തിരുവനന്തപുരം: കണ്ണൂർ സെൻട്രൽ ജയിലിൽ പ്രത്യേകസൗകര്യങ്ങൾ ലഭിച്ചിരുന്ന ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിസാമിനെ പൂജപ്പുര ജയിലിലേക്കു മാറ്റി. നിസാമും കണ്ണൂർ ജയിലിലെ ചില ജീവനക്കാരും തമ്മിലുള്ള അവിഹിത ഇടപാടിനെക്കുറിച്ച് ജയിൽ ഡി.ജി.പി: ആർ. ശ്രീലേഖയ്ക്ക് ഇന്റലിജൻസ് റിപ്പോർട്ട് ലഭിച്ചതിനേത്തുടർന്നാണു നടപടി. ഇത് പരിശോധിച്ചപ്പോൾ ശരിയാണെന്ന് ഡിജിപിക്ക് ബോധ്യമായി. ഇതേ തുടർന്നാണ് ജയിൽ മാറ്റം. മംഗളത്തിൽ ചീഫ് റിപ്പോർട്ടർ എസ് നാരായണനാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

ഏറെ സ്വാധീനമുള്ള വ്യക്തിയാണ് നിസാം. പല തരത്തിലുള്ള പരാതികൾ നിസാമിനെതിരെ പൊലീസിന് ലഭിച്ചു. അതിലൊന്നും അന്വേഷണം നടന്നതു പോലുമില്ല. അതിനിടെയാണ് ജയിൽ ഡിജിപിയുടെ നിർണ്ണായക നീക്കം. ജയിൽ മാറ്റത്തോടെ നിസാം ഡിജിപിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാകും. അതുകൊണ്ട് തന്നെ ജയിലിൽ വിവിഐപി ട്രീറ്റ്‌മെന്റ് ലഭ്യമാവുകയുമില്ല. എന്നാൽ കണ്ണൂർ ജയിലിൽ നിസാമിനെ സംരക്ഷിച്ച ജയിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുത്തില്ല. ഇവർക്കുള്ള സിപിഎം ബന്ധമാണ് ഇതിന് കാരണം.

കണ്ണൂർ, തൃശൂർ സെൻട്രൽ ജയിലുകളിലെ ഉന്നതരുമായി നിസാമിനു വഴിവിട്ട ബന്ധമുണ്ടെന്നായിരുന്നു ഇന്റലിജൻസ് റിപ്പോർട്ട്. തുടർന്നു ജയിൽ മേധാവി ആർ. ശ്രീലേഖ നേരിട്ടു നടത്തിയ അന്വേഷണത്തിൽ ഇക്കാര്യം സ്ഥിരീകരിക്കുകയും നിസാമിനെ അടിയന്തരമായി പൂജപ്പുര ജയിലിലേക്കു മാറ്റാൻ നിർദ്ദേശിക്കുകയുമായിരുന്നു. ജയിലിൽ നിസാം സ്മാർട്ട് ഫോണുകൾ ഉപയോഗിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. പ്രത്യേകഭക്ഷണവും ഏർപ്പാടാക്കിയിരുന്നു. ജയിലിൽ പ്രത്യേകസൗകര്യങ്ങൾ ലഭിക്കുന്നതിനായി ഇയാൾ ലക്ഷങ്ങൾ ചെലവഴിച്ചു. തടവിൽ കഴിയവേ നിസാം സ്വത്തുതർക്കത്തിൽ ബന്ധുക്കളെ ഭീഷണിപ്പെടുത്തിയതായി ജയിൽ മേധാവിക്കു പരാതി ലഭിച്ചിരുന്നു.

നിസാമുമായി അടുത്തബന്ധം പുലർത്തിയ ജയിൽ ഉദ്യോഗസ്ഥരെക്കുറിച്ച് വകുപ്പുതല അന്വേഷണത്തിനും ഡി.ജി.പി: ശ്രീലേഖ ഉത്തരവിട്ടിട്ടുണ്ട്. നിസാമിനെ ഇന്നലെ കനത്ത പൊലീസ് കാവലിൽ പൂജപ്പുര ജയിലിലെത്തിച്ചു. അതീവ രഹസ്യ സ്വഭാവത്തോടെയായിരുന്നു ഇത്. പൂജപ്പുരയിൽ നിസാമിനെ നീരീക്ഷിക്കാൻ പ്രത്യേക സംവിധാനും ഏർപ്പെടുത്തും. 5000 കോടിയുടെ സ്വത്തുക്കൾ നിസാമിനുണ്ട്. കിങ് ബീഡി കമ്പനി അടക്കം പലതും. 40 കൊല്ലത്തോളം നിസാമിന് ജയിലിൽ കിടക്കേണ്ടി വരും. അത്തരത്തിലാണ് ശിക്ഷാ വിധി. അതുകൊണ്ട് തന്നെ നിസാമിന് ജയിൽ മോചനം അസാധ്യമാണ്. നേരത്തെ നിസാമിന് ശിക്ഷാ ഇളവ് നൽകാനും നീക്കം നടന്നിരുന്നു. മറുനാടൻ വാർത്തയാണ് ഈ ശ്രമം പൊളിച്ചത്.

