പട്‌ന: ബിഹാറിൽ ബിജെപിയുടെ പിന്തുണയോടെ വ്യാഴാഴ്ച തന്നെ സർക്കാർ രൂപീകരിക്കാൻ നിതീഷും ജെഡിയുവും. വ്യാഴാഴ്ച തന്നെ മുഖ്യമന്ത്രിയായി നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞയുണ്ടാകുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഇന്ന് വൈകീട്ടാണ് ലാലുവുമായി പൂർണമായും ബന്ധം വിച്ഛേദിച്ച് നിതീഷ് കുമാർ ഗവർണറെ കണ്ട് മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് രാജിവച്ചത്. ഇന്ത്യാ ചരിത്രത്തിലെ അപൂർവ രാഷ്ട്രീയ നീക്കത്തിനാണ് ഇതോടെ ബീഹാർ വേദിയാകുന്നത്.

ബിജെപി കേന്ദ്ര നേതൃത്വവുമായി നടത്തിയ ആശയവിനിമയത്തിന്റെ തുടർച്ചയായിരുന്നു ഇത്. ഇതിന് പിന്നാലെ തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുൾപ്പെടെ ബിജെപി കേന്ദ്രനേതൃത്വം യോഗം ചേരുകയും നിതീഷിന് പിന്തുണ നൽകാനുള്ള തീരുമാനം സംസ്ഥാന നേതൃത്വത്തെ അറിയിക്കുകയുമായിരുന്നു. ഇതോടെ നിതീഷ് കുമാറാണ് തങ്ങളുടെ നേതാവെന്നു കാട്ടി രാജ്ഭവനു കത്തയച്ചിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന നേതാവ് സുശീൽ മോദി അറിയിച്ചു. ബിജെപി പുറത്തുനിന്ന് നിതീഷ് സർക്കാരിനെ പിൻതുണയ്ക്കാനാണ് തീരുമാനിച്ചത്.

പാർട്ടി എംഎൽഎമാരുടെ യോഗത്തിലാണു തീരുമാനം എടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി. ബീഹാറിൽ ഇടക്കാല തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നതിന് പകരം നിതീഷിനെ കൂടെ നിർത്തുകയെന്ന തന്ത്രപരമായ നിലപാടാണ് ബിജെപി സ്വീകരിക്കുന്നത്. ബിജെപി നേതാക്കളായ ജെ.പി. നഡ്ഡയും സഞ്ജയ് മായുഖും നാളെത്തന്നെ പട്‌ന സന്ദർശിക്കും. അതിനിടെ, മുഖ്യമന്ത്രി സ്ഥാനത്തുനിന്നുള്ള രാജിയെ അഭിനന്ദിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വിറ്റർ സന്ദേശം അയച്ചു. തൊട്ടുപിന്നാലെ നന്ദി അറിയിച്ച് നിതീഷ് കുമാറും പ്രതികരിച്ചു.

സംസ്ഥാനത്തെ എംഎൽഎമാരുടെ യോഗത്തിന് ശേഷം ബിജെപി നേതാക്കളായ സുഷീൽ മോദിയും നിത്യാനന്ദ റായിയും മറ്റു പാർട്ടി എംഎൽഎമാരും നിതീഷ് കുമാറിന്റെ വീട്ടിലെത്തി. ഇവിടെ ജെഡിയു-ബിജെപി എംഎൽഎമാരുടെ യോഗവും നടന്നു. നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ സർക്കാരുണ്ടാക്കാൻ പിന്തുണ നൽകുമെന്ന് അദ്ദേഹത്തെ അറിയിച്ചിട്ടുണ്ടെന്നും നാളെ പാർലമെന്ററി പാർട്ടി യോഗത്തിനുശേഷം ഗവർണറെ കാണുമെന്നും സുഷീൽ മോദി വൈകിട്ടത്തെ യോഗത്തിനുശേഷം പറഞ്ഞിരുന്നു.