ന്യൂഡൽഹി : രാജ്യത്തു പെട്രോളിനും ഡീസലിനും പകരം മെഥനോളിന്റെ സാധ്യതകൾ പരീക്ഷിക്കാൻ ഒരുങ്ങുകയാണ് മോദി സർക്കാർ. പെട്രോളിനും ഡീസലിനും പകം മെഥനോളിനെ ഇന്ധനമാക്കാൻ കഴിഞ്ഞേക്കുമെന്നു വിദഗ്ദ്ധർ സൂചന നൽകിയ സാഹചര്യത്തിലാണ് ഇത്. ഇക്കാര്യത്തിൽ അടിയന്തര ഗവേഷണ, വികസന പദ്ധതികളുണ്ടാവണമെന്നു നിതി ആയോഗ് തയാറാക്കിയ റിപ്പോർട്ട് ശുപാർശ ചെയ്തു. കാർഷികമാലിന്യത്തിൽനിന്നു മെഥനോൾ വേർതിരിച്ചെടുത്തു പെട്രോളുമായി കലർത്തി ഉപയോഗിക്കാമെന്ന ശുപാർശയാണ് പരിഗണിക്കുന്നത്.

വാഹന എൻജിനുകൾ പരിഷ്‌കരിച്ചാൽ മിശ്രിതത്തിൽ 85% വരെ മെഥനോൾ ചേർക്കാനാവും. ഇത് രാജ്യത്തിന്റെ സാമ്പതതിക ഭദ്രത കൂട്ടും. അതുകൊണ്ട് ഇതിനുള്ള സാധ്യത തേടുകയാണ് കേന്ദ്ര സർക്കാർ. 'മരത്തിന്റെ മദ്യ'മെന്നു പേരുള്ള മെഥനോൾ കാര്യക്ഷമമായി ഉൽപാദിപ്പിച്ചാൽ പെട്രോളിയം ഇറക്കുമതി ഉപേക്ഷിക്കാനാവുമെന്ന വാദമാണു ഗതാഗതമന്ത്രി നിതിൻ ഗഡ്കരി മുന്നോട്ടുവയ്ക്കുന്നത്. പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാനും ആശയത്തെ പിന്താങ്ങുന്നു. ചൈന മെഥനോൾ കലർത്തിയ ഇന്ധനം വ്യാപകമായി ഉപയോഗിക്കുന്നു. ഇന്ത്യയിലും മെഥനോൾ മിശ്രിത ഇന്ധനം പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിക്കുന്നുണ്ട്.

രാജ്യത്തു ദിവസവും കോടിക്കണക്കിനു ടൺ കാർഷികമാലിന്യമാണുണ്ടാകുന്നത്. പെട്രോളിയത്തിനും പ്രകൃതിവാതകത്തിനും പകരമായി ഈ മാലിന്യത്തിൽ നിന്നും മെഥനോൾ ഉണ്ടാക്കാനായാൽ അത് ഏറെ ഗുണം ചെയ്യും. മെഥനോൾ വൻതോതിൽ സംസ്‌കരിച്ചെടുക്കാനാവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ രാജ്യത്തില്ല. പരീക്ഷണപദ്ധതികൾ നടപ്പാക്കാൻ സർക്കാർ മുൻകയ്യെടുക്കേണ്ടി വരും. ഇത് വിജയമായാൽ വലിയ കുതിപ്പിലേക്ക് രാജ്യമെത്തുമെന്നാണ് നീതി ആയോഗിന്റെ ശുപാർശ.

ഇന്ത്യ പെട്രോളിയം ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്യാത്ത രാജ്യമായി വൈകാതെ മാറുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പ്രഖ്യാപിച്ചിട്ടുമുണ്ട്. പെട്രോളിയം ഇന്ധനങ്ങളുടെ ഇറക്കുമതി പൂർണമായി ഇല്ലാതാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. ഇതിനായി എഥനോൾ, മെഥനോൾ, പ്രകൃതി വാതകം എന്നിവയുടെ ഉപയോഗം കൂടുതൽ പ്രോത്സാഹിപ്പിക്കും. ഇത് വലിയ തോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സഹായിക്കും. ലോകരാജ്യങ്ങളെല്ലാം ക്രൂഡോയിൽ ഇറക്കുമതിയിൽ കുറവുവരുത്തിയിട്ടുണ്ട്. അതുപോലെ ഇന്ത്യയിലും കുറവു വന്നിട്ടുണ്ട്. രാജ്യത്ത് നേരത്തെ 7.5 ലക്ഷം കോടിരൂപയുടെ ഇറക്കുമതി നടന്ന സ്ഥാനത്ത് 4.5 ലക്ഷം കോടിയായി കുറയ്ക്കാൻ സാധിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

ലോകത്ത് അതിവേഗം വളർച്ച നേടിക്കൊണ്ടിരിക്കുന്ന സാമ്പത്തിക മേഖലായാണ് ഇന്ത്യയുടെത്. ഈ അവസരം ഏറെ പ്രയോജനകരമാണ്. കാർഷിക മേഖലയിലും ഊർജമേഖലയിലും നല്ല മാറ്റങ്ങൾ കൊണ്ടുവരാൻ ഈ അവസരം ഉപയോഗപ്പെടുത്താമെന്നാണ് പ്രധാനമന്ത്രി മോദിയും വിലയിരുത്തുന്നത്. രാജ്യവ്യാപകമായി ജൈവ മാലിന്യങ്ങളിൽ നിന്ന് എഥനോളും പ്രകൃതിവാതകവും ഉത്പാദിപ്പിക്കാൻ സാധിക്കും. ഇതിലൂടെ അഞ്ച് ലക്ഷം കോടിയോളം രൂപയുടെ ചെലവു കുറയ്ക്കാൻ സാധിക്കുമെന്നും രാജ്യത്തിന്റെ പുരോഗതിക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ.