- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലേന്ന് പാറക്കുളത്തിൽ നിന്നെടുത്ത ചിത്രം ഇൻസ്റ്റാഗ്രാമിൽ ഹിറ്റായതോടെ വീണ്ടും സെൽഫി വീഡിയോ എടുക്കാൻ ചെന്നത് ദുരന്തത്തിൽ കലാശിച്ചു; വെള്ളത്തിൽ ഇറങ്ങിയപ്പോൾ കാൽവഴുതിയ ഷിഹാനയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഫാത്തിമയും സൈനബയും മുങ്ങിത്താണു; ആഘോഷമായി ഉംറക്കയച്ച ഉമ്മുമ്മ കൊച്ചുമക്കൾ പോയത് ഇതുവരെ അറിഞ്ഞില്ല; തേങ്ങലോടെ വിടനൽകി ഞാറയിൽക്കോണം
തിരുവനന്തപുരം: ആഘോഷമായി ഉമ്മുമ്മയെ ഉംറക്ക് അയച്ച ശേഷം അപ്രതീക്ഷിതമായാണ് ദുരന്തം ഞാറയിൽക്കോണത്തെ തേടിയെത്തിയത്. ഉമ്മുമ്മയെ യാത്രയാക്കാനാണ് സഹോദരന്മാരുടെ മക്കളായ ജുമാനയും ഷിഹാനയും സൈനബയും അജ്മിയയും മറ്റു സഹോദരങ്ങളും അടുത്ത ബന്ധുക്കളുമെല്ലാം വെള്ളിയാഴ്ച ഞാറയിൽക്കോണത്തെ ഇടപ്പാറയിൽ വീട്ടിൽ ഒത്തുചേർന്നത്. ഈ ഒത്തുചേരൽ ഒരു ദുരന്തമായി മാറുമെന്ന് ആരും കരുതിയിരുന്നില്ല. പരീക്ഷാക്കാലം കൂടി കഴിഞ്ഞതിന്റെ ആവേശത്തിലായിരുന്നു കുട്ടികൾ. ഉംറയ്ക്കു പോകുന്നതുമായി ബന്ധപ്പെട്ട ചടങ്ങുകൾ കഴിഞ്ഞതിനുശേഷം ശനിയാഴ്ച വൈകിട്ട് കുട്ടികൾ പാറമടയിൽ പോയി ഫോട്ടോയെടുത്തിരുന്നു. ഇത് ഇൻസ്റ്റഗ്രാമിലും ഫേസ്‌ബുക്കിലും വാട്‌സ് ആപ്പിലും ഷെയർ ചെയ്യുകയും ചെയ്തു. ഇൻസ്റ്റാഗ്രാമിൽ പോസ്റ്റു ചെയ്ത ചിത്രങ്ങൾക്ക് കൂടുതതൽ ലൈക്ക് കിട്ടിയതോടെ വീണ്ടും സെൽഫിയെടുക്കാനുള്ള മോഹം അവരിൽ ഉദിച്ചു. ഈ സെൽഫി മോഹമാണ് പെൺകുട്ടികളുടെ ജീവനെടുത്തത്. വീണ്ടും ഫോട്ടോയും വീഡിയോയും എടുക്കാനായി ഞായറാഴ്ച വൈകിട്ട് സഹോദരങ്ങൾ അഞ്ചുപേരും ചേർന്ന് പാറമടയിലെത്തിയപ്പോഴായിരുന്
തിരുവനന്തപുരം: ആഘോഷമായി ഉമ്മുമ്മയെ ഉംറക്ക് അയച്ച ശേഷം അപ്രതീക്ഷിതമായാണ് ദുരന്തം ഞാറയിൽക്കോണത്തെ തേടിയെത്തിയത്. ഉമ്മുമ്മയെ യാത്രയാക്കാനാണ് സഹോദരന്മാരുടെ മക്കളായ ജുമാനയും ഷിഹാനയും സൈനബയും അജ്മിയയും മറ്റു സഹോദരങ്ങളും അടുത്ത ബന്ധുക്കളുമെല്ലാം വെള്ളിയാഴ്ച ഞാറയിൽക്കോണത്തെ ഇടപ്പാറയിൽ വീട്ടിൽ ഒത്തുചേർന്നത്. ഈ ഒത്തുചേരൽ ഒരു ദുരന്തമായി മാറുമെന്ന് ആരും കരുതിയിരുന്നില്ല. പരീക്ഷാക്കാലം കൂടി കഴിഞ്ഞതിന്റെ ആവേശത്തിലായിരുന്നു കുട്ടികൾ.
ഉംറയ്ക്കു പോകുന്നതുമായി ബന്ധപ്പെട്ട ചടങ്ങുകൾ കഴിഞ്ഞതിനുശേഷം ശനിയാഴ്ച വൈകിട്ട് കുട്ടികൾ പാറമടയിൽ പോയി ഫോട്ടോയെടുത്തിരുന്നു. ഇത് ഇൻസ്റ്റഗ്രാമിലും ഫേസ്‌ബുക്കിലും വാട്‌സ് ആപ്പിലും ഷെയർ ചെയ്യുകയും ചെയ്തു. ഇൻസ്റ്റാഗ്രാമിൽ പോസ്റ്റു ചെയ്ത ചിത്രങ്ങൾക്ക് കൂടുതതൽ ലൈക്ക് കിട്ടിയതോടെ വീണ്ടും സെൽഫിയെടുക്കാനുള്ള മോഹം അവരിൽ ഉദിച്ചു. ഈ സെൽഫി മോഹമാണ് പെൺകുട്ടികളുടെ ജീവനെടുത്തത്. വീണ്ടും ഫോട്ടോയും വീഡിയോയും എടുക്കാനായി ഞായറാഴ്ച വൈകിട്ട് സഹോദരങ്ങൾ അഞ്ചുപേരും ചേർന്ന് പാറമടയിലെത്തിയപ്പോഴായിരുന്നു അപകടം സംഭവിച്ചത്.
കരയിൽനിന്ന് സെൽഫിയെടുത്ത ശേഷം പെൺകുട്ടികൾ നാലുപേരും വെള്ളത്തിൽ ആഴമില്ലാത്ത ഭാഗത്ത് ഫോട്ടോയെടുക്കാൻ ഇറങ്ങി. സഹോദരനാണ് ഫോട്ടോയെടുത്തത്. ഫോട്ടോയെടുക്കുന്നതിനിടെ ഷിഹാന അബദ്ധത്തിൽ വെള്ളത്തിൽ വീഴുകയായിരുന്നു. ആദ്യം ഇറങ്ങിയ ഭാഗത്ത് ആഴമില്ലായിരുന്നെങ്കിലും കാൽ പിറകിലേക്ക് വഴുതിയതോടെ വെള്ളത്തിലേക്ക് വീഴുകയായിരുന്നു. ഷിഹാനയെ രക്ഷപ്പെടുത്താൻ ശ്രമിച്ചതോടെ മറ്റുള്ളവരും വെള്ളത്തിലേക്ക് വീണു. തുടർന്ന് പരസ്പ്പരം രക്ഷപെടാൻ ശ്രമം നടത്തിയെങ്കിലും അതൊന്നും വിലപ്പോയില്ല.
വെള്ളത്തിലെ ചുഴിയിൽ പെട്ട് ആഴത്തിലേക്ക് പോയതോടെ അവർക്ക് വെള്ളത്തിലേക്ക് മുങ്ങിത്താഴുകയായിരുന്നു. സഹോദരനായ ആൺകുട്ടിയുടെ നിലവിളി കേട്ട് പാറമടയ്ക്കു സമീപത്തുണ്ടായിരുന്നവർ ഓടിയെത്തിയാണ് അജ്മിയയെ രക്ഷപ്പെടുത്തിയത്. മറ്റുള്ളവർ അപ്പോഴേക്കും മുങ്ങിത്താണിരുന്നു. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാരും വിവരം അറിയിച്ചതിനെ തുടർന്ന് ആറ്റിങ്ങലിൽ നിന്നെത്തിയ ഫയർഫോഴ്‌സും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് ഏഴുമണിയോടെ കുട്ടികളുടെ മൃതദേഹം പുറത്തെടുത്തത്.
പകൽനേരമത്രയും ബന്ധുക്കളും കുട്ടികളും ഒത്തുചേർന്നതിന്റെ സന്തോഷത്തിലായിരുന്ന ഇടപ്പാറയിൽ വീട് ഇതോടെ ദുരന്തമയമായി മാറി. സംഭവമറിഞ്ഞ് ഞാറയിൽക്കോണം ഗ്രാമം ഒന്നടങ്കം നടുങ്ങിത്തരിച്ചു. വിവരം കേട്ടവർ സംഭവസ്ഥലത്തേക്കും വീട്ടിലേക്കും ഓടിയെത്തി. വിദേശത്തുള്ള കുട്ടികളുടെ ബാപ്പമാരെ എങ്ങനെ ദുരന്തവിവരം അറിയിക്കുമെന്നറിയാതെ ബന്ധുക്കൾ ഉഴറി. കാര്യങ്ങൾ ഒരുവിധം അവതരിപ്പിച്ചതോടെ ഫോണിന്റെ അങ്ങേത്തലയ്ക്കൽ അലമുറയിട്ട കരച്ചിലായിരുന്നു മറുപടി.
ജമാലുദ്ദീൻ - ബുഷ്‌റ ദമ്പതികളുടെ മകൾ ഫാത്തിമ ജുമാന (16) ആയൂർ വിവേകാനന്ദ പബ്ലിക് സ്‌കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥിയായിരുന്നു. മികച്ച വിജയം പ്രതീക്ഷിച്ചിരിക്കെയാണ് ജുമാനയുടെ വിയോഗം. വർക്കല ഞെക്കാട് ഗവ. സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയായിരുന്നു കമാലുദ്ദീൻ - തസ്‌നി ദമ്പതികളുടെ മകൾ ഷിഹാന (17). ഏക മകളായിരുന്നതുകൊണ്ട് തന്നെ ആ കുടുംബത്തിലെ കൺമണിയായിരുന്നു ഷിഹാന.
പ്രിയപ്പെട്ടവരുടെ വിയോഗത്തിൽ തേങ്ങി സഹപാഠികളും അദ്ധ്യാപകരും
പ്രിയപ്പെട്ടവരുടെ വിയോഗം വിശ്വസിക്കാനാകാതെ അദ്ധ്യാപകരും സഹപാഠികളും. നിറകണ്ണുകളോടെയാണ് അദ്ധ്യാപകരും സഹപാഠികളും സ്‌കൂൾ ജീവനക്കാരും ഇവരെ കാണാനെത്തിയത്. പരീക്ഷയുടെ അവസാന ദിവസമായ 27ന് ആയിരുന്നു സൈനബയെ അവസാനമായി കണ്ടതെന്ന് കെ.ടി.സി.ടി ഹയർ സെക്കൻഡറി സ്‌കൂളിലെ ജീവനക്കാരൻ സമീർ ഓർക്കുന്നു. 9 സിയിൽ പഠിക്കുന്ന അവൾ സഹപാഠികൾക്കു മാത്രമല്ല അദ്ധ്യാപകർക്കും അനദ്ധ്യാപകർക്കും കണ്ണിലുണ്ണിയായിരുന്നു. കലോത്സവങ്ങളിലെ നിറസാന്നിദ്ധ്യമായിരുന്നു സൈനബ. രണ്ടുവർഷം മുമ്പ് കണ്ണൂരിൽ നടന്ന സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ഉറുദു സംഘഗാനത്തിൽ ഒന്നാംസ്ഥാനം നേടിയ ടീമിലെ അംഗമായിരുന്നു സൈനബ. ഇത്തവണ തൃശൂർ കലോത്സവത്തിലും പങ്കെടുത്തിരുന്നു. സഹോദരിമാർക്കൊപ്പം അവധി ആഘോഷിക്കാനെത്തിയതായിരുന്നു അവൾ.
ഇടപ്പാറയിൽ വീട്ടിലേക്ക് ജനസഞ്ചയം
അപ്രതീക്ഷിതമായി വന്നുചേർന്ന ദുരന്തത്തിൽ കുട്ടികളുടെ മാതാപിതാക്കളെയും വീട്ടുകാരെയും എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ ബന്ധുക്കളും നാട്ടുകാരും ഉഴറി. ഞായറാഴ്ച വൈകിട്ടു മുതൽ ദുരന്തസ്ഥലത്തേക്കും ഇടപ്പാറയിൽ വീട്ടിലേക്കും ജനങ്ങളുടെ ഒഴുക്കായിരുന്നു. വിവരമറിഞ്ഞ് ഇന്നലെ രാവിലെ മുതൽ ദൂരെയുള്ള ബന്ധുക്കളും കൂടുതൽ നാട്ടുകാരും എത്തിക്കൊണ്ടിരുന്നു. ജലാലുദ്ദീന്റെ പുതുതായി പണിത വീട്ടിലാണ് കുട്ടികളുടെ മൃതദേഹം പൊതുദർശനത്തിന് വച്ചത്. കുട്ടികളുടെ ഉമ്മമാരുടെയും സഹോദരങ്ങളുടെയും കരച്ചിൽ കൂടിനിന്നവരെയും കണ്ണീരിലാഴ്‌ത്തി. മൂന്നുപേരുടെയും സ്‌കൂളുകളിൽനിന്നുള്ള സഹപാഠികളും അദ്ധ്യാപകരും എത്തിയതോടെ കരച്ചിൽ ഉച്ചത്തിലായി.
ജുമാന ആയൂർ വിവേകാനന്ദ പബ്ലിക് സ്‌കൂളിലും ഷിഹാന ഞെക്കാട് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലും സൈനബ കടുവയിൽ കെ.ടി.സി.ടി സകൂളിലെയും വിദ്യാർത്ഥികളായിരുന്നു. സഹപാഠിയെ അവസാനമായി ഒരുനോക്കുകാണാൻ എത്തിയ കൂട്ടുകാർ വെള്ളപുതച്ചു കിടക്കുന്ന അവരെ കണ്ട് വാവിട്ടുകരഞ്ഞു. പ്രിയ വിദ്യാർത്ഥികളെ കണ്ട അദ്ധ്യാപകരും സകലനിയന്ത്രണവും വിട്ട് തേങ്ങി. കണ്ടുനിന്നവരെല്ലാം കണ്ണീരടക്കാൻ പാടുപെട്ടു. വീട്ടുപരിസരത്തും സമീപത്തെ റോഡിലുമെല്ലാം ആളുകൾ കണ്ണീരോടെ കൂടിനിന്ന് അവിചാരിതമായി വീട്ടുകാർക്കുണ്ടായ ദുരന്തത്തിൽ പങ്കുചേർന്നു.
പള്ളിക്കൽ പൊലീസ് ഇൻക്വസ്റ്റ് അടക്കമുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി. മൃതദേഹം ഇന്നലെ വൈകിട്ട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിനുശേഷം വീട്ടിലെത്തിച്ചു. വിദേശത്തുള്ള ഷിഹാനയുടെയും സൈനബയുടെയും ബാപ്പമാരും സഹോദരങ്ങളും ഉംറയ്ക്കായി ശനിയാഴ്ച രാവിലെ തിരിച്ച ഇവരുടെ ഉമ്മയും തിരിച്ചെത്തിയതിനുശേഷം സംസ്‌ക്കാരം ഇന്നു രാവിലെ ഞാറയിൽക്കോണം മുസ്ലിം ജമാ അത്ത് കബർസ്ഥാനിൽ നടക്കും. ഷഹബാസ് അമാൻ, അമാന, അയാന എന്നിവരാണ് ഫാത്തിമ ജുമാനയുടെ സഹോദരങ്ങൾ. ഷിഹാന ഏക മകളാണ്. സൈനബയുടെ മൂത്ത സഹോദരൻ ഷിറാസ് കഴിഞ്ഞവർഷം മരിച്ചിരുന്നു. എൻജിനിയറിങ് വിദ്യാർത്ഥിയായ അജാസാണ് മറ്റൊരു സഹോദരൻ.
കൊലച്ചുഴിയായി മാറുന്ന പാറമടകൾ
പാറമടയിലെ അപകടങ്ങൾ കേരളത്തിൽ അങ്ങോളമിങ്ങോളം പതിവായി മാറുകയാണ്. പാറമടയിലെ ചുഴികളെ കുറിച്ച് ബോധ്യമില്ലാത്ത പലരും ഇറങ്ങുന്നതോടെയാണ് അപകടം പതിവായി മാറുന്നത്. പാറമടകൾ ഏറെയുള്ള മടവൂർ ഞാറയിൽക്കോണം പ്രദേശത്ത് ക്വാറി അപകടങ്ങൾ പുതിയ സംഭവമല്ലെന്ന് വിലയിരുത്തുന്നു. പാറ പൊട്ടിച്ചെടുത്ത് ആഴവും വീതിയും കൂടിയ ക്വാറികളിൽ പലതും അപകടക്കെണിയൊരുക്കി വച്ചവയാണ്. ശനിയാഴ്ച പെൺകുട്ടികൾ വീണുമരിച്ച കാരിഞ്ചയിൽ ക്വാറി അമ്പതടിയോളം താഴ്ചയുള്ളതാണ്. ക്വാറിയിൽ പലയിടത്തും പൊട്ടിച്ചെടുത്ത പാറകളുടെ ബാക്കി ഭാഗം വെള്ളത്തിനടിയിൽ എഴുന്നുനിൽക്കുന്നുണ്ട്. ഇതിനിടയിൽപ്പെട്ടാൽ വെള്ളത്തിൽനിന്ന് പൊങ്ങി രക്ഷപ്പെടാൻ പ്രയാസമാണ്. വെള്ളത്തിൽ അകപ്പെട്ട കുട്ടികൾക്ക് സംഭവിച്ചതും അതായിരിക്കാമെന്ന് നാട്ടുകാർ പറയുന്നു.
ഈ ക്വാറിയിൽനിന്ന് അധികം അകലെയല്ലാതെ 4 വർഷം മുമ്പ് ഞാറയിൽക്കോണത്തുള്ള മറ്റൊരു പാറമടയിൽ വീണ് ലോറി ഡ്രൈവർ മരിച്ചിരുന്നു. പാറ കയറ്റിക്കൊണ്ടിരിക്കെ ക്വാറിയിലേക്ക് വീണായിരുന്നു അപകടം. സമീപത്തെ കക്കോട് മലയിലുള്ള ക്വാറി ഇതിനെക്കാൾ അപകടമാണ്. നിരവധി പേരാണ് പല കാലങ്ങളിൽ ഈ ക്വാറിയിൽ വീണ് മരിച്ചിട്ടുള്ളത്. ഇവിടെനിന്ന് ക്വാറിയിൽ ചാടി ആത്മഹത്യചെയ്ത സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.