ന്യൂഡൽഹി: രാജ്യത്തെ ആദ്യ പതിന്നാലുവരി ദേശീയപാതയുടെ ആദ്യഭാഗം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. നിസാമുദ്ദീൻ മുതൽ ഗസ്സിയാബാദ് വരെ ഒമ്പത് കിലോമീറ്റർ പാതയുടെ പണിയാണ് പൂർത്തിയാത്. ഇനി കണ്ണടച്ച് തുറക്കും മുമ്പ് നിസാമുദ്ദീനിൽ നിന്നു ഗസ്സിയാബാദിൽ എത്താം. ഇരു വശത്തേക്കും ഏഴ് ലെയിൻ വീതമുള്ള ഡൽഹി-മീററ്റ് ദേശീയപാതയുടെ ഉത്തർപ്രദേശ് അതിർത്തി വരെയുള്ള ഒമ്പതു കിലോമീറ്റർ ഭാഗമാണ് പ്രധാനമന്ത്രി തുറന്നുകൊടുത്തത്. ഇതോടെ, വാഹനക്കുരുക്കിനു വലിയ ആശ്വാസമാവും.

ഡൽഹിയിൽ നിന്ന് മീററ്റിലേയ്ക്കുള്ള ദൂരം മുക്കാൽ മണിക്കൂറായി കുറയ്ക്കുന്നതാണ് പുതുതായി തുറന്ന പതിന്നാലുവരിപ്പാത. പൂർണമായും സിഗ്‌നൽരഹിതമാണെന്നതാണ് ഈ പാതയുടെ സവിശേഷത. ഉദ്ഘാടനത്തിനുശേഷം തുറന്ന കാറിൽ പ്രധാനമന്ത്രി കിഴക്കൻ അതിവേഗ പാതയിലൂടെ റോഡ് ഷോ നടത്തി. ഇന്ത്യയിലെ ആദ്യത്തെ 14 വരി അതിവേഗപാതയാണ് മീററ്റിലേത്. അതിനുശേഷം ഉത്തർപ്രദേശിലെ ബാഗ്പത്തിലുള്ള ഈസ്റ്റേൺ പെരിഫറൽ എക്സ്‌പ്രസ്വേയും മോദി രാജ്യത്തിന് സമർപ്പിച്ചു. രാജ്യത്തെ ആദ്യത്തെ ഗ്രീൻ ഹൈവേ കൂടിയാണിത്.

യുപിഎ സർക്കാരിന്റെ കാലത്താണ് നഗരത്തിലെ ഗതാഗതക്കുരുക്ക് അഴിക്കാൻ ഡൽഹി-മീററ്റ് എക്സ്പ്രസ്വേ പദ്ധതി ആസൂത്രണം ചെയ്തത്. പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന വഴിവിളക്കുകൾ, മഴവെള്ള സംഭരണികൾ, അണ്ടർ പ്ലാസകൾ എന്നിവയാണ് അതിവേഗ പാതയിലെ പ്രത്യേകത. രണ്ടര ലക്ഷത്തോളം വൃക്ഷത്തൈകളാണ് പാതയ്ക്ക് ഇരുവശവും നട്ടുപിടിപ്പിച്ചിട്ടുള്ളത്.

അതിവേഗ പാതയുടെ ഉദ്ഘാടനത്തോടെ ഡൽഹിയിൽനിന്നും മീററ്റിലേക്കുള്ള യാത്രാസമയം രണ്ടര മണിക്കൂറിൽനിന്നും 45 മിനിറ്റായി ചുരുങ്ങും. പദ്ധതിയുടെ മൊത്തം വ്യാപ്തി 82 കിലോമീറ്ററാണ്. ഇതിൽ 27.74 കിലോമീറ്ററാണ് 14 വരി പാതയിലുള്ളത്. ഇവയുടെ നിർമ്മാണമാണ് ഇപ്പോൾ പൂർത്തിയായത്. ബാക്കിയുള്ളവ ആറു വരി പാതയാണ്.ഡൽഹിയിലും ദേശീയതലസ്ഥാന മേഖലയിലും വാഹനക്കുരുക്കും അന്തരീക്ഷ മലിനീകരണവും കുറയ്ക്കാൻ ഈ ദേശീയപാത ഉപകരിക്കും.

പരിസ്ഥിതി സൗഹൃദമായിട്ടുള്ള ഈ പാതയുടെ ആദ്യഭാഗം 30 മാസത്തിനുള്ളിൽ പൂർത്തീകരിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, 18 മാസത്തിനകം പൂർത്തിയായി. പതിന്നാലുവരിപ്പാത പൂർണമായി അടുത്തവർഷം മാർച്ചിൽ പൂർത്തീകരിക്കുമെന്നു കേന്ദ്രഗതാഗതമന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു. ജമ്മു-കശ്മീർ, പഞ്ചാബ്, ഹരിയാണ, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലേക്കുള്ള വാഹനങ്ങൾക്ക് നേരിട്ടു ഡൽഹിയിൽ വരാതെ വഴിതിരിഞ്ഞു പോവാൻ സഹായിക്കുന്നതാണ് കിഴക്കൻ അതിവേഗപാത.

ഹരിയാനയിലെ സോണിപേട്ടിലുള്ള കുണ്ട്ലിയിലാണ് പാത തുടങ്ങുന്നത്. സോനിപത്ത്, ഭാഗ്പത്, ഗസ്സിയാബാദ്, നോയ്ഡ, ഫരീദാബാദ്, പൽവൽ എന്നീ പാർലമെന്റ് മണ്ഡലങ്ങളിലൂടെയാണ് പാത കടന്നുപോവുന്നത്. ഈ വഴിയിൽ ചുരുങ്ങിയത് അരലക്ഷം വാഹനങ്ങളെങ്കിലും സഞ്ചരിക്കുന്നു.

500 ദിവസം കൊണ്ടാണ് പാത പൂർത്തിയാക്കിയത്. 135 കി.മീ. കിഴക്കൻ ബാഹ്യ അതിവേഗപാത രാജ്യത്തെ ആദ്യ സ്മാർട്ട, ഹരിത ഹൈവേയാണ്. 11,000 കോടി രൂപയാണ് നിർമ്മാണ ചെലവ്. ഡൽഹിയിലെ നിസാമുദ്ദീൻ പാലം മുതൽ ഉത്തർപ്രദേശ് അതിർത്തി വരെ 82 കി.മീ. ഡൽഹി-മീറത്ത അതിവേഗപാതയിൽ 27.74 കി.മീറ്ററാണ് 14 വരി. ശേഷിക്കുന്ന ഭാഗം ആറു വരിയാണ്. ഒരു വരി, സൈക്കിൾ പാതയാണ്. കിഴക്കൻ ബാഹ്യ അതിവേഗപാതയുടെ ഓരോ 500മീറ്ററിലും മഴവെള്ളം സംഭരിക്കാൻ സൗകര്യമുണ്ട്. 36 ദേശീയ സ്മാരകങ്ങൾ പാതയിൽ ഉണ്ടാകും.

സുപ്രീംകോടതി ഉത്തരവിനെ തുടർന്ന് കിഴക്കൻ, പടിഞ്ഞാറൻ ബാഹ്യ അതിവേഗപാത യുപിഎ സർക്കാരിന്റെ കാലത്ത് 2006ലാണ് വിഭാവനം ചെയ്തത്. ഗതാഗത കുരുക്ക് ഒഴിവാക്കാൻ ഡൽഹിക്ക് പുറത്ത് അതിവേഗപാത നിർമ്മിക്കണമെന്നാണ് സുപ്രീംകോടതി നിർദ്ദേശിച്ചത്. മെയ്‌ 31ന് മുമ്പ് ഉദ്ഘാടനം നിർവഹിച്ചില്ലെങ്കിൽ പാത പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കണമെന്ന് കോടതി മെയ്‌ 10ന് ഉത്തരവിട്ടിരുന്നു.

അടിസ്ഥാനസൗകര്യ വികസനത്തിനാണ് സർക്കാർ ഏറ്റവൂം കൂടുതൽ പ്രാധാന്യം നൽകുന്നതെന്ന് പാതയുടെ ഉദ്ഘാടനത്തിനു ശേഷം സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ പ്രധാനമന്ത്രി പറഞ്ഞു. 28,000 കി.മീ ഹൈവേ ശൃംഖലക്ക് മൂന്നു ലക്ഷം കോടി രൂപ ചെലവഴിച്ചു. ഹൈവേകൾ, റെയിൽവേ, വ്യോമയാന മേഖല, വിവര സാങ്കേതികത എന്നിവയുടെ കാര്യത്തിൽ സർക്കാർ പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ട്. ഒരു ദിവസം 27 കി.മീ. എന്ന തോതിൽ ഹൈവേ നിർമ്മാണം എത്തിയിട്ടുണ്ട്.

കോൺഗ്രസ് ഭരണകാലത്ത് ഇത് 12 കി.മീ. ആയിരുന്നു. കഴിഞ്ഞ വർഷം 10 കോടി ജനങ്ങൾ യാത്രക്ക് വ്യോമമാർഗം ഉപയോഗിച്ചതായും മോദി പറഞ്ഞു. കർഷകരുടെയും ദലിത് വിഭാഗങ്ങളുടെയും സംരക്ഷണത്തിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മോദി വ്യക്തമാക്കി. കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി ചടങ്ങിൽ സംബന്ധിച്ചു. അതിവേഗപാത 27 ശതമാനം മലിനീകരണം കുറക്കുമെന്നും 41 ശതമാനം ഗതാഗത കുരുക്ക് ഒഴിവാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഡൽഹി-മീററ്റ് 14 വരി പാതയുടെ നീളം 82 കിലോമീറ്റർ ആണ്. ഇതിൽ ഒമ്പത് കിലോമീറ്ററാണ് പൂർത്തിയായത്. പ്രതീക്ഷിക്കുന്ന മൊത്ത ചെലവ് 4975.17 കോടി രൂപയാണ്. ആദ്യഭാഗത്തിന്റെ നിർമ്മാണ ചെലവ് 842 കോടി രൂപയാണ്.