തൃശൂർ: സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി നിസാമിന്റെ ഭാര്യ അമലിനെ രക്ഷപ്പെടുത്താൻ പൊലീസിന്റെ കള്ളക്കളിയെന്ന് സൂചന. അമലിനെ കേസിൽ പ്രതിയാക്കാതിരിക്കാനാണ് നീക്കം. ഇതിനൊപ്പിച്ചുള്ള മൊഴിയാണ് അമലിൽ നിന്ന് പൊലീസ് രേഖപ്പെടുത്തിയതെന്നാണ് സൂചന. ചന്ദ്രബോസിനെ നിസാം കൊന്നതിൽ പങ്കില്ലെന്ന അമലിന്റെ മൊഴി ഇതിന്റെ ഭാഗമാണ്. കസ്റ്റഡിയിൽ എടുക്കാതെ ബന്ധുവിന്റെ വീട്ടിൽ നടന്ന ചോദ്യചെയ്യൽ മൂന്ന് മണിക്കൂർ നീണ്ടു. വിശദാംശങ്ങൾ പുറത്തുവിടാൻ പൊലീസ് തയ്യാറായില്ല. എന്നാൽ കൊലയിൽ പങ്കില്ലെന്ന് അമൽ പറഞ്ഞെന്ന സൂചന പുറത്തുവിടുകയും ചെയ്തു.

നിസാമിന്റെ പരസ്ത്രീ ബന്ധത്തെച്ചൊല്ലി അമൽ പലപ്പോഴും കലഹിച്ചിട്ടുണ്ടെന്നാണ് പൊലീസിന് ലഭിച്ചിട്ടുള്ള വിവരം. തൃശൂരിലെ ഫ്ളാറ്റിൽ നിന്ന് പല തവണ സ്വന്തം വീട്ടിലേക്ക് പോയിട്ടുണ്ട്. അമലിന്റെ പേരിലുമുണ്ട് കോടികളുടെ സ്വത്തുക്കൾ. ഒത്തുതീർപ്പിന് തയ്യാറായി നിസാം വിളിക്കുമ്പോൾ അമൽ തിരിച്ചുവരുകയായിരുന്നു പതിവ്. ഇത്തരത്തിൽ നിസാമിനെതിരായ മൊഴിയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അമലിനെ കേസിൽ പ്രതിയാക്കാതിരിക്കാനുള്ള തന്ത്രമാണ് ഇതെന്നാണ് സൂചന. ചോദ്യം ചെയ്യലിൽ പൊലീസ് തന്നെ സ്വന്തമായി മൊഴി എഴുതി തയ്യാറാക്കിയതെന്നാണ് സൂചന. എല്ലാം നിസാമിന് വേണ്ടി തന്നെയാണ്. നിസാമിന്റെ ചില സുഹൃത്തുക്കളായ കോടീശ്വരന്മാരും പൊലീസിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട്.

ചന്ദ്രബോസിനെ മുഹമ്മദ് നിസാം ഇടിച്ചു വീഴ്‌ത്തിയ ശേഷം കാറിന്റെ പിറകിലിട്ടിരുന്നുവെന്ന വിവരം അറിയാതെയാണു താൻ കാറിന്റെ മുൻ സീറ്റിൽ കയറിയതെന്നും അമൽ പൊലീസിനു മൊഴി നൽകി. 29നു പുലർച്ചെ നിഷാം തന്റെ മൊബൈൽ ഫോണിൽ വിളിച്ച് ഉടൻ ഗേറ്റിലേക്കെത്താൻ ആവശ്യപ്പെടുകയായിരുന്നു. ഫോൺ സംഭാഷണത്തിൽ എന്തോ അടിപിടി നടക്കുന്നുണ്ടെന്നു ബോധ്യപ്പെട്ടിരുന്നു. ഉടൻ ഫ്‌ളാറ്റിൽ നിന്നു പുറത്തിറങ്ങി ഗേറ്റ് ഭാഗത്തേക്ക് ഓടുകയായിരുന്നു. ശോഭാസിറ്റിയിൽ ജലധാരയുടെ ഭാഗത്ത് എത്തിയപ്പോഴേക്കും നിസാം തന്റെ വാഹനം പുറപ്പെടാൻ തയാറാക്കി നിർത്തിയിരുന്നു.

