തൃശൂർ: ചന്ദ്രബോസ് വധക്കേസിലെ പ്രതിയായ വിവാദവ്യവസായി നിസാം നിരന്തരം ഭീഷണിപ്പെടുത്തുന്നതായി നിഷാമിന്റെ കമ്പനി മാനേജർ വീണ്ടും പരാതി നൽകി. കഴിഞ്ഞ ദിവസം തന്റെ വ്യവസായം തകർക്കാൻ ശ്രമിക്കുന്നുവെന്ന് കാണിച്ച് സഹോദരങ്ങൾക്കെതിരെ നിസാം നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് ജീവനക്കാരൻ നിസാമിനെതിരെ വീണ്ടും പരാതി നൽകിയിരിക്കുന്നത്.

നിസാമിന്റെ പരാതിയിൽ സഹോദരനും കമ്പനി മാനേജർക്കുമെതിരെ പൊലീസ് കേസടുത്തിരുന്നു. പുഴയ്ക്കൽ ശോഭ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസിൽ ജയിലിൽ കഴിയുന്ന നിസാം, തന്റെ പവർ ഓഫ് അറ്റോർണി ദുരുപയോഗം ചെയ്തുവെന്ന് കാണിച്ച് നൽകിയ പരാതിയിൽ തൃശൂർ വെസ്റ്റ് പൊലീസാണ് കേസെടുത്തത്. സഹോദരൻ മുറ്റിച്ചൂർ അടക്കാപറമ്പിൽ വീട്ടിൽ അബ്ദുൽ റസാഖ് (30), ചന്ദ്രേശേഖരൻ എന്നിവർക്കെതിരെയാണ് കേസെടുത്തത്. നിസാം തൃശൂർ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ച പരാതിയെ തുടർന്ന് കോടതി നിർദ്ദേശപ്രകാരമാണ് പൊലീസ് കേസടുത്തത്.

കേസിൽ തുടർ നടപടികൾ സ്വീകരിച്ചു വരികയാണെന്ന് പൊലീസ് പറയുന്നു. തങ്ങളെ ഭീഷണിപ്പെടുത്തുന്നുവെന്ന് കാണിച്ച് അബ്ദുൽ റസാഖും ചന്ദ്രശേഖരനും നിസാമിനെതിരെ നേരത്തെ പരാതി നൽകിയിരുന്നു. ഇതിന് പിറകെയാണ് നിസാമിന്റെ പരാതി വന്നത്. ഈ പരാതിയിൽ പൊലീസ് അന്വേഷണം നടത്താത്ത സാഹചര്യത്തിലാണ് വീണ്ടും പരാതി. ഇതോടെ നിസാമിന്റെ കുടുംബത്തിലെ ഭിന്നത അതിരൂക്ഷമാണെന്ന സൂചന ലഭിക്കുകയാണ്. ജയിലിൽ കഴിയുന്ന പ്രതി ജയിലിനകത്തും പുറത്തുമുള്ള ക്രിമിനൽ ബന്ധങ്ങൾ ഉപയോഗിച്ചു നിരന്തരം ഭീഷണിപ്പെടുത്തുന്നതായി കിങ്സ് സ്പേസ് സ്ഥാപനത്തിലെ മാനേജർ പൂങ്കുന്നം സ്വദേശി പി. ചന്ദ്രശേഖരനാണ് കമ്മിഷണർക്കു പരാതി നൽകിയത്.

നിസാം സ്വന്തം സ്ഥാപനത്തിലെ ജീവനക്കാരനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതായി കഴിഞ്ഞ ഓഗസ്റ്റിൽ മാനേജർ സിറ്റി പൊലീസ് കമ്മിഷണർക്കു പരാതി നൽകിയിരുന്നു. ഭീഷണിപ്പെടുത്തിയതിന്റെ ശബ്ദരേഖയുൾപ്പെടെയാണ് പരാതി നൽകിയത്. കണ്ണൂർ സെൻട്രൽ ജയിലിലെ ലാൻഡ് ഫോണിൽനിന്നു ചന്ദ്രശേഖരനെ വിളിച്ച് നിസാം ഭീഷണിപ്പെടുത്തിയെന്നായിരുന്നു പരാതി. ഓഫീസിലെ ഒരു ഫയൽ ഉടൻ ജയിലിലെത്തിക്കണമെന്നായിരുന്നു നിഷാം ഫോണിലൂടെ ആവശ്യപ്പെട്ടത്. രണ്ടര വർഷത്തിനിടെ ഇരുപത് തവണ താൻ നിഷാമിനെ ജയിലിൽ പോയി കണ്ടെന്നും അപ്പോഴെല്ലാം വളരെ മോശമായാണ് പെരുമാറിയതെന്നും തനിക്കും കുടുംബത്തിനും വധഭീഷണിയുണ്ടെന്നും പറഞ്ഞിരുന്നു.

