തിരുവനന്തപുരം: ആളെ കൊല്ലുന്ന കൊലയാളി വണ്ടികൾ പൊളിച്ചു കളയാൻ പൊലീസും മോട്ടോർ വാഹനവകുപ്പും കൈകോർക്കുന്നു. ഇത്തരത്തിലുള്ള വാഹനങ്ങളുടെ പട്ടിക നൽകാൻ മോട്ടർവാഹന വകുപ്പ് ഡിജിപി അനിൽ കാന്തിനു കത്തു നൽകി. ആദ്യം പൊളിക്കുന്നത് തൃശൂരിൽ ഫ്ളാറ്റിലെ സുരക്ഷാ ജീവനക്കാരനെ കാറിടിപ്പിച്ചു കൊന്ന കേസിലെ പ്രതി മുഹമ്മദ് നിഷാമിന്റെ ആഡംബര കാറായ ഹമ്മർ. ആർസി റദ്ദാക്കിയാൽ കോടതി അനുമതിയോടെ ഇതു പൊളിക്കും.

കുറ്റകൃത്യത്തിൽ ഉൾപ്പെടുന്ന വാഹനങ്ങൾ പൊളിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് വാഹന രജിസ്റ്റ്രഷൻ റദ്ദാക്കുന്ന ആദ്യവാഹനമാണ് ഈവിവാദ ഹമ്മർ. ജയിലിലുള്ളിൽ നിഷാം ക്വട്ടേഷൻ നൽകി ഒരു തടവുകരാന്റെ കാലിൽ ചൂട് വെള്ളം ഒഴിച്ച വാർത്തകൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇപ്പോൾ നിഷാമിനോടോപ്പം ഇയാൾ കൊലക്കുപയോഗിച്ച ഹമ്മറും വീണ്ടും വാർത്തകളിൽ ഇടം പിടിക്കുകയാണ്.തൃശൂർ പേരാമംഗലം പൊലീസ് സ്റ്റേഷൻ വളപ്പിലാണു നിഷാമിന്റെ കാർ സൂക്ഷിച്ചിരിക്കുന്നത്.

കണിച്ചുകുളങ്ങര എവറസ്റ്റ് ചിട്ടി ഫണ്ട് ഉടമകളായ രമേഷ്, സഹോദരി ലത, ഡ്രൈവർ ഷംസുദ്ദീൻ എന്നിവർ ആസൂത്രിത വാഹനാപകടത്തിൽ കൊല്ലപ്പെട്ട സംഭവത്തിലെ ലോറിയും ഈ നിയമപ്രകാരം പൊളിക്കും. ഇൻഷുറൻസ് റഗുലേറ്ററി അതോറ്റിറ്റിയുടെ വ്യവസ്ഥ പ്രകാരം ഹീനമായ കുറ്റകൃത്യങ്ങളിൽപ്പെട്ടാൽ വാഹനത്തിന്റെ ഇൻഷുറൻസ് റദ്ദാക്കാം. ഇൻഷുറൻസ് റദ്ദാക്കിയാൽ രജിസ്റ്റ്രേഷനും റദ്ദാക്കാനാകും.

നിലവിൽ മോട്ടർ വാഹന നിയമപ്രകാരമുള്ള കുറ്റങ്ങൾക്കു മാത്രമേ ലൈസൻസും പെർമിറ്റും റദ്ദാക്കൂ. എന്നാൽ, വാഹനങ്ങൾ ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ നിയമം കൊണ്ട് വരേണ്ടി വന്നത് എന്നും. കുറ്റകൃത്യങ്ങൾക്കായി വാഹനം ലഭിക്കാത്ത സ്ഥിതി സൃഷ്്ടിക്കുക എന്നതാണ് ലക്ഷ്യം മന്ത്രി ആന്റണി രാജു അറിയിച്ചു.

പുതിയ നിയമപ്രകാരം കൊലക്കേസുകളിലെ പ്രതികൾ സഞ്ചരിക്കുന്ന വാഹനത്തെയും ഇനി പ്രതി ചേർക്കും. വാഹനം വാടകയ്ക്കെടുത്തതാണെങ്കിലും ഈ നിയമം ബാധകമായിരിക്കും.