തന്നോട് മുൻ സീറ്റിലേക്കു കയറാൻ ആവശ്യപ്പെട്ടു. ഭർത്താവ് വീട്ടിലേക്കു വരുന്നുവെന്ന ആശ്വാസത്തിൽ മുൻ സീറ്റിൽ കയറി. പാർക്കിങ് ഏരിയായിലെത്തി കാറിന്റെ പിറകിലെ വാതിൽ തുറന്നു പുറത്തേക്കു വലിച്ചിട്ടപ്പോഴാണ് ചന്ദ്രബോസ് പിറകിലെ സീറ്റിൽ ഉണ്ടായിരുന്നുവെന്ന കാര്യം അറിയുന്നത്. അപ്രതീക്ഷിതമായ ഈ കാഴ്ചയിൽ താൻ ഞെട്ടിപ്പോയി. ഉടൻ ശബ്ദം കൂട്ടി സമീപവാസികളെ ഉണർത്താൻ ശ്രമിച്ചു. ഇതല്ലാതെ സംഭവത്തിൽ തനിക്ക് ഒരു പങ്കുമില്ല. മുഹമ്മദ് നിസാം തോക്ക് ഉപയോഗിച്ചിരുന്നില്ലെന്നും അമൽ മൊഴി നൽകി. ചന്ദ്രബോസിനെ ആക്രമിക്കുന്ന സമയത്ത് നിസാം തോക്കെടുത്തുകൊണ്ടുവരാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും അമൽ മൊഴി നൽകി.

ഞായറാഴ്ച ഉച്ചയോടെയാണ് തൃശ്ശൂരിലെത്തി ഇവർ പൊലീസിനു മൊഴി നൽകിയത്. ചന്ദ്രബോസിനെ മർദ്ദിക്കുമ്പോൾ നിസാമിന്റെ കൈവശം തോക്കുണ്ടായിരുന്നില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥനായ പേരാമംഗലം സിഐ ബിജുകുമാറിനോട് അമൽ പറഞ്ഞു. കാളത്തോട്ടിലെ ബന്ധുവീട്ടിൽവച്ചാണ് പൊലീസ് ഇവരുടെ മൊഴി രേഖപ്പെടുത്തിയത്. നിസാമിന്റെ കൈവശം ഇതുവരെ തോക്കുകൾ കണ്ടതായി ഓർക്കുന്നില്ലെന്നാണ് ഇവർ പൊലീസിനോടു പറഞ്ഞതെന്ന് അറിയുന്നു. ഭർത്താവിനെതിരെ ഇവർ നൽകിയിരുന്ന പരാതികൾ സംബന്ധിച്ചും പൊലീസ് സംഘം അന്വേഷിച്ചു. നിസാം മർദ്ദിക്കാറുണ്ട് എന്ന് ഇവർ സമ്മതിച്ചു. ചന്ദ്രബോസിനെ ആക്രമിച്ച സംഭവത്തിനു ശേഷമാണ് നിസാമുമായി ബന്ധപ്പെട്ട പല കാര്യങ്ങളും താൻ അറിഞ്ഞത് എന്നാണിവർ പൊലീസിനോട് പറഞ്ഞത്.