പണത്തിന് മുകളിൽ കിടന്നുറങ്ങിയ അഢംബരത്തിന്റെ അവസാന വാക്കായ വ്യവസായി ആയിരുന്നു മുഹമ്മദ് നിസാം എന്ന തശ്ശൂർ സ്വദേശി. ഈ പണത്തിന്റെ ഹുങ്ക് തലയ്ക്ക് പിടിച്ചപ്പോഴാണ് ചന്ദ്രബോസ് എന്ന സാധാരണക്കാരനെ ആഡംബര വാഹനം ഇടിപ്പിച്ചും മർദ്ദിച്ചും അതിക്രൂരമായി കൊലപ്പെടുത്തിയത്. എന്നാൽ, ചന്ദ്രബോസ് വധക്കേസ് കേരള മനസ്സാക്ഷിയെ തന്നെ ഉണർത്തുന്ന കേസായി മാറിയപ്പോൾ മാളിക മുകളേറിയ ഈ മന്നന് ഗോതമ്പുണ്ട തിന്ന് അഴിയെണ്ണാനായി യോഗം. പണം കൊടുത്ത് കോടതി വിധിയെയും വിലയ്ക്കു വാങ്ങാമെന്ന ശ്രമത്തിന്റെ പരാജയം കൂടിയാണ് നിസാമിനെതിരായ കോടതി വിധിയിൽ വ്യക്തമാക്കുന്നത്. അപ്പോഴും പ്രതീക്ഷയിലായിരുന്നു നിസാം.

70 കോടി രൂപയുടെ ഇരുപതിലേറെ ആഡംബര കാറുകൾ മാത്രം നിസാമിന് ഉണ്ടായിരുന്നു. മകനെ സ്‌കൂളിൽ കൊണ്ടുപോകാൻ മാത്രമായി ഒരു ഫെരാരി നിസാമിനുണ്ട്. ആറു കോടിയിലധികം വിലയുള്ള റോൾസ്‌റോയ്‌സ് ഫാന്റം രണ്ട്, മൂന്നു കോടി വിലയുള്ള ബന്റ്‌ലി, കോടികളുടെ പട്ടികയിലുള്ള മേബാക്ക്, ലംബോർഗ്‌നി, ജാഗ്വാർ, ആസ്റ്റൻ മാർട്ടിൻ, റോഡ് റെയ്ഞ്ചർ, ഹമ്മർ, പോർഷേ, ഫെരാരി, ബി.എം.ഡബൽയു എന്നിവയുടെ വിവിധ മോഡലുകൾ നിസാമിനുണ്ട്. നിസാം ബൈക്കുകൾ അലങ്കരിക്കാൻ ഉപയോഗിച്ചത് അസ്ഥികൂടങ്ങൾ വരെയായിരുന്നു എന്നതും പുറത്തുവന്ന വാർത്തകളായിരുന്നു. പൽസ്റ്റിക് നിർമ്മിത അസ്ഥികൂടങ്ങളുടെ മാതൃക ബൈക്കിൽ ചാർത്തിയായിരുന്നു നിസാമിന്റെ യാത്രകൾ. തലയോട്ടിയും വാരിയെല്ലും കാലുകളും ഉൾപ്പെടെ ബൈക്കോളം നീളമുള്ള അസ്ഥികൂടം. പുകക്കുഴൽ മറച്ച് ഇരുമ്പ് ചങ്ങലകളാൽ ബലമായി ഘടിപ്പിച്ചിരിക്കുന്നു. പഴയ തലമുറയുടെ ഹരമായ രാജ്ദൂത് ബൈക്കിൽ അസ്ഥികൂടവും ചാർത്തിയാണ് തൃശൂരിലെ ഗ്രാമങ്ങളിലൂടെ നിസാം അതിവേഗത്തിൽ പാഞ്ഞിരുന്നത്. അസ്ഥികൂടം ചാർത്തിയ ബൈക്കിനൊപ്പം കാറുകൾ വാങ്ങിക്കൂട്ടിയും നിസാം ലഹരികാട്ടി. കോടികൾ വിലമതിക്കുന്ന കാറുകൾക്ക് ഇഷ്ടനമ്പറായ 777 ലഭിക്കാനും ലക്ഷങ്ങൾ മുടക്കി.

