പട്‌ന: ബിഹാറിലെ വെള്ളപ്പൊക്കത്തിനു കാരണം മുഖ്യമന്ത്രി നിതീഷ്‌കുമാർ ആണെന്ന ആരോപണവുമായി ആർ ജെ ഡി തലവൻ ലാലുപ്രസാദ് യാദവ് . പ്രളയം മനുഷ്യസൃഷ്ടിയാണെന്നും ലാലു പ്രതികരിച്ചു. ഇതിനല്ലാം കാരണം നിതീഷിന്റ എൻജിനീയറാണ്.

ബിഹാറിലെ അണക്കെട്ടുകളിൽ നടത്തിയ പണിയാണ് പ്രളയത്തിന് കാരണമായത്. ബിഹാർ സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപടിയും ലാലു വിമർശിച്ചു. ഇതിനു മുമ്പും ബിഹാറിൽ വെള്ളപ്പൊക്കങ്ങൾ ഉണ്ടായിട്ടുണ്ട്. അപ്പോഴൊന്നും അദ്ദേഹത്തെ ഇങ്ങോട്ട് കണ്ടിരുന്നില്ല, ഒരു പൈസ പോലും സഹായം നല്കിയില്ലെന്നും ലാലു പറഞ്ഞു.

വെള്ളപ്പൊക്കത്തിന്റെ ദുരന്തങ്ങൾ ലക്ഷക്കണക്കിനു ജനങ്ങൾ അനുഭവിക്കുമ്പോഴും രാഷ്ട്രീയ നേതൃത്വം ആരോപണയുദ്ധത്തിലാണ്. നദികളിലെ വെള്ളം വീട്ടിലെത്തിയതിൽ ജനങ്ങൾ വിഷമിക്കേണ്ടതില്ല, ഗംഗ നിങ്ങളുടെ വീടുകളിൽ എത്തിയിരിക്കുന്നു എന്ന പ്രസ്താവന ലാലുവിനെ വിവാദത്തിലാക്കിയിരുന്നു. ഈ വിവാദപ്രസ്താവന തിരുത്തിക്കൊണ്ടാണ് അദ്ദേഹം മുഖ്യമന്ത്രിയെ വിമർശിച്ചത്. ബിഹാറിലെ ഭരണം പങ്കിട്ടിരുന്ന ആർജെഡിയുമായുള്ള ബന്ധം ഉപേക്ഷിച്ചതോടെ നിതീഷ്‌കുമാറിനെ നിശിത ഭാഷയിലാണ് ലാലു വിമർശിക്കുന്നത്.

ഒരാഴ്ചയായി നീളുന്ന ദുരന്തത്തിൽ 416 പേർക്കാണ് ജീവൻ നഷ്ടമായത്. 70 ലക്ഷത്തോളം ജനങ്ങളെ പ്രളയം നേരിട്ടു ബാധിച്ചു. 21 ജില്ലകളാണ് ദുരന്തബാധിതമയി പ്രഖ്യാപിച്ചിരിക്കുന്നത്. ബിഹാറിലെ പ്രളയബാധിത പ്രദേശങ്ങളിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഹെലികോപ്റ്ററിൽ സഞ്ചരിച്ചിരുന്നു. 500 കോടിയുടെ അടിയന്തര സഹായമാണ് ബിഹാറിന് അനുവദിച്ചത്.