തിരുവനന്തപുരം: മകളുടെ കല്യാണത്തിനായി നിർമ്മൽകൃഷ്ണയുടെ സ്ഥാപനത്തിൽ പണം നിക്ഷേപിച്ചിരുന്നയാൾ ആത്മഹത്യ ചെയ്തു. ഈ ഫെബ്രുവരിയിൽ മകളുടെ കല്യാണം നടത്തുന്നതിനായി 10 ലക്ഷം രൂപയാണ് ഇവിടെ നിക്ഷേപിച്ചിരുന്ന ഉദിയൻകുളങ്ങര സ്വദേശി വേണുഗോപാലാണ് ആത്മഹത്യ ചെയ്തത്. ഇന്ന് വൈകുന്നേരമാണ് വേണുഗോപാൽ തൂങ്ങി മരിച്ചത്. പണം തട്ടിയ നിർമ്മലൻ മുങ്ങി 2 മാസം പിന്നിട്ടിട്ടും അന്വേഷണം ഒരിടത്തുമെത്താത്തതും മകളുടെ കല്യാണ തീയതി അടുത്ത് വന്നതും ഈ അച്ഛനെ കടുത്ത മാനസിക സമ്മർദ്ദത്തിലാഴ്‌ത്തിയിരുന്നു.

അടുത്ത കാലത്ത് കേരളം കണ്ട ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പായിരുന്നു കെ നിർമ്മലന്റെ നിർമ്മൽ കൃഷ്ണ ചിറ്റ്സ് ആൻഡ് ഫണ്ട്. 1,200 കോടിയോളം രൂപയാണ് ഈ നിക്ഷേപ തട്ടിപ്പിലൂടെ നിർമ്മലൻ സ്വന്തമാക്കിയത്. എന്നാൽ ഇതുവരെയും ഇയാളെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. തമിഴ്‌നാട് അതിർത്തിയിൽ പളുഗൽ എന്ന സ്ഥലത്ത് സ്ഥിതി ചെയ്തിരുന്ന സ്ഥാപനമായിരുന്നതിനാൽ തമിഴ്‌നാട് പൊലീസിനായിരുന്നു ആദ്യ ഘട്ടത്തിൽ അന്വേഷണ ചുമതല. എന്നാൽ പിന്നീട് കേരള പൊലീസും കേസെടുത്തുവെങ്കിലും ഇതുവരെ അന്വേഷണം ഒരിടത്തുമെത്തിയിട്ടില്ല.

ഒട്ടേറെ പേരാണ് ഇപ്പോഴും നിർമ്മൽ കൃഷ്ണയുടെ സ്ഥാപനത്തിന് മുന്നിൽ സമരം ചെയ്യുന്നത്. മക്കളുടെ വിദ്യാഭ്യാസത്തിനും വിവാഹത്തിനും സ്വന്തം ചികിതസയ്ക്കും തുടങ്ങി നിരവധി ആവശ്യങ്ങൾക്കായി പണം നിക്ഷേപിച്ച പലരും ഇന്ന് പെരുവഴിയിലാണ്. ഉന്നത രാഷ്ട്രീയ ബന്ധങ്ങളാണ് നിർമ്മലനുള്ളത്. മുന്നണി ഭേദമില്ലാതെ പല നേതാക്കളും പണം നിക്ഷേപിച്ചിട്ടുള്ള സ്ഥാപനത്തെ തൊട്ട് കളിക്കാൻ ആരും ധൈര്യപ്പെടുന്നില്ല എന്നതാണ് സത്യം.

തിരുവനന്തപുരം ജഗതിയിലെ സ്വന്തം വീട്ടിൽ നിന്നുമാണ് നിർമ്മലൻ കൂടുതൽ ഇടപാടുകൾ നടത്തിയതെന്നുൾപ്പടെ റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിന് ഷേമാണ് തിരുവനന്തപുരം മ്യൂസിയം പൊലീസ് നിർമ്മലനെതിരെ കേസെടുത്തത്. ഒരു ചെറിയ ചിട്ടി കമ്പനി പൊട്ടിയാൽ പോലും അതിന്റെ ഉടമസ്ഥരെ വല വീശി പിടിക്കുന്ന പൊലീസിന് പക്ഷേ ഇത്രയും വലിയ ഇരയെ പിടികൂടാൻ ഒരു താൽപര്യവുമില്ലെന്നതിന്റെ തെളിവാണ് ഇത്.

നിർമ്മലൻ കർണ്ണാടകയിലുണ്ടെന്നും തമിഴ്‌നാട്ടിലുണ്ടെന്നും പല വാർത്തകൾ പ്രചരിച്ചുവെങ്കിലും തലസ്ഥാനത്തെ ഒരു മുൻ മന്ത്രിയാണ് ഇയാളെ ഒളിവിൽ പാർപ്പിച്ചിരിക്കുന്നതെന്നാണ് ഇപ്പോൾ സമരസമിതി അംഗങ്ങൾ മറുനാടൻ മലയാളിയോട് പറഞ്ഞത്. അതിനിടെ നിർമ്മലനെ എത്രയും വേഗം കോടതിയിൽ ഹാജരാക്കുമെന്ന് വാദിഭാഗം അഭിഭാഷകൻ അഫ്‌സൽഖാൻ കോടതിയെ അറിയിച്ചു. നിർമ്മലനും ഭാര്യയും മുൻകൂർ ജാമ്യാപേക്ഷ ഇവിടെ സമർപ്പിച്ചിരുന്നു.

പണം തിരികെ നൽകാനുള്ളവരുടെ പട്ടികയിൽ നിർമ്മലൻ സ്വന്തം ഭാര്യയുടെ പേരും ഉൾപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരം ജഗതി കൊച്ചാർ റോഡിൽ താമസിക്കുന്ന രേഖയ്ക്ക് ഒരു കോടി പത്ത് ലക്ഷം രൂപ നൽകാനുള്ളതായിട്ടാണ് പറയുന്നത്.ഇത് പോലെ നിർമ്മലന്റെ വളരെ അടുത്ത ബന്ധുക്കളേയും സുഹൃത്തുകളേയും പട്ടികയിൽ ഉൾപ്പെടുത്തി വലിയ തുക തിരികെ സ്വന്തം അക്കൗണ്ടിൽ എത്തിക്കാനുള്ള ശ്രമം നടത്തിയതും മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്തിരുന്നു.