നിസാമിനെ പൂജപ്പുരയിലേക്ക് മാറ്റാതിരിക്കാൻ ഡിജിപി ശ്രീലേഖയിൽ സമ്മർദ്ദം ഏറെയുണ്ടായിരുന്നു. എന്നാൽ ഇതെല്ലാം അവഗണിച്ച് ഡിജിപി തീരുമാനം എടുക്കുകയായിരുന്നു. നിസാമിന് സൗകര്യങ്ങളൊരുക്കിയ മുഴുവൻ പേരേയും കണ്ണൂരിൽ നിന്ന് മാറ്റണമെന്ന നിലപാടിലാണ് ശ്രീലേഖ. എന്നാൽ പാർട്ടി ഇടപെടൽ കാരണം ഇതിന് കഴിഞ്ഞില്ലെന്നാണ് സൂചന. പക്ഷേ ഇവർക്കെതിരെ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ തുടർ നടപടിയെടുക്കുമെന്നാണ് സൂചന.

ജയിലിൽ ആഡംബര പൂർവ്വമായിരുന്നു നിസാം കഴിഞ്ഞത്. ബീഡി വ്യവസായത്തിലൂടെ കോടികൾ സമ്പാദിച്ച നിസാം 2015 ജനുവരി 15-നു പുലർച്ചെ മൂന്നോടെയാണു തൃശൂർ ശോഭാ സിറ്റിയിലെ സുരക്ഷാജീവനക്കാരൻ ചന്ദ്രബോസിനെ ആഡംബരക്കാർ ഇടിപ്പിച്ചു കൊലപ്പെടുത്തിയത്. കേസിൽ 79 ദിവസത്തെ വിചാരണയ്ക്കൊടുവിലാണു ശിക്ഷ വിധിച്ചത്. കണ്ണൂർ സെൻട്രൽ ജയിലിൽ ഫോൺ ഉപയോഗിച്ചതായി സംശയം തോന്നിയതോടെ നിസാമിനെ നിരീക്ഷിക്കാൻ ജയിൽ ആസ്ഥാനത്തുനിന്നു നിർദ്ദേശിച്ചു. തടവിൽ കഴിയവേ സഹോദരന്മാരുമായുണ്ടായ സ്വത്തുതർക്കങ്ങളും വിവാദമായി.

ജയിലിലെ ഫോൺ വിളിയെക്കുറിച്ചും സഹോദരങ്ങളാണു പൊലീസിൽ പരാതിപ്പെട്ടത്. നിസാമിനുവേണ്ടി അധോലോകത്തലവൻ രവി പൂജാരി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെ ഭീഷണിപ്പെടുത്തിയതും വിവാദമായിരുന്നു. ജയിലിലെ ഒരു ഉന്നതോദ്യോഗസ്ഥനുമായി നിസാമിനു രഹസ്യബന്ധമുണ്ടെന്നു സഹതടവുകാർതന്നെ ആരോപിച്ചിരുന്നു. 5000 കോടിയോളം രൂപയുടെ സമ്പത്തിനുടമയാണു നിസാമെന്നാണു സൂചന.

70 കോടി രൂപ വിലമതിക്കുന്ന ഇരുപതിലേറെ ആഡംബരവാഹനങ്ങളാണു നിസാമിനുണ്ടായിരുന്നത്. മകനെ സ്‌കൂളിൽ കൊണ്ടുപോകാൻ മാത്രം ഫെരാരി കാറാണ് ഉപയോഗിച്ചിരുന്നത്. ഗൾഫ് രാജ്യങ്ങൾ കേന്ദ്രീകരിച്ചും നിസാമിന് ഒട്ടേറെ ബിസിനസുകളുണ്ടായിരുന്നു.