തൃശൂർ, ബംഗളൂരു, മുംബൈ എന്നിവിടങ്ങളിലെ വസതികളിലാണ് ഈ വാഹനങ്ങൾ ഉള്ളത്. കൊലക്കേസിൽ അറസ്റ്റിലായതോടെയാണ് നിസാമിന്റെ സാമ്പത്തിക കരുത്ത് വാർത്തകളിൽ നിറഞ്ഞത്. കാറുകളോടുള്ള കമ്പവും പുറത്തുവന്നു. സംസ്ഥാനത്ത് ഇരുപതിലധികം ആഡംബര കാറുകൾ കൈവശമുള്ള ഏക വ്യവസായി നിസാമായിരിക്കുമെന്നാണ് അന്വേഷണ ഏജൻസികൾ കണ്ടെത്തിയത്. ഇയാൾക്ക് 5000 കോടിയോളം രൂപയുടെ ആസ്തിയുമുണ്ടായിരുന്നു. ഇന്ത്യയ്ക്കകത്തും പുറത്തും ഹോട്ടലുകളടക്കമുള്ള സ്ഥാപനങ്ങളും തിരുനൽവേലിയിൽ ബീഡികമ്പനിയും നടത്തുന്നതായും റിപ്പോർട്ടുണ്ടായിരുന്നു. നിസാം അകത്തായതോടെ ഈ സ്ഥാപനങ്ങളുടെ എല്ലാം നിയന്ത്രണം സഹോദരങ്ങൾക്കായി. ഗൾഫ് രാജ്യങ്ങൾ കേന്ദ്രീകരിച്ചു നിസാമിന് ഒട്ടേറെ ബിസിനസുകളുണ്ടായിരുന്നു നിസാമിന്. 38 കൊല്ലത്തോളം നിസാമിന് ജയിലിൽ കിടിക്കേണ്ടി വരുന്ന തരത്തിലായിരുന്നു ചന്ദ്രബോസ് വധക്കേസിലെ ശിക്ഷാ വിധി. ഇത് അനുസരിച്ച് എൺപത് വയസ്സുവരെ ജയിലിൽ കിടക്കണം. ഇത് മനസ്സിലാക്കിയാണ് സഹോദരങ്ങൾ സ്വത്തിൽ കണ്ണ് വച്ചത്.

എന്നാൽ ഇതെല്ലാം ജയിലിൽ കിടന്ന് നിസാം മനസ്സിലാക്കി. തന്നേയും തന്റെ ഭാര്യയേയും ഒഴിവാക്കി സ്വത്തുക്കൾ അടിച്ചെടുക്കാനുള്ള നീക്കത്തോട് പ്രതികരിച്ചു. സ്ഥാപനത്തിൽ നിസാം നിയോഗിച്ച വിശ്വസ്തർ ഇപ്പോഴുമുണ്ട്. ഇവരാണ് നിസാമിന്റെ അനുമതിയില്ലാതെ കമ്പനികളിൽ നടക്കുന്ന കാര്യങ്ങൾ അറിയിച്ചത്. ഇത് ചോദ്യം ചെയ്തു. സഹോദരർ ചതിക്കില്ലെന്നായിരുന്നു വിശ്വാസം. എന്നാൽ സമർത്ഥമായി കരുക്കൾ നീക്കിയ സഹോദർ നിസാമിന്റെ ഫോൺ പോലും റിക്കോർഡ് ചെയ്തു. അകൽച്ച തുടങ്ങിയതോടെ നിസാമിനെ ഒറ്റാൻ സഹോദരങ്ങൾ തീരുമാനിച്ചു. അങ്ങനെ അഴിക്കുള്ളിലെ ഫോൺ വിളി പുറം ലോകത്ത് എത്തി. ഇത് വിവാദവുമായി. എന്നാൽ എങ്ങനേയോ ആ കേസ് ഒതുക്കി തീർത്തു. കഴിഞ്ഞ വർഷം പൊലീസ് അകമ്പടിയോടെ ബെംഗളൂരുവിലേക്ക് പോകുമ്പോഴായിരുന്നു ഭീഷണിയെന്നു കോൾ വന്ന സമയം വ്യക്തമായിരുന്നു. ഇത് ഏറെ വിവാദവുമുണ്ടാക്കി. എല്ലാം കെട്ടടങ്ങിയെന്ന സ്ഥിതി വന്നപ്പോഴാണ് വീണ്ടും ഫോൺ വിളി വിവാദത്തിൽ നിസാം കുടുങ്ങുന്നത്. ഇതെല്ലാം വിസ്മൃതിയിലാകുമ്പോഴാണ് മാനേജരുടെ പരാതി എത്തുന്നത്.