ആവശ്യപ്പെട്ടു. 11,400 കോടിയുടെയല്ല, ചുരുങ്ങിയത് 22,000 കോടിയുടെ ക്രമക്കേടാണു നടന്നിരിക്കുന്നത്. 2016 നവംബർ എട്ടിനാണു തട്ടിപ്പ് ആരംഭിച്ചത്. രാജ്യത്തിന്റെ കൈവശമുള്ള പണം മുഴുവൻ അന്ന് മോദി ബാങ്കിലിട്ടു. ഇപ്പോൾ അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ അതു ബാങ്കിൽ നിന്നു മോഷ്ടിച്ചു. നോട്ട് നിരോധനമുൾപ്പെടെയുള്ള നടപടികളിലൂടെ രാജ്യത്തിന്റെ സാമ്പത്തിക മേഖലയെ മോദി തകർത്തു. ബാങ്കിങ് സംവിധാനം സുരക്ഷിതമാക്കാൻ അദ്ദേഹം ഇനി എന്താണു ചെയ്യാൻ പോകുന്നത്? കേന്ദ്രസർക്കാരിന്റെ ഭാഗമായ ആളുകളുടെ അറിവോ സംരക്ഷണമോ ഇല്ലാതെ ഇത്രയും വലിയ ക്രമക്കേട് നടക്കില്ല. സംഭവത്തെക്കുറിച്ചു സംസാരിക്കാൻ വിവിധ മന്ത്രിമാരെ മോദി നിയോഗിക്കുന്നു. പക്ഷേ, സാമ്പത്തിക മേഖലയുമായി ബന്ധമുള്ള പ്രധാനമന്ത്രിയും ധനകാര്യമന്ത്രിയും മൗനം പാലിക്കുകയാണ് രാഹുൽ കുറ്റപ്പെടുത്തി. നീരവ് മോദിയുമായി തനിക്കു ബന്ധമുണ്ടെന്ന ആരോപണം രാഹുൽ തള്ളുകയും ചെയ്തു.

നീരവ് മോദി തട്ടിപ്പു കേസുമായി ബന്ധപ്പെട്ടു ചെന്നൈയിലെ മൂന്നു ജൂവലറികളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി. ആൽവാർപേട്ട്, വേളാച്ചേരി, തേനാംപേട്ട് എന്നിവിടങ്ങളിലെ ജൂവലറികളിലാണു റെയ്ഡ് നടന്നത്. നീരവ് മോദിയുടെ കമ്പനിയുമായി ആഭരണ ഇടപാടുകൾ നടത്തിയ ജൂവലറികളിലാണിവ. വായ്പ തട്ടിപ്പിൽ കേന്ദ്ര ധനകാര്യ മന്ത്രാലയം, പഞ്ചാബ് നാഷനൽ ബാങ്ക് എന്നിവയിൽനിന്നു വിശദീകരണം ആവശ്യപ്പെട്ടു കേന്ദ്ര വിജിലൻസ് കമ്മിഷനും നടപടികളുമായി രംഗത്ത് വന്നു. ക്രമക്കേടിനെക്കുറിച്ചുള്ള വിവരങ്ങൾ വിശദീകരിക്കുന്നതിനു നാളെ ഹാജരാകാൻ ധനകാര്യ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരോടും ബാങ്ക് മാനേജ്‌മെന്റിനോടും കമ്മിഷൻ ആവശ്യപ്പെട്ടു.

നേരത്തെ നീരവ് മോദിക്കും കൂട്ടർക്കും അന്യായമായി കോടികളുടെ വായ്പ ലഭ്യമാക്കിയ കേസിൽ പഞ്ചാബ് നാഷനൽ ബാങ്ക് റിട്ട. ഡപ്യൂട്ടി മാനേജരടക്കം മൂന്നു പേരെ സിബിഐ അറസ്റ്റ് ചെയ്തു. കേസുമായി ബന്ധപ്പെട്ടു മലയാളി ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുത്തിട്ടുണ്ട്. ബാങ്കിന്റെ മുംബൈ സോണൽ ശാഖാ ഡപ്യൂട്ടി മാനേജർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസിലാണു മലയാളിയായ അനിയത്ത് ശിവരാമൻ നായരെയും പ്രതിചേർത്തിരിക്കുന്നത്. നീരവിന്റെ ബന്ധുവും വ്യാപാര പങ്കാളിയുമായ മെഹുൽ ചോക്‌സിയുടെ കീഴിൽ മുംബൈ ആസ്ഥാനമായുള്ള ഗില്ലി ഇന്ത്യ ലിമിറ്റഡ് എന്ന കമ്പനിയുടെ ഡയറക്ടറാണു ശിവരാമൻ നായർ.