കൊച്ചി: അന്തരിച്ച ഡോ.ഡി.ബാബു പോളിനെ കുറിച്ച് ഭാര്യ നിർമ്മല എഴുതിയ ലേഖനം വൈറലാകുന്നു. ബാബുപോളിന്റെ ശിഷ്യനായ ഐ.എം.ജി ഡയറക്ടർ കെ. ജയകുമാറും ബാബുപോളിന്റെ മകൻ ചെറിയാൻ.സി.പോളും ചേർന്ന് തയ്യാറാക്കിയ 'ഓർമകളിൽ ബാബു പോൾ ' എന്ന പുസ്തകത്തിലാണ് ഈ ലേഖനം ഉൾപ്പെടുത്തിയിരിക്കുന്നത്. ഡി.സി.ബുക്‌സ് ആണ് പുസ്തകത്തിന്റെ വിതരണം.ആമസോണിൽ പുസ്തകം ലഭ്യമാണ്. അർബുദ ബാധിതയായി 2000 ജൂൺ 6 നായിരുന്നു ബാബു പോളിന്റെ ഭാര്യ നിർമ്മലയുടെ മരണം. കഴിഞ്ഞ ദിവസം നിർമ്മല ബാബു പോൾ അന്തരിച്ചിട്ട് 22 വർഷം തികഞ്ഞു .

തിരിഞ്ഞു നോക്കുമ്പോൾ എന്ന തലക്കെട്ടിൽ നിർമല ബാബു പോൾ എഴുതിയ ലേഖനത്തിന്റെ പൂർണരൂപം:

ബാബുപോളിന് ഐ.എ.എസ്. മലയാള മനോരമ പത്രം മറിച്ചു നോക്കിയപ്പോൾ കണ്ട വാർത്തയാണ്. ഒപ്പം ഒരു പടവുമുണ്ട്. നോക്കിയപ്പോൾ പയ്യൻ കൊള്ളാം. ഞാൻ ആ വാർത്ത മുഴുവൻ വായിച്ചു. കുറുപ്പുംപടി യാക്കോബായ പള്ളി വികാരി റവ.പി.എ. പൗലോസ് കോർ എപ്പിസ്‌കോപ്പയുടെ മകനാണ്. നല്ല റാങ്കോടെയാണ് ഐ.എ.എസ് ജയിച്ചിട്ടുള്ളത്. ഇത്രയും വായിച്ചപ്പോൾ തന്നെ എനിക്ക് ആളിനെ ഇഷ്ടപ്പെട്ടു. ഇദ്ദേഹത്തെ സ്വന്തമാക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് മനസിലൊരു മോഹവും മുളച്ചു. ഞാൻ അന്ന് മദ്രാസിൽ ക്യൂൻ മേരിസിൽ എം.എസ്.സിക്ക് പഠിക്കുകയാണ്. മനസ്സിലുള്ള മോഹം എനിക്ക് അപ്പച്ചനോടോ, അമ്മച്ചിയോടോ പറയാൻ പറ്റുമോ ? പെൺമക്കൾ അങ്ങനെ മനസു തുറന്ന് കാട്ടിയാൽ അപ്പനമ്മമാർ അവരെ കൊന്നു തിന്നുന്ന കാലമാണ്. ഇന്ന് കഥ വേറെ.

എനിക്ക് അന്ന് ധാരാളം കല്യാണാലോചനകൾ വരുന്ന കാലമാണ്. അന്നൊക്കെ ഞാൻ മുട്ടിപ്പായി പ്രാർത്ഥിക്കും. ദൈവമേ, ആരെങ്കിലും എനിക്ക് വേണ്ടി ബാബുപോളിനെ കല്യാണം ആലോചിക്കണേ. അങ്ങനെ രണ്ട് മാസം കഴിഞ്ഞു. ഒരു ദിവസം അമ്മച്ചിയുടെ നീണ്ട കത്ത്. ചുരുക്കം ഇതാണ്. ഐ.എ.എസ് കിട്ടിയ ബാബു പോൾ എന്ന യാക്കോബായക്കാരനു വേണ്ടി ആലോചനയുണ്ട്. നിന്റെ അഭിപ്രായമെന്താണ് ? 'അമ്മച്ചി , വളരെ നല്ല അഭിപ്രായമാണ്. ഒട്ടും വച്ച് നീട്ടരുത് 'എന്ന് എഴുതണമെന്നുണ്ട്. പക്ഷേ ചെയ്തതു തണുപ്പൻ മട്ടിൽ ഒരു മറുപടി എഴുതുകയാണ്. അപ്പച്ചനും അമ്മച്ചിക്കും വിരോധമില്ലെങ്കിൽ എനിക്കും വിരോധമില്ല. എന്നാലും ധൃതിയൊന്നും ഇല്ല ( എന്തൊരു കള്ളത്തരം ! ). അങ്ങനെ കല്യാണാലോചന മുറുകി.

അടുത്ത അവധിക്കു നാട്ടിൽ ചെന്നപ്പോൾ പെണ്ണു കാണാൻ ആളു വരുമെന്ന് അറിഞ്ഞു. ചെറുക്കന്റെ ആദ്യത്തെ ചോദ്യം എളുപ്പമായിരുന്നു. ഞാൻ എങ്ങനെയോ മറുപടി പറഞ്ഞു. അപ്പോൾ രണ്ടാമത്തെ ചോദ്യം വന്നു. 'വാട്ട് ആർ യുവർ ഇന്റലക്ച്വൽ ഡൈവേർഷൻസ് ' ? തീർന്നോ കഥ? എന്തു പറയും ? പാഠപുസ്തകങ്ങളല്ലാതെ മറ്റൊന്നും തിരിഞ്ഞു നോക്കാത്ത ഞാൻ ! എന്നാലും വീട്ടില്ല. ഒന്ന് രണ്ട് എഴുത്തുകാരുടേയും ഒരു മാസികയുടേയും പേര് തട്ടിവിട്ടു. അപ്പോൾ ചോദ്യം, 'എഴുത്തുകാരന്റെ പുസ്തകത്തിന്റെ പേര് പറയാമോ ? എനിക്കുണ്ടോ വല്ല നിശ്ചയവും ? മനസ്സിൽ അദ്ദേഹം ചിരിച്ചോ എന്തോ ? ( എന്നോട് ഇന്നുവരെ പറഞ്ഞിട്ടില്ല. ഞാൻ ചോദിച്ചിട്ടുമില്ല. ഒരു ചമ്മൽ ). എന്തായാലും പെണ്ണ് കാണൽ കഴിഞ്ഞു. പക്ഷേ ഒരു വിവരവുമില്ല.

അദ്ദേഹം മസ്സൂറിയിൽ ട്രെയിനിങ്ങിനും ഞാൻ മദ്രാസിൽ എം.എസ്.സി രണ്ടാം വർഷം പഠിക്കാനും പോയി. എനിക്ക് വേറെ ആലോചനകളും വന്ന് തുടങ്ങി. പക്ഷേ ഞാൻ തീർത്തു പറഞ്ഞു: 'ബാബുപോൾ കല്യാണം കഴിക്കാതെ ഞാൻ കല്യാണം കഴിക്കുന്ന പ്രശ്നമില്ല. ' പഠിത്തം തീർന്നു വീട്ടിൽ ചെന്നപ്പോൾ ആകെ പ്രശ്നം. വേറെ കല്യാണം കഴിച്ചേ തീരു എന്ന് അപ്പച്ചനും അമ്മച്ചിയും വാശിപിടിച്ചു. ഞാൻ ആകെ ധർമ്മസങ്കടത്തിലും ! അപ്പോഴാണ് അപ്പച്ചന് ഒരു കത്ത് കിട്ടിയത്. 'ഇപ്പോഴും നിങ്ങളുടെ മകൾ അവിവാഹിതയാണെങ്കിൽ എനിക്കു താൽപര്യമുണ്ട്. ' മസൂറിയിലെ കാറ്റ് അദ്ദേഹത്തിന്റെ മനസ്സ് മാറ്റിക്കാണും. ഏതായാലും 1965 സെപ്റ്റംബർ 13 ന് അഗ്നിയും അൾത്താരയും സാക്ഷിയായി ഞങ്ങൾ ഒന്നായി. ഒരു സ്വപ്നം സാക്ഷാത്കരിച്ചു കൊണ്ട് ഞങ്ങൾ ജീവിതം തുടങ്ങി. പിന്നെ, എന്തിനായിരുന്നു അത്ര കാലം വച്ച് നീട്ടിയത് ? വല്ല പ്രേമകുരുക്കിൽ നിന്ന് തലയൂരാനായിരുന്നോ ? എനിക്ക് അറിയില്ല. ഇന്നുവരെ അദ്ദേഹം അത് പറഞ്ഞിട്ടില്ല.

അദ്ദേഹത്തിന്റെ നിയമനം തിരുവനന്തപുരത്ത് അസി. കളക്ടർ ആയിട്ടായിരുന്നു. കേശവദാസപുരത്ത് ഡോ. ഓമന മാത്യുവിന്റെ വീടിന്റെ രണ്ടാം നിലയിലെ, ഫ്ളാറ്റിൽ ഞങ്ങൾ താമസം തുടങ്ങി. ബാബുവിന്റെ അനിയനും ( അന്ന് ഐ.എ.എസിന് പഠിക്കുന്നു ) ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. നെടുമങ്ങാട്ടുകാരൻ മാർട്ടിൻ ആണ് എന്നെ ജോലിയിൽ സഹായിക്കാൻ ഉണ്ടായിരുന്നത്. ജീവിതം സ്വച്ഛമായ ഒരു നദിയായിരുന്നു. അക്കാലത്ത് അദ്ദേഹം വൈകിട്ട് നേരത്തെ വരും. ഞങ്ങൾ ഒന്നിച്ച് എവിടെയെങ്കിലുമൊക്കെ കറങ്ങാൻ പോകും. ബാബുവും അനിയനും തമാശക്കാരാണ്. വീട്ടിൽ എപ്പോഴും ചിരിയും ബഹളവും. മാർട്ടിൻ ഒരു സാധുവായിരുന്നു. മാർട്ടിനെ കളിയാക്കുകയായിരുന്നു അനിയന്റെ വിനോദം. ഒരിക്കൽ അനിയൻ മാർട്ടിനെ വിളിച്ചു പറഞ്ഞു. 'എടോ, കുറച്ച് ഇൻലൻഡ് വാങ്ങണം. ഇവിടുത്തെ പ്രധാന പോസ്റ്റ് ഓഫിസിൽ എല്ലാം പോയി വില ചോദിച്ചു കുറവുള്ളിടത്തു നിന്നു വേണം വാങ്ങാൻ '. വൈകിട്ടു മാർട്ടിൻ പരവശനായി മടങ്ങിയെത്തി.

'എന്റെ സാറേ, പല പോസ്റ്റ്ഓഫിസുകളിലും പോയി തിരക്കി. ആരും വില കുറയ്ക്കുന്നില്ല. അതുകൊണ്ട് ഞാൻ വാങ്ങിയില്ല ! ' ഞങ്ങളന്നു ചിരിച്ച് മണ്ണുകപ്പി. ബാബു കളക്ടറായപ്പോൾ തിരക്ക് കൂടി. ഞങ്ങൾക്ക് കുട്ടികളും ജനിച്ചു. കുഞ്ഞുങ്ങളുടെ ബാല്യം ആസ്വദിക്കാനോ കുടുംബത്തോടൊപ്പം ചെലവിടാനോ സമയമില്ലാത്ത വിധം തിരക്ക് കൂടി. ഇന്നും ആ തിരക്ക് തുടരുന്നു. ഔദ്യോഗിക ചുമതലകളോടൊപ്പം അദ്ദേഹത്തിനു ബൈബിൾ എൻസൈക്ലോപീഡിയയുടെ തിരക്കും ഉണ്ടായിരുന്നു. ആ പത്തു വർഷത്തിനിടെ ആകെ ഒരു സിനിമയാണ് ഞങ്ങൾ ഒന്നിച്ച് കണ്ടത്. ( സെൻസർ ബോർഡിനു വേണ്ടി ഞാനും സാംസ്‌കാരിക വകുപ്പിന് വേണ്ടി അദ്ദേഹവും കണ്ടത് വെവ്വേറെ). മരണ വീടുകളിലല്ലാതെ ഒരുമിച്ച് ഒരിടത്തും പോയിട്ടില്ല.

വൈകിട്ട് അര മണിക്കൂർ ഓഫിസിലെ വിശേഷം. പിന്നെ ഒന്നിച്ച് അത്താഴം. അത് കഴിഞ്ഞാൽ അദ്ദേഹം എൻസൈക്ലോപീഡിയയുടെ ലോകത്തേക്ക് കടക്കും. എങ്കിലും തിരിഞ്ഞു നോക്കുമ്പോൾ എനിക്ക് നിരാശയില്ല. 'വേദശബ്ദരത്നാകരം ' ബൈബിൾ നിഘണ്ടു എന്റെയും കൂടി സ്വപ്ന സാക്ഷാത്കാരമാണ്. അത് ജീവിതത്തിന് പുതിയ അർത്ഥം തന്നു !