- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചന്ദ്രബോസിനെ ആ ക്രൂരൻ ഇടിച്ചു കൊന്നത് ഹമ്മർ എന്ന കാറുപയോഗിച്ച്; സുപ്രീംകോടതിയിലെ അപ്പീൽ കാലം വരെ ആ കാറിന്റെ രജിസ്ട്രേഷൻ റദ്ദാകില്ല; കാർ പൊളിക്കൽ പൊലീസിന്റെ പണിയുമല്ല; കിങ് ബീഡി കമ്പനി മുതലാളിയുടെ കാർ തുരുമ്പെടുത്ത് നശിക്കാൻ തന്നെ സാധ്യത; നിഷാമിന്റെ കാർ പേരാമംഗലം സ്റ്റേഷനിലെ കാഴ്ച വസ്തുവാകുമ്പോൾ
തൃശ്ശൂർ: ജയിലിൽ കഞ്ചാവ് കച്ചവടമാണ് ഇപ്പോൾ മുഹമ്മദ് നിഷാമിനെന്നാണ് പുറത്തു വരുന്ന സൂചനകൾ. തിരുവനന്തപുരം സെൻട്രൽ ജയിലിലും നിഷാം തന്റെ ഇടപാടുകൾ തുടരുന്നു. ഇതിനിടെ അവസാന വിധിയും കാത്തുകിടക്കുകയാണ് ആ ഹമ്മർ. ചന്ദ്രബോസ് വധക്കേസിൽ 38 കൊല്ലം തടവിന് ശിക്ഷിക്കപ്പെട്ട മുഹമ്മദ് നിഷാമിന്റെ ആഡംബര വാഹനം. ദിവസങ്ങൾക്കുമുമ്പ് ഈ വാഹനം ഹൈക്കോടതി നിർദ്ദേശപ്രകാരം മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥർ പരിശോധിച്ചിരുന്നു. കുറ്റകൃത്യത്തിന് ഉപയോഗിച്ച വണ്ടി ഇതുതന്നെയാണെന്ന് ഉറപ്പിക്കാനാണിത്. ഇതോടെയാണ് ഈ വാഹനം പൊളിക്കുമെന്ന അഭ്യൂഹം പടർന്നത്. എന്നാൽ അത് ഉടൻ ഉണ്ടാവില്ല.
കൊലപാതകത്തിൽ ആയുധമായി പൊലീസ് പരിഗണിക്കുന്ന തൊണ്ടിയാണ് ഈ ആഡംബര വാഹനം. പേരാമംഗലം സ്റ്റേഷൻ വളപ്പിൽ കിടന്ന് ദ്രവിച്ചു തുടങ്ങിയ വാഹനം ഉടനെ പൊളിക്കുമെന്ന പ്രചാരണം ശരിയല്ലെന്ന് പൊലീസ് പറയുന്നു. നിലവിൽ മോട്ടോർ വാഹന നിയമപ്രകാരമുള്ള കുറ്റങ്ങൾക്കു മാത്രമേ ലൈസൻസും പെർമിറ്റും റദ്ദാക്കൂ. എന്നാൽ, വാഹനം ഉപയോഗിച്ചുള്ള ഏതു കുറ്റത്തിനും ഇതു ബാധകമാക്കും എന്നതാണ് ഭേദഗതി. ഇതനുസരിച്ചാണ് നിഷാമിന്റെ ഹമ്മറിനും രജിസ്‌ട്രേഷൻ നഷ്ടപ്പെടുക. രജിസ്‌ട്രേഷൻ നഷ്ടമായാൽ ഓടിക്കാൻ പറ്റാത്ത വാഹനമായി ഇതു മാറും.
ഈ വാഹനത്തിന്റെ ഉടമ ഇപ്പോഴും രേഖകളനുസരിച്ച് പഞ്ചാബ് സ്വദേശി ജസ്ഫ്രിസിങ് ജോളി എന്നയാളാണ്. രജിസ്ട്രേഷൻ റദ്ദാക്കണമെങ്കിൽ പഞ്ചാബിലും നടപടിക്രമമുണ്ട്. ബെംഗളൂരുവിലെ വാഹനച്ചന്തയിൽനിന്ന് നിഷാമിന്റെ സുഹൃത്തും പിന്നീട് നിഷാമും വാങ്ങിയതാണ് ഈ ഹമ്മർ. രേഖകളിൽ ഉടമസ്ഥന്റെ പേര് മാറ്റിയിരുന്നില്ല. മുദ്രക്കടലാസിൽ എഴുതിയ ഉടമ്പടികളുടെ അടിസ്ഥാനത്തിലാണ് വാഹനകൈമാറ്റങ്ങൾ നടന്നിരുന്നത്. കേസുകളിൽ പെടുന്ന വാഹനം പൊളിക്കലെന്നത് പൊലീസിന്റെയോ കോടതിയുടെയോ നടപടികളിൽ പെടുന്നതല്ല. വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കുക മാത്രമേ ചെയ്യൂ. പിന്നീട് ലേലം ചെയ്യാറാണ് പതിവ്. രജിസ്ട്രേഷനില്ലാത്ത വാഹനമാണെന്നതിനാൽ ലേലത്തിനുശേഷം പൊളിക്കൽ മാത്രമേ നടക്കൂ.
2015 ജനുവരി 29-നാണ് ചന്ദ്രബോസ് കൊല്ലപ്പെട്ടത്. ജില്ലാകോടതിവിധിക്കെതിരേ നിഷാം സുപ്രീംകോടതിയെ സമീപിച്ചിരുന്നു. സുപ്രീംകോടതി ഹൈക്കോടതിയോട് കേസ് പരിഗണിക്കാനാവശ്യപ്പെട്ടു. ആറുമാസത്തിനുള്ളിൽ കേസ് പരിഗണിക്കണമെന്നാണ് നിർദ്ദേശിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലുള്ള വാദംകേൾക്കൽ ഹൈക്കോടതിയിൽ ഉടൻ നടക്കും. ഇത് അഞ്ചോ ആറോ മാസം നീണ്ടുനിൽക്കാം. അതിന് ശേഷവും നിയമ പോരാട്ടത്തിന് അവസരമുണ്ട്. ഹൈക്കോടതിയിൽനിന്നുണ്ടാകുന്ന വിധി അനുകൂലമല്ലെങ്കിൽ സുപ്രീംകോടതിയെ സമീപിക്കാം.
പ്രതിയായ നിഷാമോ വാദിയായ സർക്കാരോ കേസിൽ സുപ്രീംകോടതിയെ സമീപിക്കാനുള്ള സാധ്യതയുമുണ്ട്. ഇതിലെ വിധി വന്നശേഷമേ വാഹന രജിസ്‌ട്രേഷൻ റദ്ദാക്കൽ പോലുള്ള നടപടികളിലേക്ക് നീങ്ങാനാകൂ. സുപ്രീംകോടതിയുടെ അന്തിമ തീർപ്പാണ് ഈ കേസിൽ ഏറ്റവും നിർണ്ണായകം. കിങ്‌സ് ബീഡി കമ്പനി ഉടമയായ നിഷാം എന്തു വില കൊടുത്തും സുപ്രീംകോടതി വരെ നിയമ പോരാട്ടം നടത്തുമെന്ന് ഉറപ്പാണ്. എങ്ങനേയും 38 കൊല്ലത്തെ തടവ് കുറയ്ക്കാനാകുമെന്നാണ് നിഷാമിന്റെ പ്രതീക്ഷ.
മറുനാടന് മലയാളി ബ്യൂറോ