തിരുവനന്തപുരം: 1200 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തി മുങ്ങിയ നിർമ്മൽ കൃഷ്ണ ചിറ്റ്സ് ഉടമ കെ നിർമ്മലൻ ഇന്നലെയാണ് മധുര കോടതിയിൽ കീഴടങ്ങിയത്. ഇന്നലെ വൈകുന്നേരം മൂന്നര മണിയോടെ മധുര തലാക്കുളം കോടതിയിൽ കീഴടങ്ങിയ നിർമ്മലനെ അന്വേഷണ സംഘം വിദഗ്ദമായി കുടുക്കുകയായിരുന്നു. നിർമ്മലനെ കീഴടങ്ങുകയെന്നല്ലാതെ മറ്റ് വഴിയൊന്നുമില്ലെന്ന അവസ്ഥയിലേക്കാണ് അന്വേഷണ സംഘം എത്തിച്ചത്. നിർമ്മലന്റെ മകൾ ചെന്നൈയിലാണ് പഠിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഈ കുട്ടിയെ തമിഴ്‌നാട് പൊലീസ് ചോദ്യം ചെയ്തിരുന്നു. മകളെ ചോദ്യം ചെയ്തതോടെ പൊലീസ് തന്റെ അടുതെത്തിയെന്ന് മനസ്സിലാക്കിയ നിർമ്മലൻ കഴിഞ്ഞ രണ്ട് ദിവസമായി കീഴടങ്ങുന്നതിനെകുറിച്ച് ആലോചിച്ചിരുന്നു.

നിർമ്മലൻ കീഴടങ്ങുന്നുവെന്ന രീതിയിൽ കഴിഞ്ഞ രണ്ട് ദിവസമായി വാർത്തകൾ പരന്നിരുന്നു. മകളെ ചോദ്യം ചെയ്തതിന് പുറമെ നിർമ്മലൻ ജീവിച്ചിരിപ്പുണ്ടൊ എന്ന സംശയവും അന്വേഷണ സംഘം പുറത്ത് വിട്ടിരുന്നു. വാസ്തവത്തിൽ ഇത് ഒഴിവിൽ കഴിയുന്ന നിർമ്മലനെ പുറത്തുകൊണ്ട് വരുന്നതിനുള്ള പൊലീസിന്റെ സമ്മർദ്ദ തന്ത്രമായിരുന്നു. 21 പ്രതികളുള്ള കേസിൽ ഇതുവരെ ആറുപേരെ മാത്രമേ പിടികൂടിയിട്ടുള്ളൂ. ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗങ്ങളായ ഭാര്യ, സഹോദരിമാർ, ബന്ധുക്കൾ, ജീവനക്കാർ എന്നിവരടക്കം 15 പ്രതികൾ ഒളിവിലാണ്. നിർമലനെ കസ്റ്റഡിയിൽ ലഭിക്കാൻ തമിഴ്‌നാട് അന്വേഷണസംഘം നാളെ മധുര തലക്കുളത്തുള്ള സാമ്പത്തിക തട്ടിപ്പ് സ്പെഷ്യൽ കോടതിയിൽ അപേക്ഷ സമർപ്പിക്കും. നിർമ്മലൻ ചോദ്യം ചെയ്യലിൽ സത്യം പറയുമെന്ന പ്രതീക്ഷ അന്വേഷണ സംഘത്തിനില്ല. കേരളത്തിലെ മുൻ മന്ത്രിയെ കുടുക്കാതിരിക്കാൻ പ്രത്യേക ചോദ്യം ചെയ്യൽ പരിശീലനം നിർമ്മലന് കിട്ടിയിട്ടുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.

നിക്ഷേപ തട്ടിപ്പിനു പുറമേ ബിനാമി ഇടപാടുകളെ കുറിച്ചും പൊലീസ് അന്വേഷിക്കുന്നു. പല ഉന്നത രാഷ്ട്രീയക്കാരുടെയും ഇതുമായുള്ള ബന്ധത്തെക്കുറിച്ചും തമിഴ്‌നാട് പൊലീസ് അന്വേഷിക്കുന്നുണ്ട്. എന്തചായാലും നിർമ്മലന്റെ കീഴടങ്ങൽ കൂടുതൽ പേരെ അങ്കലാപ്പിലാഴ്‌ത്തിയിരിക്കുകയാണ്. ഇവിടെ നിക്ഷേപിച്ചിരിക്കുന്ന രാഷ്ട്രീയക്കാരുടെ വിവരം ഉൾപ്പടെ നിർമ്മലൻ അന്വേഷണസംഘത്തിന് മുൻപാകെ തുറന്ന് പറഞ്ഞാൽ അത് പല നേതാക്കൾക്കും ഭീഷണിയാകും. നിർമ്മലിന്റെ മകൾ ചെന്നൈയിലെ ഒരു മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിനിയാണ്. ഇവിടെയെത്തി പൊലീസ് മകളെ ചോദ്യം ചെയ്തതായി സൂചനയുണ്ട്. ഇതിന് പുറമേ ഭാര്യാ സഹോദരനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇതോടെയാണ് നിർമ്മലൻ കീഴടങ്ങാൻ തീരുമാനിച്ചത്. കേരളത്തിലെ മുതിർന്ന നേതാവിന്റെ ചെന്നൈ, ഡൽഹി യാത്രകളെ കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. 

ഭാര്യാസഹോദരനെ അറസ്റ്റ് ചെയ്തും അടുത്ത സുഹൃത്തുക്കളെ നിരന്തരം ചോദ്യം ചെയ്തും കേരള ക്രൈംബ്രാഞ്ച് സമ്മർദ്ദം മുറുക്കിയതോടെയാണു കീഴടങ്ങലിനു കളമൊരുങ്ങിയത്. സ്ത്രീകളടങ്ങുന്ന വലിയൊരു സംഘത്തോടൊപ്പം മാസങ്ങൾനീണ്ട ഒളിവുകാലത്തിന് ഒത്താശചെയ്യുന്നത് ഒരു മുന്മന്ത്രിയാണെന്ന ആരോപണം അടുത്തിടെ കേസ് രാഷ്ട്രീയ ആയുധമാക്കാനും ഇടയാക്കിയിരുന്നു. കഴിഞ്ഞ രണ്ടു ദിവസമായി നിർമലന്റെ അഭിഭാഷകസംഘം കീഴടങ്ങലിനു സാധ്യതയാരാഞ്ഞു തമിഴ്‌നാട് സാമ്പത്തിക തട്ടിപ്പ് അന്വേഷണ സംഘത്തെ സമീപിച്ചതായാണു സൂചനകൾ.

കേസിൽ അറസ്റ്റിലായ മറ്റു പ്രതികളെപ്പോലെ പിടികൂടാൻ സാഹചര്യമൊരുക്കണമെന്നായിരുന്നു പൊലീസിന്റെ ആവശ്യമെങ്കിലും കോടതിയിൽ മാത്രമേ കിഴടങ്ങൂ എന്ന നിലപാടിലായിരുന്നു മറുപക്ഷം.ചർച്ചകളിൽ സമവായമായതോടെ ചൊവ്വ രാത്രിതന്നെ കീഴടങ്ങിയെന്ന അഭ്യൂഹങ്ങൾ ഉയർന്നെങ്കിലും കോടതിയിലെത്തിയത് ഇന്നലെ ഉച്ചയ്ക്കു ശേഷമാണ്.പ്രതികളുടെ നീക്കത്തെക്കുറിച്ചു വ്യക്തമായ അറിവുണ്ടായിട്ടും കേരളത്തിലെ പാപ്പർഹർജി, മുൻകൂർ ജാമ്യം എന്നിവയിൽ ശക്തമായ നിലപാടെടുത്ത തമിഴ്‌നാട് പൊലീസ് അറസ്റ്റിനു താൽപര്യമെടുക്കാതെ കീഴടങ്ങലിനു സാഹചര്യമൊരുക്കിയതായി ആരോപണമുണ്ട്.

കേസിൽ നേരത്തെ പിടിയിലായ അഞ്ചു പ്രതികളിൽ മൂന്നുപേർ മുൻകൂട്ടി അറിയിച്ച പ്രകാരം നാഗർകോവിലിൽ എത്തിയപ്പോഴും രണ്ടുപേരെ നിക്ഷേപകർ അറിയിച്ചതനുസരിച്ചുമാണു പിടികൂടിയത്.പ്രധാന പ്രതി പിടിയിലായതോടെ അഞ്ചു സ്ത്രീകളടക്കമുള്ള പതിനഞ്ചോളം പേരും ഉടൻ കീഴടങ്ങും എന്നാണു സൂചന.എന്തായാലും നിക്ഷേപ തട്ടിപ്പ് നടത്തി മുങ്ങിയ നിർമ്മലൻ കുറച്ച് കാലത്തേക്ക് പുറംലോകം കാണില്ലെന്ന് തന്നെയാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. നിക്ഷേപ തട്ടിപ്പിന് പുറമെ നിർമ്മലന്റെ സ്ഥാപനത്തിൽ 5.17 ലക്ഷം രൂപ നിക്ഷേപിച്ചിരുന്ന ഉദിയൻകുളങ്ങര സ്വദേശി വേണുഗോപാലൻ നായർ ആത്മഹത്യ ചെയ്ത സംഭവത്തിൽനിർമലനെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി കേസ് എടുത്തിട്ടുണ്ട്.

നിക്ഷേപർക്കെല്ലാം പണം നൽകുന്നതിനുള്ള സ്വത്തുക്കൾ തനിക്കുണ്ടെന്നു പ്രതി കോടതിയെ ബോധിപ്പിച്ചതു നിയമപരമായി ലഭിക്കേണ്ട അനുകൂല്യങ്ങൾക്കു വേണ്ടിയാണെന്നു നിയമവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. സ്ഥാപനഉടമ 510കോടി നല്കാനുണ്ടെന്നു വ്യക്തമാക്കിയിട്ടും പരാതി ലഭിച്ചിട്ടുള്ളതു 348കോടി രൂപക്കു മാത്രമായതു നിക്ഷേപങ്ങളിലെ കള്ളപ്പണ സാധ്യതയാണു വ്യക്തമാക്കുന്നത്. നിക്ഷേപകർക്കെല്ലാം പണം തിരികെ നല്കുമെന്ന് ഉടമ അറിയിച്ചതിനാൽ കമ്മിഷനെ നിയോഗിച്ചു തുക വേഗത്തിൽ മടക്കി നല്കുന്നതിനു സാഹചര്യമൊരുക്കിയേക്കും.

കേരളത്തിൽ മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്ത രണ്ടു തട്ടിപ്പു കേസുകളിലും പാറശാല സ്റ്റേഷനിൽ രജിസ്റ്റർചെയ്ത, നിക്ഷേപകനായ ഉദിയൻകുളങ്ങര സ്വദേശി വേണുഗോപാലൻനായരുടെ ആത്മഹത്യാ പ്രേരണ കേസിലും നിർമലൻ പ്രതിയാണ്. തമിഴ്‌നാട് പൊലീസിന്റെ അന്വേഷണ നടപടികൾ അവസാനിക്കുന്ന മുറയ്ക്കു കസ്റ്റഡിയിൽ വാങ്ങാനാണു കേരള പൊലീസിന്റെ തീരുമാനം.നിക്ഷേപകരിൽ 80 ശതമാനവും മലയാളികളാണെന്നിരിക്കെ കേസിന്റെ അന്വേഷണവും മറ്റ് നിമ നടപടികളും തമിഴ്‌നാട്ടിൽ തുടർന്നാൽ നിക്ഷേപകർക്ക് പണം തിരികെ ലഭിക്കുന്നതിന് കാലതാമസമുണ്ടാകുമെന്നും ആശങ്കയുണ്ട്.

നോട്ട് നിരോധനത്തെത്തുടർന്നുണ്ടായ പ്രതിസന്ധിയാണു നിർമൽകൃഷ്ണ ബാങ്കിന്റെ പതനത്തിനു വഴിവച്ചത്. ബാങ്കിനു മുന്നിൽ പതിച്ച നോട്ടിസിൽ സ്ഥാപനം പൂട്ടുന്നതിനാൽ മേൽനടപടികളെല്ലാം തിരുവനന്തപുരം സബ്കോടതി വഴിയെന്ന് അറിയിച്ചു. കഴിഞ്ഞ സെപ്റ്റംബർ 30ന് ഉടമ കെ.നിർമലൻ തിരുവനന്തപുരം സബ് കോടതിയിൽ നൽകിയ പാപ്പർ ഹർജിയിൽ 13,662 നിക്ഷേപകർക്കായി 510 കോടി രൂപ നൽകാനുണ്ടെന്നും, 450 കോടിയോളം രൂപ സ്വത്തുക്കളായും വായ്പ നൽകിയ വകയിലും സ്ഥാപനത്തിനു ലഭിക്കാനുണ്ടെന്നും സത്യവാങ്മൂലം നൽകിയിരുന്നു.

റിസീവറെ നിയമിച്ച് നിക്ഷേപകർക്കു നൽകാനുള്ള തുക തിരികെ ലഭിക്കാൻ സാഹചര്യമൊരുക്കണമെന്ന ഹർജിയിലെ ആവശ്യപ്രകാരം ഒരുമാസം മുമ്പു കോടതി റിസീവറെ നിയമിക്കുകയും 150 കോടിയോളം രൂപയുടെ ആസ്തികൾ കണ്ടെടുക്കുകയും ചെയ്തിരുന്നു.ബാങ്കിൽ 23 ലക്ഷം രൂപ നിക്ഷേപമുള്ള തിരുമല സ്വദേശി അശോകൻ നൽകിയ പരാതിയിൽ തമിഴ്‌നാട് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണു കേസ് അന്വേഷണം നടത്തിയിരുന്നത്. 13 വാഹനങ്ങളും സ്വർണവും അടക്കം 100 കോടിയോളം രൂപയുടെ സ്വത്തുക്കൾ തമിഴ്‌നാട് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.

പാറശാലയിലെ നിർമൽ കൃഷ്ണ നിധി ലിമിറ്റഡ് എന്ന പണമിടപാട് സ്ഥാപനത്തിന്റെ നിക്ഷേപതട്ടിപ്പിനെക്കുറിച്ച് സി ബി ഐ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. ഇതിനെക്കുറിച്ച് പുറത്ത് വന്ന വിവരങ്ങൾ ഞെട്ടിപ്പിക്കുന്നതാണ്. സാധാരണക്കാരായ നിരവധിയാളുകളുടെ പണമാണ് ഇത് മൂലം നഷ്ടപ്പെട്ടിരിക്കുന്നത്. ചിട്ടിയിലും നിക്ഷേപത്തിലുമായി 1000 കോടിയലധികം രൂപയുടെ തട്ടിപ്പുനടന്നു പ്രാഥമിക നിഗമനം.

കേരളത്തിലും, തമിഴ്‌നാട്ടിലും രണ്ട് സംസ്ഥാനങ്ങളിലുമായി വ്യാപിച്ച് കിടക്കുന്ന വലിയ തട്ടിപ്പായതിനാൽ രണ്ട് സംസ്ഥാനങ്ങളിലെ പൊലീസിന്റെ വെവ്വേറെയുള്ള അന്വേഷണത്തിന് പകരം കേന്ദ്ര ഏജൻസിയുടെ അന്വേഷണമാവും ഫലപ്രദമാവുക എന്നും രമേശ് ചെന്നിത്തല കത്തിൽ സൂചിപ്പിക്കുന്നു. അതുകൊണ്ട് നിർമൽ കൃഷ്ണ തട്ടിപ്പിനെക്കുറിച്ച് സി ബി ഐ യെക്കൊണ്ട് അന്വേഷിപ്പിക്കാൻ അടിയന്തിര നടപടികൾ കൈക്കൊള്ളണമെന്ന് അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടിരുന്നു.