തൃശൂർ: കൊക്കൈൻ കേസിലെ ചോദ്യം ചെയ്യാൽ ഒഴിവാക്കാൻ സെക്യൂരിറ്റി ജീവനക്കാരനെ ആഡംബര കാറിടിച്ചു കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതി വിവാദ വ്യവസായി നിസാം രോഗം നടിച്ച് ആശുപത്രിയിൽ പ്രവേശിക്കാൻ നടത്തിയ ശ്രമം പൊലീസ് പൊളിച്ചു. കൊച്ചിയിലെ നിസാമിന്റെ ഫ്‌ളാറ്റിൽ നിന്ന് മയക്കുമരുന്നുമായി നടൻ ഷൈൻ ടോം ചാക്കോ അടക്കമുള്ളവരെ പൊലീസ് അറസ്റ്റു ചെയ്തതോടെയാണ് നിസാം രോഗം നടിച്ചത്. നിസാമിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ പൊലീസ് നടപടി തുടങ്ങിയതോടെയാണ് നിസാം അടവെടുത്തത്.

സെക്യൂരിറ്റി ജീവനക്കാരനെ കൊല്ലാൻ ശ്രമിച്ച കേസിൽ നിസാം മൂന്ന് ദിവസമായി ചാവക്കാട് സബ് ജയിലിലാണ്. ജയിൽ അധികൃതരോട് പലതവണ ആവശ്യപ്പെട്ടതോടെ ഇന്നലെ രാത്രി മെഡിക്കൽ കോളെജിലെത്തിച്ചു. ചെവിക്കുള്ളിൽ പൊട്ടലെന്നായിരുന്നു ആദ്യ പരാതി. സ്‌കാനിങ്ങിൽ ഒരു പ്രശ്‌നവുമില്ലെന്ന് കണ്ടെത്തി. ഇതോടെ നട്ടെല്ലിന് പരുക്കും വേദനയുമെന്ന് അടവുമാറ്റി. എക്‌സറേയിൽ അതും പൊളിഞ്ഞു.

എങ്കിലും സെപ്ഷ്യലിസറ്റ് ഡോക്ടർ വരും വരെ ആശുപത്രിയിൽ അഡ്‌മിറ്റ് ചെയ്യണമെന്ന് നിസാം നിർബന്ധം പിടിച്ചു. ഡോക്ടർമാരും പൊലീസും എതിർത്തതോടെ പരിശോധനക്ക് ശേഷം നിസാമിന് ജയിലിലേക്ക് തിരികെ പോകേണ്ടി വന്നു. ഇതിനൊപ്പം കോടതിയിൽ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കി ജയിൽവാസം ഒഴിവാക്കാനുള്ള ശ്രമവും നിസാം ആരംഭിച്ചു. പൊലീസിന്റെ ചോദ്യം ചെയ്യൽ ഒഴിവാക്കാനുള്ള നീക്കമാണ് നിസാം നടത്തിയതെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.

ഉന്നത രാഷ്ട്രീയ സ്വാധീനമുള്ള വ്യക്തിയാണ് നിസാം. കിങ്‌സ് ബിഡി കമ്പനി ഉടമയ്ക്ക് എതിരെ പത്തോളം കേസുകളുണ്ട്. ഇതിലെല്ലാം സ്വാധീനമുപയോഗിച്ച് രക്ഷപ്പെടാനായി. എന്നാൽ സെക്യൂരിറ്റി ജീവനക്കാരനെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ എഡിജിപി ശങ്കർ റെഡ്ഡി നേരിട്ട് മേൽനോട്ട ചുമതല ഏറ്റെടുത്തതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. നിസാം ജയിലിലായി. ഇതിനിടെയിലാണ് നിസാമിന്റെ കൊച്ചിയിലെ ഫഌറ്റിൽ നിന്ന് ഷൈൻ ടോം ചാക്കോ അടക്കമുള്ളവർ കൊക്കൈനുമായി പിടിയിലായത്. അന്വേഷണ ഉദ്യോഗസ്ഥനായ സിഐ ഷെൽവി ഫ്രാൻസിസിന്റെ തന്ത്രപരമായ നീങ്ങൾ നിസാമിനേയും കുടുക്കി. നിസാമിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യാൻ മയക്ക് മരുന്ന് കേസ് അന്വേഷണ സംഘവും തീരുമാനിച്ചു.

മയക്ക് മരുന്ന് കടത്ത് സംഘവുമായി നിസാമിന്റെ ബന്ധമുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. പിടിയിലായ സഹസംവിധായക ബ്ലസിയിൽ നിന്ന് നിർണ്ണായക വിവരങ്ങൾ പൊലീസിന് കിട്ടിയിട്ടുണ്ട്. നിസാമിന്റെ നേതൃത്വത്തിലാണ് കൊക്കൈൻ കടത്ത് നടന്നതെന്നാണ് സൂചന. ബംഗലുരുവിൽ വച്ച് നിസാമും ബ്ലസിയും കണ്ടതായും തെളിവ് കിട്ടി. ഇതിനൊപ്പം ഫഌറ്റിന്റെ ഉടമസ്ഥതയെ കുറിച്ചും സംശയമുണ്ടായി. നിസാമിന്റേതല്ല ഫഌറ്റെന്ന രേഖകളാണ് പൊലീസിന് കിട്ടിയത്. പിന്നെങ്ങനെ ഫഌറ്റ് നിസാം വഴി വാടകയ്ക്ക് പോയി എന്നതും അന്വേഷണ വിഷയമാണ്. ഇതെല്ലാം നിസാമിൽ നിന്ന് ചോദ്യം ചെയ്യലിലൂടെ മനസ്സിലാക്കാനായിരുന്നു നീക്കം. ഇതിന് തടയിടാനാണ് രോഗ നാടകം കളിച്ചതെന്നാണ് സൂചന. പൊലീസിലെ നിസാമിന്റെ സുഹൃത്തുക്കൾ തന്നെയാണ് ഈ ഉപദേശം നൽകിയതെന്നാണ് സൂചന.

എന്നാൽ എഡിജിപി ശങ്കർ റെഡ്ഡിയുടെ മേൽനോട്ടമുള്ളതിനാൽ ഭൂരിപക്ഷം പൊലീസ് ഉദ്യോഗസ്ഥരും നിസാമിനൊപ്പം ചേർന്നില്ല. അതോടെയാണ് മെഡിക്കൽ കോളേജിലെ പരിശോധന സത്യസന്ധമായത്. ഇതോടെ രോഗിയായി ചോദ്യം ചെയ്യൽ ഒഴിവാക്കാനുള്ള നീക്കവും പൊളിഞ്ഞു. നിസാമിനെ ജയിലിൽ നിരീക്ഷിക്കാൻ പ്രത്യേക സംവിധാനവും ഇനി ഒരുക്കും. ആരെല്ലാമാണ് നിസാമുമായി ബന്ധപ്പെട്ടുന്നത് എന്നത് അടക്കമുള്ളവരെ മനസ്സിലാക്കാനാണ് നീക്കം. നിസാമിന് സഹായകമാകുന്ന നിലപാട് എടുക്കുന്ന പൊലീസുകാർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന സൂചനയും എല്ലാവർക്കും നൽകിയിട്ടുണ്ട്.

കൊച്ചിയിലെ ലഹരിമരുന്ന് ബന്ധം അന്വേഷണത്തിൽ നിസാമിന്റെ വിവിധ സ്ഥാപനങ്ങളിൽ പരിശോധനക്കും അടുത്ത ബന്ധമുള്ളവരെ ചോദ്യം ചെയ്യാനുമുള്ള തയ്യാറെടുപ്പിലാണ് പൊലീസ്. ഇതിന് മുൻപ് തെളിവുകൾ ഒളിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് നിസാം ആശുപത്രിയിലേക്ക് മാറാൻ ശ്രമിക്കുന്നതെന്നാണ് പൊലീസ് വിലയിരുത്തൽ.