തിരുവനന്തപുരം: സ്‌കൂളിൽ നിന്നും മടങ്ങിയെത്തിയ റിയയുടെ ആത്മഹത്യ ബന്ധുക്കൾക്കും അയൽവാസികൾക്കും സഹപാടികൾക്കും ഇനിയും വിശ്വസിക്കാനായിട്ടില്ല. എല്ലാവരോടും വലിയ സ്നേഹത്തിലും സന്തോഷത്തിലും പെരുമാറുന്ന റിയ ആത്മഹത്യ ചെയ്തെന്ന് വിശ്വസിക്കാനാകാതെ നാട്ടുകാരിൽ ഇപ്പോഴും അമ്പരപ്പ് നിലനിൽക്കുന്നു. തിരുവനന്തപുരം കവടിയാർ നിർമ്മല ഭവനിലിലെ 10ാം ക്ലാസ് വിദ്യാർത്ഥിനി റിയ രാജ് ഇന്നലെയാണ് ആത്മഹത്യ ചെയ്തത്. അമ്മ വഴക്ക് പറഞ്ഞതിനെ തുടർന്നാണ് കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് വലിയതുറ പൊലീസ് മറുനാടൻ മലയാളിയോട് പറഞ്ഞത്.

സ്വകാര്യ സ്‌കൂൾ വാനിലാണ് റിയ വലിയതുറയിൽ നിന്നും എന്നും കവടിയാറിലെ സ്‌കൂളിലേക്ക് പോകുന്നത്. ഇന്നലെ വൈകുന്നേരം സ്‌കൂളിൽ നിന്നും പുറത്തിറങ്ങിയ ശേഷം സ്‌കൂൾ വാനിൽ കയറിയിരുന്നു. സ്വകാര്യ സ്‌കൂൾ വാനിൽ ഒന്നിലധികം സ്‌കൂളുകളിലെ കുട്ടികളാണ് യാത്ര ചെയ്യുന്നത്. എല്ലാ ദിവസവും സ്‌കൂളിൽ നിന്നും വാനിൽ കയറുന്ന ചെറിയ കുട്ടികളെ വലിയ കുട്ടികളാണ് കൈപിടിച്ച് കൊണ്ട് വന്ന് വാനിൽ കയറ്റുന്നത്. ഇന്നലെ ചെറിയ കുട്ടികളെ ഇവർ കൂട്ടികൊണ്ടു വന്നിരുന്നില്ല.

ചെറിയ കുട്ടികളെ കൂട്ടികൊണ്ട് വരാൻ പിന്നെ വണ്ടിയിലെ ഡ്രൈവർ തന്നെ ഇറങ്ങി പോവുകയായിരുന്നു. ഇത് പിന്നീട് ചില കുട്ടികളും രക്ഷിതാക്കളും വഴി റിയയുടെ അമ്മ അറിയുകയും ചെയ്തു. ചെറിയ കുട്ടികളെ വിളിക്കാതെ വന്നത് എന്തേ എന്ന് ചോദിച്ച് അമ്മയും വഴക്ക് പറഞ്ഞതോടൈ റിയക്ക് സങ്കടമാവുകയായിരുന്നു. പിന്നീട് റിയയുടെ മുറിയിലെത്തി അമ്മ നോക്കിയപ്പോഴാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്ന് വൈകുന്നേരം മൂന്നരമണിയോടെയാണ് പോസ്റ്റ്മാർട്ടം നടപടികൾക്ക് ശേഷം മെഡിക്കൽ കോളേജിൽ നിന്നും വലിയതുറ കുഴിവിളാകത്തുള്ള വീട്ടിലേക്ക് റിയയുടെ മൃതശരീരം കൊണ്ട് വന്നത്. രാവിലെ മുതൽ തന്നെ നിരവധിയാളുകളാണ് റിയയുടെ വീട്ടിലേക്ക് എത്തിയത്. റിയയുടെ സഹോദരിയെയും അമ്മയേയും ആശ്വസിപ്പിക്കാൻ ബന്ധുക്കൾ നന്നേ പ്രയാസപ്പെട്ടു. സ്‌കൂളിലെ റിയയുടെ സഹപാഠികളും റിയയുടെ ചേതനയറ്റ ശരീരത്തിന് മുന്നിൽ വിതുമ്പി.

സ്‌കൂളിലെ അദ്ധ്യാപകർക്കോ സുഹൃത്തുക്കൾക്കോ റിയയെ കുറിച്ച് മോശമായ അഭിപ്രായമില്ല. ക്ളാസിലും സ്‌കൂളിലുമെല്ലാം വളരെ നന്നായി തന്നെ ബഹുമാനപൂർവ്വമാണ് പെരുമാറിയിരുന്നതെന്നും സ്‌കൂൾ മാനേജ്മെന്റ് അധികൃതർ മറുനാടൻ മലയാളിയോട് പറഞ്ഞു എന്തുകൊണ്ടാണ് കുട്ടി ആത്മഹത്യ ചെയ്തതെന്ന് സംബന്ധിച്ച് തിരക്കിയെങ്കിലും കൂടുതല്ലൊന്നും അറിഞ്ഞില്ലെന്നും മാനേജ്മെന്റ് പറയുന്നു. കുട്ടിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നാൽ മാത്രമെ കൂടുതലെന്തെങ്കിലും പറയാൻ കഴിയുകയുള്ളുവെന്നും വലിയതുറ എസ്ഐ ജയപ്രകാശ് മറുനാടനോട് പറഞ്ഞു.