അമൽ ഒളിവിലാണെന്നാണ് പൊലീസ് പറഞ്ഞിരുന്നത്. എന്നിട്ടും എങ്ങനെ കണ്ടെത്തിയെന്ന് വ്യക്തമായിട്ടില്ല. ചന്ദ്രബോസ് കൊലപാതകത്തിൽ അമലിന്റെ പങ്കിനെക്കുറിച്ചാണ് ചോദ്യംചെയ്തത് എന്നാണ് സൂചന. നിസാം മാരകമായി ആക്രമിച്ച ശേഷം ചന്ദ്രബോസിനെ തന്റെ ആഡംബര കാറിൽ കയറ്റി പോർച്ചിലേക്ക് പോകുമ്പോൾ അമലും വാഹനത്തിലുണ്ടായിരുന്നുവെന്ന് സാക്ഷികൾ മൊഴി നൽകിയിരുന്നു. അമൽ നിസാമിനെ തടയാൻ ശ്രമിച്ചില്ലെന്നും മൊഴിയിലുണ്ട്. കേസിലെ പ്രധാന സാക്ഷികളായ ശോഭാ സിറ്റി ജീവനക്കാരുടെ മൊഴി കഴിഞ്ഞദിവസം സി.ആർ.പി.സി 164 പ്രകാരം രേഖപ്പെടുത്തിയിരുന്നു. മൂന്നു പേരുടെ മൊഴി 24ന് രേഖപ്പെടുത്തും.

എന്നാൽ അമലിനെ സാക്ഷിപ്പട്ടികയിലാണോ പ്രതിപ്പട്ടികയിലാണോ ചേർക്കേണ്ടത് എന്നതു സംബന്ധിച്ച് ആശയക്കുഴപ്പമുണ്ട്. സാക്ഷിമൊഴികളും അമലിന്റെ മൊഴിയും പഠിച്ച ശേഷം മാത്രമെ തീരുമാനമെടുക്കൂ എന്നാണ് ഉന്നത പൊലീസ് അധികാരികൾ പറയുന്നത്. പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തുകയാണെങ്കിൽ അമലിനെ മാപ്പുസാക്ഷിയാക്കുന്ന കാര്യവും പരിഗണനയിലുണ്ട്. അമലിന്റെ മറുപടികൾ വിശകലനം ചെയ്തശേഷമേ കേസിൽ പ്രതി ചേർക്കണോയെന്ന് തീരുമാനിക്കൂ. അതിന് മുമ്പ് പൊലീസ് നിയമോപദേശം തേടും. നിയമോപദേശം അമലിന് അനുകൂലമാക്കാനുള്ള മൊഴിയെടുക്കലാണ് നടന്നതന്നൊണ് വിമർശനങ്ങൾ. പരസ്ത്രീ ബന്ധത്തിന്റെ പേരിൽ ആരോപണങ്ങൾ നേരിടുമ്പോഴും സ്വന്തം സ്ഥാപനത്തിലെ ആൺപെൺ ജീവനക്കാർ തമ്മിൽ സംസാരിക്കുന്നത് നിസാം വിലക്കിയിരുന്നു. ഇതിലെ വൈരുദ്ധ്യങ്ങളും അമല പൊലീസിനോട് പങ്കുവച്ച തരത്തിലാണ് മൊഴി.

ചന്ദ്രബോസ് മരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതി നിസാമിന്റെ ഭാര്യയെ പൊലീസ് ചോദ്യം ചെയ്തിട്ടില്ലെന്ന് പരാതിയുയർന്നിരുന്നു. സംഭവത്തിനുശേഷം ഇവർ എറണാകുളത്തെ ബന്ധുവീട്ടിലായിരുന്നു താമസം. മൊബൈൽ ഫോൺ ഉപയോഗം ഒഴിവാക്കിയതിനാൽ പൊലീസിന് പൈട്ടന്ന് ഇവരുമായി ബന്ധപ്പെടാൻ സാധിച്ചില്ല. തുടർന്ന് ബന്ധുക്കൾവഴി ഇവരുമായി പൊലീസ് നേരത്തെ സംസാരിച്ചിരുന